For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സംവിധായകൻ തന്നെയാണ് സിനിമയുടെ രാജാവ്..! എബ്രിഡ് മാജിക് വീണ്ടും..! ശൈലന്റെ റിവ്യൂ!!

  By Desk
  |

  ശൈലൻ

  കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല. പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്.
  സംവിധായകനാണ് രാജാവ്, പൂമരത്തിന്റെ യഥാർത്ഥ റിവ്യൂ കാണാം | filmibeat Malayalam

  Rating:
  3.5/5
  Star Cast: കാളിദാസ് ജയറാം, കുഞ്ചാക്കോ ബോബൻ, മീര ജാസ്മിൻ, ജോജു ജോര്‍ജ്ജ്, നിത പിള്ള
  Director: എബ്രിഡ് ഷൈന്‍

  കാത്തിരിപ്പുകള്‍ക്ക് വിരാമമായി കാളിദാസ് ജയറാമിന്റെ പൂമരം തിയറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. നിവിന്‍ പോളിയുടെ ആക്ഷന്‍ ഹീറോ ബിജുവിന് ശേഷം എബ്രിഡ് ഷൈന്‍ തിരക്കഥയെഴുതിയാണ് പൂമരം സംവിധാനം ചെയ്തിരിക്കുന്നത്. ഡോ. പോള്‍സ് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ പോള്‍ വര്‍ഗീസും ഏബ്രിഡ് ഷൈനും ചേര്‍ന്നാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. കോളേജ് പശ്ചാതലത്തിലൊരുക്കിയ സിനിമയില്‍ കുഞ്ചാക്കോ ബോബനും മീര ജാസ്മിനും അതിഥി വേഷങ്ങളില്‍ അഭിനയിച്ചിരുന്നു. താരപുത്രന്റെ അരങ്ങേറ്റം എന്ന പ്രത്യേകതയുമായെത്തിയ പൂമരത്തിന് വേണ്ടി ശൈലന്‍ എഴുതിയ റിവ്യൂ വായിക്കാം...

  പൂമരം

  പൂമരം

  1983, ആക്ഷൻ ഹീറോ ബിജു എന്നിങ്ങനെ രണ്ടുസിനിമകൾ കൊണ്ടുതന്നെ തന്റെ ജീനിയസ് പ്രകടമാക്കി ഒന്നാം നിരയിലേക്ക് കസേര വലിച്ചിട്ടിരുന്ന എബ്രിഡ് ഷൈൻ തന്റെ മൂന്നാമത്തെചിത്രമായ പൂമരം അനൗൺസ് ചെയ്തപ്പോൾ മാധ്യമങ്ങൾ അത് ആഘോഷമാക്കിയത് ജയറാമിന്റെ മകൻ കാളിദാസൻ നായകനാവുന്നു എന്നതിന്റെ പേരിൽ ആയിരുന്നു. 2016 സെപ്തംബറിൽ ഷൂട്ടിംഗ് തുടങ്ങിയ പൂമരത്തിലെ ആദ്യത്തെ പാട്ട് ആ വർഷമൊടുവിൽ തന്നെ വീഡിയോ സഹിതം പുറത്ത് വന്ന് ആഗോളതലത്തിൽ തന്നെ ഹിറ്റായതോടെ പടത്തെക്കുറിച്ചുള്ള പ്രതീക്ഷകളും വാനോളമുയർന്നു.. പക്ഷെ, ഷൂട്ടിംഗ് ഒന്നര കൊല്ലത്തോളം നീണ്ടുപോവുകയും റിലീസിംഗ് ഡേറ്റുകൾ മുൻപൊരു സിനിമയ്ക്കും ഉണ്ടാവാത്തവിധം പോസ്റ്റ് പോൺ ചെയ്ത് ചെയ്തുപോവുകയും ചെയ്തതോടെ ട്രോളന്മാരുടെ ഇഷ്ടവിഭവമാകാനായിരുന്നു പൂമരത്തിന്റെയും കാളിദാസന്റെയും കുറെകാലമായുള്ള വിധി.. പക്ഷെ, ഒരുപാട് നീട്ടിവെക്കലുകളെ മറികടന്ന് ഇന്ന് പൂമരം തിയേറ്ററിൽ എത്തിയപ്പോൾ, ഈ ഒന്നരക്കൊല്ലം എബ്രിഡ് ഷൈൻ ഈ സിനിമക്ക് വേണ്ടി എന്തുചെയ്തു എന്നതിന് കൃത്യമായ ഉത്തരം അതിൽ അനുഭവിക്കാനാകുന്നു.

  സംവിധായകന്റെ മാത്രം സിനിമ

  സംവിധായകന്റെ മാത്രം സിനിമ

  1983 എന്ന ആദ്യസിനിമയിൽ തന്നെ തന്റെ പാത എന്താണെന്ന് വ്യക്തമാക്കിയ ആളാണ് എബ്രിഡ് ഷൈൻ. ആക്ഷൻ ഹീറോ ബിജുവിൽ എത്തിയപ്പോൾ റിയലിസത്തിന്റെ ആ ഗ്രാഫ് മുകളിലേയ്ക്ക് തന്നെ ഉയർന്നു.. ഒരു കൊമേഴ്സ്യൽ സിനിമയിൽ നിന്ന് പ്രേക്ഷകൻ എന്താണോ പ്രതീക്ഷിക്കുന്നത്, അതൊന്നുമില്ലാത്ത ഒരു നിർമ്മിതിയായ ബിജു ആദ്യ ദിനങ്ങളിൽ കനത്ത നെഗറ്റീവ് റിവ്യൂകൾക്ക് വിധേയമായ ശേഷം ബ്ലോക്ക് ബസ്റ്റർ ആയി മാറുകയായിരുന്നു.. കാരണം അതിന്റെ ആസ്വാദ്യത വേറെ ലെവലായിരുന്നു.. ആരോ പറഞ്ഞ പോലെ കുരുവുള്ള പഴങ്ങൾ മാത്രം തിന്നു ശീലിച്ച പ്രേക്ഷകർക്ക് മാത്രമായിരുന്നു പ്രശ്നം.. പഴത്തിന്റെ രുചിയെന്നാൽ കുരുവിൽ അധിഷ്ഠിതമല്ലല്ലോ.. പരിണാമഗുപ്തികളും വഴിത്തിരിവുകളും പ്രേക്ഷകന്റെ മുൻ വിധികളുമല്ല സിനിമ എന്ന് ബിജുവിൽ കാണിച്ചുതന്ന എബ്രിഡ് പൂമരത്തിൽ എത്തുന്നതോടെ തന്റെ സൃഷ്ടിയിൽ ഒന്നു കൂടി പിടിമുറുക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്.

  മാജിക് തന്നെ..

  മാജിക് തന്നെ..

  പ്രേക്ഷകൻ തേടി വരുന്ന ചേരുവകളേ അല്ല പൂമരത്തിന്റെ രണ്ടര മണിക്കൂർ നേരത്തിൽ എബ്രിഡ് തിരശീലയിൽ കാണിച്ചു തരുന്നത്.. മറിച്ച് താൻ ഉദ്ദേശിച്ച സംഗതികൾ ഷൂട്ട് ചെയ്ത് വച്ച തന്റെ വഴികളിലൂടെ ആളുകളെ ആസ്വാദ്യതയോടെ തന്നെ വഴി നടത്തുകയെന്ന സംവിധായകന്റെ അസാമാന്യധീരതയാണ് പൂമരം.. പരിചരണം ഒരിക്കൽ പോലും റിയലിസത്തിൽ നിന്നും ഏറെയൊന്നും അകന്നുപോയിട്ടില്ലാത്ത ഈയൊരു ശൈലി മലയാളത്തിൽ പൂർവമാതൃകകൾ അധികമില്ലാത്തതാണ്.. ഒരു കണക്കിന് മാജിക് എന്നുതന്നെയും പറയാം.. പൈഡ് പൈപ്പർ മാജിക്..

  കഥയില്ല സ്ക്രിപ്റ്റുമില്ല..

  കഥയില്ല സ്ക്രിപ്റ്റുമില്ല..

  എടുത്ത് പറയത്തക്ക കഥയോ സ്ക്രിപ്റ്റോ ഒന്നുമില്ലാത്ത സിനിമയിൽ രണ്ടര മണിക്കൂർ നേരം പകർത്തിവെച്ചിരിക്കുന്നത്, മഹാരാജാസ് കോളേജിൽ വച്ച് നടക്കുന്ന 2016ലെ എംജി യൂണിവേഴ്സിറ്റി (സിനിമയിലെ പേര് മഹാത്മാ യൂണിവേഴ്സിറ്റി) കലോത്സവത്തിലെ സംഭവങ്ങൾ മാത്രമാണ്.. സമ്പൂർണമായി ഒരു കലോൽസവനഗരിയിൽ അകപ്പെട്ടുപോയ അനുഭവം എന്നുപറയാവുന്ന സിനിമയിൽ ക്യാമറ ആകെമൊത്തം ക്യാമ്പസിൽ നിന്ന് പുറത്തിറങ്ങിയത് പോലീസ് സ്റ്റേഷനിലും ഗൗതമിന്റെ വീട്ടിലുമായുള്ള പത്തോ പതിനഞ്ചോ മിനിറ്റ് നേരത്തേക്ക് മാത്രമാണ്. ഇതിനിടയിൽ വന്നുപോകുന്നതാകട്ടെ നൂറുകണക്കിന് സംഭവങ്ങളും ഒരു പക്ഷേ അതിലുമെത്രയോ മടങ്ങ് വിദ്യാർത്ഥികളുമാണ്..

   നായകനില്ല നായികയുമില്ല..

  നായകനില്ല നായികയുമില്ല..

  ആദ്യ രണ്ടു സിനിമകളെയും നിവിൻ പോളി എന്ന താരപരിവേഷമുള്ള നായകനു ചുറ്റുമായി വിന്യസിച്ചുനിർത്തിയ എബ്രിഡ് ഇവിടെയെത്തുമ്പോൾ നായകൻ എന്ന സങ്കല്പത്തെ തന്നെ ചവുട്ടിക്കൂട്ടി കഥയ്ക്കും സ്ക്രിപ്റ്റിനും മുകളിൽ എന്നപോൽ താരങ്ങൾക്കും നടീനടന്മാർക്കും മേലെയും സമ്പൂർണാധിപത്യം നേടുന്നു.. കാളിദാസന്റെ ഗൗതം ഉൾപ്പടെ ഒരു ക്യാരക്റ്ററിലേക്കും ഫോക്കസ് കൊടുക്കാത്ത സിനിമ ഒരുപക്ഷെ ഓരോ സീനിൽ വന്നുപോകുന്നവരെയും നായികാനായകരായിത്തന്നെ പരിഗണിച്ചിരിക്കുന്നു എന്നതും പുതുമയാണ്..

   കാളിദാസന്റെ അരങ്ങേറ്റം

  കാളിദാസന്റെ അരങ്ങേറ്റം

  സാധാരണഗതിയിൽ താരപുത്രന്മാർ സിനിമയിൽ അരങ്ങേറുമ്പോൾ ഉള്ള എല്ലാ പതിവുകളും തെറ്റിച്ചുകൊണ്ടുള്ള ഒരു ട്രീറ്റാണ് കാളിദാസന് എബ്രിഡ് ഷൈൻ പൂമരത്തിൽ നൽകിയിരിക്കുന്നത്..ഒരു നല്ല ചിത്രത്തിന്റെ ഭാഗമായി എന്നതിലുപരിയായി യാതൊരു വിധ ബൂസ്റ്റിംഗും കാളിദാസനോ ഗൗതം എന്ന കഥാപാത്രത്തിനോ അനുവദിച്ച് കൊടുത്തിട്ടേയില്ല.. ഇത്തിരി ശ്വാസം പിടിയുണ്ടെങ്കിലും അനായാസതയോടെ തന്നെ കാളിദാസൻ മഹാരാജാസ് കോളേജ് ചെയർമാനായ് മാറുന്നു.. മുഖത്തിന്ന് നല്ല ഗ്രെയ്സുമുണ്ട്.. ചലനങ്ങൾ കണ്ടിട്ട് ജയറാമിനേക്കാൾ ഭേദമാവാൻ സാധ്യതയുണ്ട്.. കാരണം പത്തുമുപ്പതുകൊല്ലമായിട്ടും ജയറാമിന് കുടഞ്ഞുകളയാൻ കഴിയാത്ത മിമിക്രിബാധയെ രണ്ടാമത്തെ സിനിമയാവുമ്പോൾ തന്നെ മകൻ നൈസായിട്ട് അതിജീവിക്കുന്നു.. പക്ഷെ, മഹാരാജാസിന്റെ ഓപ്പസിറ്റ് വരുന്ന സെന്റ്ട്രീസാസിലെ പെൺകുട്ടികളെ ലീഡ് ചെയ്തുവരുന്ന പേരറിയാത്ത ആ മിടുക്കി പെൺകുട്ടിയുടെ സ്മാർട്ട്നെസ്സ് കാളിദാസനേക്കാൾ ബഹുദൂരം മുന്നിലാണെന്ന് പറയാതിരിക്കാൻ ഒട്ടും വയ്യ..

  പുതുമുഖങ്ങളുടെ കലോൽസവം..

  പുതുമുഖങ്ങളുടെ കലോൽസവം..

  പുതുമുഖങ്ങളെ മാത്രം സ്ക്രീനിൽ വിന്യസിച്ച് ലിജോ ജോസ് പെല്ലിശ്ശേരി അങ്കമാലി ഡയറീസിൽ ചെയ്തിരിക്കുന്നത് വിസ്മയമാണെങ്കിൽ എബ്രിഡ് പൂമരത്തിൽ ചെയ്യുന്നത് മഹാമാന്ത്രികത ആണെന്ന് പറയാം.. നൂറുകണക്കായ കുട്ടികളിൽ ഓരോന്നിനെയും ഓരോ താരമെന്ന് തന്നെ പറയാം.. സ്വാഭാവിക ചലനങ്ങൾ കണ്ട് ഞെട്ടിപ്പിക്കുകയാണ് ഏവരും.. യുവജനോൽസവത്തിന്ന് വന്ന നൃത്താധ്യാപകരും ജഡ്ജസും എല്ലാം അങ്ങനെതന്നെ.. ക്യാന്റീനിലെ സ്റ്റാഫായി വരുന്ന (ആക്ഷൻ ഹീറോ ബിജുവിലൂടെ എബ്രിഡ് കണ്ടെടുത്ത)അരിസ്റ്റോ സുരേഷിനും കുളിസീൻ പരാതി ചേച്ചിയ്ക്കും സൂപർതാരങ്ങളെ വെല്ലുന്ന കയ്യടിയാണ് കാണികൾ കൊടുക്കുന്നത്.. കലോത്സവം ഉദ്ഘാടനം ചെയ്യാനായി മീരാ ജാസ്മിനും സമാപനസമ്മേളനത്തിനായി കുഞ്ചാക്കോ ബോബനും വരുന്നുണ്ട്.. ചാക്കോച്ചനൊന്നും സംഭാഷങ്ങൾ എഴുതിക്കൊടുത്തില്ല എന്നത് വ്യക്തമാണ്.. അത്രയ്ക്ക് നാച്ചുറലാണ് പ്രസംഗം.. കയ്യടി ഏറെ കിട്ടുന്ന പോലീസ് ഇൻസ്പെക്ടർ ആയി ജോജുവും ഉണ്ട്.

  സംഗീതനിർഭരം കലാലയം

  സംഗീതനിർഭരം കലാലയം

  പാട്ടും കീർത്തനവും കവിതയും ലളിതഗാനങ്ങളുമൊക്കെയായി പന്ത്രണ്ടോ അതിലധികമോ കൃതികൾ പൂമരത്തിൽ ഉപയോഗിച്ചിട്ടുണ്ട്.. ഒന്നും സിനിമയ്ക്ക് ഒരു വിഘാതമായി നിൽക്കാതെ ഉള്ളടക്കത്തോട് സിങ്ക് ചെയ്തിരിക്കുന്നു.. നെരൂദയുടെ 'tonight I can write the sadest lines' ന് ബാലചന്ദ്രൻ ചുള്ളിക്കാട് നൽകിയ പരിഭാഷ മുഴുനീളത്തിൽ ചൊല്ലിക്കേട്ടുകൊണ്ടിരുന്നപ്പോൾ തിയേറ്ററിൽ നല്ല കൂവലായിരുന്നു.. പൊതുജനത്തിനെന്ത് നെരൂദ എന്ത് ചുള്ളിക്കാട്.. എന്നാലും ജനത്തിനെ തന്റെ നിലവാരത്തിലേക്ക് ഉയർത്താനുള്ള എബ്രിഡിന്റെ ശ്രമങ്ങൾ ശ്ലാഘനീയമായിത്തോന്നി.. (ഗൗതമിന്റെ അച്ഛന്റെയും ജോജുവിന്റെയും ദീർഘമായ ബൗദ്ധികസംഭാഷണങ്ങളും ഈ ഗണത്തിൽ പെടുന്നു). 2016ലേ സൂപ്പർഹിറ്റായ ഞാനും ഞാനുമെന്റാളും അതേ ഓളത്തിൽ സിനിമ നിലനിർത്തിയെങ്കിലും "കടവത്തൊരു തോണി"യ്ക്ക് ഇടം കിട്ടിയില്ല.. ഗോപി സുന്ദറിന്റെ‌ ബിജിയെം സിനിമയുടെ മൂഡിനെ എല്ലായ്പ്പോഴും കൂടെക്കൂട്ടിയത് സന്തോഷമായി

  എല്ലാവരുടെയും

  എല്ലാവരുടെയും "കപ്പ് ഓഫ് ടീ" അല്ല..

  ഇത്രയൊക്കെ പോസിറ്റീവ്സ് പറഞ്ഞ പടത്തിന് ടിക്കറ്റെടുക്കാൻ പോവുമ്പോൾ അതിനുമുന്നത്തെ ഷോ കഴിഞ്ഞിറങ്ങുന്ന ഒത്തിരി പയ്യന്മാർ "വളരെ മോശം" പടമാണെന്ന് പറഞ്ഞ് കാണുന്നത് മുടക്കാൻ ശ്രമിച്ചു എന്നതാണ് കൗതുകകരം.. കൗണ്ടറിൽ നിന്ന കുറെ സാധുക്കൾ അതും കേട്ട് പടം കാണാതെ മടങ്ങിപ്പോവുകയും ചെയ്തു.. മുൻപ് പറഞ്ഞപോലെത്തന്നെ ഇത് കുരുവും പരിപ്പും പ്രതീക്ഷിച്ചുപോവുന്നവർക്കുള്ള പഴമല്ല എന്ന് സാരം.. കണ്ടുശീലിച്ചത് മാത്രം കണ്ട് നിർവൃതി അടയുന്നവർക്കുള്ളതുമല്ല.. അത്രയ്ക്കും ഫ്രെഷ്!!!

  English summary
  Kalidas Jayaram's Poomaram review by Schzylan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X