For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ദളപതിയും സേതുപതിയും കട്ടയ്ക്ക് കട്ട, മാസ്റ്റർ മാസ് കൂൾ; ശൈലന്റെ റിവ്യൂ

  |

  ശൈലൻ

  ജേര്‍ണലിസ്റ്റ്
  കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല.. സാഹിത്യകാരനെന്നോ വിമർശകനെന്നോ ഉള്ള ലേബലുകൾ കൂടാതെ പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്. പ്രിന്റ് മീഡിയയിലും സജീവം. എട്ട് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

  Rating:
  3.0/5
  Star Cast: Joseph Vijay, Vijay Sethupathi, Malavika Mohanan
  Director: Lokesh Kanagaraj

  കോവിഡ്ബാധ കാരണമുള്ള പത്തുമാസത്തെ അടച്ചിടലിന് ശേഷം കേരളത്തിലെ തിയേറ്ററുകൾ ഇന്ന് വിജയിന്റെ 'മാസ്റ്റർ' റിലീസുമായി തുറന്നു. കർശനമായ കോവിഡ് പ്രോട്ടോക്കോൾ മാർഗനിർദേശങ്ങൾ നൽകിയിട്ടുണ്ടെങ്കിലും ആഹ്ലാദാരവത്തോടെയാണ് വിജയ് ആരാധകരും മറ്റ് സിനിമാപ്രേമികളും മാസ്റ്ററിന്റെ പൊങ്കൽപ്രവേശത്തിന് ആദ്യദിനത്തിൽ സ്വാഗതമരുളിയത്. പോയ വർഷം ഏപ്രിൽ മാസത്തിൽ റിലീസ് നിശ്ചയിച്ചിരുന്ന മാസ്റ്റർ അത്രയധികം ഹൈപ്പോടെ ആയിരുന്നു ആസ്വാദകർ കാത്തിരുന്നത്.

  ദളപതി വിജയ് യും മക്കൾ സെൽവൻ വിജയ്സേതുപതിയും നേർക്ക് നേർ മോദുന്ന ആദ്യത്തെ സിനിമ, കൈതി എന്ന കൾട്ട് ത്രില്ലറിന് ശേഷം ലോകേഷ് കനകരാജ് എന്ന എല്ലാതരം പ്രേക്ഷകരുടെയും പ്രിയസംവിധായകൻ ഒരുക്കുന്ന സിനിമ , അനിരുദ്ധിന്റേതായി വന്ന ഹിറ്റ് സോങ്‌സ് തുടങ്ങി മാസ്റ്റർ നൽകിയ ബിഗ് ഹൈപ്പിന് കാരണങ്ങൾ ഏറെയാണ്..

  ആരാധകരുടെയും സിനിമാപ്രേമികളുടെയും പ്രതീക്ഷയ്ക്ക് ഒപ്പമെത്തുന്ന രീതിയിൽ തന്നെയാണ് 179 മിനിറ്റ് നേരമുള്ള മാസ്റ്ററിന്റെ തുടക്കം. സംവിധായകനൊപ്പം രത്നകുമാർ (ആടൈ ഫെയിം ഡയറക്ടർ) പൊൻ പാർത്തിബൻ എന്നിവർ ചേർന്ന് തയ്യാറാക്കിയിരിക്കുന്ന സ്ക്രിപ്റ്റിന്റെ ആദ്യത്തെ പത്ത് മിനിറ്റ് നേരം വിജയ് സേതുപതിയുടെ ഭവാനി എന്ന വില്ലൻ ക്യാരക്റ്ററിനെ എസ്റ്റാബ്ലിഷ് ചെയ്യാനാണ് ചിലവഴിച്ചിരിക്കുന്നത്. 2002 ലെ നാഗർകോവിൽ ആണ് കഥാപശ്ചാത്തലം.

  17 കാരനായ ഭവാനി നിസ്സഹായതയുടെയും ഗതികേടിന്റെയും പരകോടിയിൽ എങ്ങനെ ഒരു മാഫിയാ മോൺസ്റ്റർ ആയിമാറുന്നു എന്നത് വളരെ കുറഞ്ഞനേരം കൊണ്ടുതന്നെ സ്ഥാപിച്ചെടുക്കാൻ സാധിക്കുന്നു. തുടർന്ന് 2019 ലെ ചെന്നൈയിലേക്ക് സിനിമ കട്ട് ചെയ്യുന്നു. ടൈറ്റിൽ വരുന്നു. വിജയ്ന്റെ ജെ ഡി യുടെ ടിപ്പിക്കൽ ഇൻട്രോ സീൻ ആവുന്നു. സേതുപതിക്കും ഭവാനിക്കും വേണ്ടി ഉയർന്ന കൈയടികളുമാരവവും പതിന്മടങ്ങ് മുഴക്കത്തിൽ വിജയ് ലേക്കും ജെ ഡി യിലേക്കും വഴിമാറുന്നു..

  ചെന്നൈയിലെ ഒരു കോളേജിൽ പ്രൊഫസർ ആയ ജെഡി, വിദ്യാർത്ഥികളുടെ കണ്ണിലുണ്ണി ആണെങ്കിലും കോളേജ് മാനേജ്‌മെന്റിനും സഹപ്രവർത്തകർക്കും കണ്ണിലെ കരടാണ്. അയാളുടെ കുത്തഴിഞ്ഞ മദ്യപാനശീലവും സിസ്റ്റത്തിന് നിരക്കാത്ത പ്രവൃത്തികളും തന്നെ കാരണം. ഒറ്റനോട്ടത്തിൽ സ്റ്റുഡന്റെന്നു തോന്നിപ്പിക്കും വിധമാണ് പുള്ളിയുടെ ഡീലിങ്ങുകൾ..

  ജീവിതത്തിന്റെ ഒരു പ്രത്യേക വഴിത്തിരിവിൽ ഭവാനിയുടെ പ്രവർത്തനങ്ങൾക്ക് ജെഡിയും ജെഡിയുടെ പ്രവർത്തനങ്ങൾക്ക് ഭവാനിയും വിഘാതമായി മാറുന്നു. രണ്ടുപേരും ഇടയുന്നു.. കൂട്ടിമുട്ടുന്നു.. ഏറ്റുമുട്ടുന്നു. ഒരു ദുർഗുണപരിഹാര പാഠശാലയുടെ പശ്ചാത്തലത്തിൽ സിനിമ മുന്നേറുന്നു.. നന്മയും തിന്മയും തമ്മിലുള്ള യുദ്ധം തന്നെയാണ് അത്യന്തികമായി മാസ്റ്റർ എന്ന സിനിമയും പറയുന്നത്. സ്റ്റണ്ട് സിൽവയുടെ കൊറിയോഗ്രാഫിയിലുള്ള ആക്ഷൻ സീനുകൾക്ക് നല്ല പ്രാധാന്യം കൊടുത്തിട്ടുണ്ട്.

  ഭവാനി എന്ന വില്ലൻ ക്യാരക്റ്ററിനെ നന്നായി മോൾഡ് ചെയ്തിരിക്കുമ്പോൾ തന്നെ ജെഡിയുടെ ഭൂതകാലമോ കുടുംബ പശ്ചാത്തലമോ മദ്യപാനാസക്തിയ്ക്കുള്ള കാരണമോ ഒന്നും സംവിധായകനോ സ്ക്രിപ്റ്റോ വിശദീകരിച്ച് തരുന്നില്ല. വിജയ് കഥാപാത്രത്തിന് പരമ്പരാഗതനായികയോ ഡ്യൂയറ്റ് ഗാനരംഗങ്ങളോ ഒന്നുമില്ല എന്നതും എടുത്ത് പറയേണ്ടതാണ്.. ലോകേഷ് കനകരാജിന്റെ ഓരോ കുസൃതികൾ. ജെ.ഡി എന്ന പേരിന്റെ പൂർണരൂപം പോലും ലാസ്റ്റ് സീനിലേ പ്രേക്ഷകന് മുന്നിൽ അനാവരണം ചെയ്യപ്പെടുന്നുള്ളൂ..

  വിജയ് ന്റെയും വിജയ് സേതുപതിയുടെയും ആരാധകരെ തൃപ്തിപ്പെടുത്തുന്ന മാസ് രംഗങ്ങൾ ചിത്രത്തിൽ ഉടനീളം ഉണ്ടെങ്കിലും സാധാരണ വിജയ് ഡബിൾ/ട്രിപ്പിൾ റോളുകളിൽ വരുന്ന മെർസൽ/ബിഗിൽ ടൈപ്പ് ടൈറ്റ്പാക്ക്ഡ് ഹെവിഡോസ് മാസ് മൂവി അല്ല മാസ്റ്റർ. ലൂസ് ആയിട്ടുള്ള ഏരിയകൾ ധാരാളമുണ്ട് സ്ക്രിപ്റ്റിലും ടോട്ടാലിറ്റിയിലും.. ഹാർഡ് കോർ വിജയ് ഫാൻസിന് ചിലയിടത്തൊക്കെ ഇഴച്ചിൽ അനുഭവപ്പെട്ടേക്കാം..

  ഇന്റർവെൽ ബ്ലോക്കിൽ ആരാധകരെ ആവേശപ്പെടുത്തുന്ന ഒരു ഫോർത്ത് വാൾ ബ്രെയ്ക്കിംഗ് പഞ്ച് സംവിധായകൻ കരുതി വച്ചിട്ടുണ്ട്. ഭവാനിയും ജെഡിയും കണ്ടുമുട്ടുന്നതിലും ചില പ്രത്യേകതകൾ ഉണ്ട്, കാതൽക്കോട്ടൈ, പ്രേമം, ടൈറ്റാനിക്ക് റഫറൻസുകൾ ആരാധകർക്ക് ആവേശമേകും. എഴുതി സർപ്രൈസ് പൊട്ടിക്കുന്നില്ല.

  വിജയ് ന്റെയും വിജയ് സേതുപതിയുടെയും കട്ടയ്ക്ക് കട്ട നിൽക്കുന്ന മിന്നുന്ന പ്രസൻസും പെർഫോമൻസും തന്നെയാണ് പടത്തിന്റെ ഹൈലൈറ്റ്. തന്റെ സ്റ്റാർഡത്തെ ഹീറോയിസം കൊണ്ട് നൂറ്റുക്ക് നൂറ് കീപ്പ് ചെയ്യാൻ വിജയ് ന് സാധിക്കുമ്പോൾ കൊടൂരനായ ഒരു പ്രതിനായകനെ തന്റേത് മാത്രമായ അനൗപചാരികതകളോടെ തീർത്തും കൂളായി ചെയ്തുകൊണ്ടാണ് സേതുപതി കയ്യടി നേടുന്നത്. അർജുൻ ദാസിന് മാത്രമേ രണ്ടുപേരുടെയും മുന്നിൽ പിടിച്ച് നിൽക്കുന്നുള്ളൂ..

  മാളവികയുടെയും ആന്ദ്രിയയുടെയും ശാന്തനുവിന്റെയുമൊക്കെ വേഷങ്ങൾ വെറും നിഴലുകൾ മാത്രമായി മാറുന്നിടത്ത് കയ്യടി നേടുന്നത് ഹെവി ബാക്ഗ്രൗണ്ട് സ്കോറിംഗിലൂടെ അനിരുദ്ധ് ആണ്. സതീഷ് സൂര്യന്റെ ക്യാമറ നായകനെയും വില്ലനെയും കാണിക്കുന്നിടത്തൊക്കെ കൃത്യമായ വ്യതിരിക്തികത പുലർത്തുന്നുണ്ട്. ചിത്രസംയോജകന്റെ സേവകന്റെ സേവനം ഈ എട്ട് മാസത്തിനിടയിൽ ശരിക്ക് കാര്യക്ഷമമായി ഉപയോഗപ്പെടുത്തിയിരുന്നെങ്കിൽ സിനിമ ഒന്നുകൂടി ഷാർപ്പ് ആക്കാമായിരുന്നു..

  Master Movie Review Malayalam | Vijay | Vijay Sethupathy | Filmibeat Malayalam

  മൊത്തത്തിൽ നോക്കുമ്പോൾ, പരിമിതികൾ ഒക്കെയുണ്ടെയെങ്കിലും ഒരു മാസ് എന്റർടെയ്നർ എന്ന് മാസ്റ്ററിന് മാർക്കിടാം.. പൈസാ വസൂൽ.

  Read more about: review റിവ്യൂ
  English summary
  Master Movie Review: Vijay and Vijay Sethupathi Starring Master Is A Must Watch
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X