»   » സ്ക്രിപ്റ്റിന്റെ കരുത്ത്..മെയ്ക്കിംഗ് മികവ്, രാമലീല ഒരു പൊളിറ്റിക്കൽ ക്രൈം ത്രില്ലർ.. ശൈലന്റെ റിവ്യൂ

സ്ക്രിപ്റ്റിന്റെ കരുത്ത്..മെയ്ക്കിംഗ് മികവ്, രാമലീല ഒരു പൊളിറ്റിക്കൽ ക്രൈം ത്രില്ലർ.. ശൈലന്റെ റിവ്യൂ

Posted By:
Subscribe to Filmibeat Malayalam

ശൈലൻ

കവി
കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല. പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്.

ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ആണ് രാമലീല തീയേറ്ററുകളിൽ എത്തിയത്. നടി ആക്രമിക്കപ്പെട്ട കേസിൽ അറസ്റ്റിലായ ദിലീപിനോടുള്ള ജനവികാരം രാമലീലയെ ബാധിക്കുമോ എന്ന ആശങ്ക അണിയപ്രവർത്തകർക്കുണ്ടായിരുന്നു. സിനിമയുടെ റിലീസ് ഇത്രയേറെ നീണ്ടുപോകാനുള്ള കാരണവും അത് തന്നെ ആയിരുന്നു. എന്നാൽ രാമലീലയ്ക്ക് ഇപ്പോൾ കിട്ടിക്കൊണ്ടിരിക്കുന്നത് മികച്ച പ്രതികരണം ആണ്.

കാത്തിരിപ്പിനൊടുവിൽ

നായകവേഷത്തിലുള്ള ദിലീപിന്റെ മേൽ ആരോപിക്കപ്പെട്ട ബലാത്സംഗകൊട്ടേഷൻ/കോൺസ്പിരസി കുറ്റവും അനന്തരം വന്ന പോലീസ് അറസ്റ്റും റിമാന്റും തുടർച്ചയായുള്ള ജാമ്യനിഷേധവും മാസങ്ങളായുള്ള ജയിൽ വാസവുമൊക്കെക്കാരണം പ്രതിസന്ധിയിലായിപ്പോയ സിനിമയാണ് നവാഗതനായ അരുൺഗോപി സംവിധാനം ചെയ്ത് 'രാമലീല'. - ദിലീപിന്‍റെ ഏറ്റവും പുതിയ റിലീസായ രാമലീലയ്ക്ക് ശൈലന്‍ എഴുതുന്ന റിവ്യൂ.

രാമലീലയെക്കുറിച്ച്...

ഇത്രമേൽ ബഹിഷ്കരണാഹ്വാനങ്ങളും പ്രതിഷേധങ്ങളും റിലീസിനുമുൻപെ നേരിട്ട ഒരു സിനിമയും മലയാളചരിത്രത്തിൽ ഉണ്ടാവില്ല.. ദിലീപിന്റെ രക്തത്തിനായുള്ള മുറവിളികൾ നാനാഭാഗത്തുനിന്നും ഉയർന്നുകൊണ്ടിരിക്കുന്ന പ്രതികൂലസാഹചര്യത്തിൽ രണ്ടും കല്പിച്ച് ടോമിച്ചൻ മുളകുപ്പാടം റിലീസ് ചെയ്തിരിക്കുന്ന രാമലീല പ്രതീക്ഷകൾക്ക് വിപരീതമായി ഒരു പൊളിറ്റിക്കൽ ക്രൈം ത്രില്ലർ എന്ന നിലയിലുള്ള മെച്ചപ്പെട്ട സ്ക്രിപ്റ്റും മേക്കിംഗും കാരണം തിയേറ്ററിൽ ശ്രദ്ധ നേടുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്..

സച്ചിയുടെ മികവ്

2015ൽ വൻ വിജയ നേടിയ അനാർകലി എന്ന പൃഥ്വിരാജ്ചിത്രത്തിലൂടെ സ്വതന്ത്രസംവിധായകനും രചയിതാവുമായ ആളാണ് സച്ചി. ( അതിനുമുൻപ് സേതൂവുമായി ചേർന്ന് രചിച്ച സ്ക്രിപ്റ്റുകളിലും സച്ചിക്ക് മികച്ച ട്രാക്ക് റെക്കോഡ് തന്നെയാണ്) അനാർക്കലിക്ക് ശേഷം സച്ചി എഴുതിയതും പുലിമുരുകന് ശേഷം മുളകുപാടം ഫിലിംസ് നിർമ്മിക്കുന്നതുമായ സിനിമ എന്നിങ്ങനെ രണ്ടുഫാക്റ്റേഴ്സ് ആണ് എല്ലാ പ്രതിസന്ധികൾക്കിടയിലും ബോക്സോഫീസിൽ പോസിറ്റീവ് പ്രതീക്ഷകൾ ആയി ഉണ്ടായിരുന്നത്.. സച്ചിയും സ്ക്രിപ്റ്റും പ്രതീക്ഷ കാത്തു എന്നത് തന്നെയാണ് രാമലീലയ്ക്ക് തുണയായി മാറുന്നത്..

എഴുത്തുകാരൻ എന്ന പ്രവാചകൻ.‌

എഴുത്തുകാർ പ്രവാചകന്മാർ ആണെന്ന് ഒരു ക്ലാസിക്കൽ കൺസെപ്റ്റ് പണ്ടുമുതലേ കേട്ടുകേൾവിയിൽ ഉണ്ട്. സച്ചി എന്ന മനുഷ്യൻ ശരിക്കും അങ്ങനെത്തന്നെയാണ് എന്ന് തോന്നിപ്പിക്കുന്ന സംഭവപരമ്പരകൾ ആണ് രാമലീലയിൽ ഉടനീളം കാണുന്നത്.. വിസ്മയിപ്പിക്കുന്ന രീതിയിലുള്ള സാമ്യം തന്നെ അത് ദിലീപ് എന്ന നായകനടന്റെ സമീപകാലജീവിതവുമായി പുലർത്തുന്നു. ഒരുപക്ഷെ ദിലീപിന് ഒരു ജാമ്യം കിട്ടിയിരുന്നെങ്കിൽ ആ സമയത്ത് എഴുതി ഷൂട്ട് ചെയ്തതാണെന്ന് പോലും തെറ്റിദ്ധരിപ്പിക്കും വിധത്തിലുള്ള അമ്പരിപ്പിക്കുന്ന സമാനതകൾ.

അസാമാന്യമായ സമാനതകള്‍

പഴുതുകളും തെളിവുകളുമെല്ലാം അടഞ്ഞ രീതിയിൽ ലോക്കാക്കപ്പെട്ട ഒരു ക്രിമിനൽ റോളിലാണ് നായകൻ. സ്വന്തം അമ്മ വരെ അയാളെ തന്തയ്ക്ക് പിറക്കാത്തവൻ എന്നും വർഗ വഞ്ചകൻ എന്നും വിളിച്ച് അയാളെ കരണത്ത് പൊട്ടിക്കുന്നുണ്ട്.. ചാനലുകൾ ആഘോഷിച്ച ആ ശ്രാദ്ധബലിയിടൽ ചടങ്ങുപോലും മറ്റൊരു സാഹചര്യത്തിലാണെങ്കിൽ പോലും സ്ക്രീനിൽ ആവർത്തിക്കുന്നത് കാണുമ്പോൾ സച്ചിയെ എന്താണ് വിശേഷിപ്പിക്കേണ്ടത് എന്നറിയില്ല.

കക്ഷിരാഷ്ട്രീയത്തിൽ ഊന്നിയ ഫസ്റ്റ് ഹാഫ്

സമകാലീന രാഷ്ട്രീയസംഭവങ്ങളോട് സമാനത പുലർത്തുന്ന കാര്യങ്ങളെ കേരളത്തിലെ രണ്ട് പ്രധാന പൊളിറ്റിക്കൽ പാർട്ടികളെ അങ്ങോട്ടുമിങ്ങോട്ടുമൊക്കെയിട്ട് കുലുക്കിക്കുത്തുന്ന ഒരു ഫസ്റ്റ് ഹാഫ് ആണ് രാമലീലയുടേത്.. സിപിഎമ്മിനോട് സാമ്യത പുലർത്തുന്ന പാർട്ടിയിലെ കറകളഞ്ഞ ആദർസസഖാവായിരുന്ന രാഘവൻ എന്ന രക്തസാക്ഷിയുടെ മകനും യുവ എം എൽ എയുമാണ് രാമനുണ്ണി.

രാമലീലയുടെ പശ്ചാത്തലം

ജില്ലാ സെക്രട്ടറിയായുമായുള്ള കൊമ്പുകോർക്കൽ കാരണം പുറത്താവുന്നതും പക്കാ ഫ്രോഡ് എന്ന് തോന്നിപ്പിക്കുന്ന അയാൾ എതിർചേരിയിലുള്ള കോൺഗ്രസിനു സമാനമായ പാർട്ടിയിൽ ചേരുന്നതുമായി ബന്ധപ്പെട്ടിട്ടുള്ള സംഭവങ്ങളിലൂടെ ആണത് വികസിക്കുന്നത്. രാജിവച്ച് ഇലക്ഷനെ നേരിടുന്ന അയാളെ എതിർക്കാൻ അമ്മയും ഏരിയാക്കമ്മറ്റി മെമ്പറുമായ രാഗിണിയെ തന്നെയാണ്.. പാലക്കാട് എന്നാണ് സിനിമയിൽ പശ്ചാത്തലമായ ജില്ലയെ വിശേഷിപ്പിക്കുന്നത് എങ്കിലും കണ്ണൂരിനെ മിമിക്ക് ചെയ്തുള്ള സംഭാഷണങ്ങളും പ്രവർത്തികളുമാണ് കാഴ്ചയിൽ മുഴുവനും.

തകിടം മറിയുന്ന രണ്ടാം പകുതി

പതിവ് രാഷ്ട്രീയക്കളികളുമൊക്കെയായി അങ്ങനെ മുന്നോട്ടുപോവുന്നതിനിടെയാണ് അപ്രതീക്ഷിതമായി ഒരു ക്രൈം നടക്കുന്നതും പഴുതുകളെല്ലാം അടഞ്ഞ നിലയിൽ രാമനുണ്ണി കുരുക്കിലാവുന്നത്.. തുടർന്നങ്ങോട്ട് പടം ഒരു പക്കാ ത്രില്ലറിന്റെ പാതയിൽ ആണ്. ത്രെഡ് പറയുമ്പോൾ കിട്ടുണ്ണി ലോട്ടറി നമ്പർ കേക്കുമ്പോൾ പറയുന്നപോലെ "കേട്ടീണ്ട്..കേട്ടീണ്ട്..ഒരുപാട് കേട്ടീണ്ട്" എന്നൊക്കെ തോന്നും.

അസാമാന്യമായ ഒരു ക്ലൈമാക്സ്

പൊളിറ്റിക്സും ക്രൈമും സസ്പെൻസും പ്രതികാരവും ത്രില്ലും എല്ലാം കൃത്യമായ ചേരുവയിൽ മിക്സ് ചെയ്ത് പണിതെടുത്ത സ്ക്രിപ്റ്റിനെയും മെയ്ക്കിംഗിനെയും സമ്മതിച്ചേപറ്റൂ.. 158മിനിറ്റിൽ അത് കാര്യമായ ബോറടിയൊന്നും മുന്നോട്ട് വെക്കുന്നില്ല.. ഒടുവിൽ ടെമ്പോ ഒന്ന് കുറഞ്ഞെന്ന് പ്രേക്ഷകരെ തെറ്റിദ്ധരിപ്പിച്ച് അസാമാന്യമായ ഒരു ക്ലൈമാക്സ് മുന്നോട്ട് വെക്കുന്നതിലും അത് വിജയിക്കുന്നു..

അരുൺ ഗോപിയുടെ ക്രാഫ്റ്റ്

ന്യൂസ്ചാനലുകളിലെ വാർത്താനേരങ്ങളിൽ എല്ലാ പ്രതിസന്ധികൾക്കിടയിലും തന്റെ സിനിമയെക്കുറിച്ച് ആത്മവിശ്വാസത്തോടെയും തികഞ്ഞ സംയമനത്തോടെയും ദിലീപിനെ തെല്ലും ന്യായീകരിക്കാതെയും സംസാരിക്കുന്ന അരുൺഗോപി എന്ന ചെറുപ്പക്കാരനെ ആരെയും ഇമ്പ്രസ് ചെയ്യിപ്പിക്കുന്ന ഒരു മാന്യനായിതോന്നിയിട്ടുണ്ട്.. തന്റെ മേഖലയിൽ താൻ തികഞ്ഞ മാന്യനാണ് എന്ന് തെളിയിക്കുന്ന മെയ്കിംഗ് സ്റ്റൈൽ അയാൾ സിനിമയിലും മുന്നോട്ട് വെക്കുന്നു.. എത്രയോ കാലമായി ദിലീപ് സിനിമകളിലെ സ്ഥിരം ചേരുവയായ അശ്ലീലതമാശകളോ അനാവശ്യകഥാപാത്രങ്ങളോ വളുപ്പുസന്ദർഭങ്ങളോ ഒന്നുമില്ലാത്ത വിധം മികച്ചതായി ക്രോപ്പ് ചെയ്തിരിക്കുന്നു അരുൺ രാമലീലയെ.. വരാനിരിക്കുന്ന പടങ്ങൾ അയാളെ കൂടുതൽ അടയാളപ്പെടുത്തും..

രാധിക ശരത്കുമാർ എന്ന സഖാവ്

ദിലീപ് , സിദ്ദിഖ്, മുകേഷ്, രൺജി പണിക്കർ, ഷാജോൺ, വിജയരാഘവൻ , സുരേഷ്കൃഷ്ണ തുടങ്ങി ഒട്ടനവധി പുരുഷബിംബങ്ങൾ തലങ്ങും വിലങ്ങുമായി നിറഞ്ഞാടുന്ന രാമലീലയിൽ ഇവരെയെല്ലാം കടത്തിവെട്ടുന്ന മിന്നുന്ന പ്രകടനം രാധികാ ശരത്കുമാറിന്റെതാണ്.. രക്തസാക്ഷിയുടെ ഭാര്യയായും ആദർശത്താൽ വിരിഞ്ഞുനിൽക്കുന്ന രസഖാവായും വർഗവഞ്ചകന്റെ അമ്മയായുമൊക്കെ മാറിമറിഞ്ഞ് കൂടിക്കുഴയുന്ന വൈകാരികതകളിൽ രാധിക പകരം വെക്കാനില്ലാത്ത പൂർണതയായി മാറുന്നു.. പ്രയാഗ മാർട്ടിന് കരിയറിൽ ആദ്യമായി ഒരു ക്യാരക്റ്ററിനെകിട്ടിയെന്നതും എടുത്തുപറയണം..

സിനിമ ജനകീയകോടതി അല്ല..

സിനിമയുടെ മികവിൽ രാമലീലയ്ക്ക് കിട്ടുന്ന സ്വീകാര്യത ദിലീപിന് ജനകീയകോടതിയിൽ കിട്ടുന്ന അംഗീകാരമാണ് എന്ന രീതിയിൽ നടക്കുന്ന തല്പരകക്ഷികളുടെ പ്രചരണത്തോട് പുച്ഛം മാത്രമേ ഉള്ളൂവെന്ന് കൂടി ഇതോടനുബന്ധിച്ച് പറയാതെ ഈ റിവ്യൂ പൂർണമാവില്ല.. ഒരു ജോർജേട്ടൻസ് പൂരമോ വെൽക്കം റ്റു സെൻട്രൽ ജയിലോ ആണ് ഇന്നലെ തിയേറ്ററിൽ എത്തിയിരുന്നതെങ്കിൽ ഉള്ള അവസ്ഥ ചിന്തിക്കാവുന്നതേ ഉള്ളൂ.. സത്യത്തിൽ ദിലീപിന്റെ കരിയറിലെ തന്നെ ഏറ്റവും വൃത്തിയുള്ളതും മികച്ചതുമായ സിനിമകളിൽ ഒന്നാണ് രാമലീല.. (കഥാപാത്രങ്ങളുടെ കാര്യമെടുത്താലും അങ്ങനെ തന്നെ) അതുമാത്രമാണ് ആ സിനിമയുടെ സ്വീകാര്യത.. അതിലപ്പുറമുള്ള പ്രചരണങ്ങളും പി ആർ വർക്കും ആ സിനിമയ്ക്ക് ദോഷമല്ലാതെ മറ്റൊന്നും ചെയ്യാൻ പോണില്ല.. അതുകൊണ്ട് സിനിമയെ അതിന്റെ പാട്ടിന് വിട്ടേക്കുക..

English summary
Ramaleela movie review by Shailan.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam