For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിസ്മയിപ്പിക്കുന്നു സൗബിൻ... സംവിധായകന്റെ കയ്യൊപ്പുമായി പറവ.. ശൈലന്റെ പറവ റിവ്യൂ!!

  By Muralidharan
  |

  ശൈലൻ

  കവി
  കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല. പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്.

  നടനും സഹസംവിധായകനുമായ സൗബിന്‍ താഹിറിന്‍റെ ആദ്യ സംവിധാന സംരംഭമാണ് പറവ. ദുല്‍ഖര്‍ സല്‍മാനാണ് സിനിമയുടെ പ്രധാന ആകര്‍ഷണമെങ്കിലും സിനിമയിലെ കേന്ദ്രകഥാപാത്രം ദുല്‍ഖറല്ല. അത് ഷെയ്ന്‍ നിഗമാണ്. വ്യത്യസ്തമായ ഒരു കൊച്ചിക്കഥ - അതാണ് പറവ.

  ദുല്‍ഖറും ഷെയിന്‍ നിഗവും മാത്രമല്ല, ഇന്ദ്രന്‍സും സിദ്ദിഖും അടക്കമുള്ള വെറ്ററന്‍മാര്‍ മുതല്‍ യുവതാരങ്ങള്‍ വരെ മിന്നുന്ന പ്രകടനമാണ് പറവയില്‍ പുറത്തെടുത്തിരിക്കുന്നത്. സൗബിന്‍ തന്നെ കഥയെഴുതി സംവിധാനം ചെയ്യുന്ന പറവയ്ക്ക് ശൈലന്‍ ഒരുക്കുന്ന റിവ്യൂ....

  സൗബിൻ വന്ന വഴി

  സൗബിൻ വന്ന വഴി

  2003ൽ തന്റെ ഇരുപതാംവയസ് മുതൽ മലയാളത്തിലെ മുൻ നിര സംവിധായകനോടൊപ്പം അസിസ്റ്റന്റ് ഡയറക്ടർ ആയി പ്രവർത്തിക്കുന്ന ആളായ സൗബിൻ ഷാഹിർ 2015 ൽ ഇറങ്ങിയ ചന്ദ്രേട്ടൻ എവിടെയാ..യിലൂടെയാ എന്ന സിനിമയിലൂടെ മുഴുനീളറോളിൽ സ്ക്രീനിൽ എത്തിയതോടെ ആണ് പ്രേക്ഷകർക്ക് പരിചിതനാവുന്നത്.. ആ വർഷം തന്നെ ഇറങ്ങിയ പ്രേമത്തിലെ പി.ടി.മാഷ് അയാളെ പോപ്പുലറാക്കി..

  സൗബിന്‍റെ ചോയ്സുകൾ

  സൗബിന്‍റെ ചോയ്സുകൾ

  കണ്ണടച്ച് തുറക്കുന്ന വേഗതയിൽ 2016ലെ മഹേഷിന്റെ പ്രതികാരമൊക്കെ ആവുമ്പോഴേക്ക് നായകനെക്കാൾ കയ്യടികിട്ടുന്ന രീതിയിലേക്കുള്ള വളർച്ചയിലേക്കാണ് സൗബിൻ വളർന്നത്.. സ്ക്രീനിൽ ജനപ്രിയതയുടെ പരകോടിയിൽ നിൽക്കുമ്പോൾ, അത് മുതലെടുക്കാൻ നിൽക്കാതെ തന്റെ ആദ്യസംവിധാനസംരംഭം പറവ അനൗൺസ് ചെയ്ത് സൗബിൻ ആദ്യം ഞെട്ടിച്ചു.. അതിനിടയിൽ കമ്മട്ടിപ്പാടത്തിൽ കോമഡി തെല്ലുമില്ലാത്ത റഫ്ഫ് ആൻഡ് ടഫ്ഫായ ഒരു കരാട്ടേവില്ലൻ റോളിലെത്തി പിന്നെയും ഞെട്ടിച്ചു..

  പറവ എന്ന വിസ്മയം

  പറവ എന്ന വിസ്മയം

  പിന്നീട് തന്റെ സിനിമയുടെ പൂർണതയ്ക്കായി മാസങ്ങളേറെ ചെലവഴിക്കുന്നതിനിടയിൽ "തൊണ്ടിമുതലും ദൃക്സാക്ഷിയും" പോലൊരു ദിലീഷ്പോത്തൻ ചിത്രത്തിലെ നാഴികക്കല്ലാവുമായിരുന്ന കള്ളന്റെ റോൾ തിരസ്കരിച്ച് അയാൾ ഒരിക്കൽ കൂടി ഞെട്ടിച്ചു.. എന്നാൽ ഇതുവരെയുണ്ടാക്കിയ ഞെട്ടലൊന്നും ഒന്നുമല്ലായിരുന്നു എന്ന് കാണിച്ചുതരുന്ന ഒരു വമ്പൻ വിസ്മയം തന്നെ തിരശീലയിൽ പറവ"യായി വിടർത്തിയിട്ടുകൊണ്ട് സൗബിൻ ഞെട്ടിക്കൽ തുടരുന്ന കാഴ്ചയാണ് കേരളത്തിലെ തിയേറ്ററുകളിൽ കാണാൻ കഴിയുന്നത്.

  പറവ വ്യത്യസ്തം, റിയലിസ്റ്റിക്

  പറവ വ്യത്യസ്തം, റിയലിസ്റ്റിക്

  താനൊപ്പം പ്രവർത്തിച്ച ഫാസിൽ, സിദ്ദിഖ്ലാൽ, റാഫിമെക്കാർട്ടിൻ, സുകുമാർ, അമൽ നീരദ് എന്നിവരിൽ നിന്നുമൊക്കെ തീർത്തും വ്യത്യസ്തമായി സംവിധായകന്റെ മാത്രമായ ഒരു റിയലിസ്റ്റിക് സിനിമയ്ക്കായാണ് സൗബിൻ തന്റെ ആദ്യ ഉദ്യമത്തിൽ തന്നെ ശ്രമിച്ചിരിക്കുന്നതും അതിൽ എൺപതുശതമാനത്തിലേറെ വിജയം കാണുന്നതും.. ഒരുപക്ഷെ, സൗബിന്റെ ഗുരുക്കളിൽ രാജീവ് രവിയുടെ സിനിമകളുമായി നേരിയ സാമ്യമെങ്കിലും കാണാൻ കഴിയുന്നത്.. പക്ഷെ, സൗബിൻ തന്റെ ജെന്യൂനിറ്റികൊണ്ട് രാജീവ് രവിയെയും മറികടക്കുന്ന സന്ദർഭങ്ങൾക്ക് പറവ സാക്ഷ്യം തരുന്നു..

  സംവിധായകന്റെ കയ്യൊപ്പുള്ള പറവ

  സംവിധായകന്റെ കയ്യൊപ്പുള്ള പറവ

  തനിക്ക് പരിചിതമായ പശ്ചിമ കൊച്ചിയുടെയും മട്ടാഞ്ചേരിയുടെയും പശ്ചാത്തലവും അവിടുത്തെ ലോവർ മിഡിൽക്ലാസ് മുസ്ലീം സമൂഹത്തിന്റെ ജീവിതപരിസരങ്ങളുമാണ് സൗബിൻ പറവയ്ക്കായി തെരഞ്ഞെടുത്തിരിക്കുന്നത്.. മലയാളി പ്രേക്ഷകർക്ക് ഒട്ടും അപരിചിതമല്ലാത്ത ഒരു ലൊക്കേഷനും ജനവിഭാഗവുമാണ് മേൽപ്പറഞ്ഞവ എന്നിരിക്കെ സൗബിൻ ആ ചിരപരിചിതത്വത്തെയും വാർപ്പുസങ്കല്പങ്ങളെയും മറികടക്കുന്നതെങ്ങനെയെന്നതിലാണ് സംവിധായകൻ എന്ന നിലയിൽ അദ്ദേഹത്തിന്റെ ഐഡന്റിറ്റിയും സിനിമയെന്ന നിലയിൽ പറവയുടെ വ്യതിരിക്തികതയും തെളിഞ്ഞുവ്യക്തമാകുന്നത്..

  ഇച്ചാപ്പിയും അസീബും

  ഇച്ചാപ്പിയും അസീബും

  ഇച്ചാപ്പി, അസീബ് എന്നീ രണ്ട് ഹൈസ്കൂൾ വിദ്യാർത്ഥികളായ പയ്യന്മാരെ മുൻനിർത്തിയാണ് സൗബിൻ തന്റെ സിനിമയെ വികസിപ്പിച്ചെടുക്കുന്നത്.. പഠനത്തിലുപരി പ്രാവുവളർത്തലിലും പ്രാവുപറത്തലിലുമൊക്കെ താല്പര്യമുള്ള അവരുടെ ആൺകുട്ടിക്കാലത്തിന്റെ ആനന്ദമാണ് പഠത്തിന്റെ ജീവൻ.. പൊതുവെ മലയാളസിനിമയ്ക്ക് പരിചിതമായ ഒന്നല്ല അത്. അസീബിന്റെയും ഇച്ചാപ്പിയുടെയും ചുറ്റുമുള്ള ആവാസവ്യവസ്ഥയും അവരുടെ ചില ഓർമ്മകളും ആത്മാവ് പോകാതെ ജീവസ്സുറ്റുന്ന വിധം പകർത്തിയെടുക്കുന്നു എന്നതിലാണ് പറവയുടെ ആത്മാവ്..

  ക്ലീഷേ, വിഡ്ഢിത്തരങ്ങളില്ലാത്ത പറവ

  ക്ലീഷേ, വിഡ്ഢിത്തരങ്ങളില്ലാത്ത പറവ

  നാളിതുവരെ മലയാളസിനിമകളിൽ മുസ്ലീം ക്യാരക്റ്ററുകളെയും മുസ്ലിം ജീവിതത്തെയും ആവിഷ്കരിക്കുമ്പോൾ കാണിക്കാറുള്ള ക്ലീഷെവിഡ്ഢിത്തങ്ങളെ മുഴുവൻ പൊളിച്ചടുക്കിക്കൊണ്ട് യാഥാർത്ഥ്യത്തോട് അടുത്ത് നിൽക്കാൻ സൗബിൻ ആത്മാർത്ഥമായി ശ്രമിക്കുന്നു എന്നതാണ് പറവയുടെ ഫ്രെഷ്നെസ്സ് . (കെ എൽ 10 പത്ത് ആണ് ഏക അപവാദം). കൊമേഴ്സ്യൽ സിനിമാക്കാർക്ക് മാറ്റിനിർത്താനൊരിക്കലും സാധിച്ചിട്ടില്ലാത്ത വ്യാജമതേതരത്വവും കമ്യൂണൽ ബാലൻസിംഗും തൂത്തുവാരിയെറിയുന്നു എന്നതാണ്‌ പറവയും സൗബിനും കാണിക്കുന്ന അസാമാന്യധീരത.. അനാവശ്യമെന്ന് തോന്നിക്കാവുന്ന ഒരൊറ്റ കഥാപാത്രത്തെയും മറ്റുമതസ്ഥരെയും പറവ വിഭാവനം ചെയ്ത മണ്ണിലും വാനിലും മരുന്നിട്ടുനോക്കിയാൽ പോലും കാണില്ല.

  പറവയിൽ കഥാപാത്രങ്ങളേയുള്ളൂ...

  പറവയിൽ കഥാപാത്രങ്ങളേയുള്ളൂ...

  ഇച്ചാപ്പിയെയും അസീബിനെയും അവതരിപ്പിച്ച അമൽഷാ, ഗോവിന്ദ് പൈ എന്നീ ബാലന്മാരുടെ പ്രതിഭാമികവ് പറവയുടെ ഫലപ്രാപ്തിയിൽ നിർണായകമാണ്.. രണ്ടുപേരെയും കഥാപാത്രങ്ങളായി ജീവിപ്പിക്കുന്നതിൽ സൗബിൻ പൂർണ്ണമായും വിജയിച്ചിരിക്കുന്നു. എന്നാൽ വാനിൽ പറക്കുന്ന പറവകളെ സ്ക്രീനിനും സ്ക്രിപ്റ്റിമനുയോജ്യമായി അവയുടെ പ്രണയവും രതിയും ഏകാന്തതയുമുൾപ്പടെയുള്ള വികാരവിചാരങ്ങളോടെ കൈകാര്യപ്പെടുത്തിയെടുക്കുന്നതിൽ സൗബിൻ കാണിക്കുന്ന മിടുക്ക് അദ്ദേഹത്തെ വേറെ ലെവൽ തന്നെയാക്കുന്നു.. അങ്കമാലിയിലെ പന്നികൾ മാംസവ്യാപാരത്തിനായുള്ള ജീവികളായിരുന്നുവെങ്കിൽ പറവയിലെ പ്രാവുകൾ കഥാപാത്രങ്ങൾ തന്നെയാണ്..

  ദുൽഖർ സൽമാന്റെ ഇമ്രാൻ

  ദുൽഖർ സൽമാന്റെ ഇമ്രാൻ

  ഇച്ചാപ്പുവിന്റെയും അസീബിന്റെയും ഭൂതകാലസ്മരണയിൽ വന്നുപോകുന്ന ഇമ്രാൻ എന്ന ഒരു ചെറുകഥാപാത്രമാണ് ദുൽക്കർ സൽമാന്റെത്.. കമ്മട്ടിപ്പാടം മാർക്കറ്റ് ചെയ്യുന്നതിൽ രാജീവ് രവിയ്ക്ക് ഏറ്റവും സഹായകരമായത് ദുൽക്കർ എന്ന ബ്രാൻഡ് നെയിം ആയിരുന്നു.. പറവ' യുടെ കാര്യത്തിലും ആദ്യപ്രേക്ഷകർ ദുൽക്കറിന്റെ അക്കൗണ്ടിൽ പെട്ടവർ തന്നെയാണ് എന്നത് ശ്രദ്ധേയമാണ്. പക്ഷെ, കുറച്ച് നന്മ വാരിവിതറാൻ ശ്രമിച്ചിട്ടുണ്ട് എന്നതിൽ ഉപരിയായി ഡിക്യൂഫാൻസിനെ തൃപ്തിപ്പെടുത്താനായി സൗബിർ അധികം വിട്ടുവീഴ്ചകൾ ഒന്നും ചെയ്തിട്ടില്ല. ദുൽക്കറിന്റെ അഭിനയജീവിതത്തിലെ ഏറ്റവും ഓഫ്ഗ്ലാമർ റോൾ ആണ് ഇമ്രാൻ.

  ഷെയ്ൻ നിഗം വീണ്ടും

  ഷെയ്ൻ നിഗം വീണ്ടും

  കിസ്മത്തിലും സൈറാബാനുവിലും സ്വാഭാവികചലനങ്ങൾ കൊണ്ട് തിളങ്ങിയ ഷെയിൻ നിഗം ആണ് പറവയിലെ നായകപരിവേഷമുള്ള ക്യാരക്റ്റർ എന്ന് വേണമെങ്കിൽ പറയാം.. മൂന്നാം ഊഴത്തിലും ഷെയിൻ തകർത്തു.. നെഗറ്റീവ് റോളുകളിൽ ഡെവിളിഷ് ലുക്കുമായി വരുന്നത് സൗബിനും ശ്രീനാഥ് ഭാസിയുമാണ്.. പേരുപോലുമില്ലാത്ത ഈ കഥാപാത്രങ്ങൾക്ക് അനാവശ്യഡെക്കറേഷൻസ് ഒന്നും നൽകാതിരിക്കാനും സംവിധായകൻ ശ്രദ്ധിച്ചിട്ടുണ്ട്.

  സ്ക്രിപ്റ്റ് പോര, പക്ഷേ സംവിധാനം!

  സ്ക്രിപ്റ്റ് പോര, പക്ഷേ സംവിധാനം!

  മുനീർ അലിയോടൊപ്പം ചേർന്ന് പറവയുടെ സ്ക്രിപ്റ്റ് തയ്യാറാക്കിയിരിക്കുന്നതും സൗബിൻ തന്നെയാണ്.. പാളിച്ചകൾ ഏറെയുള്ളതും വക്കും മൂലയും കൂടിച്ചേരാത്തതുമായ ഒരു സ്ക്രിപ്റ്റായിട്ടും രചനാപരിമിതികളെ സംവിധാനമികവുകൊണ്ടാണ് നൈസായിട്ട് സൗബിൻ മറികടക്കുന്നത്.. തീർത്തും വ്യത്യസ്തമായ ടൈറ്റിൽ കാർഡുകൾ മുതൽ തന്റെ മനസിലുള്ള സിനിമയെ സ്ക്രീനിൽ പകർത്തുന്നതിൽ അയാൾ സ്ക്രിപ്റ്റിനെ മറികടന്ന് അദ്ദേഹം വിജയിക്കുന്നു.. അതിന് പൂർണ്ണമായും സഹായമേകുന്നതാണ് ലിറ്റിൽ സ്വയമ്പിന്റെ ക്യാമറാവർക്കുകളും..

  പറവയ്ക്കും സൗബിനും എ ഗ്രേഡ്

  പറവയ്ക്കും സൗബിനും എ ഗ്രേഡ്

  ഇറാനിയൻ സിനിമകൾ സൗബിനെ നന്നായിട്ട് സ്വാധീനിച്ചിറുണ്ട് എന്ന് അദ്ദേഹത്തിന്റെ മെയ്ക്കിംഗ് സ്റ്റൈൽ സാക്ഷ്യപ്പെടുത്തുന്നു.. പശ്ചാത്തലത്തിലെയും കഥാപാത്രങ്ങളിലെയും വേഷവിതാനങ്ങളിലെയും വാർപ്പുമാതൃകകളെ പൊളിച്ചടുക്കുന്നതിൽ വിജയിപ്പിക്കുമ്പോഴും സ്ക്രിപ്രിനൊടുവിൽ എഴുതിവച്ച ക്ലീഷെസീക്വൻസുകൾ നിരാശ പകരുന്നതാണെന്ന് പറയാതെ വയ്യ.. ഇമ്രാനോ സൗബിനോ മുന്നോട്ടുവെക്കുന്ന വിശ്വാസപ്രമാണങ്ങളിൽ പോലും അങ്ങനെ ഒരു സാധ്യതയില്ലെന്നിരിക്കെ അതുവരെയുള്ള സിനിമയുടെ ഗൗരവത്തെ റദ്ദ് ചെയ്യാനേ അതുപകരിക്കുന്നുള്ളൂ.. എന്നിരുന്നാലും ടോറ്റാലിറ്റിയെ പരിഗണിക്കുമ്പോൾ പറവയ്ക്കും സൗബിനും 'എ ഗ്രേഡ്' നൽകാതിരിക്കാൻ നിർവാഹമില്ല..

  English summary
  Parava movie review by Shailan.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X