twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ലവ് ആക്ഷൻ ഡ്രാമ; നിവിൻ, നയൻ, ഓണം ഫെസ്റ്റിവൽ — ശൈലന്റെ റിവ്യു

    |

    ശൈലൻ

    ജേര്‍ണലിസ്റ്റ്
    കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല.. സാഹിത്യകാരനെന്നോ വിമർശകനെന്നോ ഉള്ള ലേബലുകൾ കൂടാതെ പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്. പ്രിന്റ് മീഡിയയിലും സജീവം. എട്ട് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

    Rating:
    2.5/5
    Star Cast: Nivin Pauly, Nayanthara, Aju Varghese
    Director: Dhyan Sreenivasan

    1989 മെയ് മാസത്തിൽ ആണ് അന്നത്തെ മുപ്പത്തിമൂന്നുകാരനായ ഹാസ്യനടൻ -കം-തിരക്കഥാകൃത്ത് ശ്രീനിവാസൻ തന്റെ ആദ്യത്തെ സംവിധാനസംരംഭവുമായി വരുന്നത്. സിനിമയുടെ പേര് വടക്കുനോക്കിയന്ത്രം. തിയേറ്ററിൽ ആവറേജ് വിജയമായി വന്നുപോയ വടക്കുനോക്കിയന്ത്രം പക്ഷെ മലയാളികളെ ഞെട്ടിച്ചത് ആ വർഷത്തെ സംസ്ഥാന ചലച്ചിത്ര പ്രഖ്യാപന വേളയിൽ ആണ്.

    മതിലുകൾ (അടൂർ), ഒരു വടക്കൻ വീരഗാഥ (ഹരിഹരൻ), ആലീസിന്റെ അന്വേഷണം(ടി വി ചന്ദ്രൻ) , കിരീടം(സിബി മലയിൽ) , മൃഗയ( ഐ വി ശശി) പോലുളള അവാർഡിന് സാധ്യത കല്പിച്ചിരുന്ന സകല പടങ്ങളെയും വെട്ടി ആ വർഷത്തെ ജൂറി വടക്കുനോക്കിയന്ത്രത്തിന് കൊടുത്തു. അക്കാലത്ത് അതൊരു ഷോക്ക് ആയിരുന്നുവെങ്കിലും ജൂറിയുടെ ആ തീരുമാനം ഗംഭീരമായിരുന്നുവെന്നു കാലം തെളിയിച്ചു. മലയാളികൾ ഉള്ളിടത്തോളം കാലം പ്രസക്തി നഷ്ടപ്പെടാത്ത അസ്സൽ കൾട്ട് ക്‌ളാസിക് ആണ് വടക്കുനോക്കിയന്ത്രം.

    തളത്തിൽ ദിനേശന്റെ ജീവിതം സിനിമയാകുന്നു

    ലോകസിനിമയിൽ ആദ്യമായി തളത്തിൽ ദിനേശന്റെ ജീവിതം സിനിമയാകുന്നു എന്നതായിരുന്നു വടക്കുനോക്കിയന്ത്രത്തിന്റെ പരസ്യവാചകം. കൃത്യം മുപ്പത് വർഷങ്ങൾക്ക് ശേഷം ശ്രീനിവാസന്റെ ഇളയമകൻ ധ്യാൻ തന്റെ മുപ്പത്തൊന്നാം വയസിൽ തന്റെ ആദ്യ സിനിമ സംവിധാനം ചെയ്യുമ്പോൾ മുപ്പതുകൊല്ലം മുൻപ് അച്ഛൻ സൃഷ്ടിച്ച ദിനേശനേയും ശോഭയെയും കേന്ദ്ര കഥാപാത്രങ്ങളാക്കുന്നു എന്നതായിരുന്നു ആ പ്രോജക്ടിനെ കുറിച്ചുള്ള ആദ്യ പ്രഖ്യാപനത്തിൽ ഉണ്ടായിരുന്നത്.

    സിനിമയുടെ പേര് ലവ് ആക്ഷൻ ഡ്രാമ. ആറുകോടി പ്രതിഫലം വാങ്ങിക്കുന്ന തെന്നിന്ത്യയിലെ ഏക ലേഡി സൂപ്പർസ്റ്റാർ നയൻതാരയും കായംകുളം കൊച്ചുണ്ണിയിലൂടെ നൂറുകോടി ക്ലബ്ബിൽ എൻട്രി ലഭിച്ച നിവിൻ പോളിയും ഒന്നിക്കുന്നു എന്നതിനൊപ്പം പ്രേക്ഷകർക്ക് കൗതുകമുയർത്തിയ ഘടകം ആയിരുന്നു ഈ ദിനേശൻ, ശോഭ ബാക്ക്ഗ്രൗണ്ട്.

    ദിനേശ് എന്നും ശോഭ എന്നും

    പക്ഷെ, നായകന്റെയും നായികയുടെയും പേര് ദിനേശ് എന്നും ശോഭ എന്നും ആണെന്നത് ഒഴിച്ച് നിർത്തിയാൽ 'വടക്കുനോക്കിയന്ത്ര'ത്തിനും ഇന്ന് തിയേറ്ററുകളിൽ എത്തിയ 'ലവ് ആക്ഷൻ ഡ്രാമ'യും തമ്മിൽ കടലും കടലപ്പിണ്ണാക്കും തമ്മിലുള്ള ബന്ധം പോലുമില്ല. അതുകൊണ്ട് ആ വെള്ളവും അടുപ്പത്ത് വെച്ച് ആരും ടിക്കറ്റ് എടുക്കേണ്ടതില്ല എന്നർത്ഥം. ഇത് വേറെ ദിനേശൻ ആണ്. വേറെ ശോഭയും. ദിനേശ് എന്നും ശോഭയെന്നുമൊക്കെ പേരുള്ളവർ നിവിന്റെയും നായൻസിന്റെയും തലമുറയിൽ ഉണ്ടോന്ന് ചോദിച്ചാൽ ഉത്തരം ധ്യാൻ ശ്രീനിവാസന് മാത്രമേ അറിയൂ. അദ്ദേഹമാണ് സ്‌ക്രിപ്റ്റും തയാർ ചെയ്തിരിക്കുന്നത്.

    സ്ക്രിപ്റ്റ്

    സ്ക്രിപ്റ്റ് എന്ന് പറയുമ്പോൾ ഓണം എന്ന ദേശീയോത്സവസീസണിന്റെ സാധ്യതകൾ മാത്രം പരിഗണിച്ചുകൊണ്ടു ഫെസ്റ്റിവൽ എലമെന്റ്‌സ് ആവശ്യാനുസരണം ചേർത്തുകൊണ്ടു തയാർ ചെയ്തിരിക്കുന്ന ഒരു ഈസി മൂഡ് ഐറ്റമാണ്. 142 മിനിറ്റ് നീളമുള്ള സിനിമയിൽ നല്ലൊരു ശതമാനം നേരം പാട്ടുകളാണ്. അതിങ്ങനെ ആവശ്യത്തിനും അനാവശ്യത്തിനും എന്തിനോ തിളയ്ക്കുന്ന സാമ്പാറുകളായും വന്നുപോയ്ക്കൊണ്ടേ ഇരിക്കുന്നു.. സിനിമയ്ക്ക് വേണ്ടി ഏറ്റവും അധ്വാനിച്ചത് ഷാൻ റഹ്മാൻ ആണെന്നു തോന്നുന്നു..

    നായകൻ ദിനേശ്

    അച്ഛൻ മരിച്ച് കുടുംബത്തിന്റെ ചുമതലയുള്ള, പ്രസ് നടത്തുന്ന പഴയ കഞ്ഞിയായ തളത്തിൽ ദിനേശൻ അല്ല ലവ് ആക്ഷൻ ഡ്രാമയിലെ നായകൻ ദിനേശ്. ഒരു ഉത്തരവാദിത്വബോധവും ഇല്ലാത്തവനും മദ്യപാനം ഒരു തൊഴിൽ പോലെ സ്വീകരിച്ചവനും സർവോപരി കോടീശ്വരനുമായ അൽ ദിനേശൻ ആണ് ദിനേശ്. 15വയസിൽ മുറപ്പെണ്ണായ സ്വാതി തേച്ചതിനാൽ ആണ് ഇങ്ങനെ ആയത് എന്നതാണ് അയാളുടെ ന്യായവാദം. സ്വാതിയുടെ വിവാഹത്തിന് ചെന്നൈയിൽ നിന്നെത്തിയ കൂട്ടുകാരിൽ പെട്ട ശോഭയെ ദിനേശ് പരിചയപ്പെടുന്നതും തുടർന്ന് അവർ തമ്മിൽ ഉടലെടുക്കുന്ന റിലേഷനുമാണ് ലവ് ആക്ഷൻ ഡ്രാമയുടെ പ്ലോട്ട്.

    നിങ്ങള്‍ തന്നെ 2 ചെക്കും ബൗണ്‍സെന്ന് നയന്‍താര! അജുവും സംഘവും 100 കോടി നേടുമെന്ന് ജയസൂര്യയും!നിങ്ങള്‍ തന്നെ 2 ചെക്കും ബൗണ്‍സെന്ന് നയന്‍താര! അജുവും സംഘവും 100 കോടി നേടുമെന്ന് ജയസൂര്യയും!

    ഒരു ടിപ്പിക്കൽ നിവിൻപോളി സിനിമ

    ഒരു ടിപ്പിക്കൽ നിവിൻപോളി സിനിമ എന്ന് മാത്രമേ ലവ് ആക്ഷൻ ഡ്രാമയെ വിളിക്കാനാവൂ.. കായംകുളം കൊച്ചുണ്ണി, മിഖായേൽ മോഡൽ ഹെവി നിവിൻ അല്ല പഴയകാല നോട്ടി നിവിൻ. താടിയും വയറുമൊക്കെ കുറച്ചിട്ടുണ്ട് ദിനേശ് ആവാൻ. അത്രയേ ഉള്ളൂ.. ഒപ്പം അജു വർഗീസ് ഉടനീളമുണ്ട്. അതിന്റെയൊരു കോമഡി പലയിടത്തും വർക്ക് ചെയ്യുന്നുണ്ട്. പക്ഷെ ടൈറ്റിലിൽ പറയുന്ന ലവ് പ്രേക്ഷകരെ കൺവിൻസിംഗ് ആകും മട്ടിൽ സ്‌ക്രിപ്റ്റിൽ ഡെവലപ്പ്‌ ചെയ്യാൻ ധ്യാൻ ശ്രീനിവാസന് കഴിഞ്ഞിട്ടില്ല. ലവ് മാത്രമല്ല ദിനേശും ശോഭയും തമ്മിലുള്ള ഇടപാടുകൾ എല്ലാം തന്നെ ഹാഫ് ബേക്ഡ് ആണ്. നിവിനും നയനും നിസ്സഹായരായി പോവുന്നു പലപ്പോഴും.

    ഗ്ലാമര്‍ ചിത്രങ്ങള്‍ വീണ്ടും പങ്കുവെച്ച് മീരാ നന്ദന്‍! വിമര്‍ശകര്‍ക്ക് ചുട്ടമറുപടിയുമായി നടിഗ്ലാമര്‍ ചിത്രങ്ങള്‍ വീണ്ടും പങ്കുവെച്ച് മീരാ നന്ദന്‍! വിമര്‍ശകര്‍ക്ക് ചുട്ടമറുപടിയുമായി നടി

    ഡ്രാമ

    ലവിന്റെ കാര്യം വിട്ടാൽ ഡ്രാമ പലപ്പോഴും ഇഴച്ചിൽ ഉണ്ടാക്കുന്നു. ആക്ഷൻ അവസാനം മാത്രമേ വരുന്നുള്ളൂ താനും. വിനീത് ശ്രീനിവാസന് പകരം ധ്യാൻ ആയിരുന്നു ഒടുവിൽ വന്നിരുന്നത് എങ്കിൽ ആക്ഷൻ ഒന്നും കൂടി കളറായേനെ . ഇതൊരുമാതിരി ഓഞ്ഞ വില്ലനായി പോയി. ശ്രീനിവാസൻ, മല്ലിക സുകുമാരൻ, സോപാനം ശ്രീകുമാർ, ജൂഡ് എന്നിവരോക്കെ തങ്ങളുടെ റോളുകളിൽ സെയ്ഫ് ആണ്. പ്രേക്ഷകരെ രസിപ്പിക്കുന്നു.

    ഞാനും ശ്രീനിവാസന്‍റെ മകന്‍ തന്നെയാ! ക്ഷോഭത്തോടെയുള്ള ധ്യാനിന്‍റെ മറുപടി! അവന്‍ നിരാശപ്പെടുത്തില്ല!ഞാനും ശ്രീനിവാസന്‍റെ മകന്‍ തന്നെയാ! ക്ഷോഭത്തോടെയുള്ള ധ്യാനിന്‍റെ മറുപടി! അവന്‍ നിരാശപ്പെടുത്തില്ല!

    ഫെസ്റ്റിവൽ മൂഡ് മൂവി

    എന്തിനായിരുന്നു ഇങ്ങനെയൊരു ഫെസ്റ്റിവൽ മൂഡ് മൂവിയിൽ നയൻതാരയെ പോലൊരു വമ്പൻ സ്രാവിനെ കാസ്റ്റ് ചെയ്ത് അവരുടെ ഡേറ്റ് പഴക്കിയത് എന്ന് ചിന്തിക്കുന്നവരുണ്ടാകും.. പക്ഷെ, അവരുടെ തമിഴിലും തെലുങ്കിലും ഉള്ള മാർക്കറ്റും പടത്തിന്റെ ഫ്ലേവറും വച്ച് നോക്കുമ്പോൾ ധ്യാൻ മിടുക്കനാണെന്നു സമ്മതിക്കേണ്ടി വരും. പടത്തിൽ നല്ലൊരു ശതമാനം ഡയലോഗ് തമിഴിൽ ആണെന്നതും ലൊക്കേഷൻ ചെന്നൈ ആണെന്നതും ഓർക്കുക.മേമ്പൊടിക്കായി പോലീസ് വേഷത്തിൽ മൊട്ട രാജേന്ദ്രനുമുണ്ട്.

    ഒരു സിനിമയെന്ന നിലയിൽ കാണുന്നതിന് പകരം ഒരു ഫെസ്റ്റിവൽ കാല പ്രോഡക്റ്റ്/ പ്രോജക്റ്റ് എന്ന നിലയിൽ ലവ് ആക്ഷൻ ഡ്രാമയെ സമീപിച്ചാൽ വലിയ നിരാശ കൂടാതെ കണ്ടിരിക്കാം.

    Read more about: review
    English summary
    Love Action Drama Movie Review
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X