For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  ഏപ്രിലിൽ “ഒക്ടോബർ” വന്നതിന്റെ അനുഭവം! “ഒക്ടോബർ” മൂവി റിവ്യൂ

  By Sandeep Santosh
  |

  യുവതാരത്തിൽ നിന്നും അതിവേഗം സൂപ്പർതാരപദവിയിലേക്ക് കുതിച്ചുകൊണ്ടിരിക്കുന്ന നടനാണ് വരുൺ ധവാൻ. നായകനായി അരങ്ങേറിയ 'സ്റ്റുഡന്റ് ഓഫ് ദ ഇയർ’ എന്ന ചിത്രത്തിലൂടെ തന്നെ വളരെ വലിയ ആരാധക പിന്തുണയാണ് താരത്തിന് ലഭിച്ചത്. സമകാലയളവിലുള്ള മറ്റ് യുവതാരങ്ങളുടെ ചിത്രങ്ങളേക്കാൾ മികച്ച സ്വീകാര്യതയാണ് വരുണിന്റെ ചിത്രങ്ങൾക്കുള്ളത്. വരുൺ ധവാൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പത്താമത്തെ ചിത്രമാണ് 'ഒക്ടോബർ’.

  ബനിറ്റ സന്ധു, ഗീതാഞ്ജലി റാവു എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളായി ചിത്രത്തിൽ എത്തുന്നത്. ഷൂജിത്ത് സർക്കാർ സംവിധാനം ചെയ്ത റൊമാന്റിക് ഡ്രാമയായ 'ഒക്ടോബർ’ ഏപ്രിൽ 13 നാണ് തീയറ്ററുകളിൽ എത്തിയത്.

  റേറ്റിംഗ്: 7.5

  ആരാധകരെ ത്രസിപ്പിക്കുന്ന, അഭിനയത്തിന് പ്രാധാന്യമില്ലാത്ത ചിത്രങ്ങളായിരുന്നു വരുൺ ധവാന്റെ പേരിലുണ്ടായിരുന്നത് ( ‘ബദലാപുർ' എന്ന ചിത്രമൊഴികെ). അത്തരം ചിത്രങ്ങളിൽ നിന്നും വളരെ വ്യത്യസ്തമായ ഒരു ഫീൽഗുഡ് മൂവിയാണ് ‘ഒക്ടോബർ'.

  ഹൃദയസ്പർശിയായ കഥ

  ധൻ എന്ന് വിളിക്കുന്ന ധനിഷ് വാലിയ ( വരുൺ ധവാൻ)ഡൽഹിയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ ട്രെയിനിയായി ജോലി ചെയ്യുന്നയാളാണ്. ശിവലി അയ്യർ ( ബനിറ്റ സന്ധു), മംജീത്ത് തുടങ്ങി നിരവധി പേർ അവിടെ ധനിഷിന്റെ കൂടെ ജോലി ചെയ്യുന്നുണ്ട്. ധനിഷിന്റെ ട്രെയിനിംഗിന്റെ ഭൂരിഭാഗവും ഹോട്ടൽ മുറികൾ വൃത്തിയാക്കുന്ന ഹൗസ് കീപ്പിംഗ് വിഭാഗത്തിലും, തുണികൾ ക്ലീൻ ചെയ്ത് അയൺ ചെയ്യുന്ന ജോലികളിലും മറ്റുമായാണ് മുന്നോട്ട് പോകുന്നത്. തന്റെ ജോലിയോട് തന്നെ ധനിഷിന് മടുപ്പ് ഉണ്ടാകുവാൻ ഇത് കാരണമാകുന്നു.
  ഒരു ദിവസം ഹോട്ടലിൽ ഒരു പാർട്ടി നടക്കുമ്പോൾ മൂന്നാം നിലയിൽ നിന്നും ശിവലി താഴേക്ക് വീഴുന്നു. വീഴ്ചയിൽ ശിവലിക്ക് സാരമായ പരിക്ക് പറ്റുകയും അവൾ കോമാ സ്റ്റേജിലേക്ക് പോവുകയും ചെയ്യുന്നു.
  ഹോസ്പിറ്റലിൽ അവളെ ആ അവസ്ഥയിൽ കാണേണ്ടിന്നതിൽ ധനിഷ് വളരെ ദുഃഖിതനാകുന്നു.
  പിന്നീട് അപകടം നടന്ന ദിവസം ശിവലി ധനിഷ് എവിടെയാണെന്ന് അന്വോക്ഷിച്ചിരുന്നതായി ഒരു കൂട്ടുകാരനിൽ നിന്നും ധനിഷ് അറിയുന്നു.
  ശിവലി തന്നെ എന്തിനന്വോക്ഷിച്ചു എന്ന ചിന്തകൾ കൊണ്ട് ധനിഷ് അസ്വസ്ഥനാകുന്നു, അങ്ങനെ അയാൾ തന്റെ ജോലിയും മറ്റ് കാര്യങ്ങളും മറന്ന് കൂടുതൽ സമയവും ഹോസ്പിറ്റലിൽ ശിവലിയ്ക്കൊപ്പം ചിലവഴിക്കുന്നു.
  തുടർന്ന് ധനിഷിന്റെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളാണ് സിനിമയിലൂടെ സംവിധായകൻ ദൃശ്യവൽക്കരിച്ചിരിക്കുന്നത്.

  ശക്തമായ തിരക്കഥ

  കഥാപാത്രങ്ങളുടെ ചിന്തകളും വികാരങ്ങളും വ്യക്തമായ രീതിയിൽ പ്രേക്ഷകർക്ക് ബോദ്ധ്യപ്പെടും വിധമാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയരിക്കുന്നത്. അമിതാഭ് ബച്ചൻ, ദീപിക പദുകോൺ, ഇർഫാൻ ഖാൻ എന്നിവരഭിനയിച്ച പീക്കു എന്ന ചിത്രത്തിനു ശേഷം ജൂഹി ചതുർവേദി തിരക്കഥയൊരുക്കിയ ചിത്രമാണ് ‘ഒക്ടോബർ'.

  ആദ്യത്തെ ഒരു 15-20 മിനുട്ട് സിനിമ എന്താണ് പറയാൻ ഉദ്ദേശിക്കുന്നതെന്നൊരു സംശയം നമുക്കുളവാകും, പതിഞ്ഞു തുടങ്ങുന്ന ചിത്രം പിന്നീടും ഗതിയിൽ വലിയ മാറ്റമില്ലാതെയാണ് സഞ്ചരിക്കുന്നത്. പക്ഷെ പതിയെ പതിയെ ചിത്രത്തിനോട് പ്രേക്ഷകരെ അടുപ്പിക്കുന്ന ഒരാകർഷണം അതിൽ അടങ്ങിയിട്ടുണ്ട്.

  വരുൺ അവതരിപ്പിച്ച ധനിഷിനേപ്പോലുള്ള കഥാപാത്രങ്ങൾ ബോളിവുഡിൽ നിന്നും അപൂർവ്വമായി മാത്രം ലഭിക്കുന്നതാണ്‌. കഥാപാത്രസൃഷ്ടിയിൽ ജൂഹി ചതുർവേദിയുടെ കഴിവ് ബോദ്ധ്യപ്പെടുത്തുന്ന മറ്റൊരു കഥാപാത്രമാണ് ഹോട്ടലിൽ ധനിഷിന്റെ മാനേജറായി എത്തുന്ന കഥാപാത്രത്തിന്റേതും. വളരെ കൃത്യതയാർന്ന സൃഷ്ടിയാണതും. ആദ്യം മറ്റുള്ളവരെപ്പറ്റി ചിന്തിക്കാത്ത തന്റെ ജോലിയിൽ മാത്രം ശ്രദ്ധിക്കുന്നയാളായി തോന്നുമെങ്കിലും, അയാളുടെ മനോവികാരങ്ങൾ പിന്നീട് പ്രേക്ഷകർക്ക്‌ മുന്നിൽ വ്യക്തമായി പ്രതിഫലിപ്പിക്കുന്നുണ്ട്‌.

  സംവിധാനം

  ഷൂജിത്ത് സർക്കാർ തന്റെ ചിത്രത്തെ കൂടുതൽ വാണിജ്യവൽക്കരിക്കാൻ ഒട്ടും തന്നെ ശ്രമിച്ചിട്ടില്ല എന്ന് ചിത്രം കാണുമ്പോൾ മനസിലാക്കാൻ സാധിക്കുന്നതാണ്. ‘ഒക്ടോബർ' എന്ന സിനിമ ടൈംപാസ് ചെയ്ത് ആസ്വദിക്കാനായി തീയറ്ററിലെത്തുന്നവർക്കുള്ളതല്ല, ഇത് അനുഭവിച്ചറിയേണ്ട ചിത്രമാണ്. ചിത്രത്തിൽ നായകനും നായികയും പ്രേമിച്ചു നടക്കുന്നതോ, എന്റെ പ്രണയം മഹത്തരവും ,സുന്ദരവുമാണെന്ന് കഥാപാത്രങ്ങൾ സ്വയം വിളിച്ചു പറഞ്ഞു നടക്കുന്നതുമായ രംഗങ്ങളോ ചിത്രത്തിലില്ല. പല രംഗങ്ങളിലും സംഭാഷണങ്ങളും വളരെ കുറാവാണ്. പക്ഷെ ചിത്രത്തിലൂടെ എന്താണോ സംവിധായകൻ പറയാനുദ്ദേശിച്ചത് അത് നൂറു ശതമാനവും പ്രേക്ഷകർക്ക് ഉൾക്കൊള്ളാൻ കഴിയുന്നുണ്ട്. രണ്ട് മണിക്കൂറിനടുത്തുള്ള സമയം പ്രേക്ഷകരെ മുഷിപ്പിക്കാതെ ഓരോ കാര്യങ്ങളും വ്യകതമായും, വിശദമായും തന്നെ അവതരിപ്പിക്കാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്.

  താരങ്ങളുടെ അഭിനയം

  വരുൺ ധവാന്റെ ഇതുവരെയുള്ള ചിത്രങ്ങളിലെ മികച്ച അഭിനയമാണ് ചിത്രത്തിൽ കാണാൻ കഴിയുന്നത്. കഥാപാത്രത്തെ പൂർണ്ണമായി ഉൾക്കൊണ്ടുകൊണ്ട് ജീവസ്സുറ്റ പ്രകടനമാണ് വരുണിൽ നിന്നും ലഭിച്ചത്. ശിവലി എന്ന കഥാപാത്രമായെത്തിയ ബനിറ്റ സന്ധുവിന് ‘ഒക്ടോബർ' അരങ്ങേറ്റ ചിത്രമാണ്. തുടർന്നും നല്ല പ്രതീക്ഷകൾ നൽകും വിധം വളരെ വെല്ലുവിളികൾ നിറഞ്ഞ കഥാപാത്രത്തെ തന്റെ കൈപ്പിടിയിൽ നടിയും ഒതുക്കിയിരിക്കുന്നു.

  പിന്നീട് എടുത്തു പറയേണ്ട പ്രകടനം ശിവലിയുടെ അമ്മയുടെ വേഷത്തിലെത്തിയ ഗീതാഞ്ജലി റാവുവിന്റേതാണ്. യഥാർത്ഥത്തിൽ പ്രസ്ഥുത ദുഃഖത്തിലൂടെ കടന്നുപോകുന്ന സ്ത്രീ എന്ന് തോന്നിപ്പിക്കും വിധം ഭംഗിയായായി അവർക്ക് ആ വേഷം അവതരിപ്പിക്കാൻ കഴിഞ്ഞു.

  ചിത്രത്തിന്റെ മറ്റ് ഘടകങ്ങൾ

  ഡൽഹി, കുളു തുടങ്ങിയ സ്ഥലങ്ങളുടെ സൗന്ദര്യം അതി മനോഹരമായി ഒപ്പിയെടുക്കാൻ ചിത്രത്തിന്റെ ഛായാഗ്രാഹകന് കഴിഞ്ഞിട്ടുണ്ട്‌.

  പ്രേക്ഷകനേയും സിനിമയ്‌ക്കൊപ്പം കൂട്ടിക്കൊണ്ട് പോകാൻ ഈ ദൃശ്യഭംഗിയാലും, പശ്ചാത്തല സംഗീതത്താലും സാധിച്ചിരിക്കുന്നു. ഗാനങ്ങൾ വലുതായി ചിത്രത്തിന് ഗുണം ചെയ്തിട്ടില്ല. ശന്തനു മൊയിത്രയാണ് ചിത്രത്തിനു വേണ്ടി ഗാനങ്ങളും, പശ്ചാത്തല സംഗീതവും ഒരുക്കിയത്.

  പേരിനോട് നീതി പുലർത്തിയ ചിത്രം

  ‘ഒക്ടോബർ' എന്ന പേര് വെറുതെ ചിത്രത്തിനായി സ്വീകരിച്ച നാമമല്ലെന്ന് സിനിമ കാണുമ്പോൾ ബോധ്യപ്പെടും. സിനിമയിൽ വളരെ പ്രാധാന്യമുള്ള വിഷയമായി വരുന്ന ഹർസിങ്കാർ (നൈറ്റ് ജാസ്മിൻ) എന്ന മരം പൂക്കളാൽ നിറയുന്ന മാസമാണ് ഒക്ടോബർ. മാത്രമല്ല ദുഃഖത്തിന്റെ വൃക്ഷമെന്നും ഹർസിങ്കാർ അറിയപ്പെടുന്നുണ്ട്. സിനിമയുടെ കഥയും മനുഷ്യന്റെ ദുഃഖമെന്ന വികാരത്തിന്റെ തീവ്രതയിലൂടെയാണ് സഞ്ചരിക്കുന്നതും.

  ആകെ മൊത്തം നല്ല അനുഭൂതി പകരുന്ന സിനിമയാണ് ഒക്ടോബർ . സിനിമ കണ്ട് തീയറ്ററിന് പുറത്തേക്കിറങ്ങിയ ശേഷം സാധാരണ ഗതിയിലേക്ക് മടങ്ങാൻ കുറച്ചു സമയം ആവശ്യമായി വരുന്നു. ഒക്ടോബർ എന്ന സിനിമ കാണുന്നവർക്ക് ഒരു കാര്യം ഉറപ്പു നൽകാം - പ്രണയം കേട്ടും, കണ്ടും അറിയുന്നതിലുപരി ഈ സിനിമയിൽ അനുഭവിച്ചറിയാം...!


  Read more about: bollywood review varun dhawan
  English summary
  october bollywood movie review

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more