മരണമാസ്സ് റിവ്യൂ: മികച്ച പ്രകടനങ്ങൾ കൊണ്ട് രസിപ്പിക്കുന്ന ഡാർക്ക് കോമഡി; എങ്കിലും അപൂർണ്ണം
മലയാള സിനിമ ഇനിയും അടുത്ത് പരിചയപ്പെട്ടിട്ടില്ലാത്ത ജോണർ ആയ ഡാർക്ക് കോമഡിയുമായാണ് ബേസിൽ ജോസഫ് ഇത്തവണ പ്രേക്ഷകർക്ക് മുന്നിൽ എത്തിയിരിക്കുന്നത്. നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്ത താരത്തിന്റെ പുതിയ ചിത്രം മരണമാസ്സ്, വിജയകരമായ തീയറ്റർ യാത്രയ്ക്ക് ശേഷം, പ്രശസ്ത ഒ.ടി.ടി. പ്ലാറ്റഫോം ആയ സോണി ലിവിൽ റിലീസായിക്കഴിഞ്ഞു. ഒരു വലിയ താരനിര തന്നെ അണിനിരക്കുന്ന മരണമാസ്സ് മികച്ച പ്രകടനങ്ങളും, വ്യത്യസ്തമായ ഡാർക്ക് ഹ്യൂമറും കൊണ്ട് രസിപ്പിക്കുന്ന ചിത്രമാണ്.
ശിവപ്രസാദിന്റെ ആദ്യ സംവിധാന സംരംഭത്തിന്റെ തുടക്കം ലൂക്ക് (ബേസിൽ ജോസഫ്) എന്ന നാടിന് തന്നെ ശല്യമായ, തന്റേതായ കിറുക്കൻ രീതികളിൽ എല്ലാവരെയും സഹായിച്ച് ഉപദ്രവിക്കുന്ന, സ്വയം 'സിഗ്മ മെയിൽ' എന്ന് വിശേഷിപ്പിക്കുമെങ്കിലും കാമുകി ജെസ്സിയുടെ (അനിഷ്‌മ അനിൽകുമാർ) 'പൂക്കി' ആയ എക്‌സെൻട്രിക് ചെറുപ്പക്കാരന്റെ കഥയിൽ നിന്നാണ്. നാട്ടുകാർ പണം പിരിച്ചു ചെക്കോസ്ലോവാക്കിയയിലേക്ക് നാട് കടത്താൻ ഒരുങ്ങുകയാണ് ലൂക്കിനെ. എന്നാൽ അധികം വൈകാതെ മരണമാസ്സ്, കല്യാണങ്ങൾ മുടങ്ങി മനസ്സ് മടുത്ത ജിതിൻ കുമാർ എന്ന ജിക്കുവിന്റേയും (സുരേഷ് കൃഷ്ണ), സീരിയൽ കില്ലറായ ശ്രീകുമാർ എന്ന എസ്.കെ.യുടെയും, ഒരിക്കൽ നഷ്ടപ്പെട്ട അച്ഛനെ ഇന്നും തേടുന്ന അരവിന്ദൻ എന്ന അരുവിയുടെയും (സിജു സണ്ണി), തന്റെ കാണാതായ പ്രിയപ്പെട്ട നായ പക്രുവിനെ തേടി നടക്കുന്ന ഡി.വൈ.എസ്.പി. അജയ് രാമചന്ദ്രൻന്റെയും (ബാബു ആന്റണി) കൂടി കഥയായി മാറുന്നു.

പ്രതികാരം മനസ്സിൽ സൂക്ഷിക്കുന്ന സീരിയൽ കില്ലർ ശ്രീകുമാർ വൃദ്ധരെ കൊന്നു വായിൽ പഴം തിരുകി ഉപേക്ഷിക്കുന്ന ഭയങ്കരനാണ്. നായകൻ ലൂക്ക് ആവട്ടെ, നാട് വിടുന്നതിന് മുൻപ് കാമുകി ജെസ്സിയോട് രണ്ടു വാക്ക് സംസാരിക്കാൻ വാശിയോടെ നടക്കുന്നു. അച്ഛനെ നഷ്ടപ്പെട്ട വേദന മനസ്സിൽ സൂക്ഷിക്കുന്ന ബസ് കണ്ടക്ടർ അരുവിക്ക് കൂട്ട്, വർഷങ്ങളായി ആഗ്രഹിച്ച് അവസാനം മംഗല്യഭാഗ്യം കൈവന്ന ഡ്രൈവർ ജിക്കുവും. എന്നാൽ ഇവരെയെല്ലാം ബന്ധിപ്പിക്കുന്ന ഏക കണ്ണി, വൃദ്ധനും, സ്ത്രീലമ്പടനുമായ കുറുപ്പിന്റെ ശവശരീരമാണ്. അബദ്ധത്തിൽ ഏറ്റെടുക്കേണ്ടി വന്ന ജഡം മറവു ചെയ്യാനുള്ള ഈ സംഘത്തിന്റെ നെട്ടോട്ടം നർമ്മം ചാലിച്ച് അവതരിപ്പിക്കുകയാണ് മരണമാസ്സിലൂടെ സംവിധായകൻ ശിവപ്രസാദും, രചയിതാവും നടനുമായ സിജു സണ്ണിയും.
ചിത്രത്തിന്റെ തുടക്കത്തിൽ മരണമാസ്സ് ആയി അവതരിപ്പിക്കപ്പെടുന്ന 'നായകൻ' ലൂക്ക് ഇന്നത്തെ കാലഘട്ടത്തിന്റെ പ്രതിനിധിയാണ്. തുടക്കത്തിൽ ഒട്ടും ഇഷ്ടം തോന്നാത്ത, എന്നാൽ അടുത്തറിയും തോറും സഹതാപവും, ചില നേരത്ത് തമാശയും തോന്നിപ്പിക്കുന്ന 'സിഗ്മ' കഥാപാത്രത്തെ ഉൾക്കൊണ്ട് ഗംഭീര പ്രകടനം കാഴ്‌ച വച്ചിട്ടുണ്ട് ബേസിൽ ജോസഫ്. ഒരു ചെറിയ പാളിച്ച കൊണ്ട് പോലും അരോചകമായി തീരാവുന്ന, ഒരു പരിധിക്കപ്പുറം യാതൊന്നും ഓർമ്മിക്കത്തക്കതായി ലഭിക്കാത്ത ലൂക്കിനെ നമുക്ക് പരിചിതനാക്കാൻ ചുരുങ്ങിയ സമയം കൊണ്ട് ബേസിലിന് തന്റെ പ്രകടനത്തിലൂടെ സാധിച്ചു. ഒരു നടനെന്ന നിലയിൽ മലയാള സിനിമക്ക് ഇനിയും ഒരുപാട് സംഭാവനകൾ നൽകാനുണ്ട് താരത്തിന് എന്ന് മരണമാസ്സ് ഓർമപ്പെടുത്തുന്നു.

ഏതു നിമിഷവും പാളം തെറ്റുന്ന മനസ്സുമായി അലയുന്ന സീരിയൽ കില്ലർ ശ്രീകുമാർ രാജേഷ് മാധവന്റെ കൈയിൽ ഭദ്രമായി. എന്നാൽ മരണമാസ്സിലെ ഷോ സ്റ്റീലർ എന്ന പട്ടത്തിന് അർഹരായവർ സുരേഷ് കൃഷ്ണയും, ബാബു ആന്റണിയുമാണ്. തങ്ങളെ തളച്ചിട്ടിരുന്ന ക്ലിഷേ കഥാപാത്രങ്ങളുടെ കെട്ടുകളിൽ നിന്ന് മാറി, വിവാഹ സ്വപ്‌നങ്ങൾ നെയ്യുന്ന ജിക്കുവും, പ്രിയപ്പെട്ട വളർത്തു നായയെ തേടുന്ന ഡി.വൈ.എസ്.പി അജയുമായി രസിപ്പിക്കുകയാണ് സീനിയർ താരങ്ങൾ ഈ ചിത്രത്തിൽ. അരുവി ആയി വന്ന സിജു സണ്ണിയും, ജെസ്സിയെ അവതരിപ്പിച്ച അനിഷ്‌മ അനിൽകുമാറും, തങ്ങളുടെ ഭാഗങ്ങൾ ഭംഗിയാക്കി. സീനിയർ നടൻ പുളിയനം പൗലോസ് മകനായി ഉപേക്ഷിക്കപ്പെട്ട വൃദ്ധനും, സർവ്വോപരി വഷളനുമായ കുറുപ്പായി തന്റെ സാന്നിധ്യം രേഖപ്പെടുത്തി.
പ്രകടനങ്ങൾ കൊണ്ട് സമ്പന്നമാവുമ്പോഴും, മരണമാസ്സ് ഒരു മികച്ച എന്റർടൈനർ എന്ന് അവകാശപ്പെടാനാവുന്ന ചിത്രമല്ല. പലയിടത്തും കെട്ടുറപ്പ് നഷ്ടപ്പെടുന്ന തിരക്കഥയും, പൊട്ടിപ്പോവുന്ന കഥപറച്ചിലിന്റെ രസച്ചരടും, നല്ല രീതിയിൽ അവതരിപ്പിച്ചിട്ടും പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാതെ ഒതുക്കപ്പെടുന്ന കഥാപാത്രങ്ങളുടെ നിർമിതിയും, ശിവപ്രസാദ് സംവിധാനം ചെയ്ത ചിത്രത്തിന് ഒരു അപൂർണ്ണതയാണ് സമ്മാനിക്കുന്നത്. ആദ്യ പകുതിയിൽ കഥ പറച്ചിൽ കൊണ്ട് പിടിച്ചിരുത്തുന്ന ചിത്രത്തിന്, രണ്ടാം പകുതിയിലെ നേരിയ ആവർത്തന വിരസതയും ഇഴച്ചിലും കൊണ്ട് അത് സാധിക്കാതെ പോവുന്നു. ദൃതി പിടിച്ചു നീങ്ങുന്ന ക്ലൈമാക്സ് ആവട്ടെ, കഥ ആവശ്യപ്പെടുന്ന സ്വാധീനം ഉണ്ടാക്കുന്നുമില്ല.
മലയാള സിനിമ എന്നും ഗ്ലോറിഫൈ ചെയ്യാൻ ശ്രമിച്ചിട്ടുള്ള ഉപേക്ഷിക്കപ്പെടുന്ന വൃദ്ധരെ മറ്റൊരു വീക്ഷണകോണിലൂടെ അവതരിപ്പിച്ചതാണ് മരണമാസ്സ് എന്ന ചിത്രത്തിനെ ഏറ്റവും വ്യത്യസ്തമാക്കുന്ന ഘടകം. തമാശകളിലൂടെ തന്നെ സമൂഹം പലപ്പോഴും സൗകര്യപൂർവ്വം ഒഴിവാക്കുന്ന പല വിരോധാഭാസങ്ങളിലേക്കും, സംവിധാകയൻ ശിവപ്രസാദും, രചയിതാവ് സിജു സണ്ണിയും, ചിത്രത്തിലൂടെ വിരൽ ചൂണ്ടുന്നു. സ്ത്രീകളെ ശല്യപ്പെടുത്തുന്ന വൃദ്ധനും, തെറാപ്പി സഹായം തേടുന്ന പോലീസ് മേധാവിയും, കുട്ടികൾക്ക് കഥകൾ പറഞ്ഞു കൊടുക്കാൻ ഇഷ്ടമുള്ള സീരിയൽ കില്ലറും, രസകരമായ ഒന്നിലധികം അതിഥി വേഷങ്ങളും, മരണമാസ്സിനെ വ്യത്യസ്തമാക്കുന്നു. പലപ്പോഴും വേണ്ടത്ര രസിപ്പിക്കാൻ മറന്നു പോയെങ്കിലും, എല്ലാ ക്ലിഷേകളെയും പൊളിച്ചടുക്കിയ കഥ പറച്ചിൽ സിനിമ പ്രേമികളെ പിടിച്ചിരുത്തിയേക്കും. എന്നാൽ സാധാരണ പ്രേക്ഷകരുടെ കാര്യത്തിൽ അത് സാധ്യമായെന്ന് വരില്ല.
സാങ്കേതിക തികവിന്റെ കാര്യത്തിൽ മരണമാസ്സ് ഒരു ലക്ഷണമൊത്ത ചിത്രമാണ്. സംവിധായകൻ ശിവപ്രസാദും, രചയിതാവ് സിജു സണ്ണിയും ചേർന്നൊരുക്കിയ സംഭാഷണങ്ങൾ അത്യധികം രസകരമാണ്. കിറുക്കൻ ലോകമായ വള്ളിക്കുന്നിന് ജീവൻ നൽകിയത് സിനിമാട്ടോഗ്രാഫർ നീരജ് രവിയുടെ മികച്ചു നിൽക്കുന്ന ദൃശ്യങ്ങളാണ്. ചമൻ ചാക്കോയുടെ എഡിറ്റിംഗ് ചിത്രത്തിന്റെ കഥപറച്ചിൽ ഗതിയെ ഒരു പരിധി വരെ പിടിച്ചു നിർത്തുന്നു. ജെ.കെ. അണിയിച്ചൊരുക്കിയ പശ്ചാത്തല സംഗീതം മികച്ചു നിൽക്കുന്നു, പക്ഷെ പാട്ടുകൾ ആ നിലവാരത്തിനൊത്ത് ഉയർന്നില്ല. മാനവ് സുരേഷിന്റെ പ്രൊഡക്ഷൻ ഡിസൈനും, മസ്ഹർ ഹംസയുടെ കോസ്റ്റ്യൂമുകളും, മരണമാസ്സിലെ വള്ളിക്കുന്ന് എന്ന ചെറു പട്ടണത്തേയും, അവിടുത്തെ മനുഷ്യരെയും അടയാളപ്പെടുത്തി.
ടോവിനോ തോമസ് പ്രൊഡക്ഷൻസ്, റാഫേൽ പ്രൊഡക്ഷൻസ്, വേൾഡ് വൈഡ് ഫിലിംസ് എന്നീ പ്രൊഡക്ഷൻ ബാനറുകൾക്ക് വേണ്ടി, നടൻ ടോവിനോ തോമസും, സഹോദരൻ ടിങ്സ്റ്റൻ തോമസും, റാഫേൽ പൊഴോലിപറമ്പിലും, തൻസിർ സലാമും ചേർന്നാണ് മരണമാസ്സ് നിർമ്മിച്ചിരിക്കുന്നത്. മലയാള സിനിമയിൽ ഇത് വരെ കണ്ടിട്ടില്ലാത്ത തരത്തിൽ ഡാർക്ക് കോമഡി ജോണറിൽ കഥ പറയുന്ന ചിത്രം, സിനിമ പ്രേമികൾക്ക് ഒരു വ്യസ്തസ്ഥ ദൃശ്യാനുഭവം തന്നെ ആയിരിക്കും. എന്നാൽ ഒരു ലോജിക്കൽ സിനിമ കാണണം എന്ന് ആഗ്രഹിക്കുന്ന പ്രേക്ഷകരെ, ബേസിൽ ജോസഫ് നായകനായ ചിത്രം തൃപ്തിപ്പെടുത്തണമെന്നില്ല.
ശിവപ്രസാദ് സംവിധാനം ചെയ്ത ചിത്രം ഇപ്പോൾ ഒ.ടി.ടി. പ്ലാറ്റഫോം ആയ സോണി ലിവിൽ ആണ് സ്ട്രീം ചെയ്യുന്നത്. മലയാളം, തമിഴ്, തെലുങ്കു, കന്നഡ, ഹിന്ദി, എന്നീ ഭാഷകളിൽ പ്രേക്ഷകർക്ക് ചിത്രം കാണാം. സബ് ടൈറ്റിൽ സൗകര്യവും ലഭ്യമാണ്.


Click it and Unblock the Notifications











