twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അപ്രതീക്ഷിത ഞെട്ടിക്കലുകളുമായി ക്വീൻ.. ഇതൊരു പതിവ് ക്യാമ്പസ് ചിത്രമല്ല.. ശൈലന്റെ റിവ്യൂ!!

    |

    ശൈലൻ

    കവി
    കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല. പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്.

    അങ്കമാലി ഡയറീസിന് ശേഷം പുതുമുഖങ്ങളെ മാത്രം മുന്‍നിര്‍ത്തി മറ്റൊരു സിനിമ കൂടി പിറന്നിരിക്കുകയാണ്. സാധാരണ ഒരു ക്യാമ്പസ് സിനിമ എന്നതിലപ്പുറം വലിയ പ്രധാന്യമൊന്നും കൊടുക്കാതെ തിയറ്ററുകളിലേക്കെത്തിയ 'ക്വീന്‍' പ്രേക്ഷകരുടെ നിറഞ്ഞ കൈയടിയോട് കൂടി സൂപ്പര്‍ ഹിറ്റായിരിക്കുകയാണ്. സംവിധായകന്‍ ഡിജോ ജോസ് ആന്റണിയടക്കം നവാഗതര്‍ മാത്രം അണിനിരന്ന ക്വീന്‍ എന്‍ജിനീയറിങ്ങ് കോളേജിലെ ഒരു കൂട്ടം വിദ്യാര്‍ത്ഥികളുടെ കഥയാണ് പറയുന്നത്. മെക്കാനിക്കല്‍ എന്‍ജിനീയര്‍മാരായ ജെബിന്‍, ജോസഫ് ആന്റണി, ഷാരിസ് മുഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ് സിനിമയ്ക്ക് തിരക്കഥ ഒരുക്കിയിരുന്നത്. സൗഹൃദം, പ്രണയം, വിരഹം, എന്നിങ്ങനെ യുവാക്കളെ ലക്ഷ്യവെച്ചെത്തിയ സിനിമയ്ക്ക് ശൈലന്‍ എഴുതിയ റിവ്യൂ വായിക്കാം...

     ക്വീൻ

    ക്വീൻ

    ഈട കാണാൻ പോയപ്പോൾ ആണ് ക്വീൻ എന്ന സിനിമയുടെ ട്രെയിലർ ആദ്യമായി തിയേറ്ററിൽ കണ്ടത്. പുതുമകളൊന്നും തന്നെ തോന്നാത്തതിനാൽ എല്ലാ ആഴ്ചകളിലും ഒന്നോ രണ്ടോ വച്ച് മലയാളത്തിൽ ഇറങ്ങാറുള്ള പ്രത്യേകിച്ച് ലക്ഷ്യമൊന്നുമില്ലാത്ത ചവറുകളിൽ ഒന്നായി അതിനെ എണ്ണി. ഇവനൊന്നും‌ വേറെ പണിയില്ലേന്ന് മനസിൽ പറയുകയും ചെയ്തു. ദൈവമേ കൈതൊഴാം കാണാൻ പോയപ്പോൾ തൊട്ട് സ്ക്രീനിൽ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോയ്ക്ക് ക്വീൻ കുട്ടികൾ ആഘോഷ്മാക്കുന്നത് കണ്ടപ്പോൾ കരുതി, ഈ പിള്ളേരുടെ ഒരു കാര്യം. താനാ സേർന്ത കൂട്ടം കാണാൻ പോയപ്പോൾ അടുത്ത സ്ക്രീനിൽ ക്വീൻ എപ്പൊഴേ ഫുള്ളാണ്. അവിടെ ടിക്കറ്റ് കിട്ടാത്തവരാാ സൂര്യയുടെ പടത്തിന് പാഞ്ഞുകേറുന്നത്. തിയേറ്ററുകാർ സാക്ഷ്യപ്പെടുത്തി ആ പടത്തിന് എല്ലാ ഷോയും ഫുള്ള് തന്നെയാ, ശരിക്കും ഞെട്ടി. ഇന്നലെ നാലാം ദിനം ക്വീൻ കണ്ടപ്പോൾ മനസിലാവുന്നു, ഇത് അർഹിക്കാത്ത ഒരു വിജയമേ അല്ല എന്ന്.

    പതിവ് ക്യാമ്പസ് ചിത്രമെന്ന ലേബലിംഗ്..

    പതിവ് ക്യാമ്പസ് ചിത്രമെന്ന ലേബലിംഗ്..

    ട്രെയിലറിലും പോസ്റ്ററുകളിലും മറ്റുമൊക്കെ ഒരു പതിവ് ക്യാമ്പസ് ചിത്രമായി തന്നെയാണ് അണിയറ പ്രവർത്തകർ ക്വീനിനെ അവതരിപ്പിച്ചിരിക്കുന്നത്. സ്പെസിഫൈ ചെയ്ത് പറഞ്ഞാൽ എഞ്ചിനീയറിങ്ങ് കോളേജ് ക്യാമ്പസ് ചിത്രം. കേരളത്തിൽ ഇന്ന് തിയേറ്ററിൽ പോയി സിനിമ കാണുന്ന പ്രേക്ഷകരിൽ നല്ലൊരു ശതമാനം എഞ്ചിനിയറിംഗ് സ്റ്റുഡന്റ്സും എഞ്ചിനീയറിംഗ് കഴിഞ്ഞ എക്സ്-സ്റ്റുഡന്റ്സും ആണെന്നിരിക്കെ അത് സംവിധായകന്റെ ഒരു തന്ത്രമായിരുന്നു എന്ന് വേണം കരുതാൻ. പ്രത്യേകിച്ച് പുതുമകളൊന്നുമുണ്ടാവില്ല എന്ന പ്രതീക്ഷയിൽ തിയേറ്ററിൽ എത്തുന്നവർക്ക് മുന്നിൽ ആദ്യമേതന്നെ ശബ്ദമായി സ്ക്രീനിൽ വന്ന് സംവിധായകൻ തെല്ലൊരു നെടുവീർപ്പോടെ പറയുന്നു, "ആദ്യത്തെ പടമാണ് കൂടെയുള്ളത് ഒരുപറ്റം പുതുമുഖങ്ങളും. മിന്നിച്ചേക്കണേ കൂട്ടരേ.."

    ഫ്രെഷായ മുഖങ്ങൾ സ്മാർട്ട് ആയ ക്യാമ്പസ്..

    ഫ്രെഷായ മുഖങ്ങൾ സ്മാർട്ട് ആയ ക്യാമ്പസ്..

    പത്ത് കൊല്ലം മുൻപ് ആന്ധ്രയിലും കേരളത്തിലും ഒന്നുപോലെ ഹിറ്റ് ആയ 'ഹാപ്പി ഡെയ്സി'ന്റെത് പോലൊരു തുടക്കമാണ് ക്വീനിന്റെതും. എഞ്ചിനിയറിംഗ് കോളേജിലെ തുടക്കദിനവും അവിടുത്തെ കുഞ്ഞുകുഞ്ഞുതമാശകളുമൊക്കെയായി. ട്രെയിലറിൽ കണ്ട പോലെ തന്നെ തീർത്തും ഫ്രഷായ മുഖങ്ങൾ ആണ് ക്യാമ്പസ് മുഴുവൻ. സിനിമ ഫോക്കസ് ചെയ്തിരിക്കുന്നത് പുരുഷ സാമ്രാജ്യമായ മെക്കാനിക്കൽ ബ്രാഞ്ചിലേക്കാണ്. ബാലു, എൽദോ, കൂലി, ജബൻ, വർക്കിച്ചൻ , ജിമ്മൻ, മാട എന്നിവരൊക്കെയാണ് അവിടുത്തെ താരങ്ങൾ. പുരുഷത്വാഘോഷങ്ങളും അർമാദങ്ങളുമായി മുന്നോട്ട് പോവുന്നതിനിടെ റോയൽ മെക്കിലേക്ക് ഒരു പെൺകുട്ടി വരുന്നു. ചിന്നു, ചെക്കന്മാരുടെ മസിലുപിടിയൊക്കെ അവൾ ഉടച്ചുകയ്യിൽ കൊടുക്കുകയും കൂട്ടത്തിലൊരാളായി മാറുകയും ചെയ്യുന്നു. തീർത്തും ക്ലീഷെ എന്നു പറയാവുന്ന ഈ വൺ ലൈൻ ഒട്ടും ബോറടിപ്പിക്കാതെ സ്മാർട്ട് ആയിത്തന്നെ സംവിധായകൻ വർക്കൗട്ട് ചെയ്തിരിക്കുന്നു. സ്റ്റുഡന്റ്സ് നിറഞ്ഞ ഒരു തിയേറ്ററിൽ ആണെങ്കിൽ ആഘോഷം തന്നെയായി ആസ്വദിക്കാം.

    ചെറിയ ട്വിസ്റ്റും വലിയ വഴിത്തിരിവും

    ചെറിയ ട്വിസ്റ്റും വലിയ വഴിത്തിരിവും

    ഇത്തരം പടങ്ങളിൽ പൊതുവെ കാണാറുള്ള ബെറുപ്പിക്കലുകളും ദ്വയാർത്ഥ്വ-ഏകാർത്ഥ കമ്പിഡയലോഗുകളുമൊന്നുമില്ലാതെ ക്വീൻ മുന്നേറുന്നതിനിടെ ചിന്നുവിന്റെ ജീവിതത്തിന് ഒരു ട്വിസ്റ്റ് കൊണ്ട് വരുന്നു. പുതുമയൊന്നും പറയാനില്ലാത്ത ഒരു ഐറ്റമായതിനാൽ 'ഇതാപ്പൊ വല്യൊരു ട്വിസ്റ്റ്' എന്നും പറഞ്ഞിരിക്കുമ്പോഴാണ് സിനിമ ഒട്ടും പ്രതീക്ഷിക്കാത്ത ലെവലുകളിലേക്ക് കടന്നുപോവുന്നത്. ക്യാമ്പസിൽ നിന്ന് പുറത്തുകടക്കുന്ന സംവിധായകൻ പോലീസ് , ഭരണകൂടം, നീതിന്യായവ്യവസ്ഥ എന്നിവയുടെയൊക്കെ കാപട്യങ്ങളിലേക്കൊക്കെ നമ്മളെ കൂട്ടിക്കൊണ്ടുപോയി സാമൂഹിക യാഥാർത്ഥ്യങ്ങളിലേക്ക് ഉന്തിയിട്ട് 100 ഡിഗ്രി സെൽഷ്യസിൽ തിളപ്പിച്ചു കളയുന്നു.

     അഡ്വക്കേറ്റ് കാളൂരും അഡ്വക്കേറ്റ് മുകുന്ദനും

    അഡ്വക്കേറ്റ് കാളൂരും അഡ്വക്കേറ്റ് മുകുന്ദനും

    ഏത് നീചപ്രവൃത്തി ചെയ്താലും പ്രതിക്കുവേണ്ടി ഹാജരായി അവനെ രക്ഷിച്ചെടുത്ത് സത്യത്തെ വെല്ലുവിളിക്കുന്ന കാളൂർ എന്നൊരു അഡ്വക്കേറ്റ് ഉണ്ട് സിനിമയിൽ. നമ്മൾക്കെല്ലാമറിയുന്ന അഡ്വ.ആളൂർ തന്നെ. സിനിമയിലും അയാൾ സത്യത്തെ അൾട്ടാപുൾട്ടാ നിർത്തി നിയമവ്യവസ്ഥിതിയെ വെല്ലുവിളിക്കുന്നു. എന്നാൽ കാളൂരിനെ മലർത്തിയടിച്ച് കോടതിയെ കിടിലം കൊള്ളിക്കാൻ കെല്പുള്ള അഡ്വക്കേറ്റ് മുകുന്ദൻ എന്നൊരു അതികായനെ മുന്നോട്ട് വച്ചാണ് സംവിധായകൻ സിനിമയുടെ അവസാനഭാഗങ്ങളെ ത്രസിപ്പിക്കുന്നതാക്കുന്നത്. സലിംകുമാറിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും കിടുക്കിടിലൻ ക്യാരക്റ്ററിന് അഡ്വക്കേറ്റ് മുകുന്ദനിലൂടെ നമ്മൾ സാക്ഷ്യം വഹിക്കുന്നു. സ്ത്രീകൾ അനുഭവിക്കപ്പെടേണ്ടിവരുന്ന ഇരട്ടനീതിയെക്കുറിച്ചും മലയാളിയുടെ കപടസദാചാര സങ്കല്പങ്ങളെക്കുറിച്ചുമൊക്കെയുള്ള വക്കീലിന്റെ ഓരോ ഡയലോഗിനും തിയേറ്റർ ഇളക്കിമറിക്കുന്ന കയ്യടിയാണ്...

     നായികയും മറ്റുള്ളവരും..

    നായികയും മറ്റുള്ളവരും..

    ക്വീൻ എന്ന ടൈറ്റിൽ റോളിൽ ഉള്ള ചിന്നുവായി പുതുമുഖം സാനിയ അയ്യപ്പൻ ആണ് വരുന്നത്. 100% തികവുറ്റതൊന്നുമല്ലെങ്കിലും ആൺകുട്ടികളോട് മുട്ടി നിൽക്കുന്ന പെർഫോമൻസിൽ സാനിയ എവിടെയും ബോറാകുന്നില്ല. ധ്രുവൻ, എൽദോ, അരുൺ, അശ്വിൻ, ജെൻസൺ, ജുനൈസ്, സൂരജ് എന്നിവരൊക്കെയാണ് ചിന്നുവിന്റെ ഓപ്പോസിറ്റ് വരുന്ന ചുള്ളന്മാർ. പടത്തിന്റെ ഫസ്റ്റ് ഹാഫിനെ ലൈവായി നിർത്തുന്നതിൽ ഇവർ വഹിക്കുന്ന പങ്ക് ചെറുതല്ല.‌ പ്രെസൻസ് കൊണ്ട് മുന്നിൽ നിൽക്കുന്ന ധ്രുവനെ ഇനിയും സിനിമകളിൽ കാണാനാവുമെന്ന് തോന്നുന്നു. കോളേജിലെ പ്രിൻസിപ്പാൾ ആയി വിജയരാഘവനും മെക്കാനിക്കിലെ എച്ച്ഓഡി ആയി നിയാസുമുണ്ട്. മസാൽദസ ആയി വട കാണിക്കുന്ന ടീച്ചർമാരും സ്റ്റുഡന്റ്സും ഒന്നും ക്വീനിൽ ഇല്ല എന്നും എടുത്ത് പറയേണ്ട കാര്യം. കാളൂർ ആയി വരുന്ന നന്ദുവിന്റെതും ആഭ്യന്തര മന്ത്രി ആയ ശ്രീജിത്ത് രവിയുടെതും നല്ല പ്രകടനം തന്നെ.

    ഡിജോ ജോസഫ് ആന്റണി & ക്രൂ..

    ഡിജോ ജോസഫ് ആന്റണി & ക്രൂ..

    ഒരു പുതുമുഖമെന്ന് തീരെ തോന്നിപ്പിക്കാത്തതാണ് സംവിധായകൻ ഡിജോ ജോസഫ് ആന്റണിയുടെ അരങ്ങേറ്റം. ഷാരിസ് മുഹമ്മദും ഷെബിൻ ജോസഫ് ആന്റണിയും ചേർന്നെഴുതിയ സ്ക്രിപ്റ്റിലെ പാളിച്ചകൾ കൂടി മറികടക്കുന്നതാണ് ഡിജോയുടെ മെയ്ക്കിംഗ് മികവ്. ആദ്യപകുതിയിലെ ആഘോഷക്കാഴ്ചകളാണെങ്കിലും രണ്ടാം പകുതിയിലെ ഹെവി ഐറ്റങ്ങളായാലും സംവിധായകന്റെ സാന്നിധ്യം പ്രകടമാണ്. സിനിമ തന്നെ ഡിജോയുടെ മേഖല എന്ന് ഉറപ്പിച്ച് പറയാം. ജേക്ക്സ് ബിജോയ് ചെയ്ത ബാക്ക്ഗ്രൗണ്ട് സ്കോറും ആദ്യപകുതിയിൽ ഉടനീളമുള്ള ഗാനങ്ങളും സിനിമയെ ലൈവാക്കുന്നതിൽ ഡിജോയെ വളരെയധികം സഹായിക്കുന്നു.

    പ്രതീക്ഷിക്കുന്നതിനുമപ്പുറം...

    പ്രതീക്ഷിക്കുന്നതിനുമപ്പുറം...

    പുതുമുഖങ്ങളുടെ ഒരു ക്യാമ്പസ് ചിത്രമെന്ന് കേൾക്കുമ്പോൾ ഉണ്ടായേക്കാവുന്ന മുൻ വിധികളെയെല്ലാം തകർത്ത് കളയുന്നു എന്നതാണ് ക്വീനിന്റെ വിജയം. തന്റെ ഉള്ളിലുള്ള ഹെവി ഐറ്റത്തിനെ മുന്നോട്ട് വെക്കാനുള്ള ഒരു ഉപാധിയോ ആവരണമോ മാത്രമായിരുന്നു സംവിധായകന് ക്യാമ്പസ് ആഘോഷങ്ങൾ. ലബ്ധപ്രതിഷ്ഠരായ സംവിധായകർ വരെ ക്യാമൊഅസിലെത്തുമ്പോൾ കാണിച്ചുകൂട്ടുന്ന ബാലിശതകൾക്ക് മലയാളി പ്രേക്ഷകർ സ്ഥിരം ദൃക്സാക്ഷികളാണെന്നിരിക്കെ ക്വീൻ ആ ഏരിയയിലും തെല്ലൊരു കയ്യൊതുക്കം കാഴ്ചവെക്കുന്നുണ്ട്.. കൊടുക്കുന്ന കാശിനുള്ള സബ്സ്റ്റൻസ് മുന്നിൽ വച്ചുതരുന്ന ക്വീൻ 2018ലെ ആദ്യത്തെ സർപ്രൈസ് ഹിറ്റ് ആയതിൽ അത്ഭുതമേയില്ല.

    English summary
    Queen movie review by Schzylan
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X