For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ജാക്കിഷെരീഫ്, കുട്ടിയപ്പൻ, സിദ്ധാർത്ഥൻ.. ഓടിടി സിനിമകളുടെ വേലിയേറ്റം... ഓടിക്കോ.!!! ശൈലന്റെ റിവ്യൂ

  |

  ശൈലൻ

  ജേര്‍ണലിസ്റ്റ്
  കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല.. സാഹിത്യകാരനെന്നോ വിമർശകനെന്നോ ഉള്ള ലേബലുകൾ കൂടാതെ പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്. പ്രിന്റ് മീഡിയയിലും സജീവം. എട്ട് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

  കൂടുതൽ പുതിയ ഓടിടി പ്ലാറ്റ്‌ഫോമുകൾ ചെറിയ സിനിമകൾ ഏറ്റെടുക്കാനായി മുന്നോട്ടു വന്നു കൊണ്ടിരിക്കുന്നതും വിവിധ പ്ലാറ്റ്ഫോമുകൾ ഒരേ സിനിമ തന്നെ പ്രദർശനത്തിനെത്തിക്കാൻ തയ്യാറാവുന്നതും മലയാളത്തിൽ കോവിഡ് സാഹചര്യത്തിൽ പുതിയൊരു പ്രവണത ആയി മാറുകയാണ്. ഈ സാഹചര്യം ഉപയോഗപ്പെടുത്തി സിദ്ധാർത്ഥൻ എന്ന ഞാൻ, കുട്ടിയപ്പനും ദൈവദൂതരും, ജാക്കിഷെരീഫ് എന്നിങ്ങനെ മൂന്ന് സിനിമകൾ ആണ് ഈയാഴ്ച്ച ഒറ്റയടിക്ക് ഓടിടി ആയി റിലീസ് ചെയ്തിരിക്കുന്നത്.

  സിദ്ധാർത്ഥൻ എന്ന ഞാൻ

  സിദ്ധാർത്ഥൻ എന്ന ഞാൻ

  യശോദാരാജ് മൂവീസിന്റെ ബാനറിൽ പ്രഭാകരൻ നായർ നിർമ്മിച്ച് ആശപ്രഭാ സംവിധാനം ചെയ്തിരിക്കുന്ന 'സിദ്ധാർത്ഥൻ എന്ന ഞാൻ" കഴിഞ്ഞ വർഷം തിയററ്റിക്കലി റിലീസ് ആയതാണ്. എനിക്ക് എത്തിപ്പെടാവുന്ന തിയേറ്ററിൽ ഒന്നും ഉണ്ടായിരുന്നില്ല. റിലീസായ തിയേറ്ററുകളിൽ തന്നെ പ്രത്യേകിച്ച് ചലനമൊന്നും ഉണ്ടായതുമില്ല. മൂന്ന് online പ്ലാറ്റ്ഫോമിൽ ഒറ്റയടിക്ക് റിലീസ് ചെയ്യുന്നു എന്ന അവകാശവാദവുമായി ആണ് ഇപ്പോഴത്തെ വരവ്..

  പേര് സൂചിപ്പിക്കുന്ന പോലെ തന്നെ സിദ്ധാർത്ഥൻ എന്ന യുവാവിന്റെ കഥ ആണ് സിനിമ. പശ്ചാത്തലമായ ഗോവിന്ദാപുരം എന്ന ഗ്രാമം നമുക്ക് ഈ കാലഘട്ടത്തിൽ വളരെ വിചിത്രമായി തോന്നും. അവിടത്തെ ആളുകളും.., (മീൻസ് കഥാപാത്രങ്ങൾ) കരിങ്കണ്ണൻ എന്ന വിളിപ്പേരിട്ടു സമൂഹം അപമാനിച്ചു മാറ്റിനിർത്തുന്ന അനുഷ്ഠാനകലാകാരൻ ആയ അച്ഛന്റെ (ഇന്ദ്രൻസ്) ദുർവിധി തന്നെ സിദ്ധാർത്ഥന്റെ ജീവിതത്തിലും ആവർത്തിക്കുന്നതാണ് ചുരുക്കത്തിൽ പറഞ്ഞാൽ കഥാസംഗ്രഹം. ഒട്ടും പുതുമയില്ലാത്ത പ്രമേയത്തെ അതിലും പഴഞ്ചൻ ആയിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇസ്തിരിയിട്ട സംഭാഷണങ്ങൾ ഏറ്റവും കൃത്രിമത്വത്തോടെ ഉരുവിടുന്നു വിചിത്രമായ മനോ നിലയുള്ള കഥാപാത്രങ്ങൾ..

  സിബിതോമസ് ആണ് സിദ്ധാർത്ഥൻ ആവുന്നത്. സിനിമയുടെ സമഗ്രതയ്ക്ക് ഇണങ്ങുന്ന പ്രകടനം തന്നെ അദ്ദേഹത്തിന്റേത്. ഇന്ദ്രൻസ്, ദിലീഷ് പോത്തൻ എന്നിവർ ചെറിയ റോളുകളിൽ ഉണ്ട്. നല്ല പാട്ടുകൾ ഉണ്ട്. അത് കളർഫുള്ളായി ചിത്രീകരിച്ചിട്ടുമുണ്ട്. സെൻസിബിലിറ്റി മാത്രം കുറച്ചേറെ മാറിപ്പോയി എന്നുമാത്രം. വിശ്വജിത്ത് ആണ് സംഗീതം. സാബു ജെയിംസ് ഛായാഗ്രഹണം. മോശമല്ല രണ്ട് വിഭാഗവും. ഒന്ന് അപ്‌ഡേഷൻ നടത്തുന്നത് നന്നായിരിക്കും എന്നുമാത്രം. തിരക്കഥ എഴുതി സംവിധാനം ചെയ്ത ആശപ്രഭയും കൂടുതൽ കൂടുതൽ ഹോംവർക്ക് ചെയ്ത് ശ്രദ്ധേയയായ സംവിധായിക ആയി മാറട്ടെ എന്ന് ആശംസിക്കുന്നു.

  കുട്ടിയപ്പനും ദൈവദൂതരും

  കുട്ടിയപ്പനും ദൈവദൂതരും

  ഫീൽഗുഡ് എന്റർടൈന്മെന്റ്സിന്റെ "കുട്ടിയപ്പനും ദൈവദൂതരും" എന്ന സിനിമയുടെ തിയേറ്ററുകളിൽ വച്ച സ്റ്റാൻഡികളിൽ കുറെ കാലമായി കാണുന്നതാണ്. ടൈറ്റിൽ അന്നേ കൗതുകമുണ്ടാക്കിയിരുന്നു.. കുട്ടിയപ്പൻ രഞ്ജിത്തിന്റെയും ആർ ഉണ്ണിയുടെയും ഒരു വെടിച്ചില്ല് ക്യാരക്റ്റർ ആണല്ലോ.. സ്റ്റാൻഡി അല്ലാതെ സിനിമ തിയേറ്ററിൽ എത്തിയതായി അറിവില്ല. വന്നിരുന്നെങ്കിലും വല്യ വിശേഷമൊന്നും ഉണ്ടായിരുന്നില്ല എന്ന് ഇപ്പോൾ മനസ്സിലാവുന്നു.

  സിനിമ തുടങ്ങുമ്പോൾ ഒരു കോളേജ് ഏതോ ഫംഗ്ഷന് ഒരുങ്ങുന്നതാണ് കാണുന്നത്. അതിഥി ആയി എത്തിയ സംവിധായകൻ ഓഫീസിൽ അടുത്ത ഗസ്റ്റ് ആയ എം എൽ എ വരുന്നതും കാത്തിരിക്കുന്നതിനിടയിൽ അവിടെ ഉള്ള ഒരു പുസ്തകം വായിച്ചു തീർക്കുന്നു. ആ പുസ്തകത്തിന്റെ പേരാണ് സിനിമയുടെ ശീർഷകമായ കുട്ടിയപ്പനും ദൈവദൂതരും. ആ പുസ്തകത്തിലെ ഉള്ളടക്കമാണ് സിനിമയുടെ കഥ. വായിച്ച് കഴിയുമ്പോൾ എം എൽ എ വരുന്നു ഫംഗ്ഷൻ നടക്കുന്നു. ഫംഗ്ഷന് ഒരു വൻ പുതുമയുണ്ടെന്നു ലാൽജോസ് പ്രസ്താവിക്കുന്നു. അത് എന്താണെന്ന് ഞാനായിട്ട് പറയുന്നില്ല.

  ആ പുസ്തകത്തിനുള്ളിൽ കുട്ടിയപ്പൻ , ഗിരി എന്നിങ്ങനെ രണ്ടുപേരുടെ ജീവിതം ആണ്. കുട്ടിയപ്പൻ ഗിരിയോട് കഥ പറയുന്നു, ഗിരി കുട്ടിയപ്പനോട് കഥ പറയുന്നു. രണ്ടുപേരും പറയാൻ വിട്ടത് സംവിധായകൻ കാണിച്ച് തരുന്നു. ഗോകുൽ ഹരിദാസ് ആണ് സംവിധായകൻ. വെങ്കിടേഷ്, സന്തോഷ് രാജ എന്നിവർ സ്‌ക്രിപ്റ്റ്. അതിനാടകീയതയും ഓവർ സെന്റിമെന്റ്സും കാലഹരണപ്പെട്ട പരിചരണരീതിയും തന്നെയാണ് സിനിമയുടെ പ്രശ്നം. ഗിരിയായി വരുന്ന ധനിൽകൃഷ്ണ വളരെ നാച്ചുറൽ ആണ്. കുട്ടിയും അയാളും തമ്മിലുള്ള കോമ്പിനേഷൻ സീനുകളും കൊള്ളാം. അതുപോലെ ഗോൾഡൻ റിട്രീറ്റ് വിഭാഗത്തിൽ പെട്ട ആ നായയും പൊളി പെർഫോമൻസ്. മെയിൻ ക്യാരക്റ്റർ ആയ കുട്ടിയപ്പന്റെ പാത്രസൃഷ്ടി പരിതാപകരം. കുട്ടിയപ്പൻ മാത്രമല്ല അയാളുമായി ബന്ധപ്പെട്ട് വരുന്ന പോർഷനിലെ എല്ലാരുടെയും കാര്യവും അങ്ങനെ തന്നെ. ഇന്റഗ്രിറ്റി മരുന്നിന് പോലുമില്ല. മോശം കാസ്റ്റിങ് കൂടി ആയതോടെ സമ്പൂർണ ശോകം.

  ജാക്കി ഷെരീഫ്

  ജാക്കി ഷെരീഫ്

  മുകളിൽ പറഞ്ഞ രണ്ട് സിനിമകളും പുതുമുഖങ്ങളുടേത് എന്ന അക്കൗണ്ടിൽ പെടുത്തി ക്ഷമിക്കാം എങ്കിൽ ജാക്കി ഷെരീഫ് വന്നിരിക്കുന്നത് പ്രശസ്ത തിരക്കഥാകൃത്ത് റഫീഖ്‌ സീലാട്ട് ആദ്യമായി സംവിധാനം ചെയ്യുന്നു എന്ന ലേബലിൽ ആണ്. സത്യഭാമയ്ക്കൊരു പ്രേമലേഖനം, സുന്ദരി നീയും സുന്ദരൻ ഞാനും, സയാമീസ് ഇരട്ടകൾ, ആയാറാം ഗയാറാം പോലുള്ള പഴയകാല സിനിമകളുടെ സ്‌ക്രിപ്റ്റ് എഴുതിയ ആൾ ആണ് റഫീഖ് സീലാട്ട്. അദ്ദേഹം എഴുതി സംവിധാനം ചെയ്തിരിക്കുന്ന ജാക്കിഷെരീഫ് കാണുമ്പോൾ മുൻപ് അദ്ദേഹം എഴുതിയത് എല്ലാം തന്നെ ലോക് ക്ലാസ്സിക്കുകൾ ആണെന്ന് സമ്മതിച്ച് പോകും. അവയെക്കാളുമൊക്കെ ഒരു പാട് പഴകിയതും സിനിമയെന്ന് വിളിക്കാൻ തന്നെ ബുദ്ധിമുട്ടുള്ളതുമായ ഒരു അതുല്യസൃഷ്ടി ആണ് ജാക്കിഷെരീഫ്.

  സിനിമ തുടങ്ങുമ്പോൾ ഷെരീഫ് എന്ന ആൾ ജയിലിൽ അടക്കപ്പെടുന്നു. അവിടെ കിടന്നുകൊണ്ട് അയാൾ ഭൂതകാലം ഓർക്കുന്നു. കൊച്ചിയിലെ ജീവിതം കൂട്ടുകാർ പ്രണയം സംഗീതം. ഒരൊന്നൊന്നര പുതുമുഖങ്ങൾ. ദുബായിലേക്കുള്ള യാത്ര വഴിയിൽ സംഭവിക്കുന്ന ദുരന്തം.. (ഹൊ ഒരു രണ്ടുരണ്ടരദുരന്തം.) അങ്ങനെ ഷെരീഫ് ജാക്കിഷെരീഫ് ആവുന്നത്. അതിനെ സംബന്ധിച്ചുള്ള ടിവി ചാനലിലെ അവതരണങ്ങൾ.. ട്രോളുകൾ.. അവസാനത്തെ ഒരു ആറ്റൻ ട്വിസ്റ്റ്..അങ്ങങ്ങനെ.. ജാക്കി എന്ന് പറയുമ്പോൾ നിങ്ങൾ ഉദ്ദേശിക്കുന്ന ആ അശ്‌ളീലമീനിംഗ് ഉള്ള ജാക്കി തന്നെ. ആ പ്രയോഗം പോലും കേരളത്തിൽ നിന്ന് കാലഹരണപ്പെട്ടുപോയിട്ട് പതിറ്റാണ്ടുകളായി എന്നു തോന്നുന്നു. സിനിമയെക്കുറിച്ച് മൊത്തത്തിൽ പറഞ്ഞാലും അങ്ങനെ തന്നെ .. എക്സ്പെയറിഡേറ്റ് കഴിയാത്തതും ആർട്ടിഫിഷ്യൽ അല്ലാത്തതുമായ ഒരു ഘടകവും ഇതിൽ ഇല്ല. അസാധ്യക്ഷമ ഉള്ളവർക്കേ കണ്ട് തീർക്കാനാവൂ.. (അക്കാര്യത്തിൽ പേഴ്‌സണലി അഭിമാനിക്കുന്നു) റഫീഖ് സീലാട്ട് ഭോജ്പുരി സിനിമയിൽ ഒരു കൈ നോക്കുന്നത് നന്നാവും എന്ന് തോന്നുന്നു.

  ഓടിടി പ്ലാറ്റ്ഫോമുകരോട് ഒരു അഭ്യർത്ഥന മാത്രമേ ഉള്ളൂ.. ഓടിടി എന്നു കേട്ടാൽ തന്നെ മലയാളികൾ ഓടിയൊളിക്കുന്ന ഒരു സാഹചര്യം നിങ്ങളായിട്ട് ഉണ്ടാക്കരുത്. കാലത്തിനൊപ്പം സിനിമ ചെയ്യുന്ന ഒരുപാട് പ്രതിഭകളായ യുവസംവിധായകർ ഇവിടെ മലയാളത്തിൽ ഉണ്ട്. അവരുടെ സിനിമ കാത്തിരിക്കുന്ന ഒരു വലിയ സമൂഹം പ്രേക്ഷകരും.. അവരുടെ സാധ്യതകൾ ഇല്ലാതാക്കി കളയരുത്..; നിങ്ങളുടെയും..

  മമ്മൂക്കയുടെ വെളിപ്പെടുത്തൽ.. CBI 5 ഷൂട്ട് ചെയ്യാൻ പോവുകയാണ് | FilmiBeat Malayalam

  റേറ്റിങ് മൂന്നിനും കൂടി ഒന്നര.

  Read more about: review റിവ്യൂ
  English summary
  OTT Release Sidharthan Enna Njan, Kuttiyappanum Daivadhootharum, Jackie Sherieif movies Review
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X