ലവ് - പ്രണയത്തിന്റെ വിചിത്രമായ അവസ്ഥകൾ.. അവസ്ഥാന്തരങ്ങൾ.. ശൈലന്റെ റിവ്യൂ
ശൈലൻ
അനുരാഗ കരിക്കിൻ വെള്ളം, ഉണ്ട എന്നീ സിനിമകൾക്ക് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്‌ത മൂന്നാമത്തെ ചിത്രമാണ് ലവ്. സംവിധായകൻ തന്നെ തിരക്കഥ രചിച്ചിരിക്കുന്ന ലവിൽ ഷൈൻ ടോം ചാക്കോ, രജിഷാ വിജയൻ , ഗോകുലൻ, സുധി കോപ്പ, വീണ നന്ദകുമാർ, ജോണി ആന്റണി എന്നിവർ ആണ് പ്രധാന താരങ്ങൾ. ശബ്ദസാന്നിധ്യമായി സണ്ണി വെയിനും ഉണ്ട്.

ലോക്ക്ഡൌൺ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയ ശേഷം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ജൂൺ മാസത്തിൽ പൂർണമായും എറണാകുളത്തെ ഒരു ഫ്ലാറ്റിലും ക്ളൈമാക്‌സ് മാത്രം പുറത്തുമായി വച്ച് ഷൂട്ട് ചെയ്ത സിനിമയാണ് ലവ്. പ്രണയിച്ച് വിവാഹിതരായ അനൂപ് ദീപ്തി എന്നീ യുവദമ്പതികളുടെ ഫ്‌ളാറ്റിൽ പ്രണയമൊഴിഞ്ഞ ഒരു ദിവസം നടക്കുന്ന സംഭവങ്ങളുടെ വിചിത്രമായ ആവിഷ്കരണമാണ് സിനിമ.

ഫ്ലാറ്റിൽ അപ്രതീക്ഷിതമായി നടക്കുന്ന ഒരു ഇൻസിഡന്റ്. അതിന്റെ അമ്പരപ്പിൽ അത് മറച്ച് വെയ്ക്കാൻ പ്രധാന കഥാപാത്രം നടത്തുന്ന തത്രപ്പാടുകൾക്കിടയിൽ കേൾക്കുന്ന കോളിങ് ബെൽ മുഴക്കങ്ങൾ.. അനാവശ്യ അതിഥികൾ.. അവർ സൃഷ്ടിക്കുന്ന സങ്കീർണതകൾ.. താഴെ കാണുന്ന പോലീസ് ജീപ്പ്. ഇവയെല്ലാം ഒരുപാട് സിനിമകളിൽ നമ്മൾ കണ്ടിട്ടുള്ളതാണ്. ഇന്റർവെൽ വരെ ലവും അത്തരമൊരു പടമെന്നു നമ്മൾ തെറ്റിദ്ധരിച്ചു പോകും..

91 മിനിറ്റ് മാത്രം ദൈർഘ്യമുള്ള സിനിമയിൽ മുക്കാൽമണിക്കൂറിൽ താഴെ മാത്രം ഉള്ള ആദ്യ പകുതിയിൽ മേൽപറഞ്ഞ സംഭവങ്ങൾ തന്നെയാണ്. പക്ഷെ, പുറത്തിറങ്ങി കോഫി കുടിച്ച് അകത്ത് കേറിയാൽ ,പിന്നീട് വരുന്ന സംഭവങ്ങൾ ലവിന്റെ ഗിയർ മാറ്റിയിടും. ഒടുവിലെത്തുമ്പോൾ വെറുമൊരു "ഫ്ലാറ്റ്" പടത്തിനപ്പുറം സംവിധായകൻ തന്റെ ബ്രില്യൻസ് ഇതിൽ ഒളിപ്പിച്ച് വച്ചിട്ടുണ്ടല്ലോ എന്ന് പിന്നോട്ട് ചിന്തിക്കേണ്ട വിസ്മയത്തിൽ അകപ്പെട്ട് പോവും.

അതിനു ശേഷമാവട്ടെ ആരും തന്നെ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു ക്ളൈമാക്സിൽ വച്ച് പടം തീരുമ്പോൾ അതുവരെ കണ്ട ക്യാരക്റ്ററുകളെ എല്ലാം തന്നെ മനസിൽ വീണ്ടും കെട്ടഴിച്ച് കുടയേണ്ട ചുമതല കൂടി പ്രേക്ഷകനിൽ നിക്ഷിപ്‌തമാവും. തിയേറ്ററിൽ നിന്ന് ഇറങ്ങുന്നതോട് കൂടി മനസ്സ് കൂടുതൽ എൻഗേജ്ഡ് ആക്കേണ്ട അവസ്ഥ.

ഷൈൻ ടോം ചാക്കോ ആണ് മിക്കവാറും എല്ലാ ഫ്രയിമിലും തന്നെയുള്ള അനൂപ് എന്ന നായക കഥാപാത്രം. സ്വാഭാവികമായും പുള്ളി നന്നാക്കിയിട്ടുണ്ട് അനൂപിനെ. പക്ഷെ, ഷൈനിനെ കടത്തി വെട്ടുന്ന പെർഫോമൻസ് ഗോകുലന്റെ ആണ്. മച്ചാന്റെ ഓരോ സംഭാഷണങ്ങൾക്കും ചലനങ്ങൾക്കും മികച്ച പ്രതികരണം ആണ് തിയേറ്ററിൽ. വീണ നന്ദകുമാർ മാലാഖയ്ക്ക് ശേഷം കുറച്ച് സീനുകളിൽ മാത്രം വന്ന് പ്രസൻസ് കൊണ്ട് തിളങ്ങുമ്പോൾ രജിഷ പതിവ് പോലെ . സുധി കോപ്പയും സ്റ്റൈലായിട്ടുണ്ട്.

ജിംഷി ഖാലിദിന്റെ ഫ്‌റെയിമുകൾ ഗംഭീരവും സിനിമയുടെ മൂഡിനെ ഉൾക്കൊള്ളുന്നതുമാണ്. യാക്സൻ ഗാരി പെരേര, നേഹ നായർ എന്നിവരുടെ ബാക്ഗ്രൗണ്ട് സ്കോറിംഗും കിടു.
കുസൃതി എന്ന് പറഞ്ഞു തള്ളിക്കളയുകയോ പരീക്ഷണം എന്നു പറഞ്ഞ് കോളത്തിൽ ഒതുക്കുകയോ ഒക്കെ ചെയ്യേണ്ടവർക്ക് അങ്ങനെ ആവാം . പക്ഷെ, തിയേറ്ററിൽ ഇരിക്കുന്ന മുഴുവൻ സമയവും ഒട്ടും ബോറടിപ്പിക്കാതെ അടക്കി ഇരുത്താൻ സിനിമയ്ക്ക് ആവുന്നുണ്ട്. മുഷിപ്പിക്കും മുൻപേ കർട്ടനിടാൻ കഴിഞ്ഞു എന്നതാണ് സത്യം..
Recommended Video
ലവ്വബിൾ എന്ന് അടിവര


Click it and Unblock the Notifications