For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വൺ: പുതുമകളൊന്നുമില്ലാത്ത ഒരു രാഷ്ട്രീയസിനിമ, (മുഖ്യമന്ത്രി എന്നാൽ സുമ്മാവാ?) — ശൈലന്റെ റിവ്യൂ

  |

  ശൈലൻ

  എഴുത്തുകാരന്‍
  കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല.. സാഹിത്യകാരനെന്നോ വിമർശകനെന്നോ ഉള്ള ലേബലുകൾ കൂടാതെ പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്. പ്രിന്റ് മീഡിയയിലും സജീവം. എട്ട് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

  Rating:
  2.5/5

  മെഗാസ്റ്റാർ മമ്മൂട്ടി മുഖ്യമന്ത്രി വേഷത്തിൽ അഭിനയിക്കുന്നത് കാരണം ഷൂട്ട് തുടങ്ങിയപ്പോൾ മുതൽ തന്നെ വൻ ഹൈപ്പ് ഉണ്ടാക്കിയ സന്തോഷ് വിശ്വനാഥ് ന്റെ പൊളിറ്റിക്കൽ ഡ്രാമ 'വൺ' പ്രദർശനം ആരംഭിച്ചു. കഴിഞ്ഞ വർഷം മെയ് മാസത്തിൽ റിലീസ് ചെയ്യേണ്ടിയിരുന്ന വൺ കോവിഡ് 19 ബാധ കാരണം ഒരു വർഷത്തോളം വൈകിയാണ് തിയേറ്ററുകളിൽ എത്തിയിരിക്കുന്നത്. രണ്ടാഴ്ച മുമ്പ് എത്തിയ 'ദി പ്രീസ്റ്റ്' തിയേറ്ററുകളിൽ ലൈവായി നിൽക്കുമ്പോൾ തന്നെ അടുത്ത മമ്മൂട്ടിച്ചിത്രവും എത്തിയത് ആരാധകരിൽ വൻ ആവേശം സൃഷ്ടിക്കാൻ ഇടയായി.

  സിനിമയിലെ കടക്കൽചന്ദ്രൻ എന്ന മുഖ്യമന്ത്രിയ്ക്ക് പിണറായി വിജയന്റെ നേരിയ ഭാവഹാദികൾ ചലനങ്ങളിൽ നൽകാൻ മമ്മൂട്ടി ശ്രമിച്ചത് രാഷ്ട്രീയ വൃത്തങ്ങളിലും കൗതുകം ഉണ്ടാക്കിയിരുന്നു. നീണ്ടുപോയ റിലീസ് കേരള നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിയ സമയത്തുത്തന്നെ ആയത് സിനിമയെ കുറിച്ചുള്ള വാർത്തകൾക്ക് പൊടിപ്പും തൊങ്ങലുമേകുകയുണ്ടായി. മുംബൈ പോലീസ്, ട്രാഫിക് തുടങ്ങിയ മലയാളം കണ്ട എക്കാലത്തെയും മികച്ച ചില തിരക്കഥകൾ എഴുതിയവരായ, എഴുതിയാതൊന്നും മോശമാക്കിയിട്ടില്ലാത്തവരായ ബോബി-സഞ്ജയ് ടീമിന്റെയാണ് വൺ തിരക്കഥ എന്നതും സിനിമയെക്കുറിച്ചുള്ള പ്രതീക്ഷകൾക്ക് മറ്റൊരു കാരണമായി.

  ഈ പ്രതീക്ഷകളെയും ഹൈപ്പുകളെയും കൗതുകങ്ങളെയുമെല്ലാം തൃപ്തിപ്പെടുത്തുന്നുണ്ടോ ഇന്ന് തിയേറ്ററിൽ കണ്ട 'വൺ' എന്ന സിനിമ എന്നുചോദിച്ചാൽ തീർച്ചയായും അല്ല എന്ന് പറയേണ്ടിവരും. ഇതുവരെ നമ്മൾ കണ്ടിട്ടുള്ള സാധാരണ പൊലിറ്റിക്കൽ ഡ്രാമകളിൽ നിന്നും വ്യത്യസ്തമായി ഒന്നും തന്നെ വൺ പ്രേക്ഷകർക്ക് നൽകുന്നില്ല. വിസ്മയത്തിളക്കം ഉണ്ടാക്കുന്ന സന്ദർഭങ്ങളും ഇല്ല. പൊളിറ്റിക്കൽത്രില്ലർ എന്നുപോലും പറയാൻ പറ്റില്ല. ഒരു രാഷ്ട്രീയസിനിമ അത്രതന്നെ.

  മമ്മൂട്ടി മുഖ്യമന്ത്രി വേഷത്തിൽ എത്തുന്നു എന്നത് മാത്രമാണ് സിനിമയുടെ ഒരേ ഒരു പുതുമ. മമ്മുട്ടി മുഖ്യമന്ത്രി ആവുമ്പോൾ അതൊരു മിസ്റ്റർ ക്ളീൻ രാഷ്ട്രീയക്കാരന്റെ എല്ലാവിധ നന്മരോഗങ്ങളും ഉള്ള ക്യാരക്റ്റർ ആവും എന്ന് നമുക്ക് ഊഹിക്കാം. ആ ഊഹത്തിൽ നിന്നും കടുകിട തെറ്റുന്നില്ല കടക്കൽ ചന്ദ്രൻ. എന്നാൽ കടക്കൽ ചന്ദ്രന്റെ ഒരു മുഖ്യമന്ത്രിനന്മയ്ക്ക് കൃത്യമായ ഒരു ഐഡന്റിറ്റിയോ പേഴ്‌സനാലിറ്റിയോ കൊടുക്കാൻ സംവിധായകനും സ്ക്രിപ്റ്റിനും സാധിച്ചിട്ടുണ്ടോ എന്നു ചോദിച്ചാൽ അതും ഇല്ല.

  ഉള്ളാഴമോ ഉൾക്കനമോ ഇല്ലാത്ത കേവലം ഒരു സിനിമാ മുഖ്യമന്ത്രി മാത്രമാകുന്നു കടക്കൽ ചന്ദ്രൻ. അതിനിടയിലേക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ ക്യാരിക്കേച്ചറിനെയോ കേരളാ സർക്കാറിനെയോ അന്വേഷിക്കാനും തെരയാനും വരുന്നവർക്ക് സമ്പൂർണ നിരാശയായിരിക്കും ഫലം. അൻപതിലധികം നടീനടന്മാരുടെ പേരുകൾ സിനിമയുടെ വിക്കിപീഡിയ പേജിൽ ക്യാരക്റ്ററുകളുടെ പേരുകൾക്ക് നേരെ കാണുന്നുണ്ട്. അത്രത്തോളം താരനിബിഡമാണ് വൺ. പേരൊന്നുമില്ലാത്ത അഭിനേതാക്കൾ ചെയ്ത വേഷങ്ങൾ വേറെ. മെയിൻ ക്യാരക്റ്റർ ആയ കടക്കൽ ചന്ദ്രൻ പോലും സെമി ബേക്ക്ഡ് ആയി നിൽക്കുമ്പോൾ മറ്റുള്ളവരുടെ കാര്യം പറയേണ്ടതില്ലല്ലോ. വെറുതെ കടലാസുപശുക്കളായി വരുന്നു. പോവുന്നു. അത്ര തന്നെ.

  ഗംഭീരമായ പിരിമുറുക്കത്തോടെയാണ് വൺ തുടങ്ങുന്നത്. നാൽപതാം മിനുട്ടിൽ കടക്കൽ ചന്ദ്രന്റെ ഇൻട്രോ സംഭവിക്കും വരെ ആ ഒരു ടെംപോയും ചന്ദ്രന് വേണ്ടിയുള്ള ബിൽഡപ്പും ഗംഭീരമായി തുടരുകയും ചെയ്തു. സിനിമയിൽ ഏറ്റവും നല്ല ഭാഗം ഇതാണെന്ന് പറയേണ്ടിവരും. സനൽ ആയി വരുന്ന മാത്യൂസിന്റെയും അയാളുടെ അച്ഛനായി വരുന്ന സലിംകുമാറിന്റെയും പെങ്ങൾ സീന ആയി വരുന്ന ഗായത്രിയുടെയും പെർഫോമൻസും ഈ ഭാഗത്ത് എടുത്ത് പറയേണ്ടതാണ്. താരതമ്യേന നന്നായി ഡെവലപ്പ്‌ ചെയ്ത ക്യാരകട്ടേഴ്‌സും ഇവർ തന്നെ.

  കടയ്ക്കൽ ചന്ദ്രൻ ആയി മമ്മൂട്ടിയ്ക്ക് അത്ര ഗംഭീരമായ അഭിനയ മുഹൂർത്തങ്ങളൊന്നും വൺ ഓഫർ ചെയ്യുന്നില്ല. മുഖ്യമന്ത്രിയുടെ ശരീരഭാഷയും ഗെറ്റപ്പും പ്രെസൻസും സ്‌ക്രീനിൽ പകർന്നാടുക എന്നുമാത്രമേ ചെയ്യാനായി ഉണ്ടായിരുന്നുള്ളൂ. അത് അദ്ദേഹം ഗംഭീരമാക്കി. പിണറായിയുമായി കൂട്ടിവച്ചൊരു ദൃശ്യവായന മാത്രമേ ചന്ദ്രന് പാരയാവുന്നുള്ളൂ.

  മുരളി ഗോപി, സിദ്ദിഖ്, ജോജു ജോർജ്ജ്, നിമിഷ സജയൻ, റിസബാവ, ജഗദീഷ്, മധു, ബാലചന്ദ്രമേനോൻ, രശ്മി ബോബൻ, ബിനു പപ്പു, കൃഷ്ണകുമാർ, ശങ്കർ രാമകൃഷ്ണൻ, നിഷാന്ത് സാഗർ, സുദേവ്, മാമുക്കോയ അങ്ങനെ എണ്ണിയാലൊടുങ്ങാത്ത ആളുകൾ ചെറുതും വലുതുമായ കഥാപാത്രങ്ങളായി വന്നുപോവുന്നു. വിശേഷമൊന്നുമില്ല. ഗോപി സുന്ദർ ആണ് ബിജിഎം. വൈദി സോമസുന്ദരം ക്യാമറ. ഹെവി മൂഡ് സംഭാവന ചെയ്യുന്നു രണ്ടുപേരുടെ ടീമും.

  വൺ എന്ന സിനിമയുടെ ഏറ്റവും വലിയ പരാജയം തിരക്കഥ തന്നെ ആണ്. പലപ്പോഴും പുതുമുഖ എഴുത്തുകാരുടേത് പോലുള്ള ബാലിശത തോന്നിപ്പിക്കുന്ന രീതിയിലാണ് കാര്യങ്ങളുടെ പോക്ക്. ട്രാഫിക്കും മുംബൈ പോലീസും എഴുതിയ ബോബി സഞ്ജയ് ടീമിന് എങ്ങനെ ഇത്ര മോശമായൊരു സ്‌ക്രിപ്റ്റ് എഴുതാൻ സാധിക്കുന്നു എന്ന് എത്ര ചിന്തിച്ചിട്ടും മനസിലാവുന്നില്ല. നിങ്ങൾക്ക് നിങ്ങളെ കുറിച്ച് വലിയ ധാരണ ഒന്നുമില്ലെങ്കിലും മലയാളിപ്രേക്ഷകർക്ക് നിങ്ങളുടെ പേര് ഒരു പ്രതീക്ഷ ആണ് ബ്രോസ്. അത് ദയവായി കളഞ്ഞ് കുളിക്കരുത്. കൂടുതൽ ഒന്നും വേണ്ട, ഒരു "ഭരത് എന നേനു" നിലവാരമെങ്കിലും മുഖ്യമന്ത്രിയെ കേന്ദ്ര കഥാപാത്രമാക്കുമ്പോൾ നിങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നുണ്ട്.

  Jerry's One Movie Review | ഇത് മമ്മൂക്കാ അത്ഭുതം | Filmibeat Malayalam

  ഇതിന് മുൻപ്, 2015 ൽ ചിറകൊടിഞ്ഞ കിനാവുകൾ എന്ന സിനിമ മാത്രം സംവിധാനം ചെയ്തിട്ടുള്ള സന്തോഷ് വിശ്വനാഥ് എന്ന സംവിധായകനെ സംബന്ധിച്ചിടത്തോളം വൺ അതിഗംഭീരമായ ഒരു രണ്ടാം വരവ് ആണ്. സിനിമയുടെ മേക്കിംഗ് സ്റ്റൈലിൽ കുറ്റമൊന്നും പറയാൻ സാധിക്കില്ല. ബോബി സഞ്ജയ് സ്‌ക്രിപ്റ്റ് എന്നുപറയുമ്പോൾ ഇത്രയ്ക്ക് ഉപരിപ്ലവമായ ഒന്നാവും എന്ന് പുള്ളിയും പ്രതീക്ഷിച്ച് കാണില്ലല്ലോ. തുടർന്നും വലിയ സെറ്റപ്പിലും പശ്ചാത്തലത്തിലും ഉള്ള സിനിമകൾ ചെയ്യാൻ താൻ പ്രാപ്തനാണ് എന്ന് സന്തോഷ് വിശ്വനാഥ് തെളിയിക്കുന്നു. അത്ര തന്നെ.

  Read more about: review റിവ്യൂ
  English summary
  One Malayalam Movie review: Mammootty Starrer is an Usual Political Thriller
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X