For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കിടിലനൊരു കൊറിയൻ സോമ്പി സീരീസ്; 'ഓൾ ഓഫ് അസ് ആർ ഡെഡ്' ഗംഭീരം

  By Riyas Rasheed
  |

  Rating:
  3.0/5
  Star Cast: Ji-hu Park, Chan-Young Yoon, Yi-Hyun Cho
  Director: J.Q. Lee

  സോംബി സീരീസുകൾക്കും സിനിമകൾക്കും ലോകം നിറയെ നിരവധി ആരാധകരുള്ളതാണല്ലോ, മലയാളികൾക്കിടയിലും വലിയ ഒരു ആരാധകവൃന്ദം തന്നെയുണ്ട്. IMDBയുടെ റിപ്പോർട്ട് പ്രകാരം ലോകമെങ്ങും ഇതുവരെ എണ്ണായിരത്തിൽ അധികം സോംബി മൂവികൾ ഇറങ്ങിയിട്ടുണ്ട്, ഹോളിവുഡിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് വളരെ വൈകിയാണ് നമ്മുടെ ഇന്ത്യയിൽ സോംബി മൂവികൾ ഇറങ്ങിത്തുടങ്ങിയത്, നമുക്ക് പ്രേതകഥ തന്നെയായിരുന്നു ഫേവറൈറ്റ് അതുകൊണ്ടാകാം. 2013 ൽ റിലീസായ ഗോ ഗോവ ഗോൺ ആണ് ബോളിവുഡിൽ ഇറങ്ങിയ ആദ്യ സോംബി ഇന്ത്യൻ ചിത്രം . പിന്നെ 2016 ൽ തമിഴിലും ഇറങ്ങി ഒരു സോംബി ചിത്രം, ജയം രവി നായകനായിട്ട് എത്തിയ Miruthan.ഇത് മോശമില്ലാത്ത രീതിയിൽ ചെയ്ത ഒരു പരീക്ഷണ ചിത്രമായിരുന്നു, പക്ഷെ തമിഴ് ജനത ഈ സിനിമയെ തിരസ്കരിച്ചു. പിന്നെ 2019 ൽ സോംബി എന്ന പേരിൽ തന്നെ തമിഴിൽ ഒരു കോമഡി ചിത്രവും ഇറങ്ങി, പക്ഷെ അതൊരു ദുരന്ത സിനിമാനുഭവം ആയിരുന്നു, പറയാതെ വയ്യ. ഇന്ത്യയിൽ ആകെ വിവിധ ഭാഷകളിലായി പത്തോളം സോംബി സിനിമകൾ മാത്രമേ റിലീസായിട്ടുള്ളു, എന്തുകൊണ്ടോ നമ്മുടെ നാട്ടിൽ അതായത് മലയാളത്തിൽ ആ സോണറിലുള്ള സിനിമകൾ ഇറങ്ങിയിട്ടില്ല. സൂപ്പർ ഹീറോ ഒക്കെ വന്ന സ്ഥിതിക്ക് ഇനി മലയാളത്തിലും സോംബി സിനിമകൾ വരുമായിരിക്കും എന്ന് പ്രതീക്ഷിക്കാം.

  പക്ഷെ മലയാളികൾക്കിടയിൽ നിരവധി നിരവധി സോംബി ആരാധകരുണ്ട്, പ്രത്യേകിച്ച് കൊറിയൻ സോംബി ചിത്രങ്ങൾക്ക്, ഉദാഹരണമായി പറയുകയാണെങ്കിൽ കേരളത്തിൽ ആദ്യമായി തിയേറ്ററിൽ റിലീസ് ചെയ്ത കൊറിയൻ ചിത്രം ഒരു സോംബി സിനിമയായിരുന്നു. ലോകം മുഴുവൻ വമ്പൻ ഹിറ്റായ മലയാളികളുടെ പ്രിയപ്പെട്ട താരം ഡോൺലി അണ്ണൻ പ്രധാനവേഷത്തിൽ എത്തിയ 2016 ൽ റിലീസായ ട്രെയിൻ ടു ബുസാൻ.
  പിന്നെ 2010 ൽ സംപ്രേക്ഷണം ആരംഭിച്ച് ഇതുവരെയും അവസാനിക്കാത്ത ദി വാക്കിംഗ് ഡെഡ് എന്ന ഇതിഹാസ അമേരിക്കൻ സീരീസും മനുഷ്യൻ സോംബികളാകുന്ന കഥ തന്നെയാണ് പറയുന്നത്. ടിവി സീരീസുകളുടെ ചരിത്രത്തിൽ ഒരിക്കലും ഒഴിച്ച് കൂടാനാവാത്ത ഒരു അദ്ധ്യായമായി മാറിയ സീരീസ് കൂടിയാണ് ദി വാക്കിംഗ് ഡെഡ്.

  കൊറിയക്കാർക്ക് സോംബി സീരീസുകളോടെ വലിയ ഇഷ്ടമാണെന്നു തോന്നുന്നു, കാരണം അവിടെയിറങ്ങുന്ന സോംബി സീരീസുകൾക്കും സിനിമകൾക്കും അത്രയേറെ പിന്തുണയാണ് ലഭിക്കുന്നത്. ലോകം മുഴുവൻ വമ്പൻ ഹിറ്റായ നെറ്ഫ്ലിക്സ് സീരീസ് കിങ്ഡം കണ്ടവർ കാണുമല്ലോ? രണ്ടാം ഭാഗത്തിനായി നമ്മൾ കാത്തിരിക്കുവാൻ തുടങ്ങിയിട്ട് രണ്ട് കൊല്ലമായി, അപ്പോൾ ഞാൻ പറഞ്ഞുവന്നത് ഒരു കൊറിയൻ സോംബി സീസിനെക്കുറിച്ചാണ്. സ്‌ക്വിഡ് ഗെയിമിന് ശേഷം നെറ്റ്ഫ്ളിക്‌സില്‍ തരംഗമായി മാറിയ കൊറിയന്‍ ഡ്രാമാ സീരീസ് ആണ് ഓള്‍ ഓഫ് അസ് ആര്‍ ഡെഡ്. റിലീസ് ചെയ്ത് ഒറ്റ ദിവസം കൊണ്ട് ഇന്ത്യ അടക്കമുള്ള നിരവധി രാജ്യങ്ങളിലെ നെറ്റ്ഫ്‌ളിക്‌സ് ടോപ്പ് 10 ലിസ്റ്റില്‍ ഇടം പിടിച്ച സീരീസ് നിലവില്‍ ഇരുപത്തി അഞ്ചിലധികം രാജ്യങ്ങളില്‍ ഒന്നാം സ്ഥാനത്താണ്. ഇറ്റലിയില്‍ ടോപ് ഫൈവില്‍ ഇടംപിടിക്കാനും സീരിസിനായി. 2022 ജനുവരി 28ന് ആയിരുന്നു നെറ്റ്ഫ്ലിക്സിൽ ഈ സീരീസ് റിലീസ് ചെയ്തത്

  കൊറിയൻ സോംബി സർവൈവൽ ത്രില്ലറാണ് "ഓൾ ഓഫ് അസ് ആർ ഡെഡ്".പതിവ് സോമ്പി സിനിമ, സീരീസ് രീതികളിൽ നിന്ന് വ്യത്യസ്തമായി ഒരു പറ്റം സ്കൂൾ വിദ്യാർഥികളുടെ അതിജീവന കഥയിലൂടെയാണ് സീരീസ് മുമ്പോട്ട് പോകുന്നത്. വളരെ വേഗത്തിൽ പറഞ്ഞ് പോകുന്ന കഥയും ഒരു കഥാപാത്രത്തിൽ മാത്രം ഊന്നി കഥ പറയാതെ എല്ലാ കഥാപാത്രങ്ങൾക്കും വ്യക്തമായ സ്പേസും റോളും കൊടുക്കുന്ന സീരീസ് മറ്റ് സോംബി ത്രില്ലറുകളിൽ നിന്നും വേറിട്ട് നിൽക്കുന്നു.

  സൗത്ത് കൊറിയയിലെ ഒരു സ്‌കൂള്‍ പശ്ചാത്തലമാക്കിയാണ് കഥ നടക്കുന്നത്. സ്‌കൂളില്‍ ഒരു പ്രത്യേകതരം വൈറസ് പൊട്ടിപ്പുറപ്പെടുകയും തുടര്‍ന്ന് വൈറസ് ബാധയേല്‍ക്കുന്നവര്‍ സോംബികളായി മാറുന്നതുമാണ് കഥ. പ്രേക്ഷകര ആകാംക്ഷയുടെ മുള്‍ മുനയിലെത്തിക്കുന്ന പന്ത്രണ്ട് എപ്പിസോഡുകളാണ് season 1ൽ ഉള്ളത്. സ്‌കൂളിൽ കുടുങ്ങിയ വിദ്യാർത്ഥികൾ അതിജീവിക്കാൻ പാടുപെടുന്നതാണ്‌ ഈ സീരീസിന്റെ കഥ. ഭക്ഷണമോ വെള്ളമോ ഇല്ലാതെ, ആശയവിനിമയം സർക്കാർ വിച്ഛേദിച്ചതിനാൽ, ഒരു യുദ്ധഭൂമിക്ക് നടുവിൽ സ്വയം പരിരക്ഷിക്കാൻ അവർ സ്കൂളിന് ചുറ്റുമുള്ള ഉപകരണങ്ങൾ ഉപയോഗിച്ചുകൊണ്ട് എങ്ങനെ അവിടുന്നു രക്ഷപ്പെടും?
  ഇതാണ് ഓൾ ഓഫ് അസ് ആർ ഡെഡ്ന്റെ സീസൺ ഒന്ന് നമ്മളോട് പറയുന്നത്.

  വെറുമൊരു സോമ്പി സീരിയസ് മാത്രമല്ല ഓൾ ഓഫ് അസ് ആർ ഡെഡ്, കൗമാര പ്രണയവും, തമാശയും, സൗഹൃദവും, സ്‌കൂൾ റാഗിങ്ങും, സ്‌കൂളിലെ രാഷ്ട്രീയവും , പകയും, മാതൃത്വവും, പിതൃസ്നേഹവും എല്ലാമുള്ള വൈകാരികമായ ഒട്ടേറെ നിമിഷങ്ങൾ കോർത്തിണക്കിയാണ് സീരിസ് മുന്നോട്ടുപോകുന്നത്. അതുകൊണ്ട് തന്നെ ഒരേസമയം ത്രില്ലറും, ഇമോഷണൽ ഫീലിംഗ്സും പ്രേക്ഷകന് നൽകുന്നതിൽ സീരിസ് വിജയിച്ചിരിക്കുന്നു. സീരീസ് കണ്ടു കഴിയുമ്പോൾ നമ്മളുടെ പ്രിയപ്പെട്ട താരങ്ങളായി മാറുന്ന പല കഥാപാത്രങ്ങളും സോംബികളായി മാറുകയും ചെയ്യും, സോംബി ആയ ഒരാൾ മറ്റൊരാളെ കടിച്ചാലാണല്ലോ അയാളും സോംബി ആയി മാറുക, അതുകൊണ്ട് തന്നെ ചില കടികൾ കാഴ്ച്ചക്കാരുടെ ഹൃദയത്തിൽ കൂടിയാണ് മുറിവേൽപ്പിക്കുന്നത്

  സാധാരണ ത്രില്ലറുകളിൽ നിന്ന് മാറി എല്ലാത്തിനും വിശദീകരണങ്ങൾ നൽകാനും, കൃത്യമായി പ്രേക്ഷകനെ കഥാപാത്രങ്ങളുടെ ഇമോഷൻസുമായി കണക്ട് ചെയ്യാനും സീരീസിന് കഴിഞ്ഞിട്ടുണ്ട്. ഓരോ എപ്പിസോഡിലും വരുന്ന ട്വിസ്റ്റുകളും, ക്ലിഫ് ഹാങ്ങറുകളും, മുഷിപ്പിക്കാത്ത രീതിയിലുള്ള ആഖ്യാനവും ഓൾ ഓഫ് അസ് ആർ ഡെഡ്നെ മറ്റ് സീരിസുകളിൽ നിന്ന് വേറിട്ട് നിർത്തുന്നു.

  ഒരു വലിയ ദുരന്തം വരുമ്പോൾ മനുഷ്യർ എങ്ങനെയാണ് സ്വാർഥനാകുക? അധികാര ഭരണകൂട നേതാക്കന്മാർ സ്വന്തം കാര്യം മാത്രം നോക്കുന്ന സന്ദർഭങ്ങൾ, അങ്ങനെ അവനവന്റെ ജീവിതം മാത്രം രക്ഷപ്പെട്ടാൽ മതി എന്ന മനുഷ്യന്റെ ചിന്താഗതികളേയും അധികാര വർഗത്തിന് മുന്നിൽ നിസ്സഹായനായി പോകുന്ന ഒരു കൂട്ടം പച്ച മനുഷ്യരുടെ ജീവിതങ്ങളേയും ഈ സീരീസ് മനോഹരമായി വരച്ചു കാണിക്കുന്നുണ്ട്.

  അഭിനേതാക്കളുടെ പ്രകടനം അതിഗംഭീരമാണ്. ചിലർ നമ്മുടെ മനസ്സാണ് കീഴടക്കുന്നത്.ചിലരാകട്ടെ നമ്മുടെ വെറുപ്പും നല്ലോണം സമ്പാദിക്കും.നെഗറ്റിവ് ഷേഡിൽ ഉള്ള കഥാപാത്രങ്ങൾക്കാണ് കയ്യടി നൽകേണ്ടത്.അത്രയ്ക്ക് ഗംഭീര പ്രകടനം. എടുത്ത് പറയേണ്ടത് സ്‌കൂളിലെ വില്ലനായി തെമ്മാടിയായി അഴിഞ്ഞാടിയ Yoo In Soന്റെ കഥാപാത്രം ഒരു രക്ഷയും ഇല്ല. കയ്യിൽ കിട്ടിയാൽ രണ്ടെണ്ണം പൊട്ടിക്കാൻ തോന്നും. അത്രയ്ക്ക് കിടിലം. പിന്നെ തടിയനായി വന്നു നമ്മളെ ചിരിപ്പിച്ച ചെക്കൻ ഒക്കെ ഒരു രക്ഷയും ഇല്ല. നായകൻ നായിക എന്ന കഥാപാത്ര സങ്കല്പം ഇല്ലാത്തതിനാൽ കൂടുതൽ കഥാപാത്രങ്ങളിലേക്ക് ചെല്ലുന്നില്ല. നിങ്ങൾ കണ്ടു തന്നെ അറിയുക.

  സ്കൂൾ വിദ്യാര്‍ത്ഥികളുടെ കഥ ആയതുകൊണ്ട് തന്നെ അഡൾട്ട് രംഗങ്ങൾ തീരെ ഇല്ലെങ്കിലും അതിതീവ്ര വയലൻസും ചോരക്കളിയും സീരീസിനെ 18+ ആക്കുന്നു. വയലൻസ് രംഗങ്ങളിൽ ഒരു വിട്ടുവീഴ്ചയും കാണിക്കാത്ത നെറ്റ്ഫ്ലിക്സ് ഈ സീരീസിലും അത് ആവർത്തിച്ചു.ഒരു മണിക്കൂർ മുതൽ ഒന്നേകാൽ മണിക്കൂർ വരെ ദൈർഘ്യമുള്ള12 എപിസോഡുകളാണ് സീരീസിലുള്ളത്.

  ആദ്യ സീസണ്‍ തരംഗമായതോടെ രണ്ടാം സീസണ്‍ സംബന്ധിച്ചും ചര്‍ച്ചകള്‍ സജീവമാണ്. ആദ്യ ഭാഗം സോംബികളില്‍ നിന്നുള്ള മനുഷ്യരുടെ അതിജീവന കഥയാണ് പറഞ്ഞതെങ്കില്‍ സീസണ്‍ 2 സോംബികളുടെ അതിജീവന കഥയായിരിക്കുമെന്നാണ് സംവിധായകന്‍ ലീ ജെ ക്യു നല്‍കുന്ന സൂചന.കാണാത്തവരുണ്ടെങ്കിൽ കാണുക, ഒരിക്കലും ഈ സോംബി സീരീസ് നിങ്ങളെ നിരാശപ്പെടുത്തില്ല എന്ന് വിശ്വസിക്കാം.

  Recommended Video

  മീനാക്ഷിക്കും മഹാലക്ഷ്മിക്കും ഒപ്പമുള്ള ദിലീപ്,അയാൾ നല്ലൊരു അച്ഛനാണ്

  ഈ സോംബി സീരീസ് നിങ്ങളെ നിരാശപ്പെടുത്തില്ല എന്ന് വിശ്വസിക്കാം.

  Read more about: review റിവ്യൂ
  English summary
  Netflix Korean Zombie Thriller Series All of Us Are Dead Review
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X