മൂത്തോൻ കൊള്ളാം; നിവിൻ ശരിയ്ക്കും മൂത്തിരിക്കുന്നു — ശൈലന്റെ റിവ്യൂ
ശൈലൻ
ടീസറും ട്രെയിലറും സൃഷ്‌ടിച്ച ഹൈപ്പ് , നിവിന്റെ മെയ്ക്ക് ഓവർ, ഗീതു മോഹൻദാസിന്റെ സംവിധാനം, അനുരാഗ് കശ്യപ് ഉൾപ്പടെയുള്ള വമ്പൻ സ്രാവുകളുടെ പങ്കാളിത്തം എന്നിവയൊക്കെ കൊണ്ട് വളരെയേറെ കാലമായി ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് മൂത്തോൻ. കാനഡയിലെ . ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ആയിരുന്നു മൂത്തോന്റെ വേൾഡ് പ്രീമിയർ. ഇന്ത്യൻ പ്രീമിയർ ആവട്ടെ മുംബൈ ഇന്റർനാഷണൽ ഫെസ്റ്റിവലിൽ ഓപ്പണിംഗ് മൂവി ആയിട്ടും. ചലച്ചിത്രോത്സവങ്ങളിൽ നല്ല പേര് നേടിയ മൂത്തോൻ ഇന്ന് തിയേറ്ററുകളിൽ പ്രേക്ഷകർക്കായി റിലീസ് ചെയ്യപ്പെട്ടു.

ഒന്ന് മുതൽ പൂജ്യം വരെ(1986) എന്ന സിനിമയിലൂടെ മികച്ച ബാലതാരത്തിനുള്ളതും അകലെ (2004)യിലൂടെ മികച്ച നടിക്കുള്ളതുമായ സ്റ്റേറ്റ് അവാർഡുകൾ നേടിയിട്ടുള്ള ഗീതു മോഹൻദാസ് സംവിധാനരംഗത്തേക്ക് കടന്നപ്പോഴും ആ മികവ് കാത്തുസൂക്ഷിച്ച ഒരാളാണ്. കേൾക്കുന്നുണ്ടോ എന്ന ഹൃസ്വചിത്രവും ലൈയേഴ്‌സ് ഡയസ് എന്ന ഹിന്ദി ഫീച്ചർ സിനിമയും ദേശീയ അന്തർദേശീയ രംഗത്ത് ഗീതുവിന് നിരവധി പുരസ്‌കാരങ്ങൾ നേടിക്കൊടുക്കുകയും നിരൂപക ശ്രദ്ധ നേടിക്കൊടുക്കുകയും ചെയ്തു. അതിനാൽ തന്നെ ആ ഒരു പ്രതീക്ഷയുടെ എക്സ്ട്രാ വെയിറ്റും കൊണ്ടാണ് മൂത്തോന് കേറിയത്.

118 മിനിറ്റ് നേരമേ മൂത്തോന് ദൈർഘ്യമുള്ളൂ. അതിഗംഭീറാനൊരു ഹെലിക്യാം ഷോട്ടിനൊപ്പം ലക്ഷദ്വീപിന്റെ മണൽ പരപ്പിലേക്ക് നമ്മളെയും ലാൻഡ് ചെയ്യിപ്പിച്ച് കൊണ്ടാണ് സിനിമ ആരംഭിക്കുന്നത്. രാജീവ് രവിയുടെ ക്യാമറയെ കുറിച്ചും ഫ്രയിമുകളെ കുറിച്ചും മൂത്തോനെ കുറിച്ച് പറയുമ്പോൾ ഏറ്റവും ആദ്യം തന്നെ പരാമര്‍ശിക്കേണ്ട സംഗതിയാണ്. അതുഗംഭീരനാണ് തുടക്കം മുതൽ അവസാനം വരെയുള്ള ഓരോ ഫ്രയിമും.
ലൈയേഴ്‌സ് ഡയസിൽ നാഷണൽ അവാർഡ് നേടിയ രാജീവ് രവി തന്റെ ഭാര്യയുടെ രണ്ടാമത്തെ ഫീച്ചർ ഫിലിമിലും ആ നേട്ടം ആവർത്തിച്ചാൽ അദ്‌ഭുതപ്പെടാനില്ല.

സിനിമ തുടങ്ങുന്നത് ദ്വീപിൽ ആണെങ്കിലും അധികം വൈകും മുൻപ് തന്നെ ക്യാമറ വന്കരയിലേക്ക് ഊളിയിട്ട് കേറും. മുംബൈ, കാമാത്തിപുര എന്നിങ്ങനെ. ദ്വീപിൽ നിന്നും മുല്ല എന്ന് പേരായ ഒരു കൗമാരക്കാരൻ തന്റെ കാണാതെ പോയ മൂത്തോനെ (elder brother ) ചൊല്ലി വേവലാതിപെടുന്നതും അക്ബർ എന്ന് പേരായ അവനെ അന്വേഷിച്ച് മുംബൈക്ക് പോവുന്നതാണ് സിനിമയുടെ ബേസിക് ആയിട്ടുള്ള പ്ലോട്ട്.

യു എസ് ലെ സൺഡേൻസ് ഫിലിം ഫെസ്റ്റിവലിൽ 2016 ൽ മികച്ച തിരക്കഥയ്ക്കുള്ള അവാർഡ് നേടിക്കൊടുത്ത "ഇൻഷാഹ് അള്ളാ" എന്ന രചനയിൽ നിന്നുമാണ് ഗീതു മൂത്തോനെ രൂപപ്പെടുത്തിയിരിക്കുന്നത്. 45മിനിട്ടുള്ള ഫസ്റ്റ് ഹാഫ് കാണുമ്പോൾ സത്യം പറഞ്ഞാൽ ആ അവാർഡിനോട് പുച്ഛം തോന്നും. കാരണം, അതുവരെ കാണാൻ കഴിയുന്നത് ഇന്റർനാഷണൽ ക്ളീഷേ ആണെന്നത് തന്നെ. എന്നാൽ സെക്കന്റ് ഹാഫ് പോണത് തീർത്തും വ്യത്യസ്തമായ വഴികളിലൂടെ ആണ്. അപ്പോൾ പുച്ഛിക്കേണ്ടിയില്ലായിരുന്നു എന്ന് തോന്നും .

നിവിൻപോളിയുടെ അപ്രതീക്ഷിതമായ കിടിലൻ പെർഫോമൻസ് ആണ് മൂത്തോന്റെ ഹൈലൈറ്റ്. രണ്ട് പാതികളിലും കാണാനാവുന്നത്, കരിയർ ബെസ്റ്റ് എന്നൊക്കെ പറയാം. തന്റെ സെയ്ഫ് സോൺ വിട്ടു വന്നു മെയ് മറന്ന് കളിക്കുന്ന രണ്ട് വ്യത്യസ്ത എക്സ്ട്രീമുകളിലുള്ള നിവിൻ പോളിമാരെയാണ്. പാടെ വ്യത്യസ്തമായ ശരീരം, ശരീരഭാഷ, ചലനങ്ങൾ ആണ് രണ്ട് കാലങ്ങൾക്കും. അതാകട്ടെ ഇതുവരെ കണ്ട നിവിന്റെ എല്ലാ ക്യാരക്ടറുകളിൽ നിന്നും ബഹുദൂരം അകലെയുമാണ്.

അസീബും ഇച്ചാപ്പിയുമുള്ള ദ്വീപിൽ നിന്നും വേറൊരു കൊച്ചിനെ എന്തുകൊണ്ട് മൂത്തോനെ തെരയുന്ന പയ്യനാക്കി മുംബൈക്ക് വിട്ടു എന്ന് ആദ്യം തോന്നും. പക്ഷെ, അതും ഒരു ട്വിസ്റ്റ് ആണ്. ദിലീഷ് പോത്തനെ ഒരുമാസത്തിനിടെ വീണ്ടും ദ്വീപുകാരനായി കാണാനായി. റോഷൻ മാത്യു ആണ് പരിചയമുള്ള മറ്റൊരു മുഖം. സുജിത് ശങ്കറിന് വേറിട്ട മുഖമാണ് . പക്ഷേ പരിചയമില്ലാത്ത മുഖങ്ങളുടെ കാസ്റ്റിങ്ങും അവരുടെ പെർഫോമൻസും മൂത്തോന് പലയിടത്തും വല്ലാത്തൊരു ഫ്രഷ്നസ് നൽകുന്നത്.

മലയാളം സിനിമ എന്നാണ് ലേബൽ എങ്കിലും ദ്വീപ് ഭാഷയായ ജസ്‌റിയിലും ഹിന്ദിയിലും ആണ് സംഭാഷണങ്ങൾ മുഴുവൻ. ഡബ്ബിംഗ് ആർട്ടിസ്റ്റുകൾ ജസ്‌റിയോട് എത്രത്തോളം നീതി പുലർത്തിയിരിക്കുന്നു എന്ന് ദ്വീപുലുള്ളവർക്കേ പറയാനാവൂ. നമ്മൾക്ക് മനസ്സിലാവുന്നുണ്ട്. ഹിന്ദി ഡയലോഗ്സ് എഴുതിയിരിക്കുന്നത് അനുരാഗ് കശ്യപ് ആണ്. കാമാത്തിപുര/മുംബൈ ചിത്രണം ഹെവി ആയി ഫീൽ ചെയ്യുന്നു. ദ്വീപിലെ കുത്ത്റാത്തീബ് പോലുള്ള ആചാരങ്ങളൊക്കെ രസായി പകർത്തിയിട്ടുണ്ട്.

അവാർഡ് ഓക്കെ കിട്ടിയ എഴുത്താണെങ്കിലും മൂത്തോന്റെ സ്ക്രിപ്റ്റിനെ ഗംഭീരമെന്ന് വിശേഷിപ്പിക്കാൻ തെല്ലും കഴിയില്ല. ചിലയിടങ്ങളിൽ മുഷിപ്പ് ഉളവാക്കുന്നു എന്നത് മാത്രമല്ല ബാലിശവുമാണ് പലപ്പോഴും അത്. സംഭാഷണമെഴുതിയ കശ്യപിനെ കൊണ്ട് ഒന്ന് consult ചെയ്യിപ്പിക്കാമായിരുന്നു. സ്ക്രിപ്റ്റിന്റെ പാളലുകളെ വിഷ്വലൈസേഷൻ കൊണ്ട് മറികടക്കാൻ സംവിധായികയും രാജീവ് രവിയും ആവും പാടി ശ്രമിക്കുന്നുണ്ട്. അതുപോലെ പ്രകടനം കൊണ്ട് അഭിനേതാക്കളും. അതാണ് മൂത്തോന്റെ പോസിറ്റീവ്. പ്രതീക്ഷയുടെ അമിതഭാരം സഞ്ചിയിലിട്ട് പോവേണ്ട എന്ന് സാരം .
തീർത്തും വ്യത്യസ്തമായ ഒരു ദൃശ്യാനുഭവം (അത്രേള്ളൂ) എന്ന് അടിവര


Click it and Unblock the Notifications