For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ലാഫിംഗ് അപ്പാര്‍ട്ട്മെന്റ് നിയര്‍ ഗിരിനഗര്‍ എന്ന സിനിമയെ കുറിച്ച് ശൈലന്‍ എഴുതിയ റിവ്യൂ വായിക്കാം..

  |

  ശൈലൻ

  കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല.. സാഹിത്യകാരനെന്നോ വിമർശകനെന്നോ ഉള്ള ലേബലുകൾ കൂടാതെ പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്. പ്രിന്റ് മീഡിയയിലും സജീവം. എട്ട് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. site: Shylan.in

  Rating:
  2.0/5
  Star Cast: Dharmajan Bolgatty, Pradeep Kottayam, Salim Kumar
  Director: Nizar

  'ലാഫിംഗ് അപ്പാർട്ട്മെന്റ് നിയർ ഗിരിനഗർ' പ്രളയത്തേക്കാൾ മഹാ ദുരന്തം

  ടു ഡെയ്സിനു ശേഷം നിസ്സാര്‍ സംവിധാനം ചെയ്ത ചിത്രമാണ് ലാഫിംഗ് അപ്പാര്‍ട്ട്മെന്റ് നിയര്‍ ഗിരിനഗര്‍. സലിം കുമാര്‍, രമേഷ് പിഷാരടി, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, കലാഭവന്‍ ഷാജോണ്‍, കോട്ടയം നസീര്‍ സുനില്‍ സുഖദ,റോബിന്‍ മച്ചാന്‍, ഹരീഷ് കണാരന്‍, അഞ്ജന അപ്പുക്കുട്ടന്‍, ഗീത വിജയന്‍, പൊന്നമ്മ ബാബു, പ്രദീപ് കോട്ടയം എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നജീബ് വള്ളിവട്ടം, ശ്രീജിത്ത് രാജേന്ദ്രന്‍ എന്നിവരുടെ വരികള്‍ക്ക് സജിത്ത് ശങ്കറാണ് സംഗീതം പകരുന്നത്. ജയചന്ദ്ര കൃഷ്ണ എഡിറ്റിങ്ങും രഞ്ജിത്ത് ശിവ ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്നു. ആര്‍ കെ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രാംകുമാര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. സിനിമയെ കുറിച്ച് ശൈലന്‍ എഴുതിയ റിവ്യൂ വായിക്കാം..

  3 തവണ നിര്‍ത്താന്‍ തീരുമാനിച്ചു! റേറ്റിങ്ങ് ഉള്ളതിനാല്‍ വീണ്ടും നീട്ടി, ആത്മസഖിയെക്കുറിച്ച് മനോജ്!

  അപ്രതീക്ഷിതമായി കോരിച്ചൊരിഞ്ഞ പേമാരിയും ഉരുൾപൊട്ടലും വെള്ളപ്പൊക്കവും കാരണം നടുവൊടിഞ്ഞു പോയ മലയാളി ജീവിതത്തിനൊപ്പം സിനിമാ വ്യവസായവും പകച്ചു നിൽക്കുകയാണ്. കായംകുളം കൊച്ചുണ്ണി, രണം, നയൻ, പടയോട്ടം, ഒരു കുട്ടനാടൻ ബ്ലോഗ് തുടങ്ങി പല ക്യാറ്റഗറിയിൽ പെട്ട ഒരു കൂട്ടം പടങ്ങൾ തിയേറ്ററിൽ എത്തിച്ചേരേണ്ടിയിരുന്ന ഓണവും വലിയ പെരുന്നാളും കൂടിച്ചേർന്ന ബിഗ്ഗസ്റ്റ് ഫെസ്റ്റിവൽ സീസണിൽ ഒരു സിനിമ പോലും തിയേറ്ററിലെത്തിക്കാനാവാതെ ഇരുട്ടിൽ തപ്പുകയാണ് ഇൻഡസ്ട്രി. മധ്യകേരളത്തിലെ ആറുജില്ലകൾ സിനിമയെപ്പറ്റി ചിന്തിക്കാൻ പോലുമായിട്ടില്ല. ബാക്കിജില്ലകളും ആഘോഷത്തിനുള്ള ഒരു മൂഡിലല്ല. ഇനി അഥവാ ഏതെങ്കിലും മലയാളികൾ പ്രളയത്തെയും ദുരന്തബാധിതരെയും മറന്ന് തിയേറ്ററിൽ എത്തുകയാണെങ്കിൽ അവർക്ക് പതിനാറിന്റെ പണികൊടുക്കാനായി ഈ ആഴ്ച പുറത്തിറങ്ങിയിരിക്കുന്ന ഈ വർഷത്തെ ഏക ഓണച്ചിത്രമാണ് "ലാഫിംഗ് അപ്പാർട്ട്മെന്റ് നിയർ ഗിരിനഗർ"

  പ്രളയത്തേക്കാൾ വലിയ മഹാദുരന്തമെന്ന് പ്രസ്തുത ദീർഘശീർഷകധാരിയായ സിനിമയെ വിശേഷിപ്പിച്ചാൽ അത് ഒട്ടും അതിശയോക്തി ആവില്ല. ഗ്യാസ്ചേംബറിൽ എന്നപോൽ പ്രേക്ഷകനെ ഇഞ്ചിഞ്ചായി കൊന്നു കൊലവിളിക്കുകയാണ് സിനിമയും സംവിധായകനും..

  കോമഡി ചിത്രമെന്നാണ് ലേബൽ എങ്കിലും ടൈറ്റിലിൽ തന്നെ ലാഫിംഗ് എന്നൊക്കെ ഉണ്ടെങ്കിലും മലയാളത്തിലെ എണ്ണം പറഞ്ഞ കോമഡി നടന്മാരിൽ പലരും ഉണ്ടെങ്കിലും രണ്ടേകാൽ മണിക്കൂർ നേരം ഇല്ലാത്തത് കോമഡി മാത്രമാണ്. കോമഡിക്കായി സ്ക്രിപ്റ്റും സംവിധായകനും കാണിച്ചുകൂട്ടുന്ന പരാക്രമങ്ങൾ കാണുമ്പോൾ സഹതാപത്തിന്റെ അൾട്ടിമേറ്റിൽ നമ്മുടെ മുഖത്ത് ഒരു ഇളി മാത്രം തെളിയും..

  ഒരു ഹർത്താൽ ദിനത്തിൽ ജലവിതരണം കൂടി പൂർണമായും നിലച്ചപ്പോൾ ലാഫിംഗ് അപ്പാർട്ട്മെന്റിലെ വിവിധ ഫ്ലാറ്റുകളിൽ നടക്കുന്ന സംഭവങ്ങൾ ആണ് പടത്തിൽ കാണിച്ചുതരുന്നത്.. രോഗവും മരണവും കുടുംബകലഹവും അവിഹിതവും വ്യഭിചാരവും വെള്ളമടിയും എല്ലാം തന്നെ വെള്ളമില്ലായ്മയ്ക്കും ഹർത്താലിനുമിടയിൽ അവിടെ നടക്കുന്നുണ്ട്. മരുന്നുള്ള ഒരു സംവിധായകന്റെ കയ്യിൽ കിട്ടിയാൽ പ്രേക്ഷകർക്ക് വാച്ചബിൾ ആയി പ്രിപ്പയർ ചെയ്തെടുക്കാവുന്ന ചേരുവകൾ തന്നെയാണ് ഇവയെല്ലാം. പക്ഷെ പറഞ്ഞിട്ടെന്തുകാര്യം. അസാമാന്യമായ സഹനശേഷി ഉള്ളവർക്ക് മാത്രമേ എഴുന്നേറ്റോടാതെ പിടിച്ചിരിക്കാനാവൂ..

  പി പാറപ്പുറം എന്നൊരാളാണ് സിനിമയുടെ കഥയും സ്ക്രിപ്റ്റും എഴുതിയിരിക്കുന്നത് എന്ന് ക്രെഡിറ്റ്സിൽ കണ്ടു. (പാറപ്പുറം.. നല്ല പേര്.. തീർത്തും അന്വർത്ഥം) ഇതിലെവിടെ ഈ പറഞ്ഞ ഐറ്റങ്ങൾ എന്നുമാത്രം മനസിലായതുമില്ല. സലിം കുമാർ, ഷാജോൺ, ധർമ്മജൻ, രമേഷ് പിഷാരടി, സുനിൽ സുഖദ, കെ റ്റി എസ് പടന്നയിൽ, കോട്ടയം നസീർ, മഞ്ജു പത്രോസ്, കോട്ടയം പ്രദീപ്, സാജു കൊടിയൻ എന്നിവരെയൊക്കെ ഒരു ഫ്ലാറ്റ് സമുച്ചയത്തിൽ കൊണ്ടുപോയി സ്ക്രിപ്റ്റൊന്നും കൂടാതെ വെറുതെ വിട്ടിരുന്നെങ്കിൽ അത് ഇതിനെക്കാളും ആസ്വാദ്യമായേനെയല്ലോ സൂർത്തുക്കളേ..

  ഇത്രയും കാലത്തിനിടയിൽ ഏതെങ്കിലും ഭാഷയിലെ ഒരു സിനിമയോ ഏതെങ്കിലും നാട്ടിലെ ഒരു അപ്പാർട്ട്മെന്റിലോ ഒരിക്കലെങ്കിലും പോയി നോക്കിയിട്ടില്ലാത്ത മട്ടിലാണ് നിസാറും പാറപ്പുറവും ചേർന്ന് ടിക്കറ്റെടുത്ത് കേറുന്നവനെ പിടിച്ച് പാറപ്പുറത്തിട്ടുരയ്ക്കുന്നത്. എൺപതുകളിലും തൊണ്ണൂറുകളിലും മലയാളത്തിൽ ധാരാളമായി നൂൺഷോ ലക്ഷ്യമാക്കി ഇറങ്ങിയിരുന്ന തുണ്ടുപടങ്ങളുടെ ആഖ്യാന ശൈലിയോടാണ് പടത്തിന് എന്തെങ്കിലും കടപ്പാട് പറയാവുന്നത്. സജിത് ശങ്കർ എന്ന ആൾ ചെയ്തു വച്ചിരിക്കുന്ന പാട്ടുകളും ബീജിയെമ്മും പൂർണമായും പ്രസ്തുത ഇക്കിളിപ്പടങ്ങളുമായുള്ള രക്തബന്ധം ഊട്ടിയുറപ്പിക്കുന്നത് തന്നെ.. സലിം കുമാർ, ഷാജോൺ ഒക്കെ എന്തു പാപം ചെയ്തിട്ടാണാവോ (ഒന്നോ രണ്ടോ ദിവസത്തെ ഡേറ്റിലാണെങ്കിലും) ഇതിന് അടിപ്പെടേണ്ടി വന്നത്

  1994 ൽ സുദിനം എന്ന സിനിമയിലൂടെ മികച്ച നവാഗത സംവിധായകനുള്ള കേരളസംസ്ഥാന ചലച്ചിത്ര അവാർഡ് നേടിക്കൊണ്ട് ഫീൽഡിലേക്കെത്തിയ ആളാണ് നിസാർ അബ്ദുൽ ഖാദർ. ഇക്കാലത്തിനുള്ളിൽ ഇരുപത്തഞ്ചോളം സിനിമകളും അദ്ദേഹം തയ്യാർ ചെയ്തു. അവസാനം ഇപ്പോൾ എത്തിപ്പെട്ടിരിക്കുന്ന ലാഫിംഗ് അപ്പാർട്ട്മെന്റ്സിന്റെ അധോഗതി ഓർക്കുമ്പോൾ സഹതപിക്കാൻ മാത്രമേ നിർവാഹമുള്ളൂ.. അദ്ദേഹത്തിനോടല്ല.. ; നല്ലൊരു തിരുവോണദിനമായിട്ട് പ്രളയബാധിതരെ മറന്ന് തിയേറ്ററിൽ കേറാൻ നിന്ന എന്നോടും സഹപ്രേക്ഷകരോടും.. ദാറ്റ്സ് ഓൾ

  English summary
  Laughing Apartment Near Girinagar Movie Review
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X