For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  രക്തരൂക്ഷിതമായി അടയാളപ്പെടുന്ന ചിരിക്കാഴ്ചകൾ .. പാരാസൈറ്റ് കേരളത്തിലും.. — ശൈലന്റെ റിവ്യൂ

  |

  ശൈലൻ

  കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല.. സാഹിത്യകാരനെന്നോ വിമർശകനെന്നോ ഉള്ള ലേബലുകൾ കൂടാതെ പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്. പ്രിന്റ് മീഡിയയിലും സജീവം. എട്ട് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

  Rating:
  4.0/5
  Star Cast: Kang-ho Song, Sun-kyun Lee, Yeo-jeong Jo
  Director: Bong Joon Ho

  കാൻ ഫെസ്റ്റിവലിൽ പാം ഡി ഓർ 2019 നേടുന്നതോടെ ആണ് പാരസൈറ്റ് ലോകമെങ്ങുമുള്ള സിനിമാപ്രേമികളുടെ ശ്രദ്ധയിൽ പെടുന്നത്. സംവിധായകൻ ബോങ് ജൂൺ ഹോ മുൻപേ തന്നെ ശ്രദ്ധ നേടിയ ആളാണ് എങ്കിലും ഒരു കൊറിയൻ ചിത്രം കാനിൽ മികച്ചതിനുള്ള പുരസ്കാരം നേടുന്നത് ആദ്യമായിട്ടായിരുന്നു. പാരാസൈറ്റിന്റെ കാര്യത്തിൽ അതൊരു തുടക്കമായിരുന്നു. തുടർന്നിങ്ങോട്ട് ലോകമെങ്ങുമുള്ള വിഖ്യാതമായ ചലച്ചിത്രമേളകളിലായി ചിത്രം വാരിക്കൂട്ടിയ അവാർഡുകൾക്ക് എണ്ണവും കണക്കുമില്ല. ഒടുവിൽ അക്കാദമി അവാർഡിനായുള്ള ആറു നോമിനേഷനുകൾ വരെ അത് എത്തി നിൽക്കുന്നു.

  ഇന്ത്യയിൽ പനാജിയിലെ ഐ എഫ് എഫ് കെ യിലും തിരുവനന്തപുരത്തെ ഐ എഫ് എഫ് ഐയിലും പാരസൈറ്റ് പ്രദർശിപ്പിച്ചപ്പോൾ ഉണ്ടായ സംഘർഷഭരിതമായ പുകിലുകൾക്ക് ഞാൻ സാക്ഷിയാണ്. തിരുവനന്തപുരത്തു അവസാന ഷോ നടന്ന ടാഗോർ തിയേറ്ററിൽ പ്രവേശനം കിട്ടാത്ത നൂറുകണക്കിന് ആളുകൾ പുറത്ത് സൃഷ്ടിച്ച കയ്യാങ്കളിയും അക്രമവും സമാനതകൾ ഇല്ലാത്തതായിരുന്നു. ഒരു ഘട്ടത്തിൽ തിയേറ്റർ അടിച്ചു പൊളിക്കുമോ എന്ന് പോലും സംശയിക്കേണ്ട സാഹചര്യം വന്നു. മണിക്കൂറുകൾ വെയിലത്ത് ക്യൂ നിന്ന അവരുടെ പ്രതിഷേധം സ്വാഭാവികമായിരുന്നു താനും.

  ഏതായാലും അന്നത്തെ നിരാശാ ബാധിതർക്കെല്ലാം ആശ്വാസം പകർന്നുകൊണ്ട് പാരാസൈറ്റ് ഈയാഴ്ച കേരളത്തിലെ തിയേറ്ററുകളിൽ റിലീസ് ചെയ്തു. ഒരുപക്ഷെ ചരിത്രത്തിൽ തന്നെ ആദ്യമായിട്ടായിരിക്കും ഒരു കൊറിയൻ സിനിമ കേരളത്തിൽ കമേഴ്‌സ്യൽ ആയി റിലീസ് ചെയ്യപ്പെടുന്നത്. അതും മൊഴിമാറ്റം കൂടാതെ, പോസ്റ്ററോ മറ്റ് പബ്ലിസിറ്റിയോ കൂടാതെ. സാധാരണ ഇത്തരം വേൾഡ് ക്‌ളാസ് പടങ്ങൾ പ്രദര്ശിപ്പിക്കാറുള്ള കൊച്ചിയിലെ പിവി ആർ ലുലുവിൽ മാത്രമല്ല പാരസൈറ്റ് ചാർട്ട് ചെയ്തിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. തിരുവനന്തപുരം ഏരീസ്, കോഴിക്കോട് ക്രൗൺ, തൃശൂർ ശോഭ ഐനോക്‌സ്, ഇടപ്പള്ളി വനിത വിനീത എന്നിവിടങ്ങളിലെല്ലാം ഒന്നിലധികം ഷോകളുമായി പാരസൈറ്റ് പ്രദർശിപ്പിക്കുന്നതായി ശ്രദ്ധയിൽ പെട്ടു. വേറെയും സെന്ററുകൾ ഉണ്ടായേക്കാം.

  ഇത്രയും അവാർഡുകളുടെ പരിവേഷം കേട്ടറിഞ്ഞ് ഒരു ഹൈ ഇന്റലക്ഷ്വൽ പടം കാണാനുള്ള തയ്യാറെടുപ്പോടെ ഉലക്ക വിഴുങ്ങി മസിലും പിടിച്ച് എന്തിരനെ പോലെ പാരസൈറ്റ് തിയേറ്ററിൽ കയറി സീറ്റിൽ ഇരുന്നാൽ പണിപാളും. നിങ്ങൾ ഉദ്ദേശിക്കുന്ന ഗിമ്മിക്കുകളോന്നുമില്ലാത്ത ഒരു സാദാ കോമഡി പടമാണ് പാരസൈറ്റ്. എൺപതുകളിലെ പ്രിയദർശൻ സിനിമകളോടാണ് അതിന്റെ തൊണ്ണൂറു ശതമാനം ഭാഗങ്ങൾക്കും സാമ്യം. നോൺ ബ്രെയിനർ എന്ന് തോന്നിപ്പിക്കും വിധം ഉള്ള അന്തം വിട്ട കോമഡി, കണ്ടും കേട്ടും ചിരിച്ചു കുന്തം മറിയുമ്പോൾ, നമ്മൾ പ്രതീക്ഷിച്ചു വന്ന പടത്തിന്റെ പ്രിന്റ് മാറിപ്പോയോ എന്നുപോലും തോന്നിപ്പോകും.

  എന്നാൽ അവസാന ഇരുപതു മിനിറ്റ് നേരം ഇപ്പറഞ്ഞ ചിരിയ്ക്കും തോന്നലുകൾക്കുമെല്ലാം മനസ് പശ്ചാതാപപ്പെടും. അതുവരെയുള്ള ചിരി ഒരു ചീറ്റിങ് ആയിരുന്നുവെന്നും ബോങ് ജൂൺ മുന്നോട്ട് വെക്കുന്ന പൊളിറ്റിക്സിന്റെ തീക്ഷ്‌ണമുനകൾ പ്രേക്ഷകന്റെ നെഞ്ചുപിളർക്കും വിധം കൂർപ്പിച്ചെടുക്കാനുള്ള ഉത്തോലകങ്ങൾ ആയിരുന്നു ഇക്കണ്ട ചിരിയെല്ലാം എന്ന് ഞെട്ടലോടെ നമ്മൾ തിരിച്ചറിയും.

  ഗൗതമന്റെ രഥം; ഗൃഹാതുരമായ കാഴ്ചകൾ, നായകനാവുന്ന നീരജ് മാധവ് - ശൈലന്റെ റിവ്യൂ

  പടത്തിൽ ഒരു തരത്തിൽ എങ്കിൽ മറ്റൊരു തരത്തിൽ എല്ലാരും പാരസൈറ്റുകളാണ്. അതിസമ്പന്നമായ ഒരു പാർക്ക് കുടുംബത്തിന്റെയും ചേരിവാസികളും ദാരിദ്രത്താൽ എന്തുമാവാൻ മടിയില്ലാത്തവരുമായ ഒരു കിം കുടുംബത്തിന്റെയും പശ്ചാത്തലം മുന്നോട്ട് വച്ചാണ് ബോങ് പുതിയ കാലത്തിന്റെ ക്‌ളാസ് വാർ കോമഡിയുടെ അകമ്പടിയോടെ തീർത്തും സറ്റിൽ (subtle) ലോകത്തിന് മുന്നിൽ വെക്കുന്നത്. ആദ്യം ചിരിച്ചതിനൊക്കെ കുറ്റബോധം തോന്നിപ്പിക്കും വിധമാണ് പടത്തിന്റെ അവസാന നേരങ്ങൾ നെഞ്ചിൽ കുത്തിക്കേറുന്നത്.

  ജനസംഖ്യയിൽ ഒന്നോ രണ്ടോ ശതമാനം മാത്രമുള്ള അതിസമ്പന്നരും അവർ അനുഭവിക്കുന്ന ആർഭാട സുഖലോലുപതകളും മതി വരാത്ത ആസക്തികളും... അതൊന്നും സ്വപ്നത്തിൽ പോലും കാണാനാവാത്ത വിധം ദരിദ്രരായ ഭൂരിപക്ഷത്തിന്റെയും ഭൂരിപക്ഷമായ സാധാരണക്കാരന്റെ മോഹങ്ങളും അതിമോഹങ്ങളും എവിടെയും എത്തിപ്പിടിക്കാനാവാത്ത അത്യാർത്തികളും ആസക്തികളും. ഇതിനൊന്നും കൊറിയയിൽ മാത്രമല്ല ലോകത്തെവിടെയും മാറ്റമില്ല എന്നാണ് പാരസൈറ്റിന് ലോകമെങ്ങും കിട്ടുന്ന അംഗീകാരങ്ങളിൽ നിന്നും മനസിലാവുന്നത്. പടത്തിന്റെ സാർവലൗകിക പ്രസക്തിയും അത് തന്നെ.

  പുകഞ്ഞു കൊണ്ടിരിക്കുന്ന നാനാവിധം ലെയറുകൾ ഏത് ആഡംബരക്കാഴ്ചകളുടെ അധോലോകങ്ങളിലും വിസ്ഫോടനസജ്ജമായുണ്ട്. ഏത് നിമിഷവും അത് എന്തിനെയും പൊട്ടിച്ചിതറിച്ചേക്കാം. തന്റെ ഡ്രൈവർ കേൾക്കുവാൻ വിദൂരസാധ്യത പോലുമുണ്ടാവുമെന്നറിയാതെ സ്വന്തം ബെഡ് റൂമിൽ സുരതത്തിനിടയിൽ പാർക്ക് ഡോങ്, ഡ്രൈവറുടെ ചേരിനാറ്റത്തെ കുറിച്ച് പറയുന്ന ഒരു ആകസ്മികവാചകത്തിന്റെ കേൾവിയും ഓർമ്മയും ആണ് കിം കി തേക്കിനെ പിന്നെ അത്രമേൽ വയലന്റാക്കി മാറ്റി പടത്തിന്റെ ഗതി തന്നെ മാറ്റിമറിക്കുന്നത്. ലോകത്തിന് തന്നെ ഒരു വാണിംഗ് ഇതിലുണ്ട്.

  ഇത്രയും അവാർഡുകളുടെ പരിവേഷം കേട്ടറിഞ്ഞ് ഒരു ഹൈ ഇന്റലക്ഷ്വൽ പടം കാണാനുള്ള തയ്യാറെടുപ്പോടെ ഉലക്ക വിഴുങ്ങി മസിലും പിടിച്ച് എന്തിരനെ പോലെ പാരസൈറ്റ് തിയേറ്ററിൽ കയറി സീറ്റിൽ ഇരുന്നാൽ പണിപാളും.

  Read more about: review റിവ്യൂ
  English summary
  Parasite Korean movie review and rating, Directed by Bong Joon Ho
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more
  X