ശിവകാർത്തികേയന് വീണ്ടും ഫാമിലിഹിറ്റ്; നമ്മവീട്ടുപിള്ളൈ കളർഫുള്ളാണ് — ശൈലന്റെ റിവ്യൂ

ശൈലൻ

ജേര്‍ണലിസ്റ്റ്
കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല.. സാഹിത്യകാരനെന്നോ വിമർശകനെന്നോ ഉള്ള ലേബലുകൾ കൂടാതെ പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്. പ്രിന്റ് മീഡിയയിലും സജീവം. എട്ട് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Rating:
2.5/5
Star Cast: Sivakarthikeyan, Aishwarya Rajesh, Anu Emmanuel
Director: Pandiraj

എന്തിരൻ, സർക്കാർ, പേട്ട, കാഞ്ചന 3 എന്നീ സിനിമകൾക്ക് ശേഷം സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരന്റെ അഞ്ചാമത്തെ പ്രോജക്ടാണ് നമ്മവീട്ടുപിള്ളൈ. സംഗതി ചില്ലറയല്ലെന്നു സാരം. സംവിധാനം പാണ്ടിരാജ്. നായകൻ ശിവകാർത്തികേയൻ. പടം ഈ രണ്ടുപേരുടെയും പൊതുനിലവാരത്തിലും ഇത്തിരി മുകളിൽ നിൽക്കുന്നത് ബാനറിന്റെ മികവാകാം.

നമ്മവീട്ടുപിള്ളൈ

പാണ്ടിരാജിന്റെ ഇതിനുമുമ്പത്തെ സിനിമയായ കടയ്ക്കുട്ടി സിങ്കത്തിന്റെ അതേ സെറ്റപ്പ് തന്നെയാണ് നമ്മവീട്ടുപിള്ളൈയുടേതും. ഗ്രാമീണ പശ്ചാത്തലം. കൂട്ടുകുടുംബം. നൂറുകണക്കിന് കഥാപാത്രങ്ങൾ. അതിൽ പ്രധാന കഥാപാത്രങ്ങളെന്ന് പറയാവുന്നതുതന്നെ ഇരുപതോളം പേരുണ്ട്. ഒപ്പം അപ്രധാന ക്യാരക്ടറുകളും നാട്ടുകാരും ചേരുമ്പോൾ ഒരു സംസ്‌ഥാന സമ്മേളനത്തിന്റെ ആളുതന്നെയുണ്ട് സിനിമയിൽ ഉടനീളം — ഇതൊക്കെ എങ്ങനെ സാധിക്കുന്നെടേയ് എന്ന് സംവിധായകനോട് ആരും ചോദിച്ച് പോകും.

സിങ്കം

കടയ്ക്കുട്ടി സിങ്കം പ്രത്യേകിച്ച് കഥയൊന്നുമില്ലാത്ത വെറും സെറ്റപ്പ് മാത്രമുള്ള ശുദ്ധപാഴായിരുന്നെങ്കിൽ നമ്മവീട്ടുപിള്ളൈയ്ക്ക് ഒരു ഉള്ളടക്കമുണ്ട്. പറഞ്ഞ് പഴകിയതെങ്കിലും അണ്ണൻ-തങ്കച്ചി പ്രാസമാണ് നട്ടെല്ല്. അതിന് ഉപകഥകളും അതിന്റെ ആഖ്യാനങ്ങളുമൊക്കെയായി രണ്ടര മണിക്കൂറിലധികം പടം ഫുൾടൈം ആസ്വാദ്യകരമാണ്. ബോറടി കുറവാണുതാനും.

ഇയക്കുനർ ഇമയം

ഇയക്കുനർ ഇമയം എന്ന് ടൈറ്റിൽസിൽ വിശേഷണം കൊടുത്തിരിക്കുന്ന മുൻകാല ഡയറക്ടർ ഭാരതിരാജയിൽ നിന്നുമാണ് സിനിമ തുടങ്ങുന്നത്. എൻ വി പി വംശവൃക്ഷത്തിലെ കാരണവർ. എൺപതുവയസുള്ള പരമ്പര്യവൈദ്യനാണ് അദ്ദേഹം. വൈദ്യർ തന്റെ തലമുറകളെ കുറിച്ച് പറഞ്ഞു കൊണ്ട് സിനിമ തുടങ്ങുന്നു. അദ്ദേഹത്തിന്റെ നാലു മക്കൾ, അവരുടെ കുടുംബം, മക്കൾ, മക്കളുടെ മക്കൾ, അവരുടെ ബന്ധുക്കൾ, മാമന്മാർ, മാമന്മാരുടെ മക്കൾ അങ്ങനെയങ്ങനെ കുടുംബവൃക്ഷം പടർന്ന് പന്തലിച്ച്‌ പോവുന്നത് സിനിമയിൽ കാണാം. ഒപ്പം പ്രശ്നങ്ങളും.

 പേരക്കുട്ടി

വൈദ്യരുടെ പേരക്കുട്ടിയായ ആറുംപൊൻ ആണ് നമ്മവീട്ടുപിള്ളൈ നായകൻ ശിവകാർത്തികേയൻ. പതിവ് കാർത്തികേയൻ കഥാപാത്രം തന്നെയെങ്കിലും ആറുംപൊന്നിനെ പാണ്ഡിരാജ് കുറെയൊക്കെ നിലത്തുതന്നെ നിർത്തിയിട്ടുണ്ട്. വേലയും കൂലിയും മറ്റ് പാത്രപശ്ചാത്തലങ്ങളുമൊന്നുമില്ലെങ്കിലും ഓവറല്ല. ഒപ്പം നടക്കുന്ന സൂരി പോലും പതിവുപോലെ വെറുപ്പിച്ചിട്ടില്ലെന്നതും സംവിധായകന്റെ മിടുക്ക്. സൂരിയുടെ മകനായി ത്രൂ ഔട്ട് പൊളിച്ചെടുക്കുന്ന ബാലതാരം സംവിധായകന്റെ പുത്രനാണെന്നു കേട്ടു. ചെക്കൻ കിടുവാണ്.

അനു ഇമ്മാനുവൽ

അനു ഇമ്മാനുവൽ നായികാകഥാപാത്രമായ മാങ്കനി ആവുന്ന സിനിമയിൽ നായികയേക്കാൾ പ്രാധാന്യം തങ്കച്ചി കഥാപാത്രത്തിനാണ്. ശിവർത്തികേയന്റെ അനിയത്തി തുളസി ആവുന്നത് ഐശ്വര്യ രാജേഷ്. അനു ഇമ്മാനുവേൽ വെറുതെ ഡ്യുയറ്റ് പാടാൻ മാത്രം അതാത് സമയങ്ങളിൽ പ്രത്യക്ഷപ്പെടുമ്പോൾ ഐശ്വര്യ രാജേഷ് തന്റെ മികച്ച പ്രകടനത്താൽ പ്രേക്ഷകരെ കയ്യിലെടുക്കുന്നു. കാർത്തികേയനും ഐശ്വര്യയും തമ്മിലുള്ള കെമിസ്ട്രി പടത്തിന്റെ നിലനിൽപ്പിന് നിര്ണായകമാകുന്നുണ്ട്. ലേറ്റസ്റ്റ് വേർഷൻ 'പാശമലർകൾ' എന്നൊക്കെ സംവിധായകൻ സ്വയം ട്രോളുന്നുണ്ടെങ്കിലും ഈ തങ്കച്ചിപാശത്തെ തമിഴ്മക്കൾ ഏറ്റെടുക്കും വിധം വർക്ക് ഔട്ട് ചെയ്തിട്ടുണ്ട്.

നീരവ് ഷാ

നീരവ് ഷാ ആണ് സിനിമയുടെ ഛായാഗ്രാഹകൻ. ഓരോ ഫ്രെയിമും അതിമനോഹരമെന്നു പറയാം. കുടുംബബന്ധങ്ങളിലെ അന്തഃഛിദ്രങ്ങളും വഴക്കുകളും ഒത്തുചേരലുകളും ബോറടിക്കുന്നവർക്ക് പോലും ചെവി പൊത്തിയിരുന്നാൽ ഫോർ കെ സ്‌ക്രീനിൽ രംഗഭംഗി ആസ്വദിക്കാം. ഗാനരംഗങ്ങളുടെ ചിത്രീകരണമെല്ലാം അസാധ്യം. ഡി ഇമ്മാന്റെ ഈണങ്ങളും പശ്ചാത്തലസംഗീതവും സിനിമയുടെ നിലവാരം ഉയർത്തുന്നുണ്ട്.

പസങ്ക

പസങ്ക എന്ന സിനിമയുടെ സ്ക്രിപ്റ്റിനു ദേശീയ അവാർഡ് നേടിയ ആളാണ് പാണ്ടിരാജ്. തുടർന്നിങ്ങോട്ട് ആ നിലവാരത്തിൽ എത്താൻ ഒരിക്കലും അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല. ഇവിടെയും അങ്ങനെ തന്നെ. ആദ്യ പകുതിയെ വച്ച് നോക്കുമ്പോൾ ദുർബലമായ ഒരു രണ്ടാം പാതിയാണ് നമ്മവീട്ടുപിള്ളയ്ക്ക്. അവസാന ഭാഗങ്ങളെത്തുമ്പോൾ സംഭാഷണങ്ങൾ 'വേർബൽ ഡയേറിയ' എന്നു പറയാവുന്ന നിലവാരത്തിലാണ്. എങ്കിലും കാർത്തികേയന് ഒരു ഫാമിലി ഹിറ്റ് നൽകാൻ എൻ വി പി യിലൂടെ സാധിക്കുമെന്ന് ഉറപ്പ്. ഇതിലുമെത്രയോ ഊളനിലവാരത്തിലുള്ള കടയ്ക്കുട്ടി സിങ്കത്തെ മെഗാഹിറ്റ് ആക്കിയത് തമിഴ് മക്കൾത്തന്നെ. ബാനറോ സൺ പിക്ചേഴ്സും. എന്തായാലും മേലേക്ക് അല്ലാതെ കീഴേയ്ക്ക് സിനിമ പോവില്ല.

പറഞ്ഞ് പഴകിയതെങ്കിലും നന്നായി തയാറാക്കിയ ഒരു കളർഫുൾ ഫാമിലി ഡ്രാമ -എങ്കവീട്ടുപിള്ളൈ

Read more about: review റിവ്യൂ
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X