»   » പ്രണയ നോവുകളിൽ ഉപ്പുകാറ്റ് ചാറുന്നു.. മായാനദി ടോട്ടലി ഫ്രഷ് ശൈലന്റെ റിവ്യു...

പ്രണയ നോവുകളിൽ ഉപ്പുകാറ്റ് ചാറുന്നു.. മായാനദി ടോട്ടലി ഫ്രഷ് ശൈലന്റെ റിവ്യു...

Posted By:
Subscribe to Filmibeat Malayalam

ശൈലൻ

കവി
കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല. പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്.

ക്രിസ്തുമസ് റിലീസ് സിനിമകളെല്ലാം ഒന്നിനൊന്ന് മികച്ച പ്രതികരണം നേടി തിയറ്ററുകള്‍ കീഴടക്കി കൊണ്ടിരിക്കുകയാണ്. അക്കൂട്ടത്തില്‍ ടൊവിനോ തോമസിന്റെ മായാനദിയുമുണ്ട്. ആഷിഖ് അബു സംവിധാനം ചെയ്ത് സന്തോഷ് ടി കുരുവിളയും ആഷിഖ് അബുവും ചേര്‍ന്ന് നിര്‍മ്മിച്ച മായാനദിയിലൂടെ വീണ്ടുമൊരു പ്രണയം പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്. പുതുമുഖ നടി ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തില്‍ ടൊവിനോയുടെ നായികയായി അഭിനയിക്കുന്നത്. പുതിയൊരു റോമാന്റിക് ഫീല്‍ നല്‍കി കൊണ്ടെത്തിയ മായാനദിയ്ക്ക് ശൈലന്‍ എഴുതിയ റിവ്യൂ വായിക്കാം...

വിമാനമല്ല പറന്നുയരുന്നത് പ്രണയമാണ്.. (എഞ്ചിൻ അല്പം വീക്കാണെങ്കിലും കൊള്ളാം) ശൈലന്റെ റിവ്യു..

ആഷിക് അബു മാജിക്


പണ്ട് 'അഞ്ചുസുന്ദരികൾ'എന്ന ആന്തോളജി മൂവിയിൽ ആഷിക് അബുവിന്റെ 'ഗൗരി' എന്ന കൊച്ചുസിനിമ പകർന്ന ഒരു വല്ലാത്ത നോവും ഫീലുമുണ്ട്. തിയേറ്റർ വിട്ടിറങ്ങിയാലും കാലങ്ങൾ നീണ്ടു നിൽക്കുന്ന ഒന്ന്. 'മായാനദി'യിൽ ആഷിക് ആ ഒരു അസാമാന്യ മായികത വീണ്ടും പുറത്തെടുത്തിരിക്കുന്നു. ഇന്നലെ തിയേറ്ററിൽ ഇരുന്നതിനേക്കാൾ, ഇന്ന് ഇത് എഴുതുമ്പോൾ ഞാനാ മായാനദിയിൽ മുങ്ങി നനഞ്ഞ് ഈറനായി നിൽക്കുന്നു. ഒരുപക്ഷെ, നാളെയോ അടുത്ത ഒരുപാട് ദിനങ്ങളിലോ ഇത് ഇതിനെക്കാളും തീക്ഷ്ണമായി എന്നെ അനുഭവിപ്പിച്ചു കൊണ്ടേയിരിക്കാം..

ടോട്ടലി ഫ്രഷ്


ഗൗരിയെക്കുറിച്ച് വാചാലമായി പോസിറ്റീവ് എഴുതിയതിന് തെറി ധാരാളമായി കേട്ട ഒരാളാണ് ഞാൻ. പൊതുബോധമൂട്ടി വളർത്തിയ ആദിമധ്യാന്തപ്പൊരുത്തങ്ങളുമായൊന്നും ഒട്ടും പൊരുത്തപ്പെട്ടു പോവാത്ത ഒരു ട്രീറ്റ് ആയിരുന്നു ആ സിനിമയുടെത് എന്നു തന്നെ കാരണം. എന്നാൽ കൊല്ലങ്ങൾ കഴിഞ്ഞ് ഒരു കോമ്പ്രമൈസിംഗുമില്ലാതെ മറ്റൊരു പ്രണയ നോവുമായി ആഷിക് വരുമ്പോൾ മലയാളിയുടെ ആസ്വാദന നിലവാരം വളരെയേറെ മെച്ചപ്പെട്ടിരിക്കുന്നു വെന്നതിൽ ആഹ്ലാദിക്കാം. ആളു കുറവായിരുന്നെങ്കിലും തിയേറ്ററിൽ അപശബ്ദങ്ങൾ ഉണ്ടായതേയില്ല. മായാനദിയുടെ തെളിമയിൽ അത്രമേൽ സംതൃപ്തമായ മുഖങ്ങൾ തന്നെയായിരുന്നു കൂടെ പുറത്തിറങ്ങിയ മുപ്പതു മുഖങ്ങളുടെതുമെന്ന് പാളിനോക്കി സന്തോഷിച്ചു.

സമാനതകളില്ലാത്ത സ്ക്രിപ്റ്റിംഗ്

അരമണിക്കൂറോ അതിൽ താഴെയോ സമയം കൊണ്ട് ഒരു ഷോർട്ട് ഫിലിമായി പറഞ്ഞു തീരാവുന്ന കാര്യങ്ങളേ മായാനദിയിൽ ഉള്ളൂ. ഞെട്ടിക്കുന്ന കഥാഗതികളോ വിജൃംഭിപ്പിക്കുന്ന സംഭവബഹുലതകളോ സിനിമാറ്റിക് ആയ മറ്റെന്തെങ്കിലും സംഗതികളോ ആ ചെറിയ സ്റ്റോറിലൈനിൽ ഇല്ല. എന്നിട്ടും 136 മിനിറ്റിൽ അതിനെ മലയാളത്തിലെ എക്കാലത്തെയും അവിസ്മരണീയമായ ഒരു സ്ക്രിപ്റ്റ് ആയി ഉരുവപ്പെടുത്തിയെടുത്ത ശ്യാം പുഷ്കരന്റെയും ദിലീഷ് നായരുടെയും എഴുത്തു വൈഭവം അവർണനീയം. സിനിമാറ്റിക് ആയതെല്ലാം ഊറ്റിക്കളഞ്ഞ് തീർത്തും റിയൽ ആയ സംഭവങ്ങളും സംഭാഷണങ്ങളും ക്യാരക്റ്ററുകളും ഒരിക്കൽ പോലും തെല്ലും മുഷിപ്പിക്കാത്ത പരിചരണ ഗതികളുമായി കുറ്റമൊന്നും പറയാനില്ലാത്ത ഈ മാന്ത്രികരചന മലയാളസിനിമയെ ബഹുദൂരം മുന്നോട്ടെടുത്തെറിയുന്നു.

മാത്തനും ആപ്സും..

പ്രണയാനന്തര ജീവിതത്തിൽ കണ്ടുമുട്ടി ഒന്നിച്ചിടപഴകുന്ന മാത്യൂ എന്ന മാത്തന്റെയും അപർണ എന്ന ആപ്സിന്റെയും അതിസാധാരണമായ ജീവിതത്തിലേക്കാണ് ആഷിക് മായാനദി ഒഴുക്കുന്നത്. കോളേജിൽ സൂപ്പർ സീനിയറായിരുന്ന മാത്തൻ പ്രണയകാലത്ത് ഫ്രോഡ് പണി കാണിച്ചെന്ന് പറഞ്ഞ് ചീട്ടുകീറിയ അപർണയ്ക്ക് അയാളെ വീണ്ടും കാമുകനായി ആവശ്യമില്ല. ആങ്കറിംഗ്, ആഡ്ഫിലിം, സിനിമ ഓഡിഷൻ എന്നിവയൊക്കെയുമായി സ്ട്രഗിൾ ചെയ്ത് മുന്നോട്ടുപോവുന്ന അവളുടെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി തിരിച്ചുവന്ന മാത്തന്റെ സാമീപ്യവും സൗഹൃദവും അവൾ വല്ലാതെ ഇഷ്ടപ്പെടുന്നുണ്ട് താനും. ഒരു തമിഴ് ക്രിമിനൽ ഗ്യാംഗിലെ ഡ്രൈവറായിരുന്ന മാത്തൻ അവിടെ നടന്ന ഒരു വെടിവെപ്പിലും കൊലപാതകത്തിലും ഒക്കെ ഇന്‍വോള്‍വ്ഡ് ആയി കെട്ടുകണക്കിന് ഡോളറുമായിട്ടാണ് അവിടുന്ന് മുങ്ങി കൊച്ചിയിൽ എത്തിയിരിക്കുന്നത് എന്ന് അയാൾക്ക് മാത്രമേ അറിയൂ..

അതിസാധാരണം പക്ഷെ അത്യസാധാരണം..

ഇത്രയ്ക്കും സാധാരണമായ വൺലൈൻ വച്ച് മാത്തനെയും അപർണയെയും അവരുടെ ജീവിതത്തിലേക്ക് സ്ക്രിപ്റ്റിന്റെയും സിനിമയുടെയും ഭാരങ്ങൾ കൂടാതെ സംവിധായകനും രചയിതാക്കളും ചേർന്ന് തുറന്നു വിടുകയാണ് എന്നിടത്താണ് മായാനദി അത്യസാധാരണമായി മാറുന്നത്. അവരുടെ ജീവിതത്തിൽ സംഭവിക്കാൻ സാധ്യതയില്ലാത്തതായി ഒന്നോ രണ്ടോ പാട്ടുകൾ മാത്രമേ ആ 136 മിനിറ്റുകളിൽ സ്ക്രീനിൽ വരുന്നുള്ളൂ. "മാത്താ.. നമ്മൾ ഇപ്പോൾ ഇത്രയും അടുത്ത് നടക്കുന്നത് പോലും ഉള്ളുകൊണ്ട് ഞാൻ അത്രയ്ക്കും അകന്നാണ് നടക്കുന്നത് എന്ന് എനിക്ക് കോൺഫിഡൻസ് ഉള്ളതു കൊണ്ടാണ്" എന്നൊരിക്കൽ പറയുന്നുണ്ട്. അത്രമേൽ ആഹ്ലാദഭരിതയായ ഒരു ദിവസത്തിന്റെ ഒടുവിൽ അവൾ മാത്തനെ അമ്മയും മറ്റാരുമില്ലാത്തവീട്ടിലേക്ക് ക്ഷണിക്കുകയും അവളുടെ തന്നെ താല്പര്യപ്രകാരം സെക്സിലേക്ക് നയിക്കുന്നുമുണ്ട്. തന്റെ പ്രണയം തിരിച്ചുകിട്ടി എന്ന് സന്തോഷിച്ച് സുരതാനന്തരം ഭാവി പദ്ധതികൾ പ്ലാൻ ചെയ്യുന്ന അയാളോട് അവൾ പറയുന്നു. "സെക്സ് ഈസ് നോട്ട് എ പ്രോമിസ്. അത് ഇന്നലത്തെ മൂഡ്.. അത്രമാത്രം" എന്നാണ്. മലയാള സിനിമയിൽ ഒട്ടും പരിചിതമേയല്ലാത്ത സംഭാഷണങ്ങളും സാഹചര്യങ്ങളുമൊക്കെയാണ് ഇത്. ഒരു ആവറേജ് പ്രേക്ഷകനെപ്പോലെ മാത്തനും ചോദിച്ചു പോകുന്നു. "നീയെന്താ ഒരുമാതിരി പ്രോസ്റ്റിട്ട്യൂട്ടിനെ പോലെ
സംസാരിക്കുന്നത്" എന്നാണ്..

ഐശ്വര്യ ലക്ഷ്മിയും ടൊവിനോയും

"ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള"യിൽ ഒരു ചീളു നായികാറോളിൽ വന്ന ഐശ്വര്യ ലക്ഷ്മി എന്ന നടിയെ സംവിധായികൻ അപർണയായി മാറ്റിയിരിക്കുന്നത് വിസ്മയിപ്പിക്കും വണ്ണമാണ്. സിനിമയുടെ ആദ്യഭാഗത്തുള്ള ഓഡിഷൻ രംഗത്ത് ഉണ്ണിമായ അവതരിപ്പിക്കുന്ന അസിസ്റ്റന്റ് ഡയറക്റ്റർ കഥാപാത്രത്തിലൂടെ " "കൊച്ചേ നിന്റെ കയ്യിലുള്ള പ്ലാസ്റ്റിക്ക് ഐറ്റമൊന്നുമല്ല വേണ്ടത്" എന്ന് ആഷിക് അബു പറയിപ്പിക്കുന്നുമുണ്ട്. സിനിമയോടുള്ള തന്റെ നിലപാട് വ്യക്തമാക്കൽ കൂടിയാണ് അത്. ഒരു മികച്ച സംവിധായകന് ഏത് അഭിനേതാവിനെയും എങ്ങനെ വേണമെങ്കിലും ഇമ്പ്രൊവൈസ് ചെയ്യിച്ചെടുക്കാം എന്നതിന് മികച്ച ഉദാഹരണം കൂടി ആണ് മായാനദി. പാഴ് എന്നു പറയാവുന്ന ഒറ്റ ക്യാരക്റ്ററോ നടീനടന്മാരോ പടത്തിൽ ഇല്ല. വെറുതെ പിറകെ നടക്കുന്ന ഒന്നും ചെയ്യാനില്ലാത്ത മാത്തൻ ടൊവിനോ നന്നായി തന്നെ ചെയ്തു. അപർണയുടെ സമീറയോടുള്ള മൂന്നോ നാലോ വാചകങ്ങൾ മാത്രമായിട്ടാണ് മാത്തന്റെ വിശാലമായ ഒരു ഭൂതകാലം മുഴുവൻ കാണികൾക്ക് കിട്ടുന്നത്. അനാവശ്യ ഡീറ്റെയിലിംഗും ഇല്ല സഹനടന്മാരുടെ തള്ളുകളും ഒന്നുമില്ല. മലയാളത്തിലും ഇതൊക്കെ സാധ്യം തന്നെ.

കയ്യൊപ്പുള്ള ക്ലൈമാക്സും നോവിന്റെ ആരംഭവും

സംവിധായകൻ എന്ന നിലയിൽ ഉള്ള കയ്യൊപ്പ് പതിപ്പിച്ചിട്ട ക്ലൈമാക്സോടെ ആണ് ആഷിക്ക് അബു മാത്തന്റെയും അപർണയുടെയും പ്രണയാനന്തര കഥയ്ക്ക് നിർത്ത് ഇടുന്നത്. തീർത്തും പ്രതീക്ഷിക്കാവുന്നതും എന്നാൽ സിനിമയിൽ നിന്ന് ആരും പ്രതീക്ഷിക്കാത്തതുമായ ഒരു നോവിന്റെ തുടക്കം കൂടി ആണ് അത്. തിയേറ്ററിൽ ഇരുന്നപ്പോഴത്തേതിനെക്കാളും എത്രയോ മടങ്ങ് ഇറങ്ങിക്കഴിഞ്ഞ് സിനിമ പ്രേക്ഷകനിൽ പിടിമുറുക്കുന്ന അത്ര സാധാരണമല്ലാത്ത ഒരനുഭവം. ഹാറ്റ്സ് ഓഫ് ആഷിക് അബു..

English summary
Mayaanadhi movie review

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X