twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ദേശീയ അവാർഡിന്റെ തിളക്കവുമായി 'കള്ളനോട്ടം' — ശൈലന്റെ റിവ്യൂ

    |

    ശൈലൻ

    എഴുത്തുകാരന്‍
    കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല.. സാഹിത്യകാരനെന്നോ വിമർശകനെന്നോ ഉള്ള ലേബലുകൾ കൂടാതെ പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്. പ്രിന്റ് മീഡിയയിലും സജീവം. എട്ട് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

    ദേശീയ ചലച്ചിത്ര അവാർഡുകൾ ഇന്നലെ പ്രഖ്യാപിച്ചപ്പോൾ മികച്ച മലയാള സിനിമയ്ക്കുള്ള അവാർഡ് രാഹുൽ റിജി നായരുടെ കള്ളനോട്ടമാണ് (The False Eye) കരസ്ഥമാക്കിയത്. മുൻപ് 'ഒറ്റമുറിവെളിച്ചം' എന്ന തന്റെ ആദ്യസിനിമയിലൂടെ മികച്ച സിനിമയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയിട്ടുള്ള സംവിധായകനാണ് രാഹുൽ റിജി നായർ.

    കള്ളനോട്ടം

    ഒറ്റമുറിവെളിച്ചത്തിന് ശേഷം ഡാകിനി എന്ന കൊമേഴ്‌സ്യൽ മൂവി ചെയ്ത രാഹുലിന്റെ മൂന്നാം സംരംഭമാണ് കള്ളനോട്ടം. തീർത്തും പരീക്ഷണോന്മുഖമായ ഒരു സിനിമ. ഒരു ഗോപ്രോ ക്യാമറയാണ് സിനിമയിലെ മുഖ്യകഥാപാത്രവും താരവും. വേറൊരു തരത്തിൽ പറഞ്ഞാൽ ഒരു ഗോപ്രോ (Go Pro) ക്യാമറയുടെ ലെൻസിൽ പതിയുന്ന കാഴ്ചകൾ മാത്രമാണ് ഈ സിനിമയിലുള്ളത്.

    കള്ളനോട്ടം

    സന്തോഷ് എന്നൊരു പലചരക്കുകടക്കാരന് അളിയൻ വിദേശത്ത് നിന്ന് വന്നപ്പോൾ സമ്മാനിച്ചതാണ് ഗോപ്രോ ക്യാമറ. പുള്ളി അത് സർവൈലൻസ് ആവശ്യാർത്ഥം കടയുടെ ഒരു മൂലയ്ക്ക് ഉയരത്തിൽ സ്ഥാപിക്കുന്നു. സിനിമ ആരംഭിക്കുന്നു.

    സിനിമ സംവിധാനം ചെയ്യണമെന്നുള്ള മോഹവുമായി നടക്കുന്ന വിൻസെന്റ് എന്ന കൊച്ചുപയ്യൻ അത് കടയിൽ നിന്നും സന്തോഷ് അറിയാതെ അടിച്ചുമാറ്റുന്നു. ഗോപ്രോ പുറത്തിറങ്ങുന്നു. കൂട്ടുകാരും അയൽക്കാരുമായ കിഷോറിനെയും റോസിയെയും നായികാ നായകന്മാരാക്കിയാണ് വിൻസെന്റ് സിനിമ എടുക്കുന്നത്.

     കള്ളനോട്ടം

    പടത്തിന്റെ ഈ ഘട്ടം വളരെ കുസൃതികൾ നിറഞ്ഞതും ഒരു ബാലചിത്രം പോലെ തോന്നിക്കുന്നതുമാണ്. സൂര്യദേവ് സജീഷ് മാരാർ (കിഷോർ), വസുദേവ് സജീഷ് മാരാർ(വിൻസെന്റ്), അൻസു മരിയ(റോസി) എന്നീ ബാലതാരങ്ങളുടെ പെർഫോമൻസ് ഗംഭീരമാണ്. വസുദേവിന് ഈ സിനിമയിലെ അഭിനയത്തിന് മികച്ച ബാല താരത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചിരുന്നു.

    കള്ളനോട്ടം

    ആദ്യഘട്ടം കഴിയുമ്പോൾ കിഷോറിനും റോസിയ്ക്കും മനസിലാവും ക്യാമറ വിൻസെന്റ് അടിച്ചു മാറ്റിയതാണെന്ന്. അവർ നൈസായി സ്‌കൂട്ടാവും. സത്യത്തിൽ മോഷ്ടിക്കുക എന്ന ലക്ഷ്യമായിരുന്നില്ല പയ്യന്. സിനിമ പിടിക്കാനുള്ള കൗതുകം കഴിഞ്ഞാൽ അവിടെ തന്നെ തിരികെ വെക്കുക എന്നതായിരുന്നു അവന്റെ കണക്കുകൂട്ടൽ. പക്ഷെ അപ്പോഴേക്ക് കാര്യങ്ങൾ കൈവിട്ടു പോവുകയാണ്.

    കള്ളനോട്ടം

    കുട്ടിക്കളികളിൽ നിന്നും സമൂഹത്തിന്റെ ക്രൂര യാഥാർഥ്യങ്ങളിലേക്ക് സഞ്ചരിക്കാൻ തുടങ്ങുകയാണ് തുടർന്നങ്ങോട്ട് ഗോപ്രോ ക്യാമറയും കള്ളനോട്ടം എന്ന സിനിമയും. അതിൽ പതിയുന്നത് കാലഘട്ടത്തിന്റെ ചില ചുറ്റുവട്ടകാഴ്ചകൾ, ചതികൾ, ഉഡായിപ്പുകൾ,
    തേപ്പ്, കരച്ചിൽ സദാചാരപോലീസിംഗ്, ജനമൈത്രി പോലീസിംഗ്, നെഞ്ചത്തടി, നിലവിളി... അങ്ങനെ അങ്ങനെ 70 മിനിറ്റ് കഴിയുമ്പോൾ ബാറ്ററി തീർന്ന് ക്യാമറ ഓഫാകും.

    കള്ളനോട്ടം

    ഗോപ്രോയുടെ ആംഗിളിൽ മാത്രമായുള്ള കള്ളനോട്ടം എന്നുള്ള നിലയിൽ സിനിമ വെറും എക്സ്പ്പെരിമെന്റൽ മാത്രമല്ല രസകരമായ ഒരു അനുഭവം കൂടിയാണ്. സംവിധായകന്റെ ഇത്തരമൊരു ചിതാഗതി അഭിനന്ദനീയം. ടോബിൻ തോമസാണ് ഛായാഗ്രഹണം. എഡിറ്റിംഗ് അപ്പു ഭട്ടതിരിയും. രണ്ടുപേരുടെയും സേവനം നിർണായകമായിട്ടുണ്ട്. പോസ്റ്റ് പ്രൊഡക്ഷൻ ഡയറക്ടർ എന്ന ക്രെഡിറ്റും അപ്പു ഭട്ടതിരിക്ക് നൽകിക്കാണുന്നു.

    കള്ളനോട്ടം

    ഒളിഞ്ഞുനോട്ടത്തിന്റെയും ചുഴിഞ്ഞുനോട്ടത്തിന്റെയും അപാരമായ സാദ്ധ്യതകളിൽ ചെറിയ ചിലത് മാത്രമേ സിനിമ ഉപയോഗപ്പെടുത്തിയിട്ടുള്ളൂ. കഥാഗതിയുടെ അന്ത്യത്തിൽ വരുന്ന ട്വിസ്റ്റ് എതിരഭിപ്രായം ഉണ്ടാക്കുന്നതാണ്. സദാചാര പോലീസിംഗ് നല്ലതിന് എന്നൊരു വായനാ സാധ്യത ഇവിടെയുണ്ട്. കപ്പേളയിലെ പോലെ പോലീസ് സ്റ്റേഷൻ രംഗങ്ങളിലെ അമേച്വർ സ്വഭാവവും ഒഴിവാക്കാമായിരുന്നു. ഒരുപക്ഷേ കൂടുതൽ റിയലിസ്റ്റിക് ആവാൻ വേണ്ടി ചെയ്തതാവാം.

    ഇതൊക്കെ പറഞ്ഞാലും പരീക്ഷണത്തിനുള്ള അംഗീകാരം എന്നുള്ള നിലയിൽ ഈ ദേശീയ അവാർഡ് സ്വാഗതാർഹമാണ്. രാഹുൽ റിജി നായർക്ക് അഭിനന്ദനങ്ങൾ.

    Read more about: review റിവ്യൂ
    English summary
    Kalla Nottam Malayalam Movie review: National Award Wining Kalla Nottam is an Experimental Movie
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X