»   » തോപ്പില്‍ ജോപ്പന്‍: ജോണി ആന്റണിക്ക് ഇതിൽ കൂടുതൽ ഒന്നും പറ്റില്ല

തോപ്പില്‍ ജോപ്പന്‍: ജോണി ആന്റണിക്ക് ഇതിൽ കൂടുതൽ ഒന്നും പറ്റില്ല

Posted By: ശ്രീകാന്ത് കൊല്ലം
Subscribe to Filmibeat Malayalam

വലിയ അവകാശവാദങ്ങളോ വലിയ ചിത്രങ്ങളോ ഇല്ലാതെ നില കൊള്ളുന്ന കൊച്ച് ചിത്രങ്ങളുടെ സംവിധായകന്‍ ആണ് ജോണി ആന്റണി. മുന്‍കാല മിക്ക ചിത്രങ്ങളും ഒരു വിധം ഒപ്പിച്ചെടുത്ത ഒരു പ്രതീതി ആണ് കണ്ട് കഴിഞ്ഞാല്‍. ഓര്‍ഡിനറി എന്ന വിജയ ചിത്രത്തിന്റെ തിരക്കഥാകൃത്തായ നിഷാദ് കോയാണ് തോപ്പില്‍ ജോപ്പന്‍ വേണ്ടിയും തൂലിക ചലിപ്പിച്ചിരിക്കുന്നത്. മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രം ആക്കി ജോണി ആന്റണി ചെയ്യുന്ന മൂന്നാമത്തെ ചിത്രം ആണിത്.

തോപ്പില്‍ ജോപ്പന് (മമ്മൂട്ടി) ചെറുപ്പത്തിലേ ഒരു പ്രണയം ഉണ്ടായിരുന്നു നാട്ടിലെ ആനിയും(ആന്‍ഡ്രിയ) ആയി. പക്ഷെ പ്രണയം പരാജയം ആയ ശേഷം ജോപ്പന്‍ ഒരു മദ്യപാനിയായി മാറുന്നു. തുടര്‍ സംഭവവികാസങ്ങള്‍ ആണ് ചിത്രത്തിന്റെ പ്രമേയം. ചിത്രത്തില്‍ മറ്റൊരു നായികയായി മറിയാ എന്ന പേരില്‍ മംമതാ മോഹന്‍ദാസ് എത്തുന്നു. ഇവരെ കൂടാതെ സാജു നവോദയ, കവിയൂര്‍ പൊന്നമ്മ, അലന്‍സിയര്‍, പ്രദീപ് കോട്ടയം, ശ്രീജിത്ത് രവി, ജൂഡ് ആന്റണി ജോസഫ്, രഞ്ജി പണിക്കര്‍, സലിം കുമാര്‍ എന്നിവരും എത്തുന്നു.

Thoppil Joppan

ജോപ്പന്റെ ചെറുപ്പവും പ്രണയവും കാണിച്ച് തുടക്കം, പിന്നീട് വലുതായ ശേഷം ബോംബെയില്‍ നിന്നുള്ള മടങ്ങി വരവും മംമ്ത മോഹന്‍ദാസുമായുള്ള സീനുമായി നീങ്ങുന്ന ഒരു വിധം ഒക്കെ ആക്കിയ ആദ്യപകുതി. രണ്ടാം പകുതിയില്‍ ധ്യാന കേന്ദ്രമായ പള്ളിയില്‍ വച്ചാണ് ബാക്കി കഥ. പള്ളിയിലെ സീനും ധ്യാനവും മറ്റും ഒടുവില്‍ ട്വിസ്റ്റ് എന്ന് തോന്നിപ്പിക്കാന്‍ പാകത്തിന് തട്ടികൂട്ട് ക്ലൈമാക്‌സും. മൊത്തത്തില്‍ നോക്കിയാല്‍ ശരാശരി എന്ന് പോലും അവകാശപ്പെടാന്‍ പറ്റാത്ത ഒരു ചിത്രം.

മമ്മൂട്ടി

അച്ചായവേഷങ്ങള്‍ എന്നും മമ്മൂട്ടിയ്ക്ക് യോജിച്ചതാണ്. ചിരിപ്പിക്കാന്‍ വേണ്ടി പറയുന്ന ചില സീനുകള്‍ ഒന്നും തിയേറ്ററില്‍ ഒരല്പം പോലും ചിരി ഉണര്‍ത്തിയില്ല എങ്കിലും ചിലത് ഏറ്റു. മൊത്തത്തില്‍ ചിത്രം ഉടനീളം മമ്മൂട്ടി തന്നെ മമ്മൂട്ടിക്ക് ആവും വിധത്തില്‍ തന്റെ ഭാഗം ചെയ്തു . എങ്കിലും ഇത്തരത്തില്‍ മോശം ഒരു പ്രമേയത്തിന് മമ്മൂട്ടി എന്തിന് സമ്മതം മൂളി എന്നത് അത്ഭുതം.

ആൻഡ്രിയയും മംമ്തയും

ആന്‍ഡ്രിയയ്ക്ക് സംഭാഷണം തന്നെ ഇല്ലായിരുന്നു എന്ന് വേണം എങ്കില്‍ പറയാം. അവിടെയും ഇവിടെയും ദൂരെ നിന്ന് നോക്കുന്ന ഒരു നായിക. പക്ഷെ നേരെ മറിച്ചാണ് മംമ്ത, അല്പം വെറുപ്പിച്ചു ഇടയ്‌ക്കൊക്കെ നന്നായി ചിത്രത്തില്‍ ഡോക്ടര്‍ ആണ് കക്ഷി, ഇങ്ങനെയും ഡോക്ടര്‍മാരുണ്ടോ?

അലന്‍സിയര്‍

കസബയ്ക്ക് ശേഷം മമ്മൂട്ടിയും ആയി ഒരു മുഴുനീള വേഷം ആയിരുന്നു ഇതിലെ പാപ്പിച്ചായന്‍, തന്റെ തനത് ശൈലിയില്‍ കടമ ഭംഗിയായി നിറവേറ്റി.

മറ്റു കഥാപാത്രങ്ങളെ കുറിച്ച്

മമ്മൂട്ടിയുടെ സുഹൃത്തുക്കളുടെ കാട്ടിക്കൂട്ടലും മറ്റും ഇടയ്‌ക്കൊക്കെ ആകെ അരോചകം ആയിരുന്നു. മറ്റുള്ളര്‍ എല്ലാം ഓക്കേ എന്ന് പറയാം മോശം എന്ന് പറയാനോ എടുത്ത് പറയാനോ ആര്‍ക്കും അത്ര പ്രാധാന്യം ചിത്രത്തിലോ പ്രകടനത്തിലോ ഇല്ല.

ക്യാമറ

ഫയര്‍മാന്‍ എന്ന മമ്മൂട്ടി ചിത്രത്തില്‍ ചലിപ്പിച്ച സുനോജ് വേലായുധന്‍ ആണ് ജോപ്പന്റെയും ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. കേമം എന്ന് വിശേഷിപ്പിക്കാന്‍ പാകത്തിന് ഒന്നും ഇല്ല, ചില സന്ദര്‍ഭങ്ങളില്‍ ഒരു സീരിയല്‍ കാണും പോലെ വന്നു , മൊത്തത്തില്‍ ശരാശരി നിലാവാരം പുലര്‍ത്തി. രഞ്ജന്‍ എബ്രഹാം പതിവ് പോലെ തന്റെ എഡിറ്റിങ്ങ് ഭാഗം ക്ലീന്‍ ആക്കി.

സംഗീതം

മലയാളികള്‍ക്ക് പ്രിയങ്കരനായ വിദ്യാസാഗര്‍ ആണ് ചിത്രത്തിന്റെ സംഗീത വിഭാഗം കൈകാര്യം ചെയ്തിരിക്കുന്നത്. 'പൂവിതളായി നാഥാ...' എന്ന തുടക്കത്തിലും പിന്നീട് ഇടയിലും ഗാനം വളരെ നിലവാരം പുലര്‍ത്തിയ ഒന്നായിരുന്നു. പശ്ചാത്തല സംഗീതം ഉണ്ടായിരുന്നോ? അത്ര ശ്രദ്ധ കിട്ടുന്ന ഒന്നായിരുന്നില്ല അത്.

പ്രതീക്ഷിച്ചത്

എന്തിനോ വേണ്ടി മമ്മൂട്ടിയെ വച്ച് ചെയ്ത ഒരു സിനിമ. ഒരു പുതുമയോ ഒന്നും തന്നെ അവകാശപ്പെടാന്‍ ഇല്ലാത്ത ചിത്രം. കാമ്പുള്ള കഥയോ ഒന്നും തന്നെ ചിത്രത്തിന് ഇല്ല. ചിരിപ്പിക്കാന്‍ വേണ്ടി ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ നടത്തിയില്ല എങ്കിലും ചിരിക്ക് വേണ്ടി പറയുന്ന ചിലതൊക്കെ തീരെ തരം താണ കൗണ്ടറുകള്‍ ആയിരുന്നു. സലിം കുമാറിന്റെ സാന്നധ്യം വന്നപ്പോള്‍ അല്പം നല്ല കോമഡി പ്രതീക്ഷിച്ചു എങ്കിലും ഒന്നും സംഭവിച്ചില്ല.

ഹീറോയിസം

നായകന്‍ ഇവിടെ മദ്യപാനിയാണ് 50% ആല്‍ക്കഹോളില്‍ നിന്ന് 0% എന്നതിലേക്ക് നായകന്‍ വന്നെത്തുന്നത് സ്വാഗതാര്‍ഹം. നാട്ടിലെ മാന്യനോ പരോപകാരിയോ എന്നാല്‍ നാട്ടുകാര്‍ക്ക് ശല്യക്കാരനോ അല്ല നായകന്‍. പക്ഷെ പൊതു കവലയില്‍ വച്ച് ഹീറോയിസം കാണിക്കാന്‍ വേണ്ടി ഒരു SI യെ തല്ലുന്ന സീന്‍ ഒഴിവാക്കാമായിരുന്നു. പിന്നീട് എന്തായി എന്നോ അടികൊണ്ട SI പേടിച്ച് സ്ഥലം മാറിപ്പോയോ എന്നൊന്നും പിന്നീട് പറയാത്തതും കൗതുകം.

ബഡ്ജറ്റ്

വലിയ ബഡ്ജറ്റ് ഒന്നുമില്ലാതെ ചുരുങ്ങിയ ചിലവില്‍ ചെയ്ത ചിത്രം ആയത് കൊണ്ട് വലിയ സാമ്പത്തിക നഷ്ടം ഉണ്ടാവില്ല എന്ന് വേണം കരുതാന്‍. സീരിയലും മറ്റും കാണുന്ന വലുതായി ഒന്നും പ്രതീക്ഷിക്കാതെ വരുന്ന സ്ത്രീജനങ്ങള്‍ക്ക് ഇത് തൃപ്തി നല്‍കിയേക്കാം

English summary
Mammootty's highly anticipated comical entertainer, Thoppil Joppan has finally hit the theatres on Oct 7, Malayalam movie Thoppil Joppan review

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam