For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബോറടിപ്പിക്കാതെ പിടിച്ചിരുത്തുന്ന ഷാജി, സദീം മുഹമ്മദിന്റെ റിവ്യൂ

  By സദീം മുഹമ്മദ്
  |

  സദീം മുഹമ്മദ്

  ജേര്‍ണലിസ്റ്റ്
  സിനിമയെ വളരെ ഗൗരവത്തോടെ സമീപിക്കുന്ന സദീം മുഹമ്മദ് അറിയപ്പെടുന്ന മാധ്യമപ്രവര്‍ത്തകനാണ്. സിനിമയെ വേറിട്ട വീക്ഷണകോണിലൂടെ നോക്കികാണാന്‍ ശ്രമിക്കുന്ന എഴുത്തുകാരനാണ്.

  Rating:
  3.0/5
  Star Cast: Biju Menon, Asif Ali, Baiju
  Director: Nadirsha

  തീയേറ്ററിൽ കയറിയപ്രേക്ഷകനെ രണ്ട് രണ്ടര മണിക്കൂർ ബോറടിപ്പിക്കാതെ പിടിച്ചിരുത്തുവാൻ പറ്റുന്ന സിനിമ എന്ന നിലക്ക് നോക്കുമ്പോൾ മേരാ നാം ഷാജി എന്ന ചലച്ചിത്രത്തിന് ഒരു നൂറു കൈയ്യടി നല്കാവുന്നതാണ്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ മൂന്ന് ജില്ലക്കാരായ ഷാജി എന്നു പേരുള്ളവരെ പ്രധാന ക്യാരക്റ്ററുകളാക്കി കഥ പറയുന്ന രീതി രസകരമായി അവതരിപ്പിക്കുവാൻ സാധിച്ചുവെന്നുള്ളതിൽ സംവിധായകൻ നാദിർഷാക്കും തിരക്കഥാകൃത്ത് ദിലീപ് പൊന്നനും അഭിമാനിക്കാം.

  എന്നാൽ സിനിമയെ കവച്ചുവെക്കുന്ന പല വിധ വിനോദാപാധികളും ഉള്ള ആധുനിക ലോകത്ത് ഇപ്പോഴും സിനിമയെ തേടി ടെക്കികളായ യുവജനത പോലും കടന്നു വരുന്നത് സിനിമ ഉണ്ടാക്കുന്ന ഒരു പുതുമ നിറഞ്ഞ മാസ്മരികാനുഭവം കാരണമാണ്. ഇതാണ് തീയേറ്ററിനുള്ളിലേക്ക് പുറമെ നില്ക്കുന്ന ജനക്കൂട്ടത്തെ കൊണ്ടുവരിക. എന്നാൽ ഇങ്ങനെ ആൾക്കൂട്ടത്തെ ആകർഷിച്ചു കൊണ്ടുവരുവാൻ ഈ മേരാ നാമിന് സാധിച്ചിട്ടില്ലെന്നുള്ളതും പറയാതെ വയ്യ. സിനിമയുടെ പോസ്റ്ററിൽ ഫൺ ആന്റ് ത്രിൽ എന്ന് മേരാ നാം ഷാജി സിനിമയെ വിശേഷിപ്പിക്കുന്നുണ്ടെങ്കിലും പലപ്പോഴും ഫണ്ണിൽ മാത്രമാണ് ഈ സിനിമ നില്ക്കുന്നത്. ത്രിൽ കൊണ്ടുവരുവാൻ പലപ്പോഴും ശ്രമിക്കുന്നുണ്ടെങ്കിലും സിനിമയിലെ പല ട്വിസ്റ്റുകൾക്കും സിനിമയിൽ പ്രേക്ഷകന് പ്രോക്സിമിറ്റി ഉണ്ടാക്കുവാൻ പറ്റാതെ പോകുന്നുണ്ട്.

  കേരളം എന്ന ദൈവത്തിന്റെ സ്വന്തം നാടിന്റെ മതേതരത്വബോധവും മതസൗഹാർദ്ദവുമെല്ലാം ഊന്നിയുള്ള താണ് ഈ സിനിമയുടെ അടിസ്ഥാന കഥാതന്തു. പേരുകൊണ്ട് മതം തിരിച്ചറിയപ്പെടാത്ത നാടുകളിലൊന്ന് നമ്മുടെ കേരളമാണ്. കേരളത്തിന്റെ ഈ പ്രത്യേകതകളെ പാത്ര വല്ക്കരിക്കുന്നവരാണ് സിനിമയിലെ മൂന്നു കഥാപാത്രങ്ങളായ ഷാജി ഉസ്മാനുo (ബിജു മേനോൻ ), ഷാജി ജോർജ് ( ആസിഫലി ), ഷാജി സുകുമാരൻ ( ബൈജു ) നും.

  തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ മൂന്ന് ഭാഗങ്ങളിൽ നിന്നുള്ള ഈ മൂന്ന് പേരും ഒരേ സ്ഥലത്ത് എത്തിപ്പെടുന്നതോടെയാണ് സിനിമയുടെ കഥ ഫുൾ സ്വിങ്ങാകുന്നത്. ഷാജി ഉസ്മാൻ ഒരു ഗുണ്ടയാണ്.ഷാജി സുകുമാരൻ ഡ്രൈവറാണ്. ഷാജി ജോർജ് കാര്യമായ ജോലിയൊന്നുമില്ലാതെ നടക്കുന്ന ഒരു യുവാവാണ്.

  ഒരു മാസ് എസ്റ്റർടെയിനറിന്റെ എല്ലാ ചേരുവകളും ചേരുംപടി വേണ്ട പോലെ ചേർക്കാൻ സാധിച്ചിട്ടുണ്ടെന്നുള്ളത് ഈ സിനിമയുടെ ഒരു പ്രധാന പ്ലസ് പോയിന്റ്. എങ്കിലും അത് ചിലപ്പോഴെല്ലാം അതിര് കടന്നുവോ എന്നുള്ള സംശയത്തിന്നും ഇട നല്കുന്നുണ്ട്. തമാശക്കായുള്ള പല സംഭാഷണങ്ങളും സഭ്യതയുടെ അതിർവരമ്പുകൾ കടക്കുന്നതും ക്ലൈമാക്സിനോടനുബന്ധിച്ച് രഞ്ജിനി ഹരിദാസിന്റെ സ്ത്രീ കഥാപാത്രത്തിനോട് ഷാജി ഉസ്മാൻ നടത്തുന്ന സംഭാഷണങ്ങളുമെല്ലാം ഇതിനു ദാഹരണങ്ങളാണ്.

  ഇങ്ങനെ രണ്ടു പതിറ്റാണ്ട് മുൻപത്തെ സിനിമാരംഗത്തുണ്ടായിരുന്ന പല അബദ്ധ ധാരണകൾ സിനിമാ പ്രവർത്തകരെ നയിക്കുന്നതെന്ന് പലപ്പോഴും തോന്നിപ്പിക്കുന്നുണ്ട്. ഇതാണ് പലപ്പോഴും കടന്നു വരുന്ന കുണ്ടി, മണ്ടി പ്രയോഗങ്ങൾ കാണിക്കുന്നത്. ജീവിതവുമായി ബന്ധമില്ലാത്ത എന്തോ ആണ് കുണ്ടി എന്ന നിലക്കല്ല ഇതെഴുതുന്നത്. മറിച്ച് ഒരു കുടുംബ പ്രേക്ഷകർ ഒന്നിച്ചു കാണുവാൻ വരുന്ന രീതിയിലുള്ള ചലച്ചിത്രത്തിൽ ഇത്തരം കാര്യങ്ങൾ നിരന്തരം 'ആവർത്തിക്കുന്നത് ഉണ്ടാക്കുന്ന കാഴ്ചയിലെ കല്ലുകടിയാണ് ഇങ്ങനെ പറയിപ്പിക്കുന്നത്. ആകെ മൊത്തം സിനിമക്കു എന്റർടെയിനർ എന്ന നിലക്ക് കൈയടി നേടുമ്പോഴും ഒരു മൊത്തം പുതുമ തോന്നിപ്പിക്കാതെ വെറും പേരിനൊരു ഷാജി മാത്രമായാണ് മേരാ നാം ഷാജിയുടെ കാഴ്ച തോന്നിപ്പിക്കുക.

  അഭിനയത്തിന്റെ കാര്യത്തിൽ മൂന്നു ഷാജിമാരിലും എന്ത് കൊണ്ടും ഒന്നാം സ്ഥാനത്തിനുള്ള ഗപ്പ് നേടിയത് ബിജു മേനോന്റെ കഥാപാത്രം തന്നെ. കോഴിക്കോടൻ സ്ലാങ്കിലും നടപ്പിലും ഭാവത്തിലുമെല്ലാം ഉസ്മാൻ ഷാജിയെ ബിജു ജോറാക്കിയിട്ടുണ്ട്. അതുപോലെ ആ സിഫലി - ധർമജൻ ബോൾഗാട്ടി ജോടിയും ഏറെ വ്യത്യസ്തമായിട്ടുണ്ട്.

  എന്നാൽ പലപ്പോഴും പശ്ചാത്തല സംഗീതം അനവസരത്തിലുള്ളതും സംഭാഷണത്തെപോലും കൊല്ലുന്നതായിട്ടുണ്ട്. ചെറിയ ചെറിയ റോളുകളിലാണെങ്കിലും മലയാളിയുടെ മനസ്സിൽ / ഓർമയിൽ തങ്ങി നില്ക്കുന്ന പല പഴയ നടന്മാരും പുതിയ മുഖങ്ങളെയും കൊണ്ടുവന്ന രീതിയുടെ പേരിൽ നാദിർഷ യെ പ്രത്യേകം അഭിനന്ദിച്ചേ തീരൂ. സാദിഖ്, കലാഭവൻ നവാസ്, മൈഥിലിതുടങ്ങി അവതാരിക രഞ്ജിനി ഹരിദാസ്, ദൃശ്യമാധ്യമ പ്രവർത്തകൻ ദീപക് ധർമടം, തുടങ്ങി വന്നു പോകുന്നവരെല്ലാം ഇത് തെളിയിക്കുന്നുണ്ട്

  ഒരു മാസ് എസ്റ്റർടെയിനറിന്റെ എല്ലാ ചേരുവകളും ചേരുംപടി വേണ്ട പോലെ ചേർക്കാൻ സാധിച്ചിട്ടുണ്ടെന്നുള്ളത് ഈ സിനിമയുടെ ഒരു പ്രധാന പ്ലസ് പോയിന്റ്.

  English summary
  mera naam shaji movie review
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X