»   » ആറുമാസം 60 സിനിമ

ആറുമാസം 60 സിനിമ

Posted By: നിര്‍മല്‍
Subscribe to Filmibeat Malayalam

ആറുമാസം 60 സിനിമ, 2012 പകുതിയാകുമ്പോള്‍ മലയാള സിനിമയുടെ കണക്കെടുക്കുമ്പോള്‍ വിജയിച്ച ചിത്രങ്ങളുടെ എണ്ണം പതിവുപോലെയാണെങ്കിലും സിനിമയിലാകെ പുത്തന്‍ ഉണര്‍വുവന്ന കാലം എന്നു വിശേഷിപ്പിക്കാം. ന്യൂ ജനറേഷന്‍ സിനിമകള്‍ കൂടുതല്‍ സജീവമാകുന്നു, സൂപ്പര്‍താരങ്ങള്‍ പോലും ഇത്തരം ചിത്രങ്ങളുടെ വക്താക്കളാകുന്നു, ഇതുവരെ ആരും കൈവയ്ക്കാത്ത മേഖലയിലേക്ക് മലയാള സിനിമ പോകുന്നു, എല്ലാറ്റിനുമുപരി കഥയാണു വിജയത്തിന്റെ കാരണം എന്ന സത്യം കൂടുതല്‍ തിളക്കത്തോടെ വെളിപ്പെട്ടുവരുന്നു. ആറുമാസത്തെ ഇങ്ങനെ പല ന്യായങ്ങള്‍ കൊണ്ടും അവകാശവാദങ്ങള്‍ കൊണ്ടും വിശേഷിപ്പിക്കാം. ഓര്‍ക്കൂട്ട് ഒരു ഓര്‍മക്കൂട്ട് മുതല്‍ നമുക്കുപാര്‍ക്കാന്‍ വരെ 60 സിനിമകളാണ് ജനുവരി മുതല്‍ ജൂണ്‍വരെ ഈ വര്‍ഷം റിലീസ് ചെയ്തത്. ഇതില്‍ വിജയിച്ച ചിത്രങ്ങള്‍ എത്രയെന്നുനോക്കുമ്പോള്‍ വിരലിലെണ്ണാവുന്നതു മാത്രമേയുണ്ടാകൂ.

New Trend in Mollywood

സ്പാനിഷ് മസാലയും കാസനോവയും

ജനുവരിയില്‍ ഓര്‍ക്കൂട്ട് ഒരു ഓര്‍മക്കൂട്ട്, അസുരവിത്ത്, കുഞ്ഞളിയന്‍, പത്മശ്രീ ഭരത് ഡോ. സരോജ്കുമാര്‍, സ്പാനിഷ് മസാല, കാസനോവ എന്നീ ചിത്രങ്ങള്‍ റിലീസ് ചെയ്തു. ഇതില്‍ സ്പാനിഷ് മസാല മാത്രമേ അല്‍പമെങ്കിലും നേട്ടമുണ്ടാക്കിയുള്ളൂ. ദിലീപ് നായകനായ ഈ ചിത്രം ലാല്‍ജോസ് ആണ് സംവിധാനംചെയ്തത്. ബെന്നി പി. നായരമ്പലമായിരുന്നു തിരക്കഥ. കഥയ്ക്ക് പുതുമയൊന്നുമില്ലെങ്കിലും വിരസതയില്ലാതെ കണ്ടിരിക്കാമെന്നേ ചിത്രത്തെക്കുറിച്ചു പറയാന്‍ പറ്റൂ. മോഹന്‍ലാലിന്റെ ഏറ്റവും ചെലവേറിയ ചിത്രങ്ങളിലൊന്നായിരുന്നു റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത കാസനോവ. എന്തിന് ഇത്രയും മുതല്‍മുടക്കില്‍ ഒരു ചിത്രമെന്ന് നിര്‍മാണത്തിനു മുന്‍പ് ചിന്തിച്ചിരുന്നെങ്കില്‍ ലാലിന് ഒരു പരാജയചിത്രം ഒഴിവാക്കാമായിരുന്നു. ഹിറ്റുകള്‍ മാത്രമൊരുക്കിയ തിരക്കഥാകൃത്തുക്കളായ സഞ്ജയ് -ബോബിയുടെ പാഴ്‌സൃഷ്ടിയായിരുന്നു കാസനോവ.

ഉദയനാണുതാരം എന്ന ചിത്രത്തിന്റെ രണ്ടാംഭാഗമായിരുന്നു പത്മശ്രീഭരത് ഡോ. സരോജ്കുമാര്‍. ശ്രീനിവാസന്‍ തിരക്കഥകള്‍ക്ക് ഇനി മലയാളത്തില്‍ വിയജസാധ്യതയില്ലെന്ന് ഒരിക്കല്‍ കൂടി അടിവരയിടുന്നതായിരുന്നു ഈ ചിത്രം. മലയാള സിനിമയിലെ പുഴുക്കുത്തുകളെ വിമര്‍ശിക്കുന്ന ചിത്രമായിരുന്നെങ്കിലും കഥയില്ലായ്മ ചിത്രത്തെ വല്ലാതെ ബാധിച്ചു. സൂപ്പര്‍താരങ്ങളെ വല്ലാതെ വിമര്‍ശിക്കുന്നതായിരുന്നു ചിത്രം. മോഹന്‍ലാല്‍ ഫാന്‍സുകാര്‍ ഈ ചിത്രത്തിനെതിരെ തിരിയാന്‍ കാരണവും അതായിരുന്നു. ജയസൂര്യയുടെ ഒരു പതിവു ബോറന്‍ ചിത്രമായിരുന്നു കുഞ്ഞളിയന്‍. ഇത്തരം നിലവാരം കുറഞ്ഞ തമാശകൊണ്ട് മലയാളികളെ ഇനിയും ചിരിപ്പിക്കാന്‍ കഴിയില്ലെന്ന് അണിയറക്കാരും നടനും ആലോചിച്ചില്ല.

സെക്കന്‍ഡ് ഷോയും ഈ അടുത്ത കാലത്തും

സെക്കന്‍ഡ് ഷോ, ഞാനും എന്റെ ഫാമിലിയും കൊച്ചി, മുല്ലശേരി മാധവന്‍കുട്ടി നേമം പിഒ, തെമ്മാടിക്കൂട്ടം, ഉന്നം, ഈ തിരക്കിനിടയില്‍, ഊമക്കുയില്‍ പാടുമ്പോള്‍, ഈ അടുത്തകാലത്ത്, ഐഡിയല്‍ കപ്പിള്‍, നിദ്ര എന്നിവയായിരുന്നു ഫെബ്രുവരി റിലീസുകള്‍. സെക്കന്‍ഡ് ഷോ, ഈ അടുത്തകാലത്ത് എന്നിവയാണ് ഫെബ്രുവരിയില്‍ നേട്ടമുണ്ടാക്കിയ ചിത്രം. ന്യൂ ജനറേഷന്‍ ചിത്രങ്ങള്‍ക്ക് മലയാളത്തില്‍ കൂടുതല്‍ സാധ്യതയുണ്ടെന്നു തെളിയിക്കുന്നതായിരുന്നു അരുണ്‍ അരവിന്ദ് സംവിധാനം ചെയ്ത ഈ അടുത്തകാലത്ത്. മുരളി ഗോപിയുടെതായിരുന്നു തിരക്കഥ. ഇന്ദ്രജിത്, നിഷാന്‍, മുരളിഗോപി എന്നിവരായിരുന്നു പ്രധാനതാരങ്ങള്‍.

കഥയുടെ കെട്ടുറപ്പുതന്നെയായിരുന്നു ചിത്രത്തിന്റെ വിജയം. മമ്മൂട്ടിയുടെ മകന്‍ ആദ്യമായി അഭിനയിച്ച ചിത്രമെന്ന നിലയിലാണ് സെക്കന്‍ഡ് ഷോ തിയറ്ററില്‍ എത്തിയത്. പുതുമുഖക്കാരായ കുറച്ചു ചെറുപ്പക്കാരുടെ കന്നി സംരംഭം എന്ന നിലയില്‍ ചിത്രം ശ്രദ്ധിക്കപ്പെട്ടു. വര്‍ഷങ്ങള്‍ക്കു മുന്‍പ് ഭരതന്‍ സംവിധാനം ചെയ്ത നിദ്ര മകന്‍ സിദ്ധാര്‍ഥ് വീണ്ടുമൊരുക്കിയതിന്റെ ചേതോവികാരം എന്തായിരുന്നുവെന്ന് ചിത്രം കണ്ടവര്‍ക്കാര്‍ക്കും പിടികിട്ടിയില്ല. ഒരു സംവിധായകനായി സിദ്ധാര്‍ഥിന് തുടങ്ങാന്‍ അച്ഛന്റെ ചിത്രം പുനരാവിഷ്‌ക്കരിച്ചുകൊണ്ടായിരിക്കണമെന്ന വാശി മലയാളി പ്രേക്ഷകര്‍ക്കൊന്നുമുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ആരും ഈ ചിത്രം റിലീസ് ചെയ്ത തിയറ്ററിന്റെ വഴിയിലൂടെ പോയതുമില്ല.

വയലിന്‍ എന്ന ചിത്രത്തിനു ശേഷം സിബിമലയില്‍ സംവിധാനം ചെയ്ത ഉന്നം എന്ന ചിത്രവും ഉന്നംതെറ്റിയാണ് തിയറ്ററില്‍ എത്തിയത്. ആസിഫ്അലിയുടെ രണ്ടാമത്തെ പരാജയമായിരുന്നു 2012ല്‍. ആദ്യം റിലീസ് ചെയ്ത എ.കെ.സാജന്റെ അസുരവിത്തും ഉന്നവും തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കുന്നതുപോലെയായിരുന്നു.

ഓര്‍ഡിനറിയും കിങ് ആന്റ് കമ്മീഷണറും

അച്ഛന്റെ ആണ്‍മക്കള്‍, തല്‍സമയം ഒരു പെണ്‍കുട്ടി, ക്രൈം സ്റ്റോറി, പകര്‍ന്നാട്ടം, ധന്യം, ഓറഞ്ച്, കര്‍മയോഗി, ഓര്‍ഡിനറി, കിങ് ആന്‍ഡ് കമ്മീഷണര്‍, മാസ്‌റ്റേഴ്‌സ്, ഔട്ട്‌സൈഡര്‍ എന്നിവയായിരുന്നു മാര്‍ച്ച് റിലീസുകള്‍. കുഞ്ചാക്കോ ബോബന്‍, ബിജുമേനോന്‍ എന്നിവര്‍ തകര്‍ത്തഭിനയിച്ച ഓര്‍ഡിനറിയാണ് മാര്‍ച്ചിലെ വെല്ലുവിളി വിജയിച്ച ചിത്രം. സുഗീത് എന്ന നവാഗത സംവിധായകന്‍ മനു-നിഷാദ് കോയ എന്നീ പുതിയ തിരക്കഥാകൃത്തുക്കളെയും കൊണ്ടെത്തിയ ഓര്‍ഡിനറി ഗവി എന്ന സ്ഥലത്തിന്റെ മനോഹാരിത മലയാളിക്കു പരിചയപ്പെടുത്തി. കഥയിയില്‍ പുതുമയൊന്നുമില്ലെങ്കിലും കഥപറച്ചിലിന്റെ രീതിയും പശ്ചാത്തലവും ചിത്രത്തിന്റെ വിജയത്തിന് ആക്കംകൂട്ടി.

വര്‍ഷങ്ങള്‍ക്കു ശേഷം ഷാജികൈലാസ്, രഞ്ജി പണിക്കര്‍, മമ്മൂട്ടി, സുരേഷ്‌ഗോപി എന്നിവര്‍ ഒന്നിച്ച ചിത്രമായിരുന്നു കിങ് ആന്‍ഡ് കമ്മിഷണര്‍. രാഷ്ട്രീയ ചിത്രങ്ങള്‍ക്ക് മലയാളത്തില്‍ ഇനി സാധ്യതയില്ലെന്നു തെളിയിച്ചു കൊണ്ട് ഈ ചിത്രം ബോക്‌സ്ഓഫിസില്‍ തകര്‍ന്നടിഞ്ഞു. ഉത്തരേന്ത്യന്‍ രാഷ്ട്രീയവും ഇംഗഌഷ് ഡയലോഗുകളും കൊണ്ട് ഇനി മലയാളികളെ രോമാഞ്ചം കൊള്ളിക്കാന്‍ സാധിക്കില്ലെന്ന് രഞ്ജി പണിക്കര്‍ തിരിച്ചറിഞ്ഞുകാണും.

ടി.കെ. രാജീവ്കുമാറിന്റെ തല്‍സമയം ഒരു പെണ്‍കുട്ടി സത്യത്തെതുറന്നുകാട്ടാനുള്ള ശ്രമമാണു കാണിച്ചതെങ്കിലും വിശ്വാസ്യതയുടെ പോരായ്മകാരണം വിജയം കൈവരിച്ചില്ല. ചാനലുകളിലെ റിയാലിറ്റി ഷോയുടെ യഥാര്‍ഥ മുഖം തുറന്നുകാട്ടുന്ന ചിത്രമായിരുന്നു ഉണ്ണി മുകുന്ദന്‍, നിത്യമേനോന്‍., ശ്വേതാമേനന്‍ എന്നിവര്‍ അഭിനയിച്ച ചിത്രം. പൃഥ്വിരാജും തമിഴ്‌നടന്‍ ശശികുമാറും തുല്യപ്രാധാന്യത്തോടെ അഭിനയിച്ച മാസ്‌റ്റേഴ്‌സ് വന്‍പരാജയമായിരുന്നു. ജോണി ആന്റണിയായിരുന്നു സംവിധാനം. പ്രേംലാല്‍ സംവിധാനം ചെയ്ത ഔട്ട്‌സൈഡര്‍ നല്ല പ്രമേയമായിരുന്നെങ്കിലും മാര്‍ക്കറ്റിങ്ങിലെ പരാജയം കാരണം വിജയിച്ചില്ല.

മായാമോഹിനി, കോബ്ര, 22 ഫീമെയില്‍

പുലിവാല്‍പട്ടണം, ട്രാക്ക്, മായാമോഹിനി, കോബ്ര, 22 ഫീമെയില്‍ കോട്ടയം, ജോസേട്ടന്റെ ഹീറോ, എംഎല്‍എ മണി പത്താംക്ലാസും ഗുസ്തിയും, ഡോ.ഇന്നസെന്റ്, ലൂമിയര്‍ ബ്രദേഴ്‌സ് എന്നിവയായിരുന്നു ഏപ്രില്‍ റിലീസുകള്‍. മായാമോഹിനി, 22 ഫീമെയില്‍ കോട്ടയം എന്നിവയാണ് ശ്രദ്ധിക്കപ്പെട്ടത്. വിജയത്തെക്കാള്‍ വന്‍പരാജയങ്ങളായിരുന്നു ഏപ്രിലിന്റെ പ്രത്യേകത. മമ്മൂട്ടിയെ നായകനാക്കി ലാല്‍ സംവിധാനം ചെയ്ത കോബ്ര പരാജയപ്പെട്ടപ്പോള്‍ ഒരു കാര്യം വ്യക്തമായി- മലയാളി പ്രേക്ഷകനു നല്ലതും ചീത്തതും തിരിച്ചറിയാനുള്ള കഴിവുണ്ടെന്ന്. അറുവഷളന്‍ തമാശകളും അതിനേക്കാള്‍ മടുപ്പിക്കുന്ന രീതിയിലുള്ള അഭിനയവും കൊണ്ട് തിയറ്ററില്‍ ഇരുന്ന് പൊറുതിമുട്ടുകയായിരുന്നു പ്രേക്ഷകര്‍. ദിലീപ് പെണ്‍വേഷം കൊണ്ട് കുടുംബപ്രേക്ഷകരെ കയ്യിലെടുത്ത ചിത്രമായിരുന്നു മായാമോഹിനി. സാള്‍ട്ട് ആന്‍ഡ് പെപ്പറിലൂടെ ന്യൂജനറേഷന്‍ ചിത്രങ്ങളുടെ അമരക്കാരനായ ആഷിഖ് അബുവിന്റെ പുത്തന്‍പരീക്ഷണവും വന്‍വിജയമായി. കോട്ടയം സിനിമയില്‍ ഫഹദിന്റെ അഭിനയമായിരുന്നു എടുത്തുപറയേണ്ട പ്രത്യേകത.

ഗ്രാന്റ് മാസ്റ്റര്‍, ഡയമണ്ട് നെക്‌ളേസ്, മല്ലുസിങ്

ഗ്രാന്‍ഡ് മാസ്റ്റര്‍, ഡയമണ്ട് നെക്ക്‌ലേസ്, മല്ലുസിങ്, അരികെ, ഹൃഹനാഥന്‍, ല്ക്ഷ്മിവിലാസം രേണുക മകന്‍ രഘുരാമന്‍, മഞ്ചാടിക്കുരു, ഹീറോ, ഏഴാം സൂര്യന്‍ എന്നിവയായിരുന്നു മെയ്മാസച്ചൂടില്‍ തിയറ്ററിലെത്തിയത്. അതില്‍ ഡയമണ്ട് നെക്ലേസും മല്ലുസിങ്ങും ഇപ്പോഴും തിയറ്ററില്‍ ആള്‍ത്തിരക്കില്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ലാല്‍ജോസിന്റെ ഈ വര്‍ഷത്തെ രണ്ടാമത്തെ ചിത്രമായിരുന്നു ഡയമണ്ട് നെക്ലേസ്. ഫഹദിന്റെ മികച്ച പ്രകടനം തന്നെയാണ് ഇതിന്റെയും ഹൈലൈറ്റ്. പോക്കിരിരാജ, സീനിയേഴ്‌സ് എന്നീ ചിത്രങ്ങളൊരുക്കിയ വൈശാ്ഖ് മല്ലുസിങ്ങിലൂടെ ഹാട്രിക് വിജയം നേടി. ഉണ്ണിമുകുന്ദന്‍, കുഞ്ചാക്കോ ബോബന്‍, മനോജ് കെ. ജയന്‍ എന്നിവരായിരുന്നു പ്രധാനതാരങ്ങള്‍.

എന്നാല്‍ മോഹന്‍ലാലിന്റെ ഗ്രാന്‍ഡ്മാസ്റ്റര്‍ പുതുമയുള്ള അവതരണമായിരുന്നെങ്കിലും പ്രേക്ഷകര്‍ തിയറ്ററിലെത്തിയില്ല. മോഹന്‍ലാലിന്റെ മുന്‍ ചിത്രങ്ങളെല്ലാം പ്രേക്ഷകരുടെ ക്ഷമ പരീക്ഷിക്കുന്നതായിരുന്നതിനാല്‍ ഇതിലും ഒരു പരീക്ഷണം വേണ്ടെന്നു അവര്‍ കരുതിക്കാണും. ഫലം നല്ലൊരു ചിത്രം ശ്രദ്ധിക്കപ്പെടാതെ പോയി. ശ്യാമപ്രസാദിന്റെ ദിലീപ് ചിത്രമായ അരികെയുടെ പരാജയവും എടുത്തുപറയേണ്ടതാണ്. നല്ലൊരു കഥയായിരുന്നെങ്കിലും അവതരണത്തിലെ ഇഴച്ചിലാണ് അരികെയില്‍ നിന്ന് പ്രേക്ഷകരെ അകലെയാക്കിയത്.
പുതിയമുഖത്തിന്റെ വിജയത്തിനു ശേഷം ദീപന്‍ പൃഥ്വിയെ നാകയകനാക്കി സംവിധാനം ചെയ്ത ഹീറോയും വന്‍ പരാജയമായി.

സ്പിരിറ്റ്, ഉസ്താദ് ഹോട്ടല്‍

തിരുവമ്പാടി തമ്പാന്‍, വീണ്ടും കണ്ണൂര്‍,നവാഗതര്‍ക്കു സ്വാഗതം, സനേക്ക് ആന്‍ഡ് ലാഡര്‍, വാധ്യാര്‍, സ്പിരിറ്റ്, ബാച്ച്‌ലര്‍ പാര്‍ട്ടി, കലികാലം, സൈലന്റ് വാലി, ഉസ്താദ് ഹോട്ടല്‍, നമുക്കു പാര്‍ക്കാന്‍ നംപര്‍ 66 മധുര ബസ് എന്നിവയാണ് ജൂണില്‍ തിയറ്ററിലെത്തിയത്.
രഞ്ജിത്തും മോഹന്‍ലാലും റോക്ക് ആന്‍ റോളിനു ശേഷം ഒന്നിച്ച സ്പിരിറ്റ് തന്നെയാണ് ഈ മാസത്തെ മികച്ച ചിത്രം. മോഹന്‍ലാലിനെ സാധാരണക്കാരനായ ഒരു നായകനാക്കി ഒരുക്കിയ സ്പിരിറ്റ് സമൂഹത്തിനു നേരെ പിടിച്ച കണ്ണാടികൂടിയായിരുന്നു.മദ്യം എന്ന വിപത്തില്‍ മുങ്ങിത്താണ മലയാളിക്ക് സ്വയം നന്നാകാനുള്ള ഒരു അവസരമായിരുന്നു ഈചിത്രം. ശങ്കര്‍ രാമകൃഷ്ണന്‍ എന്ന നല്ലൊരു നടനെ മലയാളിക്കു സമ്മാനിച്ച ചിത്രംകൂടിയായിരുന്നു ഇത്.

പതിവുപോലെ ജയസൂര്യയുടെ ഒരു ചിത്രം കൂടി തിയറ്ററിലെത്തി പരാജയപ്പെട്ടു മടങ്ങി. സ്‌കൂള്‍ കഥ പറഞ്ഞ വാധ്യാര്‍ വന്‍പരാജയമായി. ഷിക്കാറിനു ശേഷം പത്മകുമാര്‍ സംവിധാനം ചെയ്ത തിരുവമ്പാടി തമ്പാനും ശ്രദ്ധിക്കപ്പെട്ടില്ല. ജയറാം ആയിരുന്നു നായകന്‍. ബെല്ലി ഡാന്‍സും ഐറ്റം ഡാന്‍സും സ്ലോമോഷന്‍ ക്യാമറയുമുണ്ടെങ്കില്‍ സിനിമയാകില്ലെന്നതിന്റെ തെളിവാണ് ബാച്ചിലര്‍ പാര്‍ട്ടിയുടെ പരാജയം. പൃഥ്വി, ഇന്ദ്രജിത്, റഹ്മാന്‍, കലാഭവന്‍മണി, ആസിഫ് അലി, നിത്യ മേനോന്‍, പത്മപ്രിയ എന്നിങ്ങനെ വന്‍താരനിര തന്നെയുണ്ടായിരുന്നു ചിത്രത്തില്‍. അമല്‍നീരദ് നല്ല ക്യാമറമാന്‍ ആയിരിക്കും എന്നാല്‍ നല്ല സംവിധായകനല്ല എന്ന് ചിത്രം തെളിയിച്ചു.
മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖറിന്റെ രണ്ടാമത്തെ ചിത്രമായ ഉസ്താദ് ഹോട്ടല്‍ അന്‍വര്‍ റഷീദ് ആണ് സംവിധാനം ചെയ്തതത്.

English summary
The last six months has been something that tells the new generation trend in Mollywood. In last six months sixty cinema released.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam