twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    തമിഴകത്തിന്റെ ജാതി രാഷ്ട്രീയം വരച്ചുകാണിക്കുന്ന പരിയേറും പെരുമാള്‍! റിവ്യു

    |

    ജിന്‍സ് കെ ബെന്നി

    ജേര്‍ണലിസ്റ്റ്
    മാധ്യമപ്രവര്‍ത്തകനായ ജിന്‍സ് കെ ബെന്നി സിനിമാ മേഖലയെ വളരെ ഗൗരവത്തോടെ സമീപിക്കുകയും തന്റെതായ നിലപാടുകള്‍ കാത്തു സൂക്ഷിക്കുകയും ചെയ്യുന്ന എഴുത്തുകാരനാണ്.

    Rating:
    4.0/5
    Star Cast: Kathir, Anandhi, Yogi Babu
    Director: Mari Selvaraj

    Recommended Video

    കയ്യടി നേടി പരിയേറും പെരുമാള്‍ /Movie Review | Filmibeat Malayalam

    തമിഴ്‌നാട്ടില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിക്കുകയും ചെയ്ത ശേഷമാണ് പരിയേറും പെരുമാള്‍ കേരളത്തിലെ തിയറ്റുകളിലേക്ക് എത്തുന്നത്. അടുത്ത് റിലീസ് ചെയ്ത തമിഴ് ചിത്രങ്ങള്‍ക്ക് കേരളത്തില്‍ മികച്ച സ്വീകാര്യത ലഭിച്ചതിന് പിന്നാലെയാണ് മികച്ച അഭിപ്രായം നേടിയ പരിയേറും പെരുമാളിന്റെ വരവ്. കാണാന്‍ മിനിമം ആളുകള്‍ പോലും ഇല്ലാതെ ആദ്യവാരം തന്നെ തിയറ്റര്‍ വിടുന്ന മലയാള ചിത്രത്തിനൊപ്പമാണ് സൂപ്പര്‍ താര സാന്നിദ്ധ്യമില്ലാത്ത ഈ തമിഴ് ചിത്രം മലയാളികളുടേയും പ്രിയം നേടുന്നത്. തമിഴകത്തെ ജാതിയ അസമത്വത്തെ തന്റെ സിനിമയ്ക്ക് വിഷയമാക്കുന്ന പ രഞ്ജിത് നിര്‍മ്മിക്കുന്ന ചിത്രം എന്നത് തന്നെയാണ് ഈ ചിത്രത്തിന്റേയും പ്രധാന ആകര്‍ഷണം.

    കതിര്‍, ആനന്ദി എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാകുന്ന പരിയേറും പെരുമാള്‍ ചര്‍ച്ച ചെയ്യുന്നതും ജാതീയ അസമത്വത്തേക്കുറിച്ച് തന്നെയാണ്. പരിയേറും പെരുമാള്‍ എന്ന ടൈറ്റില്‍ കഥാപാത്രമായിട്ടാണ് കതിര്‍ ചിത്രത്തിലെത്തുന്നത്. ഇംഗ്ലീഷ് ഒട്ടും വശമില്ലാത്ത പരിയന്‍ ലോ കോളേജില്‍ എത്തുവകയാണ്. തന്റെ ഗ്രാമത്തിന് വേണ്ടി സംസാരിക്കാന്‍ ഒരു വക്കീല്‍ വേണമെന്ന കാരണവരുടെ നിര്‍ദേശപ്രകരമാണ് പരിയന്‍ വക്കീലാകാന്‍ ലോ കോളേജില്‍ എത്തുന്നത്. പത്തിലും പ്ലസ് ടുവിലും പരസഹായത്താല്‍ ഇംഗ്ലീഷ് പരീക്ഷ പാസായ പരിയന് ലോ കോളേജിലെ ഇംഗ്ലീഷ് ഒരു കീറാമുട്ടിയാകുന്നു. ഇംഗ്ലീഷ് അറിയാത്ത പരിയന്‍ അധ്യാപകനും വിദ്യാര്‍ത്ഥികള്‍ക്കും മുന്നില്‍ അപഹാസ്യനാകുകയാണ്. പരിയന് ഇംഗ്ലീഷ് പറഞ്ഞ് കൊടുക്കാന്‍ സഹപാഠിയായ ജോ എന്ന് വിളിക്കുന്ന ജ്യോതി മഹാലക്ഷ്മി (ആനന്ദി) തയാറാകുന്നു. ഇരുവര്‍ക്കുമിടയില്‍ പരസ്പരം തുറന്ന് പറയാത്ത ഒരു പ്രണയം മൊട്ടിടുന്നുണ്ട്.

    ആത്മഹത്യ

    ആത്മഹത്യ എന്ന് തോന്നിപ്പിക്കുന്ന ദുരഭിമാന കൊലപാതങ്ങളെ ചിത്രത്തില്‍ ദൃശ്യവത്ക്കരിക്കുന്നുണ്ട്. ഇതിനെ ഒരു ദൈവീക നിയോഗമായി കാണുന്ന ഒരു കാരണവരാണ് കുടുംബത്തില്‍ നിന്നും പെണ്‍കുട്ടികള്‍ വിട്ട് പോകാതിരിക്കാന്‍ ഇത്തരം ദുരഭിമാന ആത്മഹത്യ മരണങ്ങള്‍ക്ക് പിന്നില്‍. വീട്ടിലും പരിയനേക്കുറിച്ച് വാചാലയാകുന്ന ജോ ആ കുടുംബത്തിന്റെ ഉള്ളിലും ദുരഭിമാനത്തിന്റെ ഭയം ജനിപ്പിക്കുന്നു. സമ്പത്തിലും ജാതിയിലും പരിയനേക്കാള്‍ ഏറെ ഉയരത്തിലാണ് ജോയുടെ കുടുംബം. പരിയനെ കായികമായി കൈകാര്യം ചെയ്ത് ഇതില്‍ നിന്നും അവനെ പിന്തിരിപ്പിക്കാന്‍ ജോയുടെ സഹോദരനും അച്ഛനനും ശ്രമിക്കുകയാണ്. പക്ഷെ പരിയന്‍ അകലം പാലിക്കുന്തോറും ജോ അവനോട് അടുത്ത് വരികയാണ്.

    എന്തുകൊണ്ട്


    എന്തുകൊണ്ട് പ രഞ്ജിത് ഈ ചിത്രം നിര്‍മിച്ചു എന്ന ചോദ്യത്തിനുള്ള ഉത്തരം പരിയേറും പെരുമാളിന്റെ രാഷ്ട്രീയമാണ്. 'നിങ്ങള്‍ നിങ്ങളായിരിക്കുന്നിടത്തോളം, ഞാന്‍ ഞാനായിരിക്കണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നതുവരെ ഇവിടെ ഇവിടെ ഒന്നും മാറാന്‍ പോകുന്നില്ല' പരിയന്റെ വാക്കുകള്‍ കാലങ്ങള്‍ക്കിപ്പുറം സകലതിനും മാറ്റം വന്നിട്ടും മാറാത്ത ജാതിയ വിവേചനത്തേയും അത് എത്രത്തോളം ശക്തമാണെന്നതിന്റേയും പ്രതിഫലനമാണ്. ജോയുടെ അച്ഛന്‍ കുടിച്ച പാല്‍ ചായയും പരിയന്‍ കുടിച്ച കട്ടന്‍ ചായയിലുമാണ് ചിത്രത്തിന്റെ അവസാന ഷോട്ട്. ഈ ചിത്രം സംസാരിച്ച രാഷ്ട്രീയത്തിന്റെ രത്‌ന ചുരുക്കമാണ് ആ ഷോട്ട്.

    മുഖ്യധാര

    മുഖ്യധാര സിനിമകളില്‍ വിഷയമാക്കാത്ത തമിഴകത്തിന്റെ ഇരുണ്ട ഏടുകളെ ദൃശ്യവത്ക്കരിക്കുന്ന നിരവധി ചിത്രങ്ങള്‍ തമിഴകത്ത് ഉണ്ടാകുന്നുണ്ട്. അവയില്‍ പലതും പ്രേക്ഷക സ്വീകാര്യത നേടി ബോക്‌സ് ഓഫീസിലും സാന്നിദ്ധ്യമറിയിക്കാറുണ്ട്. അതേ ഗണത്തിലും ഉള്‍പ്പെടുന്ന ചിത്രമാണ് പരിയേറും പെരുമാള്‍. കുതിരമേല്‍ ഏറി വരുന്ന പെരുമാള്‍ എന്നാണ് ഈ പേരിന്റെ അര്‍ത്ഥം. സ്വാമിയുടെ പേരിട്ടിട്ടും ജാതിയുടെ പേരില്‍ മാറ്റി നിര്‍ത്തപ്പെടേണ്ടി വരുന്നു. മാരി സെല്‍വരാജ് തന്റെ കന്നി ചിത്രത്തില്‍ തന്നെ കൈയൊപ്പ് പതിപ്പിച്ചിരിക്കുന്നത്. ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നതും മാരി സെല്‍വരാജ് തന്നെയാണ്.

    സിനിമയുടെ


    സിനിമയുടെ ഭാവം കൃത്യമായി പ്രേക്ഷകരിലേക്ക് എത്തിക്കുന്നതായിരുന്നു ശ്രീധറിന്റെ ഛായാഗ്രഹണം. ക്യാമറ എന്ന മാധ്യമത്തിന്റെ സാന്നിദ്ധ്യം വിളിച്ചോതുന്ന ഒരു ഷോട്ടുപോലും ചിത്രത്തിലുണ്ടായിരുന്നില്ല. മാധ്യമത്തിനല്ല, പ്രമേയത്തിനാണ് പ്രാധാന്യം എന്ന് ചിത്രം അടിവരയിടുന്നു. സന്തോഷം നാരായണന്‍ സംഗീതം കൊണ്ട് വീണ്ടും പ്രേക്ഷക ഹൃദയം കവര്‍ന്നു. ഗാനങ്ങള്‍ക്കൊപ്പം പശ്ചാത്തല സംഗീതവും മികവുറ്റതായി. അനിവാര്യമായ രംഗങ്ങളില്‍ മാത്രം പശ്ചാത്തല സംഗീതം ഉപയോഗിച്ചു എന്നതും ശ്രദ്ധേയമായി.

    കേവലം ആസ്വാദനം എന്നതിനപ്പുറം സിനിമയെ ഒരു സംവേദന മാധ്യമമായി സിനിമയെ ഉപയോഗപ്പെടുത്തിയ ചിത്രമാണ് പരിയേറും പെരുമാള്‍. മികച്ച ഒരു ചലച്ചിത്രാനുഭവം പ്രതീക്ഷിക്കുന്ന പ്രേക്ഷകര്‍ക്ക് ധൈര്യമായി ഈ ചിത്രത്തിന് ടിക്കറ്റെടുക്കാം.

    ചുരുക്കം: തമിഴകത്ത് ഇന്നും അവസാനിക്കാത്ത ജാതി വിവേചനത്തിലേക്ക് വിരല്‍ ചൂണ്ടുന്ന പ്രണയ ചിത്രമാണ് പരിയേറും പെരുമാള്‍.

    English summary
    Pariyerum Perumal is a love story which shows the cast discretion in Tamilnad
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X