For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ജഗമേ തന്തിരം : ധനുഷും ജോജുവും ലണ്ടനിൽ അഴിഞ്ഞാടുന്നു. സെമ്മാ ഗെത്ത്!! ശൈലന്റെ റിവ്യൂ

  |

  ശൈലൻ

  ജേര്‍ണലിസ്റ്റ്
  കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല.. സാഹിത്യകാരനെന്നോ വിമർശകനെന്നോ ഉള്ള ലേബലുകൾ കൂടാതെ പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്. പ്രിന്റ് മീഡിയയിലും സജീവം. എട്ട് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

  Rating:
  3.0/5
  Star Cast: Dhanush, James Cosmo, Aishwarya Lekshmi
  Director: Karthik Subbaraj

  190 രാജ്യങ്ങളിൽ 17 ഭാഷകളിലായിട്ടാണ് കാർത്തിക് സുബ്ബരാജിന്റെ 'ജഗമേ തന്തിരം' റിലീസ് ചെയ്തിരിക്കുന്നത്. ഒരു തമിഴ് സിനിമയ്ക്ക് എന്തിന് ഇത്ര ഹൈപ്പ് എന്ന് ആരും ചോദിച്ച് പോവും. ഇപ്പോൾ ഹോളിവുഡിലും അഭിനയിച്ചു കൊണ്ടിരിക്കുന്ന ധനുഷിനെ പോലൊരു നായകനടൻ അതിർത്തികൾ ഭേദിച്ച് കൊണ്ട് നേടിയ സ്വീകാര്യത ആണോ കാരണം എന്ന് ഒരു നിമിഷം ചിന്തിച്ചുപോവും. പക്ഷെ അല്ല. കൈകാര്യം ചെയ്യുന്ന വിഷയത്തിന്റെ ഇന്റർനാഷണൽ മാനങ്ങളും ഗ്ലോബലായി തന്നെ അതിനുള്ള പ്രസക്തിയും ആണ് ആദ്യ കാരണമെന്ന് പടം കണ്ടുകഴിയുമ്പോൾ മനസിലാവും..

  Jagame Thandhiram Trailer Reaction | Dhanush, Aishwarya Lekshmi | FilmiBeat Malayalam

  ലണ്ടൻ നഗരത്തിന്റെ പശ്ചാത്തലത്തിൽ, ശിവദാസ്, പീറ്റർസ്‌കോട്ട് എന്നീ ഗ്യാംഗ്സ്റ്റർ ക്യാരക്റ്ററുകളിലൂടെ ആണ് സിനിമ തുടങ്ങുന്നത്. അതിന് മുൻപ് ഇംഗ്ലീഷ് ചാനലിലൂടെ കള്ള ബോട്ടിൽ യുകെയിലേക്ക് കുടിയേറുന്ന കുറെ ആളുകൾ ഒരു ചെറിയ ബിറ്റിൽ ടൈറ്റിൽസിനും മുൻപ് വരുന്നുണ്ട്. (വർഷം 2012) ആ ദൃശ്യത്തിന്റെ സാംഗത്യം പിന്നീട് സിനിമ പാതിവഴി പിന്നീടുമ്പോഴാണ് പ്രേക്ഷകനിൽ എത്തുക. ശിവദാസിന്റെയും പീറ്ററിന്റെയും അവരുടെ ഓരോ ഓപ്പറേഷനുകളിലൂടെ അവതരിപ്പിച്ച ശേഷം ക്യാമറ നേരെ ഇന്ത്യയിലേക്കും സുരുളിയിലേക്കും കട്ട് ചെയ്യുകയാണ്.

  മധുരൈ പക്കത്തിൽ പൊറോട്ടക്കട നടത്തുന്ന ലോക്കൽ ഗ്യാംഗ്സ്റ്റർ സുരുളിയുടെ ഇൻട്രോ കൊലമാസ് ആണ്. തിയേറ്ററിൽ വിസിലടിച്ച് ആരവത്തോടെ സ്വീകരിക്കേണ്ട ഐറ്റം. കൊലമാസ് എന്നു പറയുമ്പോൾ ലിറ്ററലി കൊലപാതകത്തിലൂടെ തന്നെ. ആദ്യം അവതരിച്ച രണ്ട് മുഖ്യകഥാപാത്രങ്ങളുടെയും അതേ ക്രൂരതയോടെ..കണ്ണിൽ ചോരയില്ലായ്മയോടെ തന്നെ.. അധികം വൈകാതെ ശിവദാസിനും പീറ്ററിനുമിടയിലേക്ക് സുരുളിയും എത്തിച്ചേരുന്നു ലണ്ടനിൽ. വിസിറ്റിങ് പ്രൊഫസർ എന്ന പോലെ കണ്‍സള്‍ട്ടിംഗ്‌ ക്രിമിനൽ ആയി. മുള്ളിനെ മുള്ള് കൊണ്ട് എടുക്കുക എന്ന് പറഞ്ഞപോലെ തമിഴനെ തമിഴനെ വച്ച് ഒതുക്കാനുള്ള പീറ്ററിന്റെ തന്ത്രം.

  തുടർന്ന് ഒന്നേകാൽ മണിക്കൂറോളം നേരം, എത്രയോ അധോലോക സിനിമകളിൽ ഇത്രയും കാലം കണ്ടുകഴിഞ്ഞ അടി-തിരിച്ചടി ഗെയിമുകളുടെ ലണ്ടൻ വേർഷൻ മാത്രമാണ് കാണാൻ കഴിയുന്നത്. കാർത്തിക് സുബ്ബരാജിന്റെ മേക്കിംഗ് സ്റ്റൈലും സുരുളി ചിലപ്പോഴൊക്കെ പ്രവൃത്തികളിൽ കാണിക്കുന്ന അപ്രവചനീയതയും മാത്രമാണ് ഈ ഘട്ടത്തിലെ പുതുമ. എന്നാൽ അതു കഴിയുമ്പോൾ സിനിമ പറയാനുദ്ദേശിക്കുന്ന മാറ്ററുക്ക് വരുന്നു. 2006, പുതുമാത്തളൻ, വന്നി, ശ്രീലങ്ക എന്ന് എഴുതിക്കാണിച്ച് കൊണ്ട് തൊണ്ണൂറ്റിനാലാം മിനിറ്റ് മുതൽ കാണിച്ചുതുടങ്ങുന്ന ദൃശ്യങ്ങളാണ് ജഗമേ തന്തിരത്തിന്റെ ആത്മാവ്. തുടര്‍ന്നുളള കുറച്ച് നേരം മനസ് മരവിച്ച് പോവുന്നതും ഹൃദയം നിലച്ച് പോവുമോന്നുപോലും പേടി തോന്നിപ്പിക്കുന്നതുമായ ഹെവി പഞ്ച് ആണ്. പീറ്ററും ശിവദാസും സുരുളിയും, ഇതുവരെ നമ്മൾ കണ്ട കളികളും ഒന്നുമല്ല സിനിമ എന്ന് അപ്പോഴാണ് അറിയുക.

  ജനിച്ച നാട്ടിൽ നിന്ന് നിർബന്ധിതമായി കുടിയിറക്കപ്പെടുന്നവർ, എത്തിച്ചേരുന്നതും പിന്നിടുന്നതുമായ നാടുകളിൽ അവർ അനുഭവിക്കുന്ന തീരാപീഡനങ്ങൾ, അവഹേളനങ്ങൾ, രണ്ടാംകിട പൗരത്വം, അവരെ കാത്തിരിക്കുന്ന വംശവെറി, അധീശാധിപത്യം.. ഇതൊന്നും ശ്രീലങ്കൻ തമിഴന്റെ മാത്രം വിഷയമല്ല. ലോകമെങ്ങുമുള്ള മാനവികതയ്ക്ക് ഉൾക്കൊള്ളാനാവുന്ന വിഷയമാണ്. തമിഴനും ഇന്ത്യക്കാർക്കും എളുപ്പത്തിൽ റിലേറ്റ് ചെയ്യാനാവുന്ന ഒരു സ്പെസിമെൻ വച്ച് കാർത്തിക് സുബ്ബരാജ് അത് പറയാൻ ശ്രമിക്കുന്നു എന്നുമാത്രം. വിഷയത്തിൽ ഫോക്കസ് ചെയ്യാതെ നൂലുപൊട്ടി പറക്കുന്നു എന്നത് മാത്രമാണ് സിനിമയുടെ കുഴപ്പം. 15മിനിറ്റ് കൊണ്ട് തന്റെ കയ്യൊപ്പിട്ട് ഫോക്കസ് ചെയ്യുന്ന പ്രമേയത്തിൽ നിന്നും രണ്ട് മണിക്കൂറോളമാവുമ്പോൾ സുബ്ബരാജ് വീണ്ടും ചിതറിപ്പോവുകയാണ്.

  തന്റെ വാഹനത്തിന്റെ നമ്പർപ്ളേറ്റിൽ white power എന്ന് എഴുതിവച്ച് വംശീയവിദ്വേഷം ഒരു ജീവിത വ്രതമാക്കിയ പീറ്റർസ്‌കോട്ട് ഒരു സിംബൽ ആണ്.. ഗെയിം ഓഫ് ത്രോണ്‍സ് താരം
  ജെയിംസ് കോസ്മോയുടെ ഹെവി സ്‌ക്രീൻ പ്രസൻസ്. ഇന്ത്യൻ സിനിമയിലേക്കുള്ള അരങ്ങേറ്റം ഒട്ടും നഷ്ടമായിട്ടില്ല അദ്ദേഹത്തിനും സിനിമയ്ക്കും.. ജോജു ജോർജിന്റെ തമിഴ് സിനിമയിലേക്കുള്ള എൻട്രിയും അപ്രകാരം തന്നെ. ഇതെന്ത് ശിവദാസ് എന്ന് ആദ്യഘട്ടത്തിൽ ചിന്തിപ്പിച്ച ആ കഥാപാത്രം പിന്നീട് ഭീമാകാരനായി വളരുന്നു. സ്‌ക്രീനിൽ നിന്ന് വിരമിച്ചാൽ പോലും ശക്തനായി അവിടെ തുടരുന്ന ക്യാരക്റ്ററൈസേഷൻ ആയി പിന്നീടത് മാറുന്നു. ഐശ്വര്യ ലക്ഷ്മിയും കേവലമൊരു നായികയെന്നതിൽ നിന്ന് സിനിമയുടെ കേന്ദ്രബിന്ദുവായി മാറുന്ന അറ്റില ആയി തിളങ്ങി. ധനുഷിന്റെ കാര്യം പറയേണ്ടതില്ലല്ലോ.. കൂൾ മാസ്. അയാളുടെ ചക്രവാളം കൂടുതൽ കൂടുതൽ വളരുകയാണ്.

  ശ്രേയാസ്കൃഷ്ണ എന്ന ക്യാമറാമാൻ, സന്തോഷ് നാരായണൻ എന്ന കമ്പോസർ ഇവർ രണ്ടുപേരും സിനിമയുടെ രണ്ട് എനർജി സ്രോതസ്സുകളാണ്. തിയേറ്റർ എക്സ്പീരിയൻസിൽ പതിന്മടങ്ങായി ഫീൽ ചെയ്യേണ്ടിയിരുന്ന ഇരുവരുടെയും പ്രതിഭാസാന്നിധ്യം ചിന്നത്തിരയിലേക്ക് ഒതുങ്ങിയത് മാത്രം സങ്കടം. എഡിറ്ററുടെ സേവനം കുറേക്കൂടി ഉപയോഗപ്പെടുത്താമായിരുന്നു എന്ന് പലയിടത്തും തോന്നിച്ചു. രണ്ട് മണിക്കൂറിൽ ഒതുക്കിയിരുന്നെങ്കിൽ വിഷയത്തിന്റെ തീക്ഷ്ണത ഒന്നുകൂടി ജനങ്ങളിലേക്ക് എത്തുമായിരുന്നു.

  കാർത്തിക് സുബ്ബരാജ് ഒരു മികച്ച സംവിധായകൻ ആണ്. ഓരോ ഫ്രെയിമിലും അതിന്റെ സിഗ്നേച്ചർ ഉണ്ട്. പക്ഷെ ജഗമേ തന്തിരത്തിന് സിനിമയെന്ന നിലയിൽ ഒരുപാട് പ്രശ്നങ്ങളും നെഗറ്റീവ് പോയിന്റുകളും ഒക്കെയുണ്ട്. റെഫ്യൂജി പ്രശ്‌നം പോലൊരു കത്തുന്ന വിഷയത്തെ അത് അർഹിക്കുന്ന ആഴത്തിലും പരപ്പിലും സമീപിച്ചില്ല എന്ന വിമർശനങ്ങൾ സ്വാഭാവികമായും അദ്ദേഹത്തിന്റെ നേരെ ഉണ്ടാവും. പക്ഷെ, ഞാൻ ഇതിനെ നേരെ തിരിച്ചൊരു ആംഗിളിൽ ആണ് കാണുന്നത്. ഇങ്ങനൊരു വിഷയത്തെ, അതിനെക്കുറിച്ച് വല്യ ധാരണ ഒന്നും ഇല്ലാത്ത ലോകമെങ്ങുമുള്ള ഒരുപാട് ഒരുപാട് പ്രേക്ഷകരിലേക്ക് എത്തിക്കാൻ സംവിധായകന് കഴിഞ്ഞു. അത് ചെറിയൊരു കാര്യമേ അല്ല.

  സിനിമ പോലൊരു മാധ്യമത്തിന്റെ ഇടപെടൽശേഷി നമ്മൾ ഉദ്ദേശിക്കുന്നതിലും എത്രയോ വിപുലമാണ്. നെറ്റ്ഫ്ളിക്സ് പോലൊരു പ്ലാറ്റ്‌ഫോമിൽ 190 രാജ്യങ്ങളിൽ 17 ഭാഷകളിൽ സ്‌ട്രീം ചെയ്യപ്പെടുമ്പോൾ അത് പതിന്മടങ്ങായി പിന്നെയും വർധിക്കുന്നു. ഉദ്ദേശിക്കുന്നത് ഡോക്യൂമെന്ററി ഫിലിം അല്ലാത്ത സ്ഥിതിക്ക്, സംവിധായകൻ സാധാരണ പ്രേക്ഷകനെ കൂടെ കൂട്ടാനുള്ള മസാലചേരുവകൾ എല്ലാം അതിൽ ഉടനീളം മിക്സ് ചെയ്തു എന്ന് മാത്രം. പീറ്റർ എന്ന ഒറ്റ വ്യക്തിയിലേക്ക് വംശീയതയെയും ബൈക്കോറിനെയും എല്ലാം ഒതുക്കിയതിൽ എനിക്കും വിയോജിപ്പ് ഉണ്ട്. പക്ഷെ ഒടുവിൽ ക്ളൈമാക്സിൽ ആ കഥാപാത്രത്തെ കൈകാര്യം ചെയ്തിരിക്കുന്നത് മറ്റാരും ചിന്തിക്കാത്തതും നമ്മൾ പ്രതീക്ഷിക്കാത്തതുമായ ഗെത്ത്!!. ജഗമേ തന്തിരം എല്ലാവരുടെയും "കപ്പ് ഓഫ് ടീ" ആയിക്കൊള്ളണമെന്നില്ല. പക്ഷെ മോശപ്പെട്ട ഒരു "കപ്പ് ഓഫ് ടീ" അല്ല എന്നത് ഉറപ്പ്.

  ധനുഷും കാര്‍ത്തിക്ക് സുബ്ബരാജും ഒന്നിച്ച ജഗമേ തന്ദിരം മാസ് ചേരുവകള്‍ എല്ലാമുളള ഒറ്റത്തവണ കണ്ടിരിക്കാവുന്ന ചിത്രമാണ്‌.

  Read more about: review റിവ്യൂ
  English summary
  Netfilx Release Jagame Thandhiram Review in Malayalam, Dhanush and Joju Starrer Is A Must watch Action Thriller
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X