For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ത്രില്ലടിപ്പിക്കുന്ന ഒരു കൊറിയൻ 'കോൾ'; അവസാനമില്ലാത്ത ഒരു അവസാനവും — റിവ്യൂ

  By Riyas Rasheed
  |

  ഹോളിവുഡ് കഴിഞ്ഞാൽ മലയാളികൾ ഏറ്റവും കൂടുതൽ കാണുന്ന വിദേശഭാഷയിലുള്ള സിനിമകൾ ഏതായിരിക്കും? സംശയമേതും വേണ്ട - അത് കൊറിയൻ സിനിമകൾ തന്നെയായിരിക്കും. അത്രയ്ക്ക് ഫാൻ ബേസുണ്ട് ഇപ്പോൾ കൊറിയൻ സിനിമകൾക്ക് മലയാളികൾക്കിടയിൽ. കൊറിയൻ സിനിമകൾ ഏഷ്യൻ സിനിമയിൽ തന്നെ ഏറ്റവും ശക്തമായ സാന്നിധ്യമാണ്. അവരുടെ സിനിമാ നിർമ്മാണ ശൈലി ഇപ്പോൾ പുതിയ ഉയരങ്ങൾ കൈവരിച്ച് ലോക സിനിമയുമായിട്ടാണ് മത്സരിക്കുന്നത്. ഹോളിവുഡ് കഴിഞ്ഞാൽ കൊറിയൻ സിനിമ എന്ന രീതിയിലേക്കാണ് ഇപ്പോൾ അവരുടെ വളർച്ച തന്നെ. നമ്മളിന്ന് പറയാൻ പോകുന്നതും ഒരു കൊറിയൻ സിനിമയെക്കുറിച്ചാണ് - ദി കോൾ.

  Recommended Video

  RRR Review-Episode 1:The Call (2020) Korean Movie Malayalam Review

  2020 -ൽ നെറ്റ്ഫ്ലിക്സിൽ പുറത്തിറങ്ങിയ ഒരു കൊറിയൻ ഫാന്റസി മിസ്റ്ററി ത്രില്ലറാണ് ദി കോൾ. ഈ സിനിമ ടൈം ട്രാവലിനെ അടിസ്ഥാനമാക്കിയുള്ളതാണ്. ടൈം ട്രാവൽ, ഹൊറർ, ത്രില്ലെർ എന്നീ ഗണത്തിൽപ്പെടുന്ന ചിത്രം 2020 -ൽ ഇറങ്ങിയ ഒരു മികച്ച ത്രില്ലറായി നിരൂപക പ്രശംസ ഇതിനകം നേടിക്കഴിഞ്ഞു. 2011 -ൽ റിലീസായ മാത്യൂ പാർക്ക്ഹിൽ സംവിധാനം ചെയ്ത ദി കോളർ എന്ന ഇംഗ്ലീഷ് സിനിമയിൽ നിന്നും പ്രജോദനമുൾക്കൊണ്ടാണ് ലീ ചുങ് ഹ്യുൻ (Lee Chung-hyeon ഈ സിനിമ അണിയിച്ചൊരുക്കിയിരിക്കുന്നത്. സംവിധായകനും എഴുത്തുകാരനുമായ ലീ ചുങ് ഹ്യുൻ ദി കോൾ എന്ന ഈ സിനിമയെ വ്യത്യസ്തമായ രീതിയിലാണ് കൈകാര്യം ചെയ്യുന്നത്. ഇതിവൃത്തം വളരെ സങ്കീർണ്ണമാണെങ്കിലും തിരക്കഥയും എഴുത്തും സംവിധാനവും ഏതൊരാൾക്കും മനസ്സിലാകുന്ന രീതിയിൽ വളരെ വ്യക്തമാണ്. ഭൂതകാലത്തെയും വർത്തമാനകാല സംഭവങ്ങളെയും തന്റെ കുറ്റമറ്റ രചനയിലൂടെ സംവിധായകൻ മനോഹരമായി മാറ്റിമറിക്കുന്നു.

  അമ്മയ്ക്ക് കാൻസർ ബാധിച്ചതുമൂലം ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തതിന് ശേഷം തന്റെ പഴയ വീട്ടിലേക്ക് പോകുകയാണ് നായിക സോ യൂൺ. പോകുന്ന വഴിക്ക് മൊബൈൽ ഫോൺ നഷ്ടപ്പെടുന്നു. വീട്ടിൽ എത്തി നഷ്ടപ്പെട്ട ഫോണിലേക്ക് വിളിച്ചു കഴിഞ്ഞതിന് പിന്നാലെ ലാൻഡ്ഫോണിൽ നിന്നും ഒരു കോൾ വരികയാണ്, നമ്പർ മാറി വിളിച്ചതാണ് എന്നാണ് നായിക ആദ്യം വിചാരിച്ചത്. എന്നാൽ പിന്നീട് മനസ്സിലാകുന്നു --- ആ വിളിയെത്തിയത് 20 കൊല്ലം മുൻപു നിന്നാണ്. യംഗ്-സൂക്ക് എന്ന പേരിൽ ആ അജ്ഞാത വ്യക്തിയിൽ നിന്ന് കോൾ വന്നുകൊണ്ടേയിരിക്കുകയാണ്. 1990 -ലെ ആ കോൾ 2019 -ലേക്കെത്തുന്നു. അവൾ ഇപ്പോഴുള്ളതിനേക്കാൾ ഇരുപത് വർഷം പിന്നിലാണ്. അവളും അതേ വീട്ടിൽ തന്നെ താമസിച്ച പെൺകുട്ടിയാണ്. മന്ത്രവാദിനിയായ അമ്മയുടെ വീട്ടുതടങ്കലിൽ കഴിയുന്ന ഒരു പെൺകുട്ടി ആയിരുന്നു അത്. ഭാവിയിൽ നടക്കാൻ പോകുന്ന കാര്യങ്ങളെക്കുറിച്ച് അറിയാവുന്ന സോ യൂൺ, യംഗ്-സൂക്കിനെ സഹായിക്കുന്നു. പക്ഷേ അതിന് അവള് കൊടുക്കേണ്ടിവരുന്ന വില വളരെ വലുതാണ്. ഭൂതകാലത്തിലും വർത്തമാനകാല സംഭവങ്ങളിലും ഈ രണ്ട് കഥാപാത്രങ്ങളും എങ്ങനെ പരസ്പരം സ്വാധീനിക്കുന്നു എന്നതിനെയാണ് ചിത്രം വരച്ചുകാട്ടുന്നത്.

  മുൻകാലങ്ങളിൽ നിന്നുള്ള കോൾ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നതിനെക്കുറിച്ചുള്ള വസ്തുതകൾ വെളിപ്പെടുത്താതിരിക്കുക എന്നത് സംവിധായകന്റെ വിവേചനാധികാരമാണ്. മാത്രമല്ല, സിനിമാ വിഭാഗം ഫാന്റസി ത്രില്ലർ ആയതിനാൽ ആ വിശദാംശങ്ങളിലേക്ക് കടക്കേണ്ടതില്ല. എന്നിരുന്നാലും, കോളുകൾ ഭൂതകാലത്തിൽ നിന്ന് മാത്രമേ ചെയ്യാൻ കഴിയൂ എന്നതുപോലുള്ള ചില അടിസ്ഥാന അനുമാനങ്ങൾ നടത്തേണ്ടതുണ്ട്. ഭൂതകാലത്തിലെയും ഇന്നത്തെയും രണ്ട് കഥാപാത്രങ്ങൾ ഒരേ ടൈംലൈനിൽ സഞ്ചരിക്കുന്നുണ്ട്. എന്നാൽ 20 വർഷത്തെ ഇടവേളയിൽ മുൻകാലങ്ങളിൽ വരുത്തിയ ഏത് മാറ്റവും നായക കഥാപാത്രത്തിന് മാത്രമേ അറിയൂ. ഈ അനുമാനങ്ങൾ ഒക്കെ മനസ്സിലാക്കിയാൽ തീർച്ചയായും നിങ്ങൾക്ക് ഒരു സീറ്റ് ത്രില്ലറിന്റെ ആവേശകരമായ ഒരു സിനിമ അനുഭവിക്കാൻ കഴിയും.


  അഭിനേതാക്കളുടെ പ്രകടനത്തിലേക്ക് വരുകയാണെങ്കിൽ രണ്ട് സ്ത്രീ കഥാപാത്രങ്ങളിലൂടെയാണ് ഈ സിനിമ സഞ്ചരിക്കുന്നത്. നായിക കഥാപാത്രമായ സോ യൂൺ ആയി എത്തുന്നത് പാർക്ക് ഷിൻഹൈയാണ്. കട്ട സൈക്കോ യംഗ്-സൂക്ക് ആയി വില്ലത്തി വേഷത്തിൽ എത്തുന്നതാകട്ടെ ജിയോൺ ജോങ് സിയോയും. ഇരുവരുടെയും പ്രകടനങ്ങൾ അതിഗംഭീരമാണ്; പ്രതേകിച്ച് സൈക്കോ ആയി മാറുന്ന ജിയോൺ ജോങ് സിയോയുടെ വേഷം. ആ ട്രാൻഫോർമേഷൻ ഒക്കെ വളരെ മനോഹരമാണ്. നമുക്ക് തന്നെഅവർക്കിട്ട് ഒരെണ്ണം കൊടുക്കൻ തോന്നും. ഇജ്ജാതി പ്രകടനം!

  ഛായാഗ്രഹണവും പ്രൊഡക്ഷൻ ഡിസൈനും അതിഗംഭീരമാണ് ഈ സിനിമയിൽ. ഭൂതകാല സംഭവങ്ങൾ വർത്തമാനകാലത്തെ സ്വാധീനിക്കുന്ന രണ്ട് ഫ്രെയിമുകളുണ്ട്. അത് വിഎഫ്എക്സും മികച്ച ക്യാമറാ വർക്കുകളും ഉപയോഗിച്ച് മനോഹരമായി വിവരിച്ചിരിക്കുന്നു. കൂടാതെ, ഭൂതകാലത്തിൽ നിന്ന് വർത്തമാനകാല സംഭവങ്ങളിലേക്ക് വരുമ്പോൾ ഉണ്ടാകുമ്പോൾ വീടിന്റെ ഘടനയൊക്കെ മാറുന്നത് ഗംഭീരമാണ്.

  ഒരേ ടൈംലൈനിൽ അങ്ങോട്ടും ഇങ്ങോട്ടും സഞ്ചരിക്കുന്നതിനാൽ സാങ്കേതികമായി ഈ സിനിമ വളരെ മികച്ചതാണ്. അതിനാൽ, കഥാപാത്രത്തിന്റെ പ്രായം, സൗന്ദര്യാത്മകത, വസ്ത്രധാരണം തുടങ്ങിയ ചെറിയ ചെറിയ വിശദാംശങ്ങൾ പോലും വളരെ നിർണായകമാണ്. കാലഘട്ടം മാറി മറിയുമ്പോൾ നമ്മളിൽ ആകാംഷയും വർധിക്കുന്നു. എങ്ങനെയാണ് നടന്ന കാര്യങ്ങൾ ഭൂതകാലത്തിൽ പോയി മാറ്റിമറിക്കുമ്പോൾ വർത്തമാന കാലം മാറുന്നത്? അങ്ങനെ മാറുമ്പോൾ സംഭവിക്കുന്ന ഭയാനകമായ കാര്യങ്ങൾ എന്നിങ്ങനെ ഒരു ത്രില്ലർ മൂഡിലേക്കാണ് സിനിമ സഞ്ചരിക്കുന്നതുതന്നെ. പ്രേക്ഷകർ ആഗ്രഹിച്ച രീതിയിലാണ് അവസാനം. കൂടാതെ, പ്രീ-ക്ലൈമാക്‌സും ക്ലൈമാക്‌സും രണ്ടാം ഭാഗത്തിന് ഒരു ലീഡ് നൽകിക്കൊണ്ട് ചിത്രം അവസാനിപ്പിക്കുന്നു. ക്ലൈമാക്സ് ഓപ്പൺ എൻഡഡ് ആയതിനാൽ പ്രേക്ഷക ധാരണയ്ക്ക് വിട്ടുകൊടുത്തതിനാൽ കുറച്ച് ആളുകൾക്ക് ഇത് ഇഷ്പ്പെടാതിരിക്കാനും സാധ്യതയുണ്ട്.

  മൊത്തത്തിൽ, ദി കോൾ തുടക്കം മുതൽ അവസാനം വരെ ഒരു മികച്ച എന്റർടെയ്‌നറാണ്. നെറ്റ്ഫ്ളിക്സിൽ സ്ട്രീം ചെയ്യുന്ന ഈ ഫാന്റസി ത്രില്ലർ കണ്ടു നോക്കുക. നിങ്ങൾ നിരാശനാകില്ല എന്ന് വിശ്വസിക്കാം. മറ്റൊരു കൊറിയൻ സിനിയമയുമായി വൈകാതെ വീണ്ടും കാണാം.

  Read more about: review റിവ്യൂ
  English summary
  Korean Movie The Call Review In Malayalam, Watch It and Thrill It
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X