മധുരം നൊമ്പരം ഈ കാറ്റ്
മധുരം നൊമ്പരം ഈ കാറ്റ്
സംവിധാനം: കമല്‍
രംഗത്ത്: ബിജുമേനോന്‍, ശ്രീനിവാസന്‍, ഒടുവില്‍ ഉണ്ണിക്കൃഷ്ണന്‍, സംയുക്താവര്‍മ്മ തുടങ്ങിയവര്‍
സംഗീതം: വിദ്യാസാഗര്‍
ഡിടിഎസ്സിന്റെ സഹായത്തോടെ ഒരുക്കിയ മധുരനൊമ്പരക്കാറ്റ് കമലിന്റെ ഒരു പരീക്ഷണ ചിത്രമായിരുന്നു. കഥയെയും കഥാപാത്രങ്ങളെയും സ്വാധീനിച്ച് തകര്‍ത്തടിക്കുന്ന നൊമ്പരക്കാറ്റിന്റെ കഥ. നിറം എന്ന ടീനേജ് ചിത്രത്തിനു ശേഷം കമല്‍ സംവിധായകനെന്ന നിലയില്‍ ഏറെ മുന്നോട്ടു പോയിരിക്കുന്നു എന്നു കൂടി മധുരനൊമ്പരക്കാറ്റ് തെളിയിക്കുന്നു.
ജീവിതം മുഴുവന്‍ കണ്ണീരു കുടിക്കാന്‍ വിധിക്കപ്പെട്ട വിഷ്ണുമാഷിന്റെയും (ബിജുമേനോന്‍) പ്രിയംവദയുടെയും (സംയുക്താവര്‍മ്മ) കഥയാണ് നൊമ്പരക്കാറ്റില്‍ അനാവരണം ചെയ്യുന്നത്. അപസ്മാര രോഗിയും മാനസികവളര്‍ച്ചയെത്താത്തവളുമായ ഭര്‍ത്തൃസഹോദരി ശ്രീക്കുട്ടിയെ നശിപ്പിച്ചവനെ കൊന്നതിന് പ്രിയംവദ ജയില്‍ശിക്ഷ അനുഭവിക്കുകയാണ്.
പിന്നീട് ശ്രീക്കുട്ടിയും മരിക്കുന്നതോടെ പറക്കമുറ്റാത്ത കുഞ്ഞുങ്ങളുമായി വിഷ്ണുമാഷ് സ്ഥലം മാറ്റം വാങ്ങിപ്പോകുന്നു. കാറ്റ് ജനജീവിതത്തില്‍ സ്വാധീനം ചെലുത്തുന്ന ഒരു ഗ്രാമത്തിലേക്കാണ് വിഷ്ണു പോകുന്നത്. അങ്ങോട്ടുള്ള യാത്രയ്ക്കിടയില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് മകന്‍ ഉണ്ണി (മാസ്റര്‍ അശ്വിന്‍) മരിക്കുന്നു.ഈ ദു:ഖവുമായാണ് വിഷ്ണു ആ ഗ്രാമത്തില്‍ കാലു കുത്തുന്നത്. മകന്റെ മരണവാര്‍ത്ത പ്രിയംവദയെ അറിയിക്കാതെ തന്നെ മൃതദേഹം സംസ്കരിക്കുന്നു.
ശേഖരന്‍മാഷും (ശ്രീനിവാസന്‍) അബ്ദുല്ലാക്കായും (മാള അരവിന്ദന്‍) അബ്ദുല്ലാക്കയുടെ ഭാര്യ മുല്ലാത്തയും (കെപിഎസി ലളിത) മകള്‍ സുനൈനയും (കാവ്യാമാധവന്‍) ഹെഡ്മാസ്ററും (ഒടുവില്‍ ഉണ്ണിക്കൃഷ്ണന്‍) വിഷ്ണുമാഷിനും മകള്‍ക്കും ആശ്വാസമായി കൂടെത്തന്നെയുണ്ട്. പ്രിയംവദ ജയിലിലാണെന്ന കാര്യം ശേഖരന്‍മാഷ് ഒഴികെ മറ്റാര്‍ക്കും അറിയില്ല.
ശക്തമായ കാറ്റില്‍ എപ്പോഴും തകര്‍ന്നുവീഴാവുന്ന ഒരു സ്കൂളിലേക്കാണ് വിഷ്ണുമാഷ് എത്തുന്നത്. എന്നാല്‍ കാട്ടുമാക്കാന്‍ എന്ന വാസുവിന്റെ (വിമല്‍ രാജു) രാത്രിത്താവളം കൂടിയാണ് ഈ സ്കൂള്‍. ജനങ്ങള്‍ക്കാകെ ശല്യമായ കാട്ടുമാക്കാന്‍ പരളോലിറങ്ങി ഒളിവില്‍ കഴിയുകയാണ്. ഒരിക്കല്‍ സ്കൂളിലെത്തിയ കാട്ടുമാക്കാനെ വിഷ്ണുവും മറ്റു അധ്യാപകരും കൂടി പിടിച്ചുകെട്ടി പോലീസിലേല്പിച്ചു.
വീണ്ടും ജയിലിലെത്തിയ കാട്ടുമാക്കാന്‍ പ്രിയംവദയെ കാണുന്നതോടെ തന്റെ പ്രതികാര തന്ത്രങ്ങള്‍ക്ക് ജീവന്‍ വെപ്പിക്കാന്‍ തുടങ്ങി. അതിനിടയില്‍ ശിക്ഷയില്‍ ഇളവു ലഭിച്ച പ്രിയംവദ വിഷ്ണുവിനൊപ്പം ചേരുന്നു. മകന്റെ മരണവാര്‍ത്തയില്‍ ആദ്യമൊന്നു പതറിയെങ്കിലും പ്രിയംവദ പെട്ടെന്നുതന്നെ ആ ഗ്രാമത്തിലെ ജീവിതവുമായി ഇണങ്ങിച്ചേര്‍ന്നു.
ശക്തമായ കാറ്റുള്ളൊരു ദിവസം പുറത്തിറങ്ങിയ പ്രിയംവദയെ പരോളിലിറങ്ങിയ കാട്ടുമാക്കാന്‍ ഉപദ്രവിക്കുന്നു. ശക്തമായ കാറ്റിനിടയില്‍ പ്രിയംവദയും കാട്ടുമാക്കാനും സ്കൂളിലാണ് എത്തിച്ചേരുന്നത്. കാറ്റിന്റെ അലര്‍ച്ചയ്ക്കിടയില്‍ പ്രിയംവദയുടെ നിലവിളികള്‍ ഒതുങ്ങിപ്പോകുന്നതിനിടയ്ക്കാണ് കാറ്റുതന്നെ സംഹാരഭാവം പൂണ്ട് സ്കൂളും തകര്‍ത്ത് കാട്ടുമാക്കാനെ വകവരുത്തുന്നത്. കാട്ടാമാക്കാന്റെ മരണത്തോടെ ഗ്രാമവും വിഷ്ണുവും കുടുംബവും ദു:ഖങ്ങള്‍ക്ക് അവധി കൊടുക്കുന്നതോടെ ചിത്രം അവസാനിക്കുന്നു.
ഗ്രാമത്തിലെ ജനങ്ങളുടെ സുഖത്തിലും ദു:ഖത്തിലും ഒരു പോലെ പങ്കാളിയായി കാറ്റിനെ ചിത്രീകരിക്കുന്നതില്‍ കമല്‍ വിജയിച്ചു. ചിത്രത്തിലുടനീളം കാറ്റിന്റെ സാന്നിധ്യം ഉറപ്പുവരുത്തുന്നതിലും അവസാനം ഒരു കൊട്ടിക്കലാശത്തിന് കളമൊരുക്കുന്നതിലും കമല്‍ ഏറെ ശ്രദ്ധിച്ചിരുന്നു. സെന്റിമെന്റ്സ് അരോചകമാകാതിരിക്കാനും കമല്‍ ശ്രദ്ധിച്ചിട്ടുണ്ട്. ഛായാഗ്രാഹകന്‍ പി. സുകുമാര്‍ കാറ്റിനെ ക്യാമറയിലാക്കുന്നതില്‍ വിജയിച്ചു.
വിഷ്ണുമാഷെ ബിജുമേനോനും പ്രിയംവദയെ സംയുക്താവര്‍മ്മയും മികച്ച രീതിയില്‍ തന്നെ അവതരിപ്പിച്ചു. സെന്റിമെന്റ്സ് രംഗങ്ങളില്‍ തനിക്ക് തിളങ്ങാനാകുമെന്ന് ബിജുമേനോന്‍ ഒരിക്കല്‍ കൂടി ഓര്‍മ്മപ്പെടുത്തുന്നു. സംയുക്താവര്‍മ്മയ്ക്ക് ലഭിച്ച മികച്ച കഥാപാത്രങ്ങളില്‍ ഒന്നാണ് പ്രിയംവദ.


Click it and Unblock the Notifications