ഓരോ മലയാളിയുടേയും മുഖമുള്ള പ്രകാശന്‍! പക്ക ഫാമിലി എന്റര്‍ടെയിനര്‍!
ജിന്‍സ് കെ ബെന്നി
Recommended Video

പതിനാറ് വര്‍ഷത്തിന് ശേഷം സത്യന്‍ അന്തിക്കാടും ശ്രീനിവാസനും ഒന്നിക്കുന്ന ചിത്രമെന്ന നിലയില്‍ റിലീസിന് മുന്നേ ആരാധകരില്‍ ഏറെ പ്രതീക്ഷയുണര്‍ത്തിയ ചിത്രമായിരുന്നു ഞാന്‍ പ്രകാശന്‍. മലയാളി യുവത്വത്തിന്റെ പൊതുവിചാര വികാരങ്ങളുള്ള ഒരു കഥാപാത്രത്തെയാണ് ഞാന്‍ പ്രകാശനിലൂടെ സത്യന്‍ അന്തിക്കാടും ശ്രീനിവാസനും ചേര്‍ന്ന് വരച്ച് കാട്ടുന്നത്. മോഹന്‍ലാലിനേയും ജയറാമിനേയും തന്റെ കഥാപാത്രങ്ങള്‍ക്കായി ഏറ്റവുമധികം തിരഞ്ഞെടുത്തിട്ടുള്ള സത്യന്‍ അന്തിക്കാട് ഇക്കുറി ഫഹദ് ഫാസിലിനെയാണ് തിരഞ്ഞെടുത്തത്. ഇന്ത്യന്‍ പ്രണയകഥയിലൂടെ സത്യന്‍ അന്തിക്കാട് കഥാപാത്രങ്ങള്‍ക്ക് ജീവന്‍ കൊടുക്കാന്‍ സാധിക്കുന്ന നടനാണ് താനെന്ന് ഫഹദ് ഫാസില്‍ തെളിയിച്ചിരുന്നു. അതിന് അടിവരയിടുകയാണ് ഞാന്‍ പ്രകാശനിലൂടെ.

വിദേശത്ത് പോയി സമ്പന്നനാകുക എന്ന ആഗ്രഹത്തോടെ സ്വന്തം നാടിനേയും ഇവിടുത്തെ ജോലിയേയും പുശ്ചത്തോടെ കാണുന്ന, പഠിച്ച ജോലിക്ക് പോകാതെ കുറുക്ക് വഴിയിലൂടെ ജീവിതം കെട്ടപ്പടുക്കാന്‍ ആഗ്രഹിക്കുന്ന ഒരു ശരാശരി മലയാളി യുവത്വത്തിന്റെ മുഖമാണ് പ്രകാശന്. അസൂയയും കുശുമ്പും സ്വാര്‍ത്ഥതയുമുള്ള ഒരു സാധാമലയാളി. വ്യക്തി ബന്ധങ്ങള്‍ക്കോ സൗഹൃദത്തിനോ വില കല്പിക്കാത്ത പ്രകാശന് ജീവിതത്തില്‍ നേരിടുന്ന തിരിച്ചടികളും ഒടുവില്‍ ലഭിക്കുന്ന തിരിച്ചറിവുമാണ് ഞാന്‍ പ്രകാശന്‍ എന്ന ചിത്രം.

പ്രകാശന്റെ ജീവിതത്തെ ശ്രീനിവാസന്‍ ഹാസ്യത്തിന്റെ മേമ്പൊടി കൊണ്ട് അലങ്കരിച്ചാണ് പ്രേക്ഷര്‍ക്ക് മുന്നിലേക്ക് എത്തിക്കുന്നത്. എന്നാല്‍, മനഃപ്പൂര്‍വ്വമായി എഴുതിച്ചേര്‍ത്തതല്ല ഇതിലെ ഹാസ്യം. തിയറ്ററില്‍ ചിരി നിറയ്ക്കുന്ന രംഗങ്ങളിലധികവും ചിത്രത്തിലെ ഏറ്റവും ഗൗരവമുള്ളവയാണ് എന്നതാണ് യാഥാര്‍ത്ഥ്യം. അതില്‍ ഫഹദ് ഫാസില്‍ എന്ന നടന്റെ പ്രകടനത്തിന് തന്നെയാണ് മാര്‍ക്ക് നല്‍കേണ്ടത്. ശ്രീനിവാസന്‍ എന്ന രചയിതാവിന്റെ ഏറ്റവും വലിയ പ്രത്യേകതയായ കൗണ്ടറുകളാണ് ഈ ചിത്രത്തിന്റേയും പ്രധാന ആകര്‍ഷണം. നിഷ്‌കളങ്കമായ പല കൗണ്ടറുകളും തിയറ്ററില്‍ പൊട്ടിച്ചിരി നിറയ്ക്കുന്നവയാണ്.

മനസ് നിറഞ്ഞ് ചിരിക്കുമ്പോഴും കണ്ണ് നനയ്ക്കുന്ന നിമിഷങ്ങളും ഞാന്‍ പ്രകാശനില്‍ അനുഭവിക്കാം. ചിത്രത്തിലെ പല രംഗങ്ങളിലും പ്രകാശന് ഫഹദ് ഫാസിലിന്റെ മുഖമല്ല, ഓരോ കാഴ്ചക്കാരന്റേയുമാണ്. ഇവിടെയാണ് പ്രേക്ഷകനോട് ചേര്‍ന്ന് നില്‍ക്കുന്ന സിനിമ എന്ന നിലയില്‍ ഞാന്‍ പ്രകാശന്‍ കൈയടി നേടുന്നത്. സത്യന്‍ അന്തിക്കാട് ഇപ്പോഴും തനി ഗ്രാമീണനാണ്, അതുകൊണ്ടായിരിക്കാം നാട്ടിന്‍പുറത്തിന്റെ സൗന്ദര്യം തനിമ ചോരാതെ സ്‌ക്രീനില്‍ കാണാന്‍ സാധിക്കുന്നത്. സംവിധായകന്റെ കണ്ണായി മാറുന്ന ക്യാമറയ്ക്ക് പിന്നിലെ കരങ്ങള്‍ എസ് കുമാറിന്റേതാണ്.

ഷോര്‍ട്ട്‌സും മെട്രോ ബോയ് ഇമേജുമായി ഒതുങ്ങി നിന്ന ഫഹദ് ഫാസിലില്‍ നിന്നും പ്രകാശനിലേക്ക് എത്തുമ്പോള്‍ ഏറെ ദൂരം പിന്നിട്ടിരിക്കുന്ന ഒരു ബോണ്‍ ആക്ടറിനെ കാണാന്‍ സാധിക്കും. മലയാളിത്തമുള്ള കഥ പറയാന്‍ ഇനി മോഹന്‍ലാലിനോ ജയറാമിനോ വേണ്ടി സത്യന്‍ അന്തിക്കാട് കാത്തിരിക്കേണ്ടതില്ല. ഒരു ഫ്‌ളെക്‌സിബിള്‍ ആക്ടറാണ് താനെന്ന് വീണ്ടും തെളിയിക്കുകയാണ് ഫഹദ്. സത്യന്‍ അന്തിക്കാട് ശ്രീനിവാസന്‍ ചിത്രങ്ങളിലെ മോഹന്‍ലാലിനെ ഓര്‍മിപ്പിക്കുന്നുണ്ട് ഫഹദ്. തിയറ്ററില്‍ ഉയരുന്ന പൊട്ടിച്ചിരികള്‍ക്കും കൈയടികള്‍ക്കും കാരണവും ഫഹദിന്റെ പ്രകടനം തന്നെ.

നിഖില വിമലും അഞ്ജു കുര്യനുമാണ് ചിത്രത്തിലെ നായികമാര്‍. സത്യന്‍ അന്തിക്കാടിന്റെ പതിവ് മുഖമായുള്ളത് കെപിഎസി ലളിത മാത്രമാണ്. പ്രേക്ഷകര്‍ക്ക് അധികം സുപരിചതമല്ലാത്ത ഒരു പിടി അഭിനേതാക്കളേയും ചിത്രത്തില്‍ കാണാം. ഇവരെല്ലാം മലയാള സിനിമയ്ക്ക് ഒരു മുതല്‍ക്കൂട്ടാണ്. സിങ്ക് സൗണ്ടിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്് എന്നതുംകൂടെ ചേര്‍ത്ത് വായിക്കുമ്പോള്‍ ആ വിശേഷണം അതിശയോക്തിയായി തോന്നില്ല. ഷാന്‍ റഹ്മാന്റെ സംഗീതത്തില്‍ ഒരുങ്ങിയ ഗാനങ്ങള്‍ ചിത്രത്തോട് ചേര്‍ന്ന് നില്‍ക്കുന്നു. ആദ്യ ഗാനം ഇന്ത്യന്‍ പ്രണയകഥയിലെ ഗാനത്തെ ഓര്‍മ്മപ്പെടുത്തിയെങ്കിലും ആസ്വാദ്യമായിരുന്നു. ക്രിസ്തുമസ് അവധിക്കാലത്ത് കുടുംബവുമായി സധൈര്യം ഞാന്‍ പ്രകാശന് ടിക്കറ്റെടുക്കാം.
ചുരുക്കം: സാധാമലയാളി യുവത്വത്തിന്റെ മുഖമാണ് പ്രകാശന്. ഫഹദ് ഫാസിനെയല്ല ഓരോ പ്രേക്ഷകനേയുമാണ് സ്‌ക്രീനില്‍ കാണാനാകുക.


Click it and Unblock the Notifications











