രസമുള്ള ഒരു ഗെയിം ആണ് കുമ്പാരീസ്.. ; പ്രതീക്ഷിച്ചതിലും ഭേദവും, ശൈലന്റെ റിവ്യു
ശൈലൻ
'നര്‍ക്കോട്ടിക്‌സ് ഈസ് എ ഡേര്‍ട്ടി ബിസിനസ്' എന്ന് ലാലേട്ടൻ പണ്ട് 1980കളിൽ പറഞ്ഞിട്ടുണ്ട്. ഈയിടെ ലൂസിഫറിൽ അദ്ദേഹം അത് ആവർത്തിക്കുകയും ചെയ്തു. സാഗർ ഹരി എന്ന പുതുമുഖം സംവിധാനം ചെയ്ത് തിയേറ്ററുകളിൽ എത്തിയിരിക്കുന്ന കുമ്പാരീസ് എന്ന ചെറിയ സിനിമ മുന്നോട്ട് പോവുന്നത് ചെയ്യുന്നത് ഈ ഡേർട്ടി ബിസിനസുമായി ബന്ധപ്പെട്ട ചില ഇടപാടുകളിലൂടെ ആണ്..

മയക്കുമരുന്ന്, അധോലോകം എന്നൊക്കെ പറയുമ്പോൾ ആദ്യം മനസിലേക്ക് പാഞ്ഞ് വരുന്ന ഗോവ, മംഗലാപുരം, കൊച്ചി, മട്ടാഞ്ചേരി, ദുബായ്, കൊളംബിയ ഒന്നുമല്ല കുമ്പാരീസിന്റെ പശ്ചാത്തലം. കോഴിക്കോട് പോലുമല്ല. ആലപ്പുഴ പട്ടണമാണ്. ആലപ്പുഴയിലും പ്രാന്തപ്രദേശങ്ങളിലും ഡ്രഗ്ഗ്‌സ് ഡീൽ ചെയ്യുന്ന കുറച്ച് ഗഡീസിനെ പൊക്കാൻ പോലീസ് സ്കെച്ചിടുന്നു. അവരെ ഫോളോ ചെയ്യുന്നു. അതാണ് സിനിമയുടെ കണ്ടന്റ്..

എന്നാൽ കുമ്പാരീസ് ഒരു പോലീസ് സ്റ്റോറി അല്ല താനും. വണ്‍ ഡേ ത്രില്ലര്‍ എന്നൊക്കെ വേണമെങ്കിൽ വിശേഷിപ്പിക്കാം. പോലീസും മരുന്നുകാരന്മാരും കൂടിയുള്ള ഇരുപത്തിനാല് മണിക്കൂർ ഓട്ടത്തിനിടയിൽ അതുമായി ബന്ധമില്ലാത്ത ശംഭു, മനു, അജി എന്നീ നിഷ്കളങ്കയുവാക്കൾ തീർത്തും യാദൃശ്ചികമായി പെട്ടുപോവുകയാണ്. ദസറത്തെരക്കിൽ പട്ടി കുടുങ്ങിയ പോലെ എന്ന് മൈസൂര്കാർ പറയുമ്പോലെ ചെളിപിളി ആവുകയാണ് കുണ്ടമ്മാരുടെ അന്നത്തെ ജീവിതം.
Recommended Video

ക്വീൻ എന്ന സിനിമയിലൂടെ ശ്രദ്ധേയനായെന്നു പി ആർ ന്യൂസുകളിൽ കാണുന്ന അശ്വിൻ ജോസ് ആണ് ശംഭു. അതേ സിനിമയിലൂടെ തന്നെ വന്ന എൽദോ മാത്യു ആണ് മനു. രണ്ടുപേരുമാണ് നായകർ എന്നുപറയാം.. ക്വീനിൽ നിന്നുള്ള ജെയിസനുമുണ്ട് അജി ആയിട്ട്.. മൂന്നുപേരെ കൊണ്ടും സംവിധായകൻ ഓടിപ്പിച്ചിരിക്കുന്ന ഓട്ടം ചില്ലറയൊന്നുമല്ല. തുടക്കക്കാരാന്ന് കരുതി ഇങ്ങനെയൊക്കെ ചെയ്യിപ്പിക്കാമോ എന്ന് തോന്നിപ്പോകും. പക്ഷെ ആ ഓട്ടവും കുമ്പാരീസിന് നല്ല ഇമ്പാക്റ്റ് ഉണ്ടാക്കുന്നതിൽ നിര്ണായകമായിട്ടുണ്ട്.

ടിറ്റോ വിൽസന്റേതാണ് കുമ്പാരീസിൽ ഏറ്റവും തിളക്കമാർന്ന പ്രകടനം. അങ്കമാലിയിലെ യൂക്ലാമ്പ് രാജൻ ഒരു ആക്സിഡന്റൽ പെർഫോമൻസ് ആയിരുന്നില്ലെന്നു ടിറ്റോ വീണ്ടും വീണ്ടും തെളിയിച്ചുകൊണ്ടേയിരിക്കുന്നു . രമേശ് പിഷാരടിയുടെ ക്രൂരനായ എ എസ് ഐ, വിജയകുമാറിന്റെ പുരോഹിതതുല്യനായ സബ് ഇൻസ്‌പെക്ടർ എന്നിവയും ക്ളീഷേയെ പൊളിക്കുന്ന നമ്പറുകൾ ആണ്. ഇന്ദ്രൻസ് ചേട്ടനെയൊക്കെ കണ്ണിൽ ചോരയില്ലാത്ത കോടീശ്വരൻ ആയി ഏതെങ്കിലും സിനിമയിൽ കാണാനാവുമെന്ന് കരുതിയതാണോ.. ഇമ്മാനുവേൽ മുതലാളി എന്ന ക്യാരക്റ്റർ അതിനും അവസരമൊരുക്കുന്നു..

പ്രതീക്ഷിച്ച് ചെല്ലുന്നതിനേക്കാൾ ഭേദപ്പെട്ട സിനിമയെ സ്‌ക്രീനിൽ കാണിച്ചുതന്നു എന്നതാണ് കുമ്പാരീസിന്റെ പൊസിറ്റിവ് ആയി എനിക്ക് തോന്നിയത്. സംവിധാനത്തിൽ തുടക്കക്കാരന്റെ പാളിച്ചകൾ ഉണ്ടെങ്കിലും സ്ക്രിപ്റ്റ് അവസാനമാവുമ്പോഴേക്കും പ്രേക്ഷകനെ ശരിക്കും ഉദ്വേഗജനകമാക്കുന്നുണ്ട്.
മുഷിച്ചിലില്ലാതെ രസകരമായി കണ്ടു തീർക്കാവുന്ന ഒരു ചെറിയ സിനിമ എന്ന് അടിവര.


Click it and Unblock the Notifications