മിസ്റ്റർ പ്രശോഭ് വിജയൻ താങ്കളെന്ത് മനുഷ്യനാണ്, ചങ്ക് തകർക്കുന്നു ഈ "അന്വേഷണം" — ശൈലന്റെ റിവ്യൂ
ശൈലൻ
അന്വേഷണം എന്ന സിനിമയുടെ ഓപ്പണിംഗ് ഷോ കണ്ട് ഗോൾഡ് സൂക്കിൽ നിന്ന് ദാ ഇപ്പൊ ഇറങ്ങുമ്പോൾ , പ്രശോഭ് വിജയൻ എന്ന അതിന്റെ സംവിധായകൻ എങ്ങാനും വന്നുപെട്ടിരുന്നുവെങ്കിൽ അയാളെ ഞാൻ ഒന്നും പറയാതെ കുത്തിന് പിടിച്ച് രണ്ടെണ്ണം പൊട്ടിച്ചേനെ . അത് കഴിഞ്ഞ് അയാളെ കെട്ടിപ്പിടിച്ചു കുറെ നേരം നിന്നേനെ . പടം മോശമായത് കൊണ്ടല്ല .. അന്വേഷണം എന്നെ അത്രമേൽ വൈകാരികമായി മുറിവേല്പിച്ചിരിക്കുന്നു . ചങ്ക് തകർത്തിരുന്നു .

ബ്ലസിയുടെ കാഴ്ച്ച എന്ന സിനിമയെ കുറിച്ച് പരാമർശിക്കുമ്പോൾ ഞാൻ എപ്പോഴും പറയാറുണ്ട് , എത്രയധികം ഗംഭീരമെങ്കിലും ആ ക്ളൈമാക്സ് വീണ്ടുമൊരിക്കൽ കണ്ടിരിക്കാനുള്ള മനോബലം ഈ ജന്മത്തിൽ എനിക്ക് കിട്ടില്ല എന്ന് . അന്വേഷണത്തിന്റെ ക്ളൈമാക്‌സും അത്തരത്തിൽ ഒന്ന് .

കാഴ്ചയെ പോലെ സാർവലൗകിക രാഷ്ട്രീയ മാനങ്ങളുള്ള ഒരു കഥയോ ക്ളൈമാക്‌സോ ഒന്നുമല്ല അന്വേഷണത്തിന്റേത് . ഏകദേശം മുഴുവൻ നേരം ഒരു പ്രൈവറ്റ് ഹോസ്പിറ്റലിലും ഇത്തിരി നേരം ഒരു ഫ്ലാറ്റിലുമായി നടക്കുന്ന ഒരു ചെറിയ ചിത്രം . അവിടെ നടക്കുന്ന ഏതാനും മണിക്കൂറുകൾ മാത്രം നീണ്ടുനിൽക്കുന്ന ഒരു അന്വേഷണം . അത്രയേ ഉള്ളൂ . പക്ഷെ വേദന എന്ന വികാരവും യൂണിവേഴ്സൽ ആയ ഒന്നാണല്ലോ .

മീഡിയാ ടെൻ എന്ന ചാനലിലെ ക്രിയേറ്റീവ് ഡയറക്ടർ ആയ അരവിന്ദിന്റേയും കവിതയുടെയും മകൻ അശ്വിൻ സ്റ്റെയർകേസിൽ വീണ് അബോധാവസ്ഥയിൽ ആയ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നു . കുട്ടിയുടെ ശാരീരികാവസ്ഥയിൽ പന്തികേട് തോന്നിയ സോണി എന്ന നഴ്സ് രഹസ്യമായി പോലീസിൽ വിവരമറിയിക്കുന്നു . അൽഫോൺസ് എന്നൊരു പോലീസ് കാരനും ലത എന്ന മേലുദ്യോഗസ്ഥയും സംഭവം അന്വേഷിക്കാൻ ഹോസ്പിറ്റലിൽ എത്തുന്നു . ഇത്രയുമാണ് അന്വേഷണം എന്ന സിനിമയുടെ പ്ലോട്ട് .

നൈസായി ഏതാനും മണിക്കൂർ കൊണ്ട് മുന്നോട്ട് പോവുന്ന അന്വേഷണം ഒടുവിൽ എത്തി നിൽക്കുന്നത് അപ്രതീക്ഷിതമെന്ന് പറയാനാവില്ലെങ്കിലും ചങ്കുപറിക്കുന്ന ഒരു എൻഡിംഗിൽ ആണ് . ഗംഭീരം എന്നൊന്നും വിശേഷിപ്പിക്കാനാവില്ലെങ്കിലും നിസ്സംഗമായി മാറി നിന്ന് കഥ പറയുന്ന ഒരു സംവിധായകന്റെ കയ്യൊപ്പ് അവിടെ ഉണ്ട് .

ഇതിലും ചെറിയ സാഹചര്യത്തിലും ബഡ്ജറ്റിലും വയലന്സിന്റെ ഭാഷയിൽ ലില്ലി എന്ന നിരൂപകപ്രശംസ ഏറെ ഏറ്റുവാങ്ങിയ സിനിമ ഒരുക്കി ഫീൽഡിലേക്ക് വന്ന ആളാണ് പ്രശോഭ് . ഈ കോളത്തിലുൾപ്പടെ മലയാളത്തിലെയും ഇംഗ്ലീഷിലേയും മലയാളം മൂവി റിവ്യൂ കോളങ്ങളിലെല്ലാം എക്സലന്റ് റേറ്റിംഗ് കിട്ടിയിട്ടും തിയേറ്ററിൽ ലില്ലി ചലനങ്ങൾ ഉണ്ടാക്കിയില്ല . എന്നാൽ അതേ പ്രൊഡക്ഷൻ കമ്പനിയെ കൊണ്ട് ജയസൂര്യ , ലാൽ , വിജയ്ബാബു , ലിയോണ ,നന്ദു ,ശ്രീകാന്ത് മുരളി ,ശ്രുതി രാമചന്ദ്രൻ ,ലെന ,ഷാജു തുടങ്ങിയ താരങ്ങളെയും സുജിത് വാസുദേവ് , ജേക്ക്സ് ബിജോയ് , അപ്പു ഭട്ടതിരി തുടങ്ങിയ മുൻ നിര ടെക്നിഷ്യൻസിനെയും വച്ച് രണ്ടാമത്തെ പടം ചെയ്യാൻ കഴിഞ്ഞത് പ്രശോഭിന്റെ മികവിന് അംഗീകാരം . സാഹചര്യങ്ങൾ മെച്ചപ്പെട്ടതിന്റെ വ്യത്യാസം ലില്ലിയിൽ നിന്നും അന്വേഷണത്തിൽ എത്തുമ്പോൾ അറിയാൻ സാധിക്കുന്നു . ഫ്രാൻസിസ് തോമസ് ആണ് സ്ക്രിപ്റ്റ് . രഞ്ജിത്ത് കമല ശങ്കറിന്റെയും സലീലിന്റെയും സപ്പോർട്ടുമുണ്ട് .

ലില്ലിയിൽ ഗർഭിണിയോടുൾപ്പടെയുള്ള ക്രൂരതയും ചോര ഒഴുകുന്ന വയലൻസും ആയിരുന്നുവെങ്കിൽ അന്വേഷണത്തിൽ വൈകാരിക സംഘർഷങ്ങൾ സമ്മാനിക്കുന്ന ആന്തരിക വയലൻസ് ആണ് സംവിധായകൻ മുന്നോട്ട് വെക്കുന്നത് .രണ്ടായാലും മനസിന് എടങ്ങേറാണ് . ആദ്യത്തേതായിരുന്നു കുറെ കൂടി അയവ് എന്ന്ഇപ്പോൾ തോന്നുന്നു. മേക്കിംഗിൽ കുറ്റം പറയാനില്ലെങ്കിലും , കൊടിയ സാഡിസ്റ്റ് ആണോ ഇച്ചെങ്ങായി എന്ന് ആളുകളെ കൊണ്ട് സംശയിപ്പിക്കാതെ അടുത്ത പടത്തിലെങ്കിലും ചുമ്മാ ട്രാക്ക് മാറ്റാൻ ശ്രമിക്കൂ ഡാർലിംഗ് .
അന്വേഷണാന്ത്യം ചങ്ക് തകർക്കുന്നത് എന്ന് അടിവര


Click it and Unblock the Notifications











