»   » ഒരു നിരൂപകനും സഞ്ചരിക്കാത്ത വഴിയിലൂടെ, മണിച്ചിത്രത്താഴിനൊരു നിരൂപണം!!! റേറ്റിംഗാണ് രസകരം!!!

ഒരു നിരൂപകനും സഞ്ചരിക്കാത്ത വഴിയിലൂടെ, മണിച്ചിത്രത്താഴിനൊരു നിരൂപണം!!! റേറ്റിംഗാണ് രസകരം!!!

Posted By: Karthi
Subscribe to Filmibeat Malayalam

സോഷ്യല്‍ മീഡിയ സജീവമായ ഇക്കാലത്ത് ഒര സിനിമ ഇറങ്ങി ആദ്യ പ്രദര്‍ശനം പൂര്‍ത്തിയാകുന്നതിന് മുമ്പ് നിരൂപണങ്ങള്‍ പുറത്തിറങ്ങുന്നത് പതിവാണ്. മിക്കപ്പോഴും സിനിമയുടെ വിജയ പരാജയങ്ങളെ നിര്‍ണയിക്കുന്നതിലും ഇത്തരം നിരൂപണങ്ങള്‍ വലിയ പങ്ക് വഹിക്കാറുണ്ട്. 

ഇന്നും മലയാള സിനിമയിലെ ക്ലാസിക് ഹൊറര്‍ ചിത്രം എന്ന വിഭാഗത്തില്‍ ഗണിക്കപ്പെടുന്ന ചിത്രമാണ് മണിച്ചിത്രത്താഴ്. നിരൂപണങ്ങള്‍ പ്രചാരത്തിലാകാതിരുന്ന കാലത്ത് മൗത്ത് പബ്ലിസിറ്റിയിലൂടെ വിജയമായ ചിത്രമായിരുന്നു അത്. വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ ചിത്രത്തിന് ഒരു നിരൂപണം പുറത്തിറങ്ങിയിരിക്കുകയാണ്. ട്രോള്‍ ഗ്രൂപ്പായ ഇന്റര്‍നാഷണല്‍ ചളി യൂണിയനാണ് നിരൂപണം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഒരു മനശാസ്ത്രജ്ഞനും സഞ്ചരിക്കാത്ത വഴിയിലൂടെ സഞ്ചരിക്കുമെന്ന് പറയുന്ന നായക കഥാപാത്രം ഡോക്ടര്‍ സണ്ണിയുടെ വാക്കുകളെ കടമെടുത്താല്‍ ഒരു നിരൂപകനും സന്ദര്‍ശിക്കാത്ത വഴിയിലൂടെ സന്ദര്‍ശിക്കുന്ന വ്യക്തിയാണ് നിരൂപകന്‍. ന്യൂജനറേഷന്‍ നിരൂപകരെ പരിഹസിക്കുന്നതാണ് നിരൂപണം.

ചിത്രം പുറത്തിറങ്ങിയ 1993ല്‍ ഇത്തരം ഒരു നിരൂപണം ഇറങ്ങിയിരുന്നെങ്കില്‍ ചിത്രത്തിന്റെ ഗതി എന്താകുമെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. മണിച്ചിത്രത്താഴിനെ പൊളിച്ചടുക്കുന്നതാണ് നിരൂപണം. അനൂപ് കുമാറാണ് സിനിമയിലെ ഓരോ മുഹൂര്‍ത്തങ്ങളേയും പുതിയ കാലത്തിന്റെ ചിന്തകള്‍ ചേര്‍ത്ത് വലിച്ച് കീറുന്നത്.

സിനിമയുടെ കഥ മുതല്‍ പ്രധാനപ്പെട്ട ഓരോ രംഗങ്ങളേയും കഥാപാത്രങ്ങളേയും അതിരൂക്ഷമായി വിമര്‍ശിക്കുന്നതാണ് നിരൂപണം. സിനിമയിലെ മതത്തിന്റെ സാന്നിദ്ധ്യം വരെ നിരൂപണതില്‍ പ്രതിഫലിക്കുന്നുണ്ട്. ഇത്തരത്തിലൊരു നിരൂപണം മണിച്ചിത്രത്താഴ് എന്ന സിനിമയ്ക്ക് സ്വപ്‌നങ്ങളില്‍ മാത്രം എന്നേ പറയാനാകു.

ഒരു പെണ്ണിന്റെ വട്ടാണ് സിനിമയുടെ കഥ. കെട്ടിയോന്റെ ചായയില്‍ പാഷാണം കലക്കുക, നൂറ് കിലോ ഭാരമുള്ള കട്ടില്‍ ഒറ്റക്കൈകൊണ്ട് പൊക്കി മലര്‍ത്തിയിടിക്കുക തുടങ്ങിയവയാണ് നായികയുടെ വിനോദങ്ങള്‍. പണ്ട് ഏതോ ഒരു രാജാവ് അറിയാണ്ട് ഒരു ഡാന്‍സ്‌കാരിയെ കൊന്നതുകൊണ്ടുള്ള മനോവിഷമത്തില്‍ അലയുന്ന പ്രേതം കേറിയതാണ് ഈ പ്രവര്‍ത്തികള്‍ക്കെല്ലാം പ്രചോദനം.

പ്രേതം കേറിക്കഴിഞ്ഞാല്‍ നായിക പിന്നെ ഡാന്‍സാണ്. പ്രേതം നര്‍ത്തകിയായതുകൊണ്ടാണ് സിനിമയിലൂടനീളം രാവെന്നോ പകലെന്നോ ഇല്ലാത്ത ഡാന്‍സ്. തെങ്ങുകയറ്റക്കാരന്റെ പ്രേതം ആയിരുന്നെങ്കില്‍ എന്നും തെങ്ങില്‍ കയറി തേങ്ങ ഇട്ടേനെ. മുക്കുവ സ്ത്രീയുടെ ബാധ ആിയിരുന്നെങ്കില്‍ മീന്‍ വിറ്റ് നടക്കുമായിരുന്നോ എന്നും നിരൂപകന്‍ ചോദിക്കുന്നു.

വിമര്‍ശകന്റെ കയ്യില്‍ നിന്നും ചിത്രത്തിലെ സംഗീതത്തിനും ഗാനത്തിനും പോലും രക്ഷയില്ല. ഇന്നും ഹിറ്റായി തുടരുന്നവയാണ് സിനിമയിലെ ഗാനങ്ങള്‍ എന്നതാണ് യാഥാര്‍ത്ഥ്യം. പഴം തമിഴ് പാട്ട് എന്ന് പറയുന്നതല്ലാതെ ഏത് പഴം ആണെന്ന് പറയുന്നില്ലെന്നതാണ് നിരൂപകന്റെ പ്രധാന വിഷമം.

ചിത്രത്തിലെ നായകനായ മോഹന്‍ലാലിന്റെ ഡോക്ടര്‍ സണ്ണിയെ തിലകന്റെ കഥാപാത്രം പരിചയപ്പെടുത്തുന്ന രംഗവും നിരൂപകന്റെ വിമര്‍ശന ശരങ്ങള്‍ക്ക് ഇരയാകുന്നുണ്ട്. ബ്രാഡ്‌ലിയുടെ ശിഷ്യനായിട്ടാണ് സണ്ണിയെ പരിചയപ്പെടുത്തുന്നത്. മനശാസ്ത്രത്തിലെ ലോകപ്രശസ്ത അഞ്ച് പ്രബന്ധങ്ങളില്‍ നാലേമുക്കാലും സണ്ണിയാണ് എഴുതിയതെന്നാണ് പറഞ്ഞ് വയ്ക്കുന്നത്. എന്നാല്‍ അവ ഏതാണെന്ന് സംവിധായകന്‍ പറയുന്നില്ലെന്നതാണ് നിരൂപകന്റെ അടുത്ത പ്രശ്‌നം.

കുടുംബ പ്രേക്ഷകരെ അസ്വസ്ഥരാക്കുന്ന ദ്വയാര്‍ത്ഥ പ്രയോഗങ്ങളുടെ ആറാട്ടാണ് സിനിമയിലുടനീളമെന്നും നിരൂപകന്റെ കണ്ടെത്തുന്നു. സുധീഷിനെ വച്ചുള്ള കിണ്ടി പ്രയോഗങ്ങളൊക്കെ അസ്വസ്ഥത ഉളവാക്കുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. കെപിഎസി ലളിതയുമൊത്ത് എന്തിനായിരുന്നു ഒരു കുളിമുറി ഹാസ്യം എന്നും നിരൂപകന്‍ ചോദിക്കുന്നത്.

സ്ത്രീയുടെ നഗ്നത പ്രദര്‍ശിപ്പിച്ച് കലയുടെ പേരില്‍ ഇക്കിളി പടങ്ങളുടെ ഹീന വികാരങ്ങള്‍ ഊതി വീര്‍പ്പിച്ച് പണം തട്ടാനുള്ള ശ്രമമാണ് മണിച്ചിത്രത്താഴിന്റേത്. കൊല്ലം തുളസി, ബാബു ആന്റണി, ഷിബു കൊട്ടാരക്കര എന്നിവരുടെ ചിത്രങ്ങളിലാണ് ചലച്ചിത്ര സംസ്‌കാരത്തിന്റെ ഉത്തമ ഉദാഹരണങ്ങളായി നഗ്നതയെ കാണിക്കുന്നതെന്നും നിരൂപകന്‍ ചൂണ്ടിക്കാണിക്കുന്നു.

ചിത്രത്തിലെ വര്‍ഗീയതയായി നിരൂപകന്‍ ചൂണ്ടിക്കാണിക്കുന്നത് മുസ്ലീം കഥാപാത്രങ്ങളുടെ സാന്നിദ്ധ്യം ഇല്ലെന്നതാണ്. സ്വാമിയായി തിലകനേയും സണ്ണിയായി മോഹന്‍ലാലിനേയും വയക്കാമെങ്കില്‍ ഗംഗയ്ക്ക് പകരം സുഹറയെ വയക്കാമെന്നാണ് നിരൂപകന്റെ പക്ഷം.

കേരളം വളരുമ്പോഴും ഇത്തരം ഇടുങ്ങിയ ചിന്താശരണികളില്‍ പ്രവര്‍ത്തിക്കുന്ന സവര്‍ണ മേല്‍ക്കോയ്മ മന്ത്രവാദം തുടങ്ങിയ വിപത്തുകളെയും പ്രോത്സാഹിപ്പിക്കുന്ന പ്രവണത മലയാള സിനിമക്ക് ദോഷം മാത്രമേ ചെയ്യുകയുള്ളു എന്നും നിരൂപകന്‍ സമര്‍ത്ഥിക്കുന്നു. 'ബെല്‍ പിക്ച്ചര്‍ ലോക്' എന്ന ചിത്രത്തില്‍ നിന്നും പകര്‍ത്തിയതാണ് ചിത്രമെന്നും ഒരു വിഷയം അന്താരാഷ്ട്ര ചിത്രത്തില്‍ നിന്ന് പകര്‍ത്തുമ്പോഴെങ്കിലും ഇത് ഒഴിവാക്കാമായിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

ഭ്രാന്തിയായി മുദ്രകുത്തപ്പെടുന്ന നടിയെ തമിഴത്തി എന്ന് വിളിച്ച് അധിക്ഷേപിക്കുകയാണ്. ഇത് പ്രാദേശിക വിദ്വേഷം വളര്‍ത്താനുള്ളതാണെന്നാണ് നിരൂപകന്റെ കണ്ടെത്തല്‍. ഇതിന് വേണ്ടി മാത്രമാണിത് ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നാണ് നിരൂപകന്‍ സ്ഥാപിക്കുന്നത്.

ഈ കഥ എവിടെയാണ് നടക്കുന്നതെന്നാണ് നിരൂപകന്റെ സംശയം. അതിനായി ചൂണ്ടിക്കാണിക്കുന്നത് ക്ലൈമാക്‌സ് രംഗം തന്നെയാണ്. ഒരു സിമന്റ് പ്രതിമയെ മലര്‍ത്തിക്കിടത്തി നാല് വെട്ട് വെട്ടുമ്പോള്‍ എല്ലാ ഭ്രാന്തും മാറി പൂര്‍വ്വ സ്ഥിതിയിലാകുന്നു. ഇത് എന്ത് യുക്തിയാണെന്നതാണ് നിരൂപകന്റെ സംശയം.

ചിത്രത്തെ അടപടലം വിമര്‍ശിക്കുന്ന നിരൂപണത്തിന് ശേഷം നിരൂപകന്‍ നല്‍കുന്ന റേറ്റിംഗാണ് അതീവ രസകരം. ഇനം തിരിച്ചാണ് റേറ്റിംഗ്. സംവിധാനത്തിന് 2/10, നര്‍മത്തിന് 1/10, പാട്ടുകള്‍ 1/10, പശ്ചാത്തല സംഗീതം 2/10, നഗ്നതയ്ക്ക് മാര്‍ക്കേ നല്‍കുന്നില്ല. ആകെ 1.2/10 ആണ് റേറ്റിംഗ് നല്‍കുന്നത്. വേണമെങ്കില്‍ ആദ്യ പകുതി കണ്ടിരിക്കാം എന്നും നിരൂപകന്‍ പ്രത്യേക കുറിപ്പായി എഴുതി ചേര്‍ക്കുന്നുണ്ട്.

English summary
After 24 years a review about the classic horror movie Manichithrathazhu. The review is a scoop and it critisize the movie in all manner.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam