»   » സംഭവബഹുലമായ ക്യാൻവാസും കലങ്ങിമറിഞ്ഞ ചേരുവകളും... ശൈലന്റെ ടിയാൻ റിവ്യൂ

സംഭവബഹുലമായ ക്യാൻവാസും കലങ്ങിമറിഞ്ഞ ചേരുവകളും... ശൈലന്റെ ടിയാൻ റിവ്യൂ

Posted By:
Subscribe to Filmibeat Malayalam

ശൈലൻ

കവി
കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല. പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്.

അമര്‍ അക്ബര്‍ അന്തോണിയ്ക്ക് ശേഷം പൃഥ്വിരാജും ഇന്ദ്രജിത്തും ഒന്നിക്കുന്ന ചിത്രമാണ് ടിയാന്‍. ടിയാന് തിരക്കഥ എഴുതുന്നത് മുരളി ഗോപിയാണ്. ഉത്തരേന്ത്യയില്‍ നടക്കുന്ന ജാതി കലാപത്തിന്റെ പശ്ചാത്തലത്തിലുള്ള ടിയാന്‍ ജി എന്‍ കൃഷ്ണകുമാറാണ് സംവിധാനം ചെയ്യുന്നത്. വലിയ പ്രതീക്ഷകളുമായി തീയറ്ററിലെത്തിയ ടിയാന് ശൈലൻ എഴുതുന്ന റിവ്യൂ...

മുരളി ഗോപി പുതിയ തലമുറയുടെ ലോഹിതദാസ്

പൃഥ്വിരാജ് പണ്ടോരു അഭിമുഖത്തിൽ പറഞ്ഞു, പുതിയ തലമുറയുടെ ലോഹിതദാസ് ആണ് മുരളി ഗോപി എന്ന്. പൃഥ്വിയെക്കൊണ്ട് അങ്ങനെ പറയിച്ചതെന്തെന്ന് പൃഥ്വിയ്ക്ക് മാത്രമേ അറിയൂവെങ്കിലും ഇതുവരെ പുറത്തിറങ്ങിയതായ സിനിമകളിൽ എല്ലാം തന്നെ ഒരു രചയിതാവിന്റെ ഭേദപ്പെട്ട കയ്യൊപ്പ് ചാർത്താൻ മുരളി ഗോപിയ്ക്ക് കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ ജീയെൻ കൃഷ്ണകുമാർ സംവിധാനം ചെയ്ത് "ടിയാൻ" എന്ന പൃഥ്വിചിത്രം ഇറങ്ങുമ്പോൾ അതിന്റെ ‌പ്രധാന പ്രതീക്ഷാഘടകം മുരളി ഗോപി ആയതിൽ അദ്ഭുതമില്ല താനും

മോഹൻലാലിന്റെ വോയിസ് ഓവറിലൂടെ

എ ഡി ഒൻപതാം നൂറ്റാണ്ടിൽ കാലടിക്കാരനായ ആദിശങ്കരൻ ഉത്തരേന്ത്യയിലെ‌ ബദരീനാഥിലേക്ക് പോയി ആശ്രമം സ്ഥാപിക്കുന്നതുമുതലാണ് ടിയാന്റെ സ്ക്രിപ്റ്റിന് തുടക്കമാവുന്നത് എന്നുപറയാം. മോഹൻലാലിന്റെ വോയിസ് ഓവറിലൂടെ ആണ് ആ ഉൽപ്പത്തിചരിതം കേട്ടുതുടങ്ങുന്നത്. തുടർന്ന് ടൈറ്റിൽസിന് ശേഷം വർത്തമാനകാലസാഹചര്യങ്ങളിൽ ബദരീനാഥിനടുത്ത് ഘാഗ്രവാഡിയിൽ താമസിയ്ക്കുന്ന ശങ്കരന്റെ പരമ്പരയിൽ പെട്ട പട്ടാഭിരാമഗിരി എന്ന മലയാളിബ്രാഹ്മണപണ്ഡിറ്റിലേക്കും (ഇന്ദ്രജിത്ത്) കുടുംബത്തിലേക്ക് (അനന്യ, നക്ഷത്ര) അയാൾ ജീവിക്കുന്ന ചുറ്റുപാടുകളിലേക്കും ടിയാൻ ഷിഫ്റ്റ് ചെയ്യപ്പെടുന്നു..

കഥ പുരോഗമിക്കുന്നത്..

പട്ടാഭിരാമന്റെ ഗ്രാമത്തിലേക്ക് മഹാശയ് ഭഗവാൻ എന്ന കോർപ്പറേറ്റ് ആൾദൈവവും (മുരളി ഗോപി) ഗുണ്ടകളും ചേർന്ന് ആശ്രമവുമായി വരികയും അവിടെയുള്ളവരുടെ ജീവിതം പറിച്ചെറിയാൻ ശ്രമിക്കുകയും ചെയ്യുന്നതിലൂടെ ആണ് കഥ പുരോഗമിക്കുന്നത്.. ബ്രാഹ്മണൻ/ പണ്ഡിറ്റ് എന്ന പ്രിവിലേജ് പട്ടാഭിയ്ക്ക് കിട്ടുന്നുണ്ടെങ്കിലും മുസ്ലിംകളുടെയും ദളിതരുടെയും ഒക്കെ കാര്യം കട്ടപ്പൊകയായിട്ടാണ് ഡീൽ ചെയ്യപ്പെടുന്നത്

ആദ്യപകുതി മറ്റൊരു ലെവലിലാണ്

ഉള്ളിലേക്ക് ചുഴിഞ്ഞുനോക്കിയാൽ ആദമിന്റെ കാലം മുതൽ സിനിമയിലുള്ള കോർപ്പറേറ്റ് മാഫിയകളുടെയും റിയൽ എസ്റ്റേറ്റ് ഗുണ്ടകളുടെയും സാധുക്കളുടെ മേലുള്ള കുതിരകേറ്റം എന്ന സംഗതി തന്നെയാണ് സ്കെലിട്ടണായി കിടക്കുന്നതെങ്കിലും ആത്മീയതയെയും ആൾദൈവത്തെയും ഉത്തരേന്ത്യയിലെ അതിഹിന്ദുത്വമുഷ്കിനെയും ഗോമാംസത്തെയും ഒക്കെ തിരുകിക്കേറ്റി മറ്റൊരു ലെവലിലാണ് മുരളി ഗോപി ആദ്യപാതി തയാർ ചെയ്തിരിക്കുന്നത്.

വിദൂരങ്ങളിൽ ദൂരൂഹമായി പൃഥ്വി

സംഘിപക്ഷപാതിത്വമുണ്ടെന്ന് മുൻപ് പലതവണ പഴി കേൾക്കേണ്ടി വന്നിട്ടുള്ള മുരളിയിൽ നിന്നും ഒട്ടും പ്രതീക്ഷിക്കാത്ത ഒരു ലെവലാണ് ഇത്. പട്ടാഭിയുടെ ഭാര്യയെക്കൊണ്ട് ഡിവൈഎഫ് ഐ ക്ക് കയ്യടികിട്ടുന്ന ഡയലോഗ് വരെ പറയിപ്പിക്കുന്നുണ്ട് ഇത്തരുണത്തിൽ.. നായന്മാർക്കുള്ള കൊട്ടുമുണ്ട്.. പട്ടാഭിരാമനും മഹാശയ് ഭഗവാനും തമ്മിലുള്ള പ്രശ്നങ്ങൾക്കിടയിൽ വല്ലപ്പോഴും ഒരു വിദൂരങ്ങളിൽ ദൂരൂഹമായി അവതരിക്കുന്ന ഒരു സൂഫി കഥാപാത്രമായിട്ടാണ് നായകനെന്ന് കാണികൾ കരുതിപ്പോയ പൃഥ്വിരാജിനെ കാണിക്കുന്നു.

അർജുനനും കൃഷ്ണനും ആണ് റഫറൻസ്

ഇന്റർവെലും ഒന്നരമണിക്കൂറും കഴിഞ്ഞ് ഒരു ഉപാഖ്യാനമായിട്ടാണ് അസ്ലൻ മുഹമ്മദ് എന്ന അയാളുടെ കഥ ഫ്ലാഷ്ബാക്കിൽ വരുന്നത്.. പിന്നീട് കുറെനേരം അതുമായിട്ടങ്ങോട്ട് പോവും..‌പിന്നീട് അയാൾ സിനിമയുടെ മുഖ്യധാരയുമായി വന്നുചേരുന്നുണ്ടെങ്കിലും നേരിട്ട് പ്രശ്നങ്ങളിൽ ഇടപെടാത്ത അതിനായകനോ സാക്ഷിയോ ആയിട്ടാണ് ആ കഥാപാത്രത്തെ ടിയാനോട്/ടിയാനായി വിളക്കിചേർത്തിരിക്കുന്നത്.. മഹാഭാരത യുദ്ധത്തിലെ അർജുനനും കൃഷ്ണനും ആണ് റഫറൻസ് എന്ന് എടുത്ത് പറയേണ്ടതില്ലല്ലോ..

മുരളി ഗോപിയുടെ സനാതന ട്രാക്കിലേക്ക്

ആദ്യപാതിയിൽ സംഘിമുഷ്കിനെയും ആൾദൈവത്തെയും കപട ആത്മീയതയെയും എല്ലാം വിമർശിക്കാൻ ആർജവം കാട്ടുന്ന ടിയാൻ രണ്ടാം പകുതിയിൽ മുരളി ഗോപിയുടെ സനാതന ട്രാക്കിലേക്ക് തന്നെയാണ് വഴിമാറുന്നത്.. സനാതനമതത്തെ ക്കുറിച്ച് വാചാലപ്പെടുന്നതോടൊപ്പം ഇസ്ലാമും അതേപോലെ കട്ടക്ക് കട്ട മഹത്തരമാണെന്ന് ഘോരഘോരം പ്രസ്താവിച്ച് തുലാസിന്റെ തട്ട് ബാലൻസാക്കി നിർത്തുന്നുമുണ്ട്.. ഒന്നാം പകുതിയിൽ ഡിവൈഎഫ് ഐ കാരെക്കൊണ്ട് ഒന്ന് കയ്യടിപ്പിച്ച മാതൃകയിൽ അവസാനത്തോടടുപ്പിച്ച് അള്ളാഹുവിനെ ഒന്ന് വാഴ്ത്തിയപ്പോൾ സദസ്സിൽ നിന്ന് ഒന്നുരണ്ട് രോമാഞ്ചിതർ കയ്റ്റടിക്കുകയും വിസിലടിക്കുകയും ചെയ്തത് എടുത്തുപറയേണ്ടതാണ്..

മലയാളത്തിന് അപരിചിതമായ പശ്ചാത്തലം

167മിനിറ്റ് എന്ന വല്ലാത്ത ദൈർഘ്യമുള്ള ടിയാൻ മലയാളത്തിന് അപരിചിതമായ ഉത്തരേന്ത്യൻ പശ്ചാത്തലത്തിൽ ആണ് മുഴുനീളം വരച്ചിട്ടിരിക്കുന്നത്. എന്റെ അറിവിൽ ഉള്ള ബദരിനാഥ് ഉത്തരാഖണ്ഡിലാണെങ്കിലും കഥ നടക്കുന്ന ഭൂപ്രദേശം ഉത്തർപ്രദേശിലായിട്ടാണ് കാണിച്ചിരിക്കുന്നത്.. യുപി-യുകെ അയൽഗ്രാമമോ മറ്റോ ആവാം.. ക്യാമറ കൊള്ളാമെങ്കിലും കലാസംവിധാനം പലയിടത്തും അത്ര പോരെന്നാണ് തോന്നുന്നത്..

അഭിനയം കൊള്ളാം

പൃഥ്വിരാജ്, ഇന്ദ്രജിത്ത്, മുരളി ഗോപി, സുരാജ് വെഞ്ഞാറമൂട് എന്നിവരൊക്കെ പ്രതീക്ഷിത അഭിനയം തന്നെ കാഴ്ചവെച്ചു.. ഞെട്ടിക്കുന്ന പ്രകടനമൊന്നുമില്ല ആർക്കും.. അനന്യയുടെ പുതിയ ഗെറ്റപ്പ് കൊള്ളാം.. മഹാശയിന്റെ ഗുണ്ടയായി വരുന്ന രവിസിംഗ് എന്ന നടനിൽ പുതുമതോന്നി. അത്രന്നെ..

പരാധീനതകളുണ്ട്

ജീയെൻ കൃഷ്ണകുമാർ എന്ന സംവിധായകൻ മുൻപ് ഒരു പടമോ മറ്റോ ചെയ്തിട്ടേ ഉള്ളൂ.. വിശാലമായ ക്യാൻവാസിൽ ഒരു പരമ്പരാഗത സിനിമ ചെയ്യുന്നതിന്റെ പരാധീനത പലയിടത്ത് കാണാം.. കൊടുക്കുന്ന പത്തിന് നൂറിന്റെ റിസൾട്ട് തരുന്ന ഗോപീസുന്ദറിന്റെ ഞെരിപ്പൻ ബീജിയെം ആണ് പലയിടത്തും ടിയാനെ പിടിച്ചുനിർത്താൻ സംവിധായകന് സഹായകമാവുന്നത്..

മോശമെന്നും നല്ലതെന്നും പറയാൻ പറ്റില്ല

മോശം എന്നോ നല്ലത് എന്നോ വേർതിരിച്ചുപറയാനാവില്ല ടിയാൻ എന്ന സിനിമയെ. ഇഷ്ടപ്പെടുന്നവർക്ക് നന്നായി ഇഷ്ടപ്പെട്ടേക്കാം. അല്ലാത്തവർക്ക് അതേപടി മുഷിയുകയും ചെയ്യാം.. പൃഥ്വിരാജ് ഏതായാലും പുതുമുഖസംവിധായകർക്കും പുതുമുഖസമാനർക്കും ഒപ്പമുള്ള എടപാടുകൾ നിർത്താൻ സമയമായെന്ന് തോന്നുന്നു.. ഇനിയല്പം സീനിയർ ഡയറക്റ്റർമാരുടെ ഒപ്പം സഹകരിക്കുന്നതാവും അയാൾക്കും പ്രേക്ഷകർക്കും ഫാൻസിനും ഗുണകരം..

English summary
Tiyaan movie review by Shailan.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam