For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സുരാജ് – പൃഥ്വിരാജ് യുദ്ധം; സൂപ്പർതാരവും ആരാധകനും ഏറ്റുമുട്ടുന്ന ഡ്രൈവിംഗ് ലൈസൻസ് — ശൈലന്റെ റിവ്യൂ

  |

  ശൈലൻ

  ജേര്‍ണലിസ്റ്റ്
  കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല.. സാഹിത്യകാരനെന്നോ വിമർശകനെന്നോ ഉള്ള ലേബലുകൾ കൂടാതെ പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്. പ്രിന്റ് മീഡിയയിലും സജീവം. എട്ട് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

  Rating:
  3.0/5
  Star Cast: Prithviraj Sukumaran, Mia George, Suraj Venjaramoodu
  Director: Jean Paul Lal

  താരവും ഫാൻസും തമ്മിലുള്ള ബന്ധമെന്നാൽ നിരുപാധികമായ ഒരുതരം വല്ലാത്ത വൈകാരികതയുടെ പുറത്ത് കെട്ടിപ്പൊക്കി ഉണ്ടാക്കിയ ആകാശക്കുമിളയാണ് . ഒരു തലനാരിഴയിൽ അല്ലെങ്കിൽ ഒരു മൊട്ടു സൂചിപ്പോറലിൽ അത് പാളിപ്പോയാൽ എത്രത്തോളം വഷളാവും എന്ന് കാണിച്ചു തരുന്നു ലാൽ ജൂനിയറിന്റെ ഡ്രൈവിംഗ് ലൈസൻസ് എന്ന സിനിമ.

  മലയാളസിനിമയിലെ മിന്നും താരമായ ഹരീന്ദ്രൻ. അദ്ദേഹത്തിന്റെ കടുത്ത ആരാധകനായ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ കുരുവിള. ജീവിതത്തിന്റെ പ്രത്യേക സാഹചര്യത്തിൽ അവർക്ക് കുരുവിളയുടെ ഔദ്യോഗിക ലാവണത്തിൽ കണ്ടുമുട്ടേണ്ടി വരുന്നു. ചെറിയ ചെറിയ ചില ധാരണപ്പിശകുകളാൽ ആ കണ്ടുമുട്ടൽ രണ്ട് പേരും തമ്മിലുള്ള ശത്രുതയിലേക്കും അതുവഴി കടുത്ത ഏറ്റുമുട്ടലിലേക്കും നീങ്ങുന്നതാണ് ഡ്രൈവിംഗ് ലൈസൻസിന്റെ ഉള്ളടക്കം.. പേര് സൂചിപ്പിക്കുന്നപോലെ അതൊരു ഡ്രൈവിംഗ് ലൈസൻസുമായി ബന്ധപ്പെട്ടതാണ് താനും..

  മറ്റെന്തു പോരായ്മകൾ ആരോപിച്ചാലും സിനിമയുടെ വൺലൈൻ മാത്രമല്ല സച്ചി എഴുതിയ തിരക്കഥയും പുതുമയുള്ളതാണ്. അതുകൊണ്ട് തന്നെ ഡ്രൈവിംഗ് ലൈസൻസ് നല്ല ഒരു എന്റർടൈനർ ആക്കി മാറ്റാൻ സംവിധായകനും അഭിനേതാക്കൾക്കും സാധിക്കുന്നുമുണ്ട്.

  താരവുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ ചാനലുകളുടെ അമിതമായ കൗതുകങ്ങൾ, ബ്രേക്കിംഗ് ന്യൂസ് ആക്രാന്തങ്ങൾ, താരങ്ങളുടെ ധാർഷ്ട്യം, ആരാധക ജൻമങ്ങളുടെയും ഫാസോളികളുടെയും സീറോ ബ്രെയിൻ വെകിളിത്തരങ്ങൾ , താരസംഘടനയുടെ ഉപരിപ്ലവമായ ഇടപെടലുകൾ , തുടങ്ങി നമ്മൾ കണ്ടതും കണ്ടുകൊണ്ടിരിക്കുന്നതുമായ പല വിഷയങ്ങൾ സച്ചിയുടെ സ്ക്രിപ്റ്റിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട് .

  ഇടവേള ബാബു, ഇന്നസെന്റ് എന്നിവരൊക്കെ അവരായി തന്നെ സിനിമയിൽ അവതരിക്കുന്നുണ്ട് . പക്ഷെ കമേഴ്സ്യൽ സിനിമയുടെ ഭാഗമായി നിന്ന് അതിനെ അലക്കുന്നതിന് ഒരു പരിധി ഉണ്ടല്ലോ .. അതിന്റെ പോരായ്മ പടത്തിനുണ്ട് . അതു കൊണ്ട് തന്നെ സാധ്യതകൾ ഒരുപാട് ഉണ്ടായിട്ടും , അനാർക്കലി പോലൊരു സമ്പൂർണമായ ഒരു സിനിമാനുഭവമാക്കി ഡ്രൈവിംഗ് ലൈസന്സിനെ മാറ്റാൻ സച്ചിയുടെ സ്ക്രിപ്റ്റിന് കഴിഞ്ഞില്ല എന്നുപറയേണ്ടി വരും. സൂപ്പർസ്റ്റാർ ഹരീന്ദ്രനായി പൃഥ്വിരാജും ആരാധകൻ കുരുവിളയായി സുരാജ് വെഞ്ഞാറമൂടും കട്ടയ്ക്ക് കട്ട വിലസുന്നുണ്ട് .

  കഥാപാത്രമെന്ന നിലയിൽ കുരുവിളയ്ക്കാണ് പാത്രസൃഷ്ടിയിൽ മികവ് എന്നതിനാൽ സുരാജിന് പലപ്പോഴും രണ്ട് പടി മുന്നിൽ കയറിപ്പോവാൻ സാധിക്കുന്നു. ആരാധനാപാത്രത്തിൽ നിന്നും കിട്ടുന്ന അവഹേളനം കുരുവിളയിൽ സൃഷ്ടിക്കുന്ന ആന്തരികസംഘർഷങ്ങളെ സുരാജ് അതിമനോഹരമായി ആവിഷ്കരിച്ചിരിക്കുന്നു. കുഞ്ഞപ്പനിലെ ഭാസ്കരപ്പൊതുവാളിൽ നിന്നും കുരുവിളയിലേക്കുള്ള അകലം സുരാജ് എന്ന നടനെ രേഖപ്പെടുത്തുന്നതാണ്. സിനിമയിൽ നെഗറ്റീവ് ഷെയ്ഡുകൾ ആവോളമുള്ള ക്യാരക്റ്റർ ആണ് സൂപ്പർസ്റ്റാർ ഹരീന്ദ്രൻ. മമ്മൂട്ടി ഉൾപ്പടെ പലരും വായിച്ച് നിരസിച്ച റോൾ ആണെന്ന് കേട്ടിട്ടുണ്ട്.

  മമ്മുട്ടിയാണോ ക്യാരക്റ്ററിന്റെ മോഡൽ എന്ന് ആ മുൻകോപത്തിൽ നിന്നും എടുത്തു ചാട്ടത്തിൽ നിന്നും തോന്നിപ്പിക്കുന്നു. എന്നിട്ടും അത്തരം ഒരു റോൾ സ്വീകരിക്കുക മാത്രമല്ല, ആ സിനിമ ലിസ്റ്റിൻ സ്റ്റീഫനൊപ്പം ചേർന്ന് പ്രൊഡ്യൂസ് ചെയ്യാൻ കൂടി ആർജവം കാണിച്ച പൃഥ്വിരാജിന്റെ ആറ്റിറ്റ്യൂഡിനെ സമ്മതിക്കണം. കുരുവിളയുമായുള്ള പോരിനൊപ്പം ഹരീന്ദ്രന്റെ ഗാർഹസ്ഥ്യ ജീവിതത്തിലെ വൈകാരികതീവ്രതകളുള്ള ഭർത്താവ് വേഷവും പൃഥ്വിയ്ക്ക് ഒരു നടനെന്ന നിലയിൽ ഗുണകരമാവുന്നുണ്ട്. മാത്രവുമല്ല, ക്യാരക്ടറി നാവശ്യമായ മസിലുപിടിയും നാടകീയതയും ഒഴിച്ചു നിർത്തിയാൽ മണ്ണിൻ ചവിട്ടി നടക്കുന്ന മനുഷ്യനുമാണ് ഹരീന്ദ്രൻ,

  ഹരീന്ദന്റെ എതിരാളിയായി ഭദ്രൻ എന്നൊരു സൂപ്പർ സ്റ്റാർ കൂടി ഉണ്ട് സിനിമയിൽ.. ഏറക്കുറെ പദ്മശ്രീ സരോജ് കുമാറിന് സമാനൻ. താരയുദ്ധത്തെ അത്ര ഡെവലപ്പ് ചെയ്യാനും ശ്രീനിവാസൻ പിടിച്ചപോൽ പുലിവാലിൽ കേറിപ്പിടിക്കാനും സിനിമ തയ്യാറാവുന്നില്ല . സുരേഷ് കൃഷ്ണ ആണ് ഭദ്രൻ . പുള്ളിയെക്കൊണ്ട് കഴിയും വിധമൊക്കെ 'സരോജ് കുമാറാക്കിയിട്ടുണ്ട്. പടത്തിലെ രണ്ട് സജീവ സ്ത്രീ സാന്നിധ്യങ്ങൾ മിയാ ജോർജും ദീപ്തിസതിയുമാണ് . കുരുവിളയുടെ ഭാര്യയായി വരുന്ന മിയ ലൗഡ് ക്യാരക്റ്റർ ആണെങ്കിൽ ഹരീന്ദ്രന്റെ ഭാര്യ ദീപ്തി സതിയിൽ കാം ആണ്.

  സൈജു കുറുപ്പ്, മേജർ രവി,അരുൺ, നന്ദു, ലാലു അലക്സ് എന്നിവരും പ്രധാന റോളുകളിൽ ഉണ്ട്. ഹണി ബീ രണ്ടു പാർട്ടുകളിലും ഹായ് അയാം ടോണിയിലും കണ്ട മെയ്ക്കിംഗ് സ്റ്റൈൽ അല്ല ലാൽ ജൂണിയർ ഡ്രൈവിംഗ് ലൈസൻസിൽ അവലംബിച്ചിരിക്കുന്നത്. ഹ്യൂമർ പാക്കേജാണ്. ക്യാമറ അലക്സ് ജെ പുളിക്കൻ ,രണദിവെ . സംഗീതം യാക്സൺ ഗ്യാരി പെരേര ആൻഡ് നേഹ എസ്.നായർ.. എല്ലാം ദ്വന്ദ്വങ്ങൾ ആണ്. പാട്ടുകൾ കിടു.. പഴയ കാല ഹിറ്റ് "കളിക്കളം അത് പടക്കളം " മൂഡ് പോവാതെ റിമിക്സ് ചെയ്യുകയും ചിത്രീകരിക്കുകയും ചെയ്തിരിക്കുന്നത് സന്തോഷം.

  ഡ്രൈവിംഗ് ലൈസൻസ് വ്യത്യസ്തതയക്കായുള്ള ശ്രമം എന്ന് അടിവര ..

  Read more about: review റിവ്യൂ
  English summary
  Driving License Movie Review In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X