twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നായാട്ട്: അതിജീവനത്തിനായുള്ള മരണപ്പാച്ചിൽ, അതിഗംഭീരമായൊരു ക്ളൈമാക്‌സ് — ശൈലന്റെ റിവ്യൂ

    |

    ശൈലൻ

    എഴുത്തുകാരന്‍
    കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല.. സാഹിത്യകാരനെന്നോ വിമർശകനെന്നോ ഉള്ള ലേബലുകൾ കൂടാതെ പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്. പ്രിന്റ് മീഡിയയിലും സജീവം. എട്ട് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

    Rating:
    4.0/5
    Star Cast: Nimisha Sajayan, Kunchacko Boban, Joju George
    Director: Martin Prakkat

    ബെസ്റ്റ് ആക്റ്റർ, എബിസിഡി, ചാർളി എന്നിങ്ങനെ ഉള്ള കളർഫുൾ ബ്ലോക്ക് ബസ്റ്ററുകൾ കണ്ടതിന്റെ ഓർമ്മയിൽ , മാർട്ടിൻ പ്രക്കാട്ടിന്റെ നാലാമത്തെ സിനിമയായ നായാട്ട് കാണാൻ ടിക്കറ്റ് എടുത്താൽ തീർത്തും വ്യത്യസ്തമായ ഴോണറിൽ ഉള്ള ഒരു സിനിമയാണ് കാണാൻ കഴിയുക. റിയലിസ്റ്റിക് എന്നു പറയാവുന്ന ഒരു സർവൈവൽ ത്രില്ലർ ആണ് നായാട്ട്..

    നായാട്ട്

    സർവൈവൽ ത്രില്ലർ ആയിരിക്കെ തന്നെ നായാട്ട് ഒരു പൊളിറ്റിക്കൽ ഡ്രാമയാണ്. പൊളിറ്റിക്കൽ ഡ്രാമ മാത്രമല്ല അതൊരു പോലീസ് സ്റ്റോറി കൂടിയാണ്. പോലീസ് സ്റ്റോറി എന്നു പറയുമ്പോൾ, നമ്മൾ ഇതുവരെ കണ്ടു പരിചയിച്ചിട്ടുള്ള പോലീസ് കഥകൾ അല്ല താനും. പ്രവീണ്‍ മൈക്കിൾ, മണിയൻ, സുനിത എന്നിങ്ങനെ പേരായ മൂന്നു പോലീസുകാർ ആണ് നായാട്ടിൽ കേന്ദ്ര കഥാപാത്രങ്ങൾ. പോലീസ് സ്റ്റോറി ആവുകയും കേന്ദ്രകഥാപാത്രങ്ങൾ ആവുകയും ചെയ്യുമ്പോൾ പ്രേക്ഷകർ പ്രതീക്ഷിക്കുന്ന വഴിയുടെ പരിസരത്ത് കൂടിയെങ്ങും അല്ല സ്ക്രിപ്റ്റും സിനിമയും പോവുന്നത് എന്നതാണ് നായാട്ടിനെ വ്യത്യസ്തമാക്കുന്നത്.

    നായാട്ട്

    മലയാളം കണ്ട ഏറ്റവും നല്ല റിയലിസ്റ്റിക് ഇൻവെസ്റ്റിഗേഷൻ ത്രില്ലറുകളിൽ ഒന്നായ 'ജോസഫി'ന്റെ സ്‌ക്രിപ്റ്റ് എഴുതിയ ഷാഹി കബീർ ആണ് നായാട്ട് എഴുതിയിരിക്കുന്നത്. ഷാഹി കബീർ പോലീസ് സേനയിൽ ഒരു ഉദ്യോഗസ്ഥൻ കൂടി ആയതിന്റെ എല്ലാ അഡ്വാന്റെജസും ഈ സിനിമയ്ക്കും ഉണ്ട്. ജോസഫിൽ കണ്ട അത്ര വൈകാരിക തീവ്രതയുള്ള മെലോഡ്രാമ നായാട്ടിൽ ഡെവലപ്പ്‌ ചെയ്തിട്ടില്ലെങ്കിലും പോലീസുകാരുടെ വ്യക്തിജീവിതവുമായി ബന്ധപ്പെടുത്തി തന്നെയാണ് ഇവിടെയും കാര്യങ്ങൾ മുന്നോട്ട് പോവുന്നത്.

    നായാട്ട്

    നേരത്തെ പറഞ്ഞ കേന്ദ്രകഥാപാത്രങ്ങൾ ആയ മൂന്ന് പോലീസുകാർ തന്നെയാണ് ഇവിടെ പ്രത്യക്ഷത്തിൽ നായാടപ്പെടുന്നത്. പക്ഷെ ഒന്നും കൂടി ആഞ്ഞുചിന്തിച്ചാൽ സേനയിലെ ഏറ്റവും ഉയർന്ന ഉദ്യോഗസ്ഥൻ മുതൽ ഏറ്റവും താഴെ കിടയിലെ സിപിഒ വരെ ഒരർത്ഥത്തിൽ അല്ലെങ്കിൽ മറ്റൊരർത്ഥത്തിൽ നായാടപ്പെടുന്നവർ തന്നെ എന്ന് മനസിലാകും. "ആ കിടക്കുന്നവനും നമ്മളും തമ്മിൽ അധികം ദൂരമില്ല മാഡം" എന്ന അനിൽ നെടുമങ്ങാട് ക്യാരക്റ്ററിന്റെ ഒരു സംഭാഷണശകലം ആണ് ഒരുപക്ഷേ സിനിമയുടെ ആകെതുക. അതെങ്ങനെ എന്നത് ആർക്കും ബോധ്യപ്പെടും വിധം എടുത്തിട്ടുണ്ട് എന്നതാണ് നായാട്ടിന്റെ വിജയം..മഹത്വവും.

    നായാട്ട്

    കുഞ്ചാക്കോ ബോബൻ, ജോജു ജോർജ്, നിമിഷ സജയൻ എന്നിവരാണ് പ്രവീൺ, മണിയൻ, സുനിത എന്നിവർ. നന്നായി എന്ന് എടുത്തു പറയേണ്ടതില്ലല്ലോ. ജാഫർ ഇടുക്കിയുടേതാണ് മറ്റൊരു ഹെവിറോൾ. യശശരീരനായ അനിൽ നെടുമങ്ങാടിനെ നല്ലൊരു റോളിൽ കാണാൻ കഴിയുന്നു. എന്നത് വലിയൊരു സന്തോഷം. (ഒപ്പം ചെറിയ ഒരു നീറ്റലും).

    നായാട്ട്

    ഷൈജു ഖാലിദിന്റെ ക്യാമറ , മഹേഷ് നാരായന്റെ എഡിറ്റിങ്, അഖിൽ അലക്സിന്റെ ബാക്ക് ഗ്രൗണ്ട് സ്കോറിംഗ് എല്ലാം സിനിമയെ ഗംഭീരമാക്കുന്നതിൽ നിർണായകപങ്ക് വഹിക്കുന്നുണ്ട്. ഇതെല്ലാം ചേർന്നതാണ് മാർട്ടിൻ പ്രക്കാട്ട് എന്ന സംവിധായകന്റെ മേക്കിംഗ് കരുത്ത്. ആദ്യപകുതിയേക്കാൾ ഗംഭീരമായ രണ്ടാംപകുതിയും ഒടുവിൽ നെഞ്ചത്തോരു കനത്ത പഞ്ച് വച്ച് തരുന്ന ക്ളൈമാക്‌സും നായാട്ടിനെ ഒരു ഉൾക്കനമുള്ള സിനിമയാക്കി മാറ്റുന്നു. സംവിധായകനും തിരക്കഥാകൃത്തും ഒരുപോലെ അഭിനന്ദനങ്ങൾ അർഹിക്കുന്നു.. ദളിത് പൊളിറ്റിക്സിനെ നെഗറ്റീവ് ആയി ചിത്രീകരിക്കുന്നു എന്നൊരു ആരോപണം നായാട്ട് നേരിടാൻ സാധ്യത ഉണ്ട്. മുഖ്യകഥാപാത്രങ്ങളിൽ രണ്ടുപേർ ദളിതർ ആണ് എന്ന സവിശേഷത അതിനെ ന്യൂട്രലൈസ് ചെയ്യാൻ വേണ്ടി ആവണം.

    അതിഗംഭീരമായ ഒരു സിനിമാനുഭവം എന്ന് അടിവര.

    Read more about: review റിവ്യൂ
    English summary
    Nayattu Malayalam Movie review: Kunchacko Boban, Joju George Starrer Is A Survival Thriller
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X