മിഥുനവും മീശമാധവനും ചേര്‍ന്നാല്‍ പോളിടെക്‌നിക്ക് ആയി
എന്തിനാണ് മലയാള സിനിമ ഇങ്ങനെ ഒരേ ചക്കില്‍ തന്നെ ആടിക്കൊണ്ടിരിക്കുന്നത്?എം. പത്മകുമാര്‍ സംവിധാനം ചെയ്ത പോളി ടെക്‌നിക് എന്ന ചിത്രം കണ്ടിറങ്ങുമ്പോള്‍ ആരും ചോദിച്ചുപോകുന്നതാണിത്. ഇംഗ്ലിഷ് സിനിമകളില്‍ നിന്നുള്ള കഥ മോണഷം നിര്‍ത്തി ഇപ്പോള്‍ മലയാള സിനിമയില്‍ നിന്നു തന്നെ കഥ മോഷ്ടിക്കുകയാണ് നമ്മുടെ തിരക്കഥാകൃത്തുക്കളും സംവിധായകരും. അതില്‍ അഭിനയിക്കാന്‍ ഇറങ്ങിപുറപ്പെടുന്നവരെങ്കിലും ഇതിനൊരു തടയിട്ടില്ലെങ്കില്‍ ചര്‍ദിച്ചതു തിന്നു നാം മടുക്കും.
പത്മകുമാറിന്റെ പോളി ടെക്‌നിക്കും സുഗീതിന്റെ ഒന്നുംമിണ്ടാതെയും കണ്ടു കഴിയുമ്പോള്‍ നാം മുന്‍പു കണ്ട അനവധി സിനിമകള്‍ തികട്ടി വരും. മോഹന്‍ലാല്‍നായകനായ പട്ടണപ്രവേശം, മിഥുനം, ദിലീപിന്റെ മീശമാധവന്‍ എന്നീ ചിത്രങ്ങള്‍ക്കൊപ്പം പോളി എന്ന യുവാവിന്റെ കുറച്ച് ടെക്‌നിക്കുകള്‍ കൂടി ചേര്‍ത്താല്‍ പോളിടെക്‌നിക് എന്നചിത്രമായി.

ആലോലം എന്ന മോഹന്‍ സംവിധാനം ചെയ്ത ചിത്രമാണ് സുഗീത് ഒന്നുംമിണ്ടാതെയിലേക്ക് അതേപോലെ പകര്‍ത്തിവച്ചത്. നാം കണ്ട സിനിമകള്‍ പുതിയ കുപ്പിയിലാക്കി എന്തിനാണ് ഇവര്‍ വീണ്ടും വീണ്ടും കാണിച്ചുകൊണ്ടിരിക്കുന്നത് എന്നതാണു മനസ്സിലാകാത്തത്.
കുഞ്ചാക്കോബോബന്‍, അജു വര്‍ഗീസ് എന്നിവരെ കാണുമ്പോള്‍ മിഥുനത്തിലെ മോഹന്‍ലാലിനെയും ശ്രീനിവാസനെയും ആരും ഓര്‍ത്തുപോകും. ദാക്ഷായണി ബിസ്‌കറ്റ് കമ്പനി തുടങ്ങാന്‍ പ്രയാസപ്പെടുന്ന ലാലും കൂടെ സഹായിയായുള്ള ശ്രീനിയും. അതുതന്നെയാണ് പോളിടെക്‌നിക്കില്‍ കുഞ്ചാക്കോ ബോബനും അജു വര്‍ഗീസും. പോരാത്തതിന് ഇവര്‍ ഏറ്റെടുക്കുന്നത് മിഥുനത്തിലെപോലെ പേരുള്ള ദാക്ഷായണി ബിസ്‌കറ്റ് കമ്പനിയും.
കുഞ്ചാക്കോ അവതരിപ്പിക്കുന്ന പോളി തുടങ്ങാന്‍ പോകുന്നജവാന്‍ അഗ്രോ ഇന്‍ഡസ്ട്രീസിനു അനുമതി ലഭിക്കാന്‍ സര്‍ക്കാര്‍ ഓഫിസുകള്‍ കയറി ഇറങ്ങുന്നതും അതെല്ലാം ചെന്നെത്തിക്കുന്നു പൊല്ലാപ്പുകളുമാണ് പ്രധാനവിഷയം. അതോടൊപ്പം മീശമാധവനിലെ പ്രേമവും അച്ഛന്റെ എതിര്‍പ്പും കൂടി ചേരുമ്പോള്‍ സിനിമ പൂര്‍ത്തിയായി.
മിഥുനവും മീശമാധവനും മലയാളികളെല്ലാം കണ്ടുരസിച്ച ചിത്രങ്ങളാണ്. ഇവ രണ്ടും കൂട്ടിചേര്‍ത്തുകൊണ്ടൊരു ചിത്രമുണ്ടാക്കേണ്ട കാര്യം ഇവിടെയുണ്ടെന്നു തോന്നുന്നില്ല. അങ്ങനെ കൂട്ടിചേര്‍ത്തത് മലയാളി ഇഷ്ടപ്പെട്ടില്ല എന്നതിന്റെ തെളിവാണ്തിയറ്ററിലെ ഒഴിഞ്ഞ കസേരകള്‍. ആകെ ആശ്വസിക്കാവുന്നത് കുഞ്ചാക്കോ ബോബന്റെയും അജു വര്‍ഗീസിന്റെയും അല്‍പം കോമഡിയാണ്. അതില്‍കവിഞ്ഞൊന്നും ഈ ചിത്രത്തിലില്ല.
ഓര്‍ഡിനറി എന്ന ചിത്രത്തിന്റെ തിരക്കഥ എഴുതിയ നിഷാദ് കോയയാണ് ഇതിനും തിരക്കഥ എഴുതിയത്. തിരക്കഥ എഴുതി എന്നല്ല രണ്ടു ചിത്രങ്ങളുടെ തിരക്കഥകള്‍ ചേര്‍ത്തുവച്ചു എന്നുപറയുന്നതാകും നല്ലത്. അല്‍പമെങ്കിലും നാണവും മാനവുമുള്ള ചെറിപ്പക്കാര്‍ ഇത്തരം വേലത്തരത്തിനിറങ്ങില്ല എന്നുറപ്പാണ്. പോളിയുടെ ഈ ടെക്‌നിക്കുകള്‍ കണ്ടില്ലെങ്കില്‍ പ്രിയപ്പെട്ട പ്രേക്ഷകാ നിങ്ങള്‍ക്കൊരു നഷ്ടവും വരാനില്ല. മിഥുനവും മീശമാധവനും ടെലിവിഷനില്‍ ഒരിക്കല്‍ കൂടി കണ്ടാല്‍മതി.


Click it and Unblock the Notifications











