»   » ലോ ബജറ്റിൽ തട്ടിക്കൂട്ടിയ പുണ്യാളന്റെ ഫീൽഗുഡ് എടപാടുകൾ.. ശൈലന്റെ റിവ്യൂ!!

ലോ ബജറ്റിൽ തട്ടിക്കൂട്ടിയ പുണ്യാളന്റെ ഫീൽഗുഡ് എടപാടുകൾ.. ശൈലന്റെ റിവ്യൂ!!

Posted By:
Subscribe to Filmibeat Malayalam

ശൈലൻ

കവി
കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല. പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്.

ജയസൂര്യ - രഞ്ജിത്ത് ശങ്കര്‍ കൂട്ടുകെട്ടിലെ ആദ്യ ചിത്രമായിരുന്നു പുണ്യാളന്‍ അഗര്‍ബത്തീസ്. ചിത്രം തരക്കേടില്ലാത്ത പേരും ഉണ്ടാക്കി. ഈ ചിത്രത്തിന്റെ രണ്ടാം ഭാഗമായിട്ടാണ് പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ് എന്ന സിനിമ വരുന്നത്. സംവിധാനം രഞ്ജിത്ത് ശങ്കർ തന്നെ. നായകൻ ജയസൂര്യയും.

എസ്ര കണ്ടത് നമ്മുടെ തെറ്റ്.. അല്ലെങ്കിൽ സിദ്ധാർത്ഥിന്റെ 'അവൾ' ഒന്നുകൂടി ഗുമ്മായേനെ.. ശൈലന്റെ റിവ്യൂ!

ബോറടിക്കാതെ ഒരുതവണ കണ്ടിറങ്ങാവുന്ന ഒരു ചിത്രമായിരുന്നു പുണ്യാളൻ അഗർബത്തീസ്. തൃശൂരിന്റെ പശ്ചാത്തലത്തിൽ ജോയി താക്കോൽക്കാരന്റെ രണ്ടാം വരവ് ഒരുക്കിയപ്പോൾ രഞ്ജിത്തിനും ജയസൂര്യയ്ക്കും പുണ്യാളൻ അഗർബത്തീസ് തന്ന പ്രതീക്ഷ നിലനിർത്താൻ പറ്റിയോ? ശൈലന്റെ റിവ്യൂ വായിക്കാം...

പുണ്യാളൻ അഗർബത്തീസ് എന്ന ഫീൽഗുഡ് എന്റർടൈനർ

2013ൽ ഇറങ്ങിയ പുണ്യാളൻ അഗർബത്തീസ് എന്ന രഞ്ജിത്ത് ശങ്കർ - ജയസൂര്യ സിനിമ സത്യത്തിൽ ഒരു ആവറേജ് ആയിരുന്നു.. പക്ഷെ, അക്കാലത്ത് അതിനുമുൻപും പിൻപുമായി ഇറങ്ങിക്കൊണ്ടിരുന്ന ചവറുകൾ വച്ചുനോക്കിയപ്പോൾ മലയാളികൾ ആ സിനിമയെ ഫീൽഗുഡ് എന്റർടൈനർ എന്ന രീതിയിൽ കാര്യമായി തന്നെ ശ്രദ്ധിച്ചു. ആളുകളെ ഒട്ടും മടുപ്പിക്കാത്ത തരത്തിൽ ഒരു ഫ്രെഷ്നെസ് ഉണ്ടായിരുന്നു എന്നതു യാഥാർത്ഥ്യം. നിമ്മാതാക്കൾ ആയി ജയസൂര്യയും രഞ്ജിത്ത് ശങ്കറും ലാന്റ് ചെയ്ത സിനിമകൂടി ആയിരുന്നു അത്.

രഞ്ജിത്ത് - ജയസൂര്യ സിനിമകൾ

പടത്തിന്റെ സ്വീകാര്യത ആ കൂട്ടുകെട്ടിനെ പിന്നീടും സിനിമാലോകത്ത് നിലനിർത്തി. സു സു സുധി വാൽമീകം, പ്രേതം പോലുള്ള സിനിമകൾ ഒന്നിച്ചും രാമന്റെ ഏദൻ തോട്ടം പോലുള്ള പടങ്ങൾ ജയസൂര്യ ഇല്ലാതെയും അവരുടെ കമ്പനി ആയ ഡ്രീംസ് ആന്റ് ബിയോണ്ട്സിൽ നിന്നും വന്നു.. നാലുകൊല്ലം കഴിഞ്ഞ് പുണ്യാളന്റെ സീക്വലുമായി ആ ടീം ഒരിക്കൽ കൂടി വരുമ്പോൾ അതിൽ പേഴ്സണലായി എനിക്കൊട്ടും പ്രതീക്ഷകൾ ഒന്നും തന്നെ ഇല്ലായിരുന്നു.. കാരണം സീക്വൽ ഇറങ്ങാൻ മാത്രം എന്തെങ്കിലും ഉരുപ്പടി പുണ്യാളനിൽ ഇല്ല എന്നത് തന്നെ...

മുഷിച്ചിലു കൂടാതെ കണ്ടിരിക്കാം

പക്ഷെ, ഉള്ള പ്രതീക്ഷയില്ലായ്മ വച്ചു നോക്കുമ്പോൾ ഒട്ടും മുഷിച്ചിലു കൂടാതെ കണ്ടിരിക്കാവുന്ന ഒരു സിനിമയാണ് പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ് എന്ന പുണ്യാളൻ അഗർബത്തീസ് സെക്കന്റ്. ആദ്യഭാഗത്തേക്കാൾ ഒട്ടും തന്നെ മേലെയുമല്ല, ഒട്ടും തന്നെ താഴെയുമല്ല രണ്ടാംഭാഗം.. അഗർബത്തീസിനെ ഇഷ്ടപ്പെട്ടവർക്ക് പ്രൈവറ്റ് ലിമിറ്റഡിനെയും ഇഷ്ടപ്പെടാവുന്നതേയുള്ളൂ എന്ന് സാരം.. അഗർബത്തീസ് ഹിറ്റായ പോലെ പ്രൈവറ്റ് ലിമിറ്റഡും ഹിറ്റായാൽ അത്ഭുതപ്പെടേണ്ടതുമില്ല..

വേർസറ്റൈൽ ആക്റ്റർ ജയസൂര്യ!

128 മിനിറ്റാണ് സിനിമയുടെ ദൈർഘ്യം. ബിജി ബാലിന്റെ ടൈറ്റിൽ സോംഗോടെ ആണ് തുടക്കം.. അതിനിടയിൽ എംബ്ലമൊക്കെ വച്ച് വേർസറ്റൈൽ ആക്റ്റർ ജയസൂര്യ എന്നൊക്കെ കാണുമ്പോൾ സന്തോഷം തോന്നും.. ടിയാന്റെ പടങ്ങൾ വന്നിട്ട് കുറച്ചുനാളുകളായല്ലോ.. തൃശൂർ കാഴ്ചകളും അഗർബത്തീസിൽ നിന്നുള്ള ക്ലിപ്പിംഗ്സുകളുമാണ് ടൈറ്റിൽസിനിടയിൽ ഓടുന്നത്.. അത് തീരുമ്പോഴെക്കും സ്ഥാപനം പൂട്ടി സീലുവച്ച നിലയിൽ ജപ്തി നടപടികൾ നേരിടാൻ ഒരുങ്ങി നിൽക്കുന്ന താക്കോൽ കാരനെയും സംഘത്തെയും കാണാം..

ആനമൂത്രത്തിൽ നിന്ന് പുണ്യാളൻ വെള്ളം

ആനപ്പിണ്ഡത്തിൽ നിന്നും ചന്ദനത്തിരി ആയിരുന്നു ആദ്യഭാഗത്തിൽ താക്കോൽകാരന്റെ പ്രൊഡക്റ്റ് എങ്കിൽ ആനമൂത്രത്തിൽ നിന്ന് പുണ്യാളൻ വെള്ളവുമായിട്ടാണ് പ്രൈവറ്റ് ലിമിറ്റഡിൽ രണ്ടാം വരവ്.. ആദ്യപാതിയിൽ യുവസംരംഭകൻ എന്ന നിലയിൽ താക്കോൽക്കാരന്റെ ബാങ്കുമായുള്ള പ്രശ്നങ്ങൾ, പാർസൽ സർവീസുനടത്തുന്ന കെ എസ് ആർ ടി സിയുമായുള്ള പ്രശ്നങ്ങൾ.. കോർപ്പറേഷനുമായുള്ള പ്രശ്നങ്ങൾ എന്നിവയൊക്കെ തന്നെയാണ്.. മുൻപ് മിഥുനത്തിലും പിന്നീട് അഗർബത്തീസിലും കണ്ടതാണെങ്കിലും കോമഡിയുടെയും ആനുകാലികപ്രസക്തിയുടെയും അകമ്പടിയിൽ ഒരിക്കൽ കൂടി നമ്മൾ ചുമ്മാ ആസ്വദിച്ച് പോവും..

ആനുകാലിക വിഷയങ്ങൾക്ക് കയ്യടി

അങ്ങനെ സ്ഥിരം ട്രാക്കിൽ മുന്നേറി രണ്ടാം പാതിയിൽ എത്തുന്നതിനിടെ സോഷ്യൽ മീഡിയയിൽ താക്കോൽകാരന്റെ ഇടപെടലും കക്ഷിരാഷ്ട്രീയവും മുഖ്യമന്ത്രിയും ബൈ എലക്ഷനും ഒക്കെ കൂട്ടിച്ചേർത്ത് രഞ്ജിത്ത് ശങ്കർ പുണ്യാളനെ വാമാക്കും.. ആനുകാലിക വിഷയങ്ങളിൽ ഊന്നിയുള്ള സാഹചര്യങ്ങളും സംഭാഷണങ്ങളും പടത്തെ ചിലപ്പോഴൊക്കെ ഒരു മാസ് ലെവലിൽ എത്തിക്കുകയും അതിന് തിയേറ്ററിൽ കയ്യടിയും ആരവവും സൃഷ്ടിക്കാനാവുകയും ചെയ്യുന്നു..

രഞ്ജിത്ത് ശങ്കർ സ്കോർ ചെയ്യുന്നു

ദേശീയഗാനം, ആഹാരസ്വാതന്ത്ര്യം, ആധാർ ലിങ്കാക്കൽ, ട്വിറ്റർ, ഹാഷ്ടാഗ്, എഫ്ബി ലൈവ്, റോട്ടിലെ കുഴിയിൽ മഹാബലിയുടെ മഹാബലിയുടെ പല്ല് തേപ്പ്, ഇതൊന്നും വരുന്നില്ലല്ലോ അല്ലേ. തുടങ്ങി സംഭാഷണങ്ങളിൽ വരുന്നതെല്ലാം ജനത്തിന് നന്നായി സുഹിക്കുന്നുണ്ട്.. തിരക്കഥ പാളുന്നിടത്തും പടത്തെ രക്ഷിച്ചെടുക്കുന്നത് സംഭാഷണങ്ങളാണ്.. രഞ്ജിത്ത് ശങ്കർ സ്കോർ ചെയ്യുന്നതും അവിടെ ആണ്

24 മണിക്കൂർ വിത്ത് സീയെം

ശങ്കർ മുതൽവനിൽ ഇട്ടുപയറ്റിയ ഒരു നാൾ ചീഫ്മിനിസ്റ്റർ കൺസെപ്റ്റ് വച്ചാണ് ഈ ഘട്ടത്തിൽ പടത്തെ മുന്നോട്ടു കൊണ്ടുപോവാൻ ശ്രമിക്കുന്നത്.. 24മണിക്കൂർ സി എം എന്നതിന് പകരം 24 മണിക്കൂർ വിത്ത് സീയെം എന്നാക്കി കൺസപ്റ്റിനെ പുതുക്കിയിട്ടുണ്ട്.. കാണുന്നവർ ഇത് ആരോപിക്കാൻ നിൽക്കണ്ടാന്ന് കരുതി സിനിമയിലെ ജിംബ്രൂട്ടനെക്കൊണ്ട് തന്നെ "മുതൽവനിലെ ഐഡിയ.. ഇത് പൊളിക്കും" എന്ന് പറഞ്ഞ് സംവിധായകൻ തടിയൂരുന്നുണ്ട്.. (എങ്ങനെയുണ്ടെന്റെ ഫുദ്ദീ..!!!)

ബാലിശമായ രാഷ്ട്രീയം, ദയനീയമായ വാഗ്വാദം

കണ്ണൂരിൽ നിന്ന് ചിത്രകല പഠിക്കാനായി തൃശൂരിൽ എത്തി അതുവിട്ട് തൊഴിലാളിരാഷ്ട്രീയത്തിലൂടെ മുഖ്യമന്ത്രി പദം വരെ എത്തിയ ശക്തൻ രാജശേഖരന് കെ കരുണാകരന്റെ ഷെയിഡാണ്.. വിജയരാഘവൻ ആണ് ശക്തനായിട്ട് വരുന്നത്.. ഏത് മിനിമൽ സമീപനമാണെങ്കിലും കക്ഷിരാഷ്ട്രീയത്തെയുമൊക്കെ രഞ്ജിത്ത് ശങ്കർ സമീപിക്കുന്നത് വളരെ ബാലിശമായിട്ടാണ്.. മുഖ്യമന്ത്രിയും താക്കോൽകാരനും തേക്കിൻ കാട് മൈതാനത്ത് നടത്തുന്ന സംവാദത്തെയൊക്കെ ദയനീയം എന്നേ പറയാൻ പറ്റൂ..

സ്കോർ ചെയ്ത് ജയസൂര്യ, മറ്റുള്ളവരും മോശമല്ല

താക്കോൽകാരനെ ഒരു മാസ് ഹീറോ ആക്കാൻ ഉള്ള സംവിധായകന്റെ രാഷ്ട്രീയശ്രമങ്ങളിൽ ജയസൂര്യയ്ക്ക് പൂർണമായും സ്കോർ ചെയ്യാനാവുന്നുണ്ട്.. പടത്തിന്റെ ഗ്രെയ്സും ജയസൂര്യയിലും തോക്കോൽകാരനിലും അധിഷ്ഠിതമായിരിക്കുന്നു.. താക്കോൽകാരന്റെ കൂടെ അഭയനും ജിംബ്രുട്ടനും സുനിൽ സുഖദയുടെ ജഡ്ജിയും ജയരാജ് വാര്യരുടെയും പ്രേം പ്രകാശിന്റെയും വിനോദ് കോവൂരിന്റെയും ഒക്കെ ക്യാരക്റ്ററുകൾ പ്രൈവറ്റ് ലിമിറ്റഡിൽ കൂടെ പോന്നിട്ടുണ്ട്.. എന്നാൽ മറ്റുചിലരുടെ അസാന്നിധ്യവും ശ്രദ്ധേയമാവുന്നു.

ബഡ്ജറ്റ് ചുരുക്കലിലെ ബ്രില്ല്യൻസ്

അജു വർഗീസിന്റെ ഗ്രീനുവിനെ മൊബൈലിലെ വീഡിയോ കോളിലൊതുക്കിയും നൈല ഉഷയുടെ പിണങ്ങിപ്പോയ ഭാര്യയെ തിരികെ കൊണ്ടു വരാതെയും പുണ്യാളൻ ടീം ബഡ്ജറ്റ് ചുരുക്കലിൽ ബ്രില്ല്യൻസ് കാണിക്കുന്നു.. ഗ്രീനുവിന് പകരം ശ്രീജിത് രവിയുടെ അഭയനെ ആണ് എർത്ത് ആയി ഡെവലപ്പ് ചെയ്തിരിക്കുന്നത്.. രചന നാരായണൻ കുട്ടിക്ക് പകരം വക്കീലായി ധർമജൻ കൂടെ ഉണ്ടെന്നതും ആശ്വാസം.. മരുന്നിന് പോലും ഒരു നായികയെ ഉൾപ്പെടുത്തീട്ടില്ലെന്നതും നോട്ട് ചെയ്യണം..

നിർമ്മാതാക്കളുടെ കണക്കുകൂട്ടൽ തെറ്റിയില്ല.

നിർമ്മാതാക്കൾ എന്ന നിലയിൽ ജയസൂര്യയും രഞ്ജിത് ശങ്കറും ചെലവ് ചുരുക്കലിനായി കാണിച്ചിരിക്കുന്ന അൽക്കുൽത്തുകൾ ശ്രദ്ധിക്കാനായി ഇരുന്നാൽ അതൊരു പ്രബന്ധ വിഷയമായിത്തന്നെ എടുക്കാം.. മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികളിലെ ജനപങ്കാളിത്തമൊക്കെ കണ്ടാൽ പെറ്റ തള്ള പൊറുക്കൂല.. ഇതൊരു നെഗറ്റീവ് ആയി പറയുന്നതൊന്നുമല്ല.. ആസ്വാദ്യതയ്ക്ക് ഇതൊരു വിഘാതവുമല്ല.. തിയേറ്റർ ഓൾമോസ്റ്റ് ഫുള്ളായിരുന്നു.. നിർമ്മാതാക്കളുടെ കണക്കൂകൂട്ടൽ പിഴക്കാത്തതിൽ സന്തോഷിക്കാം.

English summary
Punyalan Private Limited movie review by Schzylan Sailendrakumar.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam