twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ട്രക്ക് ഡ്രൈവറുടെ വൈകാരിക സംഘർഷങ്ങളുമായി "മൈൽ സ്റ്റോൺ". മൂല്യമുള്ള അനുഭവം — ശൈലന്റെ റിവ്യൂ

    |

    ശൈലൻ

    എഴുത്തുകാരന്‍
    കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല.. സാഹിത്യകാരനെന്നോ വിമർശകനെന്നോ ഉള്ള ലേബലുകൾ കൂടാതെ പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്. പ്രിന്റ് മീഡിയയിലും സജീവം. എട്ട് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

    Rating:
    3.5/5
    Star Cast: Lakshvir Saran, Suvinder Vicky
    Director: Ivan Ayr

    ഒരു ഇൻഡ്യൻ സിനിമയോ ഹിന്ദി സിനിമയോ കാണുന്ന മൂഡ് അല്ല ഈയാഴ്ച നെറ്റ്ഫ്ളിക്സിൽ പ്രീമിയർ ചെയ്ത "മൈൽ സ്റ്റോൺ" (മീൽപത്ഥർ) കാണുമ്പോൾ. അസ്സലി ഇന്റർനാഷണൽ സ്റ്റഫ്. ചലച്ചിത്രോത്സവങ്ങളിൽ കാണാറുള്ള ഏതോ വിദേശഭാഷാചിത്രത്തിന്റെ ഫീൽ. കഥാപാത്രങ്ങൾ ഹിന്ദിയിലും പഞ്ചാബിയിലും കാശ്മീരിയിലും സംസാരിക്കുന്നു എന്നേ ഉള്ളൂ.

    കഥാപാത്രങ്ങൾ എന്നുപറയാൻ ഒരുപാട് പേരൊന്നുമില്ല. നാഷണൽ പെർമിറ്റ് ട്രക്ക് ഡ്രൈവർ ആയ ഗാലിബ് ആണ് സിനിമയുടെ കേന്ദ്രം. ഉറുദുകവിയായ മിഴ്സാ ഗാലിബിന്റെ പേര് അയാൾക്ക് കൊടുത്തത് മനഃപൂർവം ആണെന്ന് സംവിധായകൻ ഐവാൻ ഒരു അഭിമുഖത്തിൽ പറയുന്നുണ്ട്. ആന്തരികസംഘർഷങ്ങളുടെ ഒരു മഹാകാവ്യം തന്നെയാണ് നായകൻ.

    പഞ്ചാബ് സ്വദേശിയായ അയാൾ ഡൽഹിയിലെ ഏതോ ചരക്ക് ഗതാഗത കമ്പനിയിൽ ആണ് ജോലി ചെയ്യുന്നത്. മധ്യവയസ്കനാണ്. സിക്കിംകാരിയായിരുന്ന ഭാര്യ ഇതാലി മരിച്ചുപോയിരിക്കുന്നു. അയാളുടെ ദീർഘദൂര ട്രിപ്പുകൾക്കിടയിലുള്ള ഒറ്റപ്പെടലും അവഗണനയും കാരണമാണ് ഭാര്യ മരിച്ചത് എന്ന് ആരോപണമുണ്ട്. ആള് പൊതുവെ മൗനിയാണ്. സംഭാഷണങ്ങൾ അല്ല അയാളുടെ ഉള്ളിൽ തളംകെട്ടി നിൽക്കുന്ന വികാര വിക്ഷോഭങ്ങൾ ആണ് നമ്മളോട് സംവദിക്കുന്നത്.

    milestonemoviereview

    ഒരു ദിവസം ജോലിക്കെത്തുമ്പോൾ അയാൾ ഓടിക്കുന്ന ട്രക്ക് 5ലക്ഷം കിലോമീറ്റർ ഓടിയതായി മീറ്ററിൽ കാണുന്നു. അഞ്ച് ലക്ഷം കിലോമീറ്റർ ദൂരവും ആ ട്രക്ക് റോട്ടിലോടിച്ചത് ഗാലിബ് തന്നെയാണ്. അത്ര മൂത്ത വണ്ടിയും ഡ്രൈവറും അവിടെ ഇല്ല. കയറ്റിറക്ക് തൊഴിലാളി സമരം കാരണം സഹായത്തിനായി, നടുവേദന ഉള്ള ഗാലിബ്, ഒരു സഹായിയെ ചോദിക്കുമ്പോൾ കമ്പനി ഒരു ജൂനിയർ ഡ്രൈവറെ തന്നെ കൊടുക്കുന്നു. പണി പാളിയതായി പുള്ളിക്ക് മനസ്സിലാവുന്നു.

    ലോറിയും റോഡും ഇടത്താവളങ്ങളും വണ്ടിപ്പാളയങ്ങളും അതുമായി ബന്ധപ്പെട്ട ശബ്ദമുഖരിതകളും ആണ് അയാളുടെ ജീവിതം.. അല്ലെങ്കിൽ അയാൾ തന്നെയും. കുവൈത്തിൽ ട്രക്ക് ഡ്രൈവറായിരുന്നു പിതാവ് എന്നും അവിടെയാണ് ഗാലിബ് ജനിച്ചത് എന്നും പരാമർശിക്കുന്നുണ്ട്. ഫ്ലാഷ്ബാക്കുകളില്ല. പഞ്ചാബിലെ ഗ്രാമത്തിൽ സർപ്പഞ്ച് വിളിച്ചുകൂട്ടിയ യോഗത്തിൽ സിക്കിമിൽ നിന്ന് വന്ന ഭാര്യാപിതാവിനും ഭാര്യസഹോദരിക്കും അയാൾ ഭാര്യയുടെ മരണത്തിന് കോമ്പൻസേഷൻ നൽകുന്നത് കാണിക്കുന്നുണ്ട് . യാത്രക്കിടയിൽ തന്നെയാവും അയാൾ ഇതാലിയെ കല്യാണം കഴിച്ചതും.

    സ്‌ക്രീനിൽ എഴുതിയ കവിത എന്ന് വിളിക്കാവുന്ന ഒരു സിനിമ ആയിട്ടാണ് "മൈൽ സ്റ്റോൺ" പേഴ്‌സണൽ ആയി അനുഭവപ്പെട്ടത്. ധ്വനിസാന്ദ്രമാണ് ഓരോ ഫ്രെയിമുകളും. പറഞ്ഞതിൽ കൂടുതൽ പറയാത്തവ മുഴങ്ങുന്നു അവയിൽ. കളർഫുള്ളായ ഒറ്റ രംഗങ്ങളും ഇല്ല. ഗ്രേ ബ്ലൂവിഷ് ടോണുകളിൽ നിറം മങ്ങിയ കാഴ്ചകൾ ആണ് സിനിമയിൽ ഉടനീളം.. ഗാലിബിന്റെ ജീവിതത്തെയും പൊടിപിടിച്ച വണ്ടിയെയും പാതയോരങ്ങളെയും പോലെ.. കൊളംബിയക്കാരനായ ആഞ്ചലോ ഫാസിനി ആണ് സിനിമാട്ടോഗ്രാഫർ.

    ഗാലിബ് എന്നത് പോലെ ജൂനിയർ ഡ്രൈവർ ആയി വരുന്ന പയ്യന്റെ പാഷ് എന്ന പേരും ഒരു കവിയുടെ ആണ്. അവതാർ സിംഗ് സന്ധു. മുപ്പത്തെട്ടാമത്തെ വയസിൽ കൊലചെയ്യപ്പെട്ട പഞ്ചാബി വിപ്ലവകവി. പാഷിന്റെ കഥയും പരിതാപകരമാണ്. അതിനെ ഒരു സബ്പ്ലോട്ടായി വളർത്താൻ നിൽക്കാതെ ഒന്നോ രണ്ടോ സംഭാഷണങ്ങളിലൂടെ പ്രേക്ഷകനിൽ എത്തിക്കുന്നു സംവിധായകൻ. എന്തിന് പാഷിന്റെ കാര്യം പറയണം, ഗാലിബിന്റെ ഭാര്യ ഇതാലിയെ പോലും മറ്റുള്ളവരുടെ ഓർമ്മകളിലും സംഭാഷണങ്ങളിലും ആയിട്ടല്ലാതെ ഫ്രെയിമിൽ കൊണ്ടുവന്നിട്ടേയില്ല.

    പാട്ടുകളില്ലാത്ത സിനിമയിൽ പശ്‌ചാത്തലസംഗീതവും ഉപയോഗിച്ചിട്ടില്ല.. വണ്ടികളുടെയും റോഡിന്റെയും ഗ്യാരേജിന്റെയും മറ്റും ശബ്ദങ്ങൾ മാത്രമാണ് പശ്ചാത്തലത്തിൽ വരുന്നത്.. ഉടനീളം ഒരു ട്രാക്കിലിരിക്കുന്നതോ യാത്ര ചെയ്യുന്നതോ ഹൈവേയുടെ സൈഡിൽ നിൽക്കുന്നതോ ആയ ഫീൽ ഇതിൽ നിന്ന് കിട്ടുന്നുണ്ട്. ഗൗതം നായർ ആണ് ബാക്ക്ഗ്രൗണ്ട് ചെയ്തത്.

    ചണ്ഡീഗഡ് സ്വദേശിയായ ഐവാൻ ഐറിന്റെ ആദ്യ സിനിമയായ സോണി നിരൂപകശ്രദ്ധ നേടിയെടുത്തതാണ്. മൈൽ സ്റ്റോൺ വെനീസ് ഇൻറർനാഷണൽ ഫെസ്റ്റിവലിൽ ആയിരുന്നു പ്രീമിയർ. സിംഗപ്പൂർ ഫെസ്റ്റിവലിൽ മികച്ച നടനുള്ള അവാർഡ് സുഖ്‌വിന്ദർ വിക്കിയ്ക്ക് ഗാലിബായുള്ള അസാമാന്യമായ അഭിനയമികവിന് ലഭിക്കുകയുണ്ടായി. കണ്ടുതീർന്നാലും കൂടെ പോരും ഗാലിബും അയാളുടെ ഉള്ളിലെ വിങ്ങലും. മൈൽ സ്റ്റോൺ മൂല്യമുള്ള ഒരു കാഴ്ചാനുഭവമാകുന്നത് അതുകൊണ്ട് കൂടിയാണ്.

    Read more about: review റിവ്യൂ
    English summary
    Milestone Movie review: This Award winning movie is a Well Crafted Drama
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X