»   » അപാര ചിത്രം, ഏത് പാര്‍ട്ടിക്കാരനും കമ്മ്യൂണിസത്തെ സ്‌നേഹിക്കാന്‍ 'മെക്‌സിക്കന്‍ അപാരത' മാത്രം മതി

അപാര ചിത്രം, ഏത് പാര്‍ട്ടിക്കാരനും കമ്മ്യൂണിസത്തെ സ്‌നേഹിക്കാന്‍ 'മെക്‌സിക്കന്‍ അപാരത' മാത്രം മതി

By: Naveen
Subscribe to Filmibeat Malayalam
Rating:
3.5/5

ക്യാംപസ് രാഷ്ട്രീയം പ്രമേയമാക്കി നവാഗതനായ ടോം ഇമ്മട്ടി സംവിധാനം ചെയ്ത ചിത്രമാണഅ ഒരു മെക്‌സിക്കന്‍ അപാരത. ഇന്ന് എസ്എഫ്‌ഐയുടെ ചെങ്കോട്ട എന്ന് അറിയപ്പെടുന്ന മഹാരാജാസ് കാമ്പസില്‍ എങ്ങനെ എസ്എഫ്‌ഐയുടെ പതാക ഉയര്‍ന്നു എന്ന സാങ്കല്‍പിക കഥയാണ് ചിത്രം പറയുന്നത്. ജവാന്‍ ഓഫ് വെള്ളിമല, ഹോംലി മീല്‍സ് എന്നീ ചിത്രങ്ങളുടെ സംവിധായകനായ അനൂപ് കണ്ണനാണ് ഒരു മെക്‌സിക്കന്‍ അപാരത നിര്‍മ്മിക്കുന്നത്.

ടോവിനോ തോമസ് എന്ന നടന്‍ ഏറെ പ്രതീക്ഷയര്‍പ്പിക്കുന്ന സിനിമ കൂടിയാണ് ഒരു മെക്‌സിക്കന്‍ അപാരത. സിനിമ റിലീസ് ആകുന്നതിന് മുമ്പ് തന്നെ വന്‍ പ്രചാരണമായിരുന്നു സിനിമയ്ക്ക് ലഭിച്ചത്. ക്യാംപസിലുള്ള കെഎസ്‌ക്യൂ- എസ്എഎഫ്‌വൈ എന്നീ വിദ്യാര്‍ത്ഥി സംഘടനകളിലെ പ്രവര്‍ത്തനത്തിലൂടെയാണ് സിനിമ മുന്നോട്ട് പോകുന്നത്. അടിന്തരാവസ്ഥ കാലത്തെ ക്യാംപസ് രാഷ്ട്രീയം ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് സിനിമ ആരംഭിക്കുന്നത്.

പോള്‍ (ടൊവീനോ) സുഭാഷ് (നീരജ് ) രൂപേഷ് (രൂപേഷ് പീതാംബരന്‍) എന്നിവരാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. നായകനായ ടോവിനോയ്ക്ക് സിനിമയില്‍ രണ്ട് ഗെറ്റപ്പുകളാണുള്ളത്. പോള്‍ എന്ന കഥാപാത്രത്തോട് ടോവിനോ നൂറ് ശതമാനം നീതി പുലര്‍ത്തി എന്ന് തന്നെ പറയാം. പ്രതിനായക വേഷം അവതരിപ്പിച്ച രൂപേഷ് പീതാംബരനും നായക കഥാപാത്രത്തോട് തൊട്ടടുത്ത് നിന്ന നീരജ് മാധവനും തങ്ങള്‍ക്ക് കിട്ടിയ കഥാപാത്രങ്ങളെ മികവുറ്റതാക്കി. ചില ഒളിവ് രംഗങ്ങളും കലോത്സവ രംഗങ്ങളും ഒഴികെ സിനിമയുടെ ഭൂരിഭാഗവും ചിത്രീകരിച്ചിരിക്കുന്നത് മഹാരാജാസ് കോളേജില്‍ തന്നെയാണ്.

orumexicanaparathamoviereview

രാഷ്ട്രീയ ക്യാംപസില്‍ പഠിച്ചിട്ടുള്ള ആര്‍ക്കും സിനിമ കാണുമ്പോള്‍ രോമാഞ്ചമുണ്ടാകും എന്ന കാര്യത്തില്‍ സംശയമില്ല. അടിയന്തരാവസ്ഥ കാലത്തിനു ശേഷം ക്യാംപസ് പിടിച്ചെടുത്ത കെഎസ്‌ക്യൂ എന്ന വിദ്യാര്‍ത്ഥി സംഘടനയില്‍ നിന്നും എസ്എഫ് വൈ പിടിച്ചെടുക്കുന്നതാണ് കഥാസാരം. ചിത്രത്തിന്റെ തുടക്കത്തില്‍ പ്രണയത്തില്‍ മങ്ങി രാഷ്ട്രീയ ബോധമില്ലാതെ നടന്നിരുന്ന നായകന്‍ ചില സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ വിപ്ലവകാരിയാകുകയും പിന്നീട് ക്യാംപസില്‍ പാര്‍ട്ടിയുടെ വേരുറപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. പല യാതനകളും സഹിച്ച് എസ്എഫ്‌വൈയുടെ ചെങ്കൊടി ക്യാംപസില്‍ നാട്ടുനിടത്താണ് സിനിമ അവസാനിക്കുന്നത്. 'അടി' എന്ന് എഴുതി കാണിച്ചാല്‍ ഓടി ഒളിക്കുന്ന ഖദര്‍ദാരികളെ ആദ്യാവസാനം വരെ വീരശൂര പരാക്രമികളായാണ് ചിത്രീകരിച്ചിരിക്കുന്നത്.

പാര്‍ട്ടിക്കകത്ത് ചില ' കുലംകുത്തികള്‍' ഉണ്ടെന്നും അവരാണ് പാര്‍ട്ടിക്കകത്തു നിന്ന് തന്നെ രക്തസാക്ഷികളെ ഉണ്ടാക്കുന്നതെന്നും സിനിമയുടെ തിരക്കഥ രചിച്ച ടോം ഇമ്മട്ടി പറഞ്ഞു വെക്കുന്നുണ്ട്. എന്നാല്‍ അത്തരക്കാരെയല്ല പട്ടിണികിടക്കുന്നവന്റെ ഒപ്പം നില്‍ക്കുന്ന പാര്‍ട്ടി പ്രത്യയശാസ്ത്രങ്ങള്‍ കൈവിടാതെ പോരാടുന്ന പ്രവര്‍ത്തകരെയാണ് പാര്‍ട്ടിക്കാവശ്യം എന്ന ജില്ലാ സെക്രട്ടറിയുടെ പ്രസ്താവനയോടെ കുട്ടി സഖാക്കളെ കൈയ്യടിപ്പിക്കുന്നുണ്ട് ചിത്രം. പറശ്ശിനിക്കടവ് മുത്തപ്പന്‍ കണ്ണൂരിന്റെ ദൈവമാണെമന്നും അതേ സ്ഥാനത്താണ് എകെജിയും ജനങ്ങളുടെ മനസിലുള്ളതെന്ന് പറയുമ്പോഴും, കണ്ണൂര്‍ ബോംബിന്റെയും രാഷ്ട്രീയ കൊലപാതകങ്ങളുടെ നാടാണെന്നും സംവിധായകന്‍ പറഞ്ഞു വെക്കുന്നു.

ടോവിനോ അവതരിപ്പിക്കുന്ന പോള്‍ എന്ന കഥാപാത്രം ക്യാംപസില്‍ പ്രണയിക്കുന്ന അനു എന്ന പെണ്‍കുട്ടിയുടെ കഥാപാത്രമായാണ് ഗായത്രി സുരേഷ് എത്തുന്നത്. ഏതാനും ചില സീനുകളില്‍ മാത്രമൊതുങ്ങുന്ന കഥാപാത്രത്തിന് അത്ര വലിയ പ്രാധന്യമൊന്നും സിനിമയില്‍ ഇല്ല. സിനിമയിലെ വിദ്യാര്‍ത്ഥി സംഘടനകളില്‍ പെണ്‍കുട്ടികള്‍ക്ക് സംവിധായകന്‍ പ്രധാന്യം കല്‍പ്പിച്ചിട്ടില്ല എന്നു തന്നെ പറയാം. രാഷ്ട്രീയം ആണ്‍കുട്ടികളുടെ കൈയ്യില്‍ ഒതുങ്ങിപോയി. രാഷ്ട്രീയത്തിന്റെയും പ്രണയത്തിന്റെയും കഥ പറയുന്ന സിനിമ എന്ന് പറയുന്നുണ്ടെങ്കിലും ചിത്രത്തില്‍ പ്രണയം വെറും പ്രപ്പോസലിലും അതിനു ശേഷമുള്ള മദ്യപാനത്തിലും ഒതുങ്ങി പോകുന്നു. വളരെ ഗൗരവമുള്ള സീനുകളില്‍ പോലും തമാശകള്‍ തിരുകി കയറ്റാന്‍ ശ്രമിച്ചത് നീരസം ഉണ്ടാക്കുന്നുണ്ട്. ചില ലിപ് സിങ്കുകള്‍ നഷ്ടപ്പെട്ടതും സീനുകള്‍ ഏച്ചുകെട്ടാന്‍ ശ്രമിച്ചതും ചിത്രത്തിന്റെ പോരായ്മയാണ്.

നവാഗത സംവിധായകന്‍ എന്ന നിലയില്‍ തന്റെ കഴിവ് തെളിയിക്കാന്‍ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. പ്രകാശ് വേലായുധന്റെ ഛായാഗ്രഹണം ചിത്രത്തില്‍ മികവുപുലര്‍ത്തിയിട്ടുണ്ട്. റഫീഖ് അഹമ്മദിന്റെ വരികളും മണികണ്ഠന്‍ അയ്യപ്പന്റെ സംഗീതവും മികച്ചു നിന്നു. എല്ലാവര്‍ക്കും പ്രതീക്ഷികാകവുന്നത് തന്നെയാണ് ചിത്രത്തിന്റെ ക്ലൈമാക്‌സ്. എന്നാല്‍ ടോവിനോയുടെ പ്രകടനവും ഗോപീ സുന്ദറിന്റെ പശ്ചാത്തല സംഗീതവും അതിന്റെ സൗന്ദര്യം വര്‍ദ്ധിപ്പിച്ചു. പൂര്‍ണ്ണമായും ഇടതുപക്ഷത്തോടൊപ്പം സഞ്ചരിക്കുന്ന ചിത്രമാണ് ഒരു മെക്‌സിക്കന്‍ അപാരത. എല്ലാവര്‍ക്കും കണ്ടിരിക്കാവുന്ന ചിത്രമാണെങ്കിലും ക്യാംപസുകളില്‍ പഠിക്കുന്നവര്‍ക്കും പഠിച്ചു കഴിഞ്ഞവര്‍ക്കും സിനിമ ആവേശം പകരും. ക്യാംപസ് രാഷ്ട്രീയ സിനിമകളില്‍ മികച്ചു നില്‍ക്കുന്ന ഒന്നു തന്നെയാണ് ' ഒരു മെക്‌സിക്കന്‍ അപാരത' .

English summary
Review: Malayalam movie Oru Mexican Aparatha
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam