»   »  അങ്കിളിന്റെ കാറും റോഡും പ്രതീക്ഷിച്ച പോലെ തന്നെ.. (പക്ഷെ, പോസിറ്റീവ് മാത്രേ പറയൂ) ശൈലന്റെ റിവ്യൂ..!

അങ്കിളിന്റെ കാറും റോഡും പ്രതീക്ഷിച്ച പോലെ തന്നെ.. (പക്ഷെ, പോസിറ്റീവ് മാത്രേ പറയൂ) ശൈലന്റെ റിവ്യൂ..!

Subscribe to Filmibeat Malayalam

ശൈലൻ

കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല. പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്.
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
  ഇത് ഇക്കയുടെ തിരിച്ച് വരവോ?? അങ്കിൾ സിനിമയുടെ റിവ്യൂ കാണാം

  Rating:
  3.5/5
  Star Cast: Mammootty, Karthika Muraleedharan, Joy Mathew
  Director: Gireesh Damodar

  ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ജോയി മാത്യൂ കഥയും തിരക്കഥയും എഴുതിയ സിനിമയാണ് അങ്കിള്‍. മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ ഗിരീഷ് ദാമോദര്‍ സംവിധാനം ചെയ്ത സിനിമ തിയറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. കഥ എഴുതിയതിനൊപ്പം ചിത്രത്തില്‍ കേന്ദ്രകഥാപാത്രമായി ജോയി മാത്യൂവും അഭിനയിക്കുന്നുണ്ട്. കാര്‍ത്തിക, സുരേഷ് കൃഷ്ണ, മുത്തുമണി, കൈലാഷ്, തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. സിനിമയില്‍ മമ്മൂട്ടി നെഗറ്റീവ് കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്നതായിരുന്നു ശ്രദ്ധേയമായ കാര്യം. സിനിമയ്ക്ക് വേണ്ടി ശൈലന്‍ എഴുതിയ റിവ്യൂ വായിക്കാം..

  അങ്കിൾ

  എന്തുവന്നാലും പോസിറ്റീവ് റിവ്യൂ മാത്രമേ എഴുതൂ എന്ന് ദൃഢ പ്രതിജ്ഞ ചെയ്തു കൊണ്ടാണ്, കഴിഞ്ഞ സഹസ്രാബ്ദത്തിലെ (1980-90 കാലഘട്ടങ്ങളിലെ) ഒരു കൊടും ഇക്കാഫാൻ കൂടിയായ ഞാൻ ഇന്ന് 'അങ്കിൾ' കാണാൻ കേറിയത്.. പുള്ളിയ്ക്ക് അങ്ങനെയൊന്നുമില്ലെങ്കിലും നെഗറ്റീവ് എഴുതി എഴുതി നമ്മക്കൊരു മടുപ്പിന്റെ നെല്ലിപ്പടി ഉണ്ടല്ലോ. (പരോൾ കാണാൻ കേറിയപ്പോഴും അങ്ങനെയൊക്കെ കരുതിയിരുന്നു എന്നത് വേറെ കാര്യം). പുതുമുഖ സംവിധായകൻ ഗിരീഷ് ദാമോദർ സംവിധാനം ചെയ്യുന്ന അങ്കിൾ അതിന്റെ രചയിതാവും കോ പ്രൊഡ്യൂസറുമായ ജോയ് മാത്യുവിന്റെ അവകാശ വാദങ്ങൾ കൊണ്ടായിരുന്നു റിലീസിന് മുൻപ് തന്നെ ശ്രദ്ധേയമായി മാറിയിരുന്നത്.
  പടം മോശമാണെങ്കിൽ താൻ ഈ പണി (എഴുത്താവണം) നിർത്തുമെന്നു വരെ ജോയ് മാത്യു വെല്ലുവിളി നടത്തിയതായി ചില ഓൺലൈൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

  ഷട്ടറിന് ശേഷം..

  ആറുവർഷത്തിന് ശേഷം താൻ ഒരു സിനിമയ്ക്ക് വേണ്ടി സ്ക്രിപ്റ്റ് എഴുതുമ്പോൾ അത് ആദ്യ സിനിമയേക്കാൾ എല്ലാം കൊണ്ടും മുകളിൽ നിൽക്കുമെന്ന് ജോയ് മാത്യു പറഞ്ഞാൽ അതിനെ അവിശ്വസിക്കേണ്ട കാര്യമൊന്നുമില്ല.. 2012ലെ തിരുവനന്തപുരം ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഓഡിയൻസ് പോളിൽ മികച്ച ചിത്രത്തിനുള്ള രജതചകോരം നേടിയിരുന്ന ഷട്ടർ പൊതുവെ പ്രേക്ഷകപ്രീതി നേടിയ ഒരു സിനിമയായിരുന്നു.. അതിനെക്കാൾ മേലെയാണ് തന്റെ രണ്ടാമത്തെ സൃഷ്ടി എന്ന് വിശ്വസിക്കാൻ ഒരു രചയിതാവിന് എന്തുകൊണ്ടും അവകാശമുണ്ട്. സിനിമ എന്നത് നൂറു മീറ്റർ അത്ലെറ്റിക്ക് ഐറ്റമൊന്നുമല്ലാത്തതു കൊണ്ട് അതിനെ എങ്ങനെ വേണമെങ്കിലും വിലയിരുത്താമെന്നിരിക്കെ പ്രത്യേകിച്ചും..

  ഊട്ടിയിൽ നിന്നൊരു യാത്ര..

  തമിഴ്നാട്ടിൽ നടക്കുന്ന ഒരു വിദ്യാർത്ഥി പ്രക്ഷോഭത്തിന്റെയും അതിന്റെ പേരിൽ നടക്കുന്ന അതിക്രമങ്ങളുടെയും പശ്ചാത്തലത്തിൽ ആണ് സിനിമ തുടങ്ങുന്നത്. ഊട്ടിയിൽ പഠിക്കുന്ന കേന്ദ്രകഥാപാത്രമായ ശ്രുതി വിജയൻ (കാർത്തിക മുരളീധരൻ) കോളേജ് അനിശ്ചിതകാലത്തേക്ക് അടച്ചതിനെ തുടർന്ന് നാട്ടിലേക്ക് പോവാനായി നിശ്ചലമായ ഊട്ടിപ്പട്ടണത്തിലേക്ക് ബാഗുമായി ഇറങ്ങുന്നു. വാഹനങ്ങളൊന്നുമില്ലാത്ത ആ ഹർത്താൽ ബാധിത നഗരത്തിൽ അന്തം വിട്ടു നിൽക്കുന്ന അവളുടെ മുന്നിലേക്ക് പെട്ടൊന്നൊരു കാർ വന്ന് നിർത്തുകയും റിവേഴ്സ് എടുത്ത് ലിഫ്റ്റ് കൊടുക്കുകയും ചെയ്യുന്നു. അച്ഛന്റെ കൂട്ടുകാരനായ ആ കാറുകാരൻ അങ്കിൾ (മമ്മുട്ടി) കോഴിക്കോട്ടേക്ക് തന്നെയാണ് പോവുന്നതെന്ന് അറിയിക്കുന്നതോടെയാണ് അവൾ മടി കൂടാതെ വണ്ടിയിൽ കേറുന്നത്..

  അച്ഛന്റെ ആധി..

  ശ്രുതിയുടെ അച്ഛൻ വിജയന്റെ (ജോയ് മാത്യു) അടുത്ത ഫ്രന്റ് തന്നെ ആണ് ഈ കൃഷ്ണ കുമാർ എന്നും കെ കെ എന്നും കിച്ചു എന്നും വിളിക്കപ്പെടുന്ന അങ്കിൾ എങ്കിലും അച്ഛന് ആ യാത്ര ഒട്ടും സ്വസ്ഥതയും സമാധാനവും നൽകുന്നില്ല.. സമപ്രായക്കാരനാണെങ്കിലും മുടി ചെറുതായി നരച്ചിട്ടൊക്കെ ഉണ്ടെങ്കിലും ഗ്ലാമറിന്റെ ആധിക്യമുള്ളവനും ഡൈവോഴ്സിയുമായ കൃഷ്ണ കുമാറിന്റെ സ്ത്രീവിഷയത്തിലുള്ള ചുറ്റിക്കളികൾ വിജയനും അയാളുടെ മറ്റു കൂട്ടുകാർക്കും നന്നായി അറിയാമെന്നതു തന്നെയാണ് കാരണം.. അയാൾ കൂട്ടിലിട്ട വെരുകിനെപ്പോലെ വെപ്രാളപ്പെട്ട് ആ ദിനം തള്ളിനീക്കുന്നതായാണ് പിന്നീട് കാണുന്നത്..

  ഇക്കയല്ലേ ആൾ..

  അനുഭവങ്ങൾ പാളിച്ചകൾ മുതൽ പത്തുനാല്പത്താറു കൊല്ലമായി ഇക്കയെ കണ്ടു കൊണ്ടിരിക്കുന്ന നമ്മൾക്കറിയാം, ഇക്ക ആ കൊച്ചിനെ ഒന്നും ചെയ്യാൻ പോവുന്നില്ല എന്ന്. എന്നിട്ടും ജോയ് മാത്യുവിന്റെ വിജയൻ ആദ്യ പകുതി മുഴുവനും രണ്ടാം പകുതിയുടെ പാതിഭാഗവും നമ്മളെ ടെൻഷനടിപ്പിക്കാൻ പ്രേരിപ്പിച്ചു കൊണ്ടേയിരിക്കുന്ന പരാക്രമങ്ങളിലാണ്.. ചാമരാജ്നഗർ ജില്ലാ കലക്ടറുടെ ഉത്തരവ് പ്രകാരം ബത്തേരി-ഗൂഡല്ലൂർ റൂട്ടിലുള്ള രാത്രിയാത്രാ നിരോധനത്തിൽ പെട്ട് കൊച്ച് ഇക്കക്കൊപ്പം വഴിയിൽ പെട്ടുപോവുക കൂടി ചെയ്യുന്നതോടെ അത് മൂർധന്യത്തിലാവും.. കൊച്ചിന്റെ അമ്മയും പുള്ളിയുടെ ഭാര്യയുമായ ലക്ഷ്മി (മുത്തുമണി) പോലും ആ പ്രേരണയിൽ വീണുപോയി ഇക്കയെ അവിശ്വസിക്കുന്നില്ല എന്നതാണ് സത്യം. പിന്നല്ലേ നമ്മൾ. ഷട്ടറിലെ ലാൽ മുതൽ ചെമ്പൻ വിനോദോ വിനായകനോ വരെയുള്ള ആരെങ്കിലുമായിരുന്നു അങ്കിളായി വന്നിരുന്നതെങ്കിൽ ഒരുപക്ഷെ നമ്മളും പെട്ടുപോയേനെ..

  പ്രതിസന്ധി

  അങ്ങനെ അവിടെ താലികെട്ട് ഇവിടെ പാലുകാച്ചൽ എന്ന മട്ടിൽ ഇക്കയും കൊച്ചും അടിച്ചു പൊളിച്ച് ട്രിപ്പാസ്വദിക്കുകയും അച്ഛനും പരിസരവും ടെൻഷനടിച്ച് പണ്ടാരടങ്ങി നിൽക്കുകയും ചെയ്യുന്ന ഘട്ടത്തിൽ പടം തീരാൻ മുക്കാൽ മണിക്കൂറോളം ബാക്കി വരുന്ന സമയത്ത് അങ്കിളിലെ യഥാർത്ഥ പ്രതിസന്ധി ആവിർഭവിക്കുകയായി. ഷട്ടറിനെക്കാൾ മുകളിൽ നിൽക്കുന്നതെന്ന് ജോയ് മാത്യു വിശ്വസിക്കുന്ന സംഗതി ഇതായിരിക്കുമെന്നതിനാൽ ഞാനതിനെക്കുറിച്ച് ഒരക്ഷരം ഇനി പറയുന്നില്ല.. വെള്ളിത്തിരയുടെ വർണാഭമായ ദൃശ്യഭംഗിയിൽ തന്നെ നിങ്ങളേവരും പോയി അത് ആസ്വദിക്കുക.. ടി. വിഷയം/പ്രതിസന്ധി കൈകാര്യം ചെയ്തതും അതിൽ നിന്ന് ഊരിപ്പോന്നതുമായ ഭാഗങ്ങൾ എത്രകണ്ട് മികവു പുലർത്തി എന്നൊന്നും പറയാനാവില്ലെങ്കിലും അങ്കിളിന്റെ ഈയൊരു ലാസ്റ്റ് പോർഷൻ സമകാലീന മലയാളി സമൂഹത്തിന് തങ്ങളുടെ വികൃത മുഖത്തെ കണ്ണാടിയിൽ തെളിച്ചു കാണിച്ചു കൊടുക്കാൻ സഹായകമാവുന്ന ഒരു മികച്ച ശ്രമമെന്ന നിലയിൽ തീർത്തും അഭിനന്ദാർഹമാണ്..

  പോസിറ്റീവേ പറയൂ..

  മുൻപ് പറഞ്ഞ പോലെ, പോസിറ്റീവ് മാത്രേ പറയൂ എന്നൊരു പ്രതിജ്ഞ ഉണ്ട്. അതിനാൽ പറയാം, ഇക്കയുടെ ഇതിന് മുൻപു വന്ന പരോൾ, സ്ട്രീറ്റ് ലൈറ്റ്, മാസ്റ്റർപീസ് എന്നീ സിനിമകളെയൊക്കെ വച്ച് നോക്കുമ്പോൾ ഒരു മികച്ച സിനിമ തന്നെയാണ് അങ്കിൾ. അങ്കിൾ എന്ന ടൈറ്റിൽ റോളിൽ ഒരു കഥാപാത്രം മാത്രമായി കൂടുതൽ ഡെക്കറേഷനൊന്നും കൂടാതെ ഒതുക്കത്തിൽ ഇക്കയെ പ്രതിഷ്ഠിക്കാനും ജോയ് മാത്യുവിനും സംവിധായകനും സാധിച്ചു. ഗ്ലാമറിന്റെയും ഗ്രെയ്സിന്റെയും കാര്യം എടുത്ത് പറയേണ്ടതില്ലല്ലോ.. "എന്താ ജോൺസാ കള്ളില്ലേ.. കല്ലുമ്മക്കായില്ലേ.." എന്ന ശ്രവണ മനോഹരമായ ഒരു ഗാനം ഇക്ക ആലപിക്കുകയും അതിന്റെ രംഗങ്ങളിൽ തന്റേതായ രീതിയിൽ നൃത്തച്ചുവടുകൾ വയ്ക്കുകയും ചെയ്തിട്ടുണ്ട്.. ആരാധകർക്ക് ആനന്ദ നിർവൃതിയ്ക്ക് മറ്റെന്ത് വേണ്ടൂ

  മറ്റുള്ളവർ

  സിഐഎ യിൽ അങ്ങിങ്ങായി കണ്ടിരുന്ന കാർത്തിക മുരളിധരൻ ആണ് ശ്രുതിയായ് വരുന്നത്.. മൈനർ ആണെന്ന് ഒന്നു രണ്ടിടത്ത് പരാമർശമുണ്ടെങ്കിലും ഇക്കയെ ഏത് നിമിഷവും പ്രലോഫനത്തിലാഴ്ത്തുമെന്ന് തോന്നൽ ജനിപ്പിക്കും വിധം സംവിധായകൻ തുറന്നു വിട്ടിരിക്കുന്ന ശ്രുതിയെ കണ്ടാൽ സിഐഎയിലെ ആ തേപ്പുകാരിയോ ഇതെന്ന് സംശയത്തിലാണ്ടു പോവും.. അച്ഛനും അമ്മയുമായി വരുന്ന ജീയ് മാത്യുവിനും മുത്തുമണിയ്ക്കും വികാര നിർഭരമായ ഹെവി മുഹൂർത്തങ്ങൾ ധാരാളമുണ്ട്. "അമ്മേ.. അച്ഛൻ വന്നു" എന്ന ചരിത്രപരമായ ആ നിർണായ ഡയലോഗ് വീണ്ടും ആവർത്തിക്കാനായി ശ്രുതിക്ക് വീട്ടിൽ ശ്രേയ എന്നൊരു അനിയത്തിക്കുട്ടിയുമുണ്ട്.. സുരേഷ് കൃഷ്ണ, കെപിഎസി ലളിത, മേഘനാഥൻ, ഗണപതി, കൈലാഷ് എന്നിവരും മറ്റു റോളുകൾ നന്നാക്കി. ക്യാമറ, സംഗീതം വിഭാഗങ്ങൾ കൈകാര്യം ചെയ്ത അളഗപ്പൻ, ബിജിബാൽ എന്നിവരും പൊളിച്ചു..

  ഇത്രയൊക്കെ എഴുതിയ സ്ഥിതിയ്ക്ക് ജോയ് മാത്യു ഇനി കടുംകൈ ഒന്നും ചെയ്യരുത്.. വേറേതെങ്കിലും റിവ്യൂകാരന്മാർ കണ്ണിൽ ചോരയില്ലാതെ എന്തെങ്കിലും പറഞ്ഞാൽ പോലും പണി നിർത്തരുത്.. ഇതൊക്കെ ഒരു സ്പോർട്ട്സ്മാൻ സ്പിരിറ്റിൽ കാണണ്ടേ..

  ചുരുക്കം: വളരെ ലളിതമായ കഥയിലൂടെ പല പ്രാധാന്യമര്‍ഹിക്കുന്ന കാര്യങ്ങളും പ്രേക്ഷകര്‍ക്കു പകരുന്നതില്‍ അങ്കിള്‍ വിജയിച്ചിരിക്കുന്നു.

  മമ്മൂട്ടി നായകനോ വില്ലനോ? ഒടുവില്‍ അങ്കിള്‍ എത്തിയത് ആ രഹസ്യവുമായി! ആദ്യ പ്രതികരണമിങ്ങനെ...

  English summary
  Mammootty starer Uncle movie review by Schzylan

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more