ചിത്രകഥ പോലൊരു സിനിമ; മായക്കാഴ്ചകളുടെ മലൈക്കോട്ടൈ വാലിബന്‍
ലിജോ ജോസ് പെല്ലിശ്ശേരി, മോഹന്‍ലാല്‍. ഈ കോമ്പോ എന്തായിരിക്കും ഒരുക്കി വച്ചിരിക്കുക എന്നതാണ് മലൈക്കോട്ടൈ വാലിബന് ടിക്കറ്റെടുത്ത ഓരോ പ്രേക്ഷകരും ചിന്തിച്ചിട്ടുണ്ടാവുക. സിനിമയുടെ ടീസറുകളും പോസ്റ്ററുകളുമെല്ലാം പറഞ്ഞത് മലൈക്കോട്ടൈ വാലിബന്‍ ഒരു സാധാരണ സിനിമയല്ല എന്നാണ്. അമര്‍ചിത്രകഥകളെ ഓര്‍മ്മിപ്പിക്കുന്ന, കഥയും അവതരണ ശൈലിയുമായിരുന്നു അവയെല്ലാം നല്‍കിയ സൂചനകള്‍. ആ സൂചനകളൊന്നും ചിത്രം തെറ്റിക്കുന്നില്ല.
ഒരു മുത്തശ്ശിക്കഥ പോലൊരു സിനിമയാണ് മലൈക്കോട്ടൈ വാലിബന്‍. അതുകൊണ്ട് തന്നെ നാടോടിക്കഥയുടെ മനോഹാരിതയും ഭ്രമാത്മകതയും വാലിബനില്‍ കാണാം. ആരേയും ഇംപ്രസ് ചെയ്യിപ്പിക്കാന്‍ താല്‍പര്യമില്ലാത്ത, ആര്‍ക്കു വേണ്ടിയും മാറാന്‍ ഉദ്ദേശമില്ലാത്ത ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഏറ്റവും പുതിയ സിനിമയും അതുപോലൊന്നു തന്നെയാണ്.

ചിത്രകഥകളില്‍ കേട്ടിട്ടുള്ളത് പോലൊരു വീരന്റെ കഥയാണ് മലൈക്കോട്ടൈ വാലിബന്‍ പറയുന്നത്. ശക്തരില്‍ ശക്തരായ മല്ലന്മാരെയെല്ലാം മലര്‍ത്തിയടിച്ച് നാടുചുറ്റി സഞ്ചരിക്കുന്ന മഹാ മല്ലനാണ് വാലിബന്‍. ഓരോ നാട്ടിലെത്തുമ്പോഴും അവിടെയുള്ള ഏറ്റവും വലിയ വീരനെ വാലിബന്‍ മല്ലയുദ്ധത്തില്‍ നേരിടും. തറപറ്റിക്കും. അടുത്ത നാട്ടിലേക്ക് പോകും. ആ യാത്രയില്‍ വാലിബന് കൂട്ടായുള്ളത് ആശാനും അച്ഛനെ പോലെ സ്‌നേഹിക്കുകയും ചെയ്യുന്ന അയ്യനാരും അനിയനെ പോലെ കാണുന്ന ചിന്നനും മാത്രമാണ്.
തന്റെ യാത്രകളില്‍ വാലിബന്‍ കടന്നു പോകുന്ന നാടുകളിലൂടേയും നാട്ടുകാരിലൂടേയുമാണ് സിനിമയും സഞ്ചരിക്കുന്നത്. ചിത്രകഥയെ ഓര്‍മ്മിപ്പിക്കുന്നതിനോടൊപ്പം സ്പിഗറ്റി വെസ്‌റ്റേണ്‍ ജോണറിനോടൊപ്പവും ചേര്‍ന്നു നില്‍ക്കാന്‍ ശ്രമിക്കുന്നുണ്ട് സിനിമ. മധു നീലകണ്ഠന്റെ ഫ്രെയിമുകള്‍ സിനിമയുടെ ജോണറിനോട് ചേര്‍ന്നു നില്‍ക്കുന്നതിനൊപ്പം തന്നെ മായലോകത്തേക്ക് കൂട്ടിക്കൊണ്ടു പോവുകയും ചെയ്യുന്നു.
ചിത്രത്തിലെ ഏറ്റവും മികച്ചു നില്‍ക്കുന്ന വിഭാഗങ്ങൡലൊന്ന് പ്രശാന്ത് പിള്ളയുടെ സംഗീതമാണ്. മലയാള സിനിമയില്‍ അധികം പരീക്ഷിച്ചിട്ടില്ലൊരു മ്യൂസിക്കല്‍ ജോണര്‍ തന്നെ അദ്ദേഹം ക്രിയേറ്റ് ചെയ്‌തെടുത്തിട്ടുണ്ട്. വെസ്‌റ്റേണ്‍ ജോണറിനോട് സിനിമയെ ചേര്‍ത്തു നിര്‍ത്തുന്നത് പ്രശാന്തിന്റെ സംഗീതമാണ്. ആക്ഷന്‍ രംഗങ്ങളെ കാതടപ്പിക്കുന്ന സംഗീതമിടാതെ തന്നെ എലിവേറ്റ് ചെയ്യാന്‍ പ്രശാന്തിന്റെ സംഗീത്തിന് സാധിച്ചിട്ടുണ്ട്. പാട്ടുകളും മനോഹരമാണ്.
പ്രകടനത്തില്‍ തുടക്കവും ഒടുക്കവും മോഹന്‍ലാല്‍ എന്ന മഹാമേരുവിലാണ്. വാലിബനെ പോലൊരു കഥാപാത്രത്തെ മുമ്പൊരിക്കലും മോഹന്‍ലാല്‍ ചെയ്തിട്ടില്ല. എന്നാല്‍ മോഹന്‍ലാല്‍ എന്ന താരത്തിനും നടനും വേണ്ടി സൃഷ്ടിയെടുത്ത കഥാപാത്രമാണ് വാലിബന്‍. അയാളുടെ കരുത്തും ഹൃദയവും മോഹന്‍ലാല്‍ എന്ന നടനില്‍ ഭദ്രം. സമീപകാലത്ത് കണ്ട ഏറ്റവും മികച്ച മോഹന്‍ലാല്‍ പ്രകടനമാണ് വാലിബന്‍.

ഹരീഷ് പേരടിയും സൊണാലി കുല്‍ക്കര്‍ണിയുമെല്ലാം തങ്ങളുടെ കഥാപാത്രങ്ങളെ മനോഹരമാക്കിയിട്ടുണ്ട്. മനോജ് മോസസ്, കഥ നന്ദി എന്നിവരും തടങ്ങളുടെ വേഷങ്ങള്‍ ഗംഭീരമാക്കി. വാലിബനൊത്തെ വില്ലനായി ഡാനിഷ് സേത്തും മികച്ചു നില്‍ക്കുന്നുണ്ട്. ചമതകന്റെ ക്രൂരഭാവങ്ങള്‍, ഒരു നൂല്‍പ്പാല യാത്ര പോലെ കിറുകൃത്യമായി ഡാനിഷ് അവതരിപ്പിക്കുന്നുണ്ട്.
ഒരു സിനിമയായിരിക്കുമ്പോഴും സിനിമ മാത്രമല്ല മലൈക്കോട്ടൈ വാലിബന്‍. ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ ചിത്രകഥയാണ് വാലിബന്‍. മുമ്പൊരിക്കലും കണ്ടിട്ടില്ലാത്തവിധം ഒരു പരീക്ഷണവും. അതില്‍ ലിജോയും സംഘവും വിജയിച്ചിരിക്കുകയും ചെയ്യുന്നു.


Click it and Unblock the Notifications