പ്രണയം, ജാതി, ക്രിക്കറ്റ്...; പതിവ് ശൈലിയില്‍ മാറ്റങ്ങളുമായി ഒരു സ്‌പോര്‍ട്ട്‌സ് ഡ്രാമ

By desk

Rating:
3.5/5

സ്‌പോര്‍ട്ട്‌സ് ഡ്രാമകള്‍ അനവധിയാണ് വര്‍ഷത്തില്‍ ഇവിടെ റിലീസാവുന്നത്. ക്രിക്കറ്റും ഫുട്‌ബോളും വലിയ രീതിയില്‍ ആഘോഷിക്കുന്ന ഇന്ത്യയില്‍ ഇത്തരം വിനോദങ്ങളെ അടിസ്ഥാനമാക്കി ചിത്രങ്ങള്‍ നിര്‍മ്മിക്കുന്നതും അത് സാമ്പത്തിക വിജയം നേടുന്നത് കഴിഞ്ഞ കുറച്ച് കാലങ്ങളായി പതിവായി കാണുന്നതാണ്. ബോളിവുഡില്‍ തുടങ്ങിയ ഈ കാറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും വലിയ രീതിയില്‍ ഹിറ്റ് സിനിമകള്‍ നല്‍കിയിരുന്നു. ആ നിരയില്‍ അവസാനം വരുന്നതാണ് ലബ്ബര്‍ പന്ത്.

അട്ടക്കത്തി ദിനേഷ്, ഹരീഷ് കല്യാണ്‍ തുടങ്ങിയവരെ മുഖ്യ കഥാപാത്രമായി തമിഴരസന്‍ പച്ചൈമുത്തു സംവിധാനം ചെയ്ത ചിത്രമാണ് ലബ്ബര്‍ പന്ത്. ഇവരെ കൂടാതെ സ്വാസിക, സഞ്ജന കൃഷ്ണമൂര്‍ത്തി, കാളി വെങ്കട്ട്, ബാല ശരവണന്‍ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. ഈ വര്‍ഷത്തെ മികച്ച ചിത്രങ്ങളുടെ നിരയിലേക്ക് നിസംശയം എടുത്തു വയ്ക്കാവുന്ന ചിത്രമാണിത്.

Lubber Panthu

വ്യത്യസ്തമായ ലയറുകളുള്ള ഒരു മികച്ച ചിത്രമാണ് ലബ്ബര്‍ പന്ത്. നാട്ടിന്‍ പുറങ്ങളിലെ റബ്ബര്‍ പന്ത് ക്രിക്കറ്റും അന്‍പ്(ഹരീഷ് കല്യാണ്‍), ഗെത്ത്(അട്ടക്കത്തി ദിനേഷ്) എന്നിവരുടെ ഈഗോ ക്ലാഷും അതുമൂലം ഇവര്‍ക്കും ഇവരെ ചുറ്റിയുള്ള കുറച്ചുപേര്‍ക്കും എന്തൊക്കെ സംഭവിക്കുന്നു എന്നതുമാണ് ചിത്രം മുന്നോട്ട് വയ്ക്കുന്ന പ്രധാന വിഷയങ്ങള്‍. അതിനോടൊപ്പം അന്‍പും ഗെത്തിന്റെ മകള്‍ ദുര്‍ഗ (സഞ്ജന കൃഷ്ണമൂര്‍ത്തി)യുമായുള്ള പ്രണയവും പറയുന്നുണ്ട്. അതേസമയം ആ നാട്ടിലെ ജാതി പ്രശ്‌നങ്ങളേയും ചിത്രം അടയാളപ്പെടുത്തുന്നുണ്ട്.

വ്യത്യസ്ത ലയറുകള്‍ വളരെ മനോഹരമായി അടുക്കിവച്ചത് തന്നെയാണ് ഈ ചിത്രത്തിന്റെ മനോഹാരിത. വളരെ മികച്ച രീതിയില്‍ ചിത്രം അണിയിച്ചൊരുക്കുന്നതില്‍ സംവിധായകന്‍ തമിഴരസന്‍ പച്ചൈമുത്തു വിജയിച്ചിട്ടുണ്ട്. വളരെ പ്രഡിക്ടബിളായി തുടങ്ങുന്ന സിനിമയില്‍ കാഴ്ചക്കാരനെ പിടിച്ചിരുത്തുന്ന മാജികാണ് ലബ്ബര്‍ പന്തിന് പ്രിയപ്പെട്ടതാക്കുന്നത്. കഥയില്‍ വലിയ പുതുമയൊന്നും അവകാശപ്പെടാനില്ല, അടുത്തതെന്താണെന്ന് നമുക്ക് ഊഹിക്കാമെങ്കിലും മേക്കിങ്ങ് കൊണ്ടും അഭിനയും കൊണ്ടും രണ്ടര മണിക്കൂറോളം മുഷിപ്പിക്കാതെ തിയ്യേറ്ററില്‍ പിടിച്ചിരുത്താന്‍ സംവിധായകനാവുന്നുണ്ട്. ചിത്രത്തിന്റെ ഛായാഗ്രഹണം (ദിനേഷ് പുരുഷോത്തമന്‍), എഡിറ്റിങ്ങ് (സദന്‍ ഗണേഷ്), സംഗീതം (ഷോണ്‍ റോള്‍ഡന്‍) എന്നീവയും വളരെ മികച്ചു നില്‍ക്കുന്നുണ്ട്.

ചിത്രത്തിന്റെ ഏറ്റവും വലിയ പോസിറ്റീവ് കാസ്റ്റിങ്ങ് തന്നെയാണ്. ചെറുപ്പക്കാരനായി ഹരീഷ് കല്യാണും മധ്യവയസ്‌കനായി അട്ടക്കത്തി ദിനേഷും തങ്ങളുടെ വേഷങ്ങളോട് നൂറ് ശതമാനവും കൂറ് പുലര്‍ത്തിയിട്ടുണ്ട്. ഇവരുടെ പ്രകടനം സിനിമയ്ക്ക് നല്‍കുന്ന മൈലേജ് ചെറുതൊന്നുമല്ല. രണ്ട് കാലഘട്ടങ്ങളിലെ രണ്ട് ഗെറ്റപ്പിലാണ് അട്ടക്കത്തി ദിനേഷ് വരുന്നത്. ഇമോഷണല്‍, റൊമാന്റിക് സീനുകളെല്ലാം ദിനേഷിന്റെ കയ്യില്‍ ഭദ്രമായിരുന്നു. അതൊടൊപ്പം തന്നെ ക്രിക്കറ്റ് സീനുകളില്‍ ദിനേഷിന്റെ ചില ബാറ്റിങ്ങ് ഷോട്ടുകള്‍ വളരെ നന്നായിരുന്നു. അന്തരിച്ച തമിഴ് സൂപ്പര്‍സ്റ്റാര്‍ വിജയകാന്തിനുള്ള ഒരു ട്രിബ്യൂട്ട് പോലെ അദ്ദേഹത്തിന്റെ സൂപ്പര്‍ ഹിറ്റ് ഗാനങ്ങള്‍ ചിത്രത്തിലുടനീളം പലയിടത്തും ഉപയോഗിച്ചിട്ടുമുണ്ട്.

അയ്യപ്പനും കോശി എന്ന ചിത്രത്തിന് ശേഷം ഈഗോ ക്ലാഷ് മുഖ്യ വിഷയമായി വന്ന അനവധി ചിത്രങ്ങള്‍ നമ്മള്‍ കാണുകയുണ്ടായി. അവയില്‍ പലതും വമ്പന്‍ ഫ്‌ലോപ്പാവുന്നതും കണ്ടു. എന്തിന് അതിന്റെ റീമേക്ക് വരെ ദുരന്തമായിരുന്നു. എന്നാല്‍ ആ നിരയില്‍ മികച്ച ഒരു സിനിമ തന്നെയാണ് ലബ്ബര്‍ പന്ത്. ഈഗോ ക്ലാഷിലൂടെ തുടങ്ങുന്ന ഈ സിനിമയുടെ ഇന്‍ട്രവല്‍ സീനും രണ്ടാം പകുതിയിലെ ഡ്രാമയും കാണികളുമായി വലിയ രീതിയില്‍ കണക്ടാവുന്നുണ്ട്.

ക്രിക്കറ്റുമായി ജാതി പ്രശ്‌നവും പ്രണയവുമെല്ലാം വളരെ മനോഹരമായാണ് സിനിമയില്‍ കാണിച്ചിരിക്കുന്നത്. എന്നാല്‍ ജാതി വേര്‍തിരിവിന് മുന്‍തൂക്കം നല്‍കി അത് വലിയ വിഷയമാക്കാതെ എന്നാല്‍ അതിന്റെ പ്രാധാന്യത്തിന് ഇടിവ് വരാതെയുള്ള സിനിമയുടെ സ്‌ക്രിപ്റ്റിങ്ങ് പ്രശംസയര്‍ഹിക്കുന്നുണ്ട്. പൊളിറ്റിക്‌സ് പറയണം എന്ന നിര്‍ബന്ധ ബുദ്ധിയോടെയല്ലാത്ത കഥ പറച്ചില്‍ ശൈലി മികച്ചൊരു ഫീല്‍ഗുഡ് അനുഭവം കാഴ്ചക്കാരന് നല്‍കുന്നുണ്ട്.

സാധാരണ ക്രിക്കറ്റ് പ്രധാന വിഷയമായി വരുന്ന സിനിമയില്‍ സ്ത്രീ കഥാപാത്രങ്ങള്‍ക്ക് പ്രസക്തി കുറയുന്നത് കാണാറുണ്ട്. എന്നാല്‍ ചിത്രത്തിലെ കഥാപാത്രങ്ങളെല്ലാം അതിന് വിപരീതമാണ്. ഗെത്തിന്റെ ഭാര്യയായി സ്വാസികയുടെ കഥാപാത്രവും മകളായി സഞ്ജനയുടെ കഥാപാത്രവും മികച്ചതാണ്. സ്വാസിക-ദിനേഷ് കോമ്പിനേഷന്‍ സീനുകളെല്ലാം, പ്രത്യേകിച്ച് ഇമോഷണല്‍ സീനുകള്‍ ആരാധകരുമായി കണക്ട് ആവും വിധമാണ് എടുത്തിരിക്കുന്നത്.

Lubber Panthu

ക്രിക്കറ്റ് എന്ന ജനപ്രിയ വിനോദത്തെ വളരെ മനോഹരമായാണ് സിനിമയില്‍ കാണിക്കുന്നത്. മലയാളത്തില്‍ 1983 പോലുള്ള സിനിമയില്‍ ഒരു ജനറേഷനില്‍ നിന്ന് അടുത്ത ജനറേഷനിലേക്കുള്ള 'ക്രിക്കറ്റിന്റെ സ്പിരിറ്റ്' പകരുന്നത് നമ്മള്‍ കണ്ടതാണ്. അത്തരത്തില്‍ അല്ലെങ്കില്‍ അതിലും മനോഹരമായി ക്രിക്കറ്റ് എന്ന സ്‌പോര്‍ട്ടിനോടുള്ള വികാരവും അത് എത്തരത്തിലാണ് സമൂഹത്തില്‍ ചെറിയ മാറ്റങ്ങള്‍ക്ക് കാരണമാവുന്നു എന്നും സിനിമ പറയുന്നുണ്ട്. ചിത്രത്തിലെ ക്രിക്കറ്റ് സീനുകളെല്ലാം മികച്ചതായിരുന്നു. കഥയ്ക്കാവശ്യമല്ലാത്ത ഒരു സീനോ സീക്വന്‍സോ സിനിമയിലില്ലെന്ന് പറയാം.

ചെറിയ ബഡ്ജറ്റില്‍ വന്ന് പ്രേക്ഷക പ്രശംസ നേടുകയാണ് ലബ്ബര്‍ പന്ത്. തിയ്യേറ്ററില്‍ ഫാമിലിയോടെ പോയി കാണാവുന്ന ഈ വര്‍ഷത്തെ മികച്ച തമിഴ് സിനിമകളിലൊന്നാണ് ഈ ചിത്രം.

More from Filmibeat

Read more about: review
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X