twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആദിത്യവര്‍മ്മ എന്ന അഭിനവസുരേഷ്ഗോപി

    By Staff
    |

    ആദിത്യവര്‍മ്മ എന്ന അഭിനവസുരേഷ്ഗോപി

    സംവിധാനം: സലിം ബാവ
    രംഗത്ത്: വാണി വിശ്വനാഥ്, കലാഭവന്‍ മണി, ഭീമന്‍ രഘു തുടങ്ങിയവര്‍
    സംഗീതം: ഷൈലേഷ് നാരായണന്‍

    കടിച്ചാല്‍ പൊട്ടാത്ത വാക്കുകളും എടുത്താല്‍ പൊങ്ങാത്ത തോക്കുകളും ഉലയാത്ത വസ്ത്രങ്ങളും ചേര്‍ന്നാല്‍ സിനിമയായി എന്നു കരുതുന്ന ഒരുപറ്റം പേര്‍ എല്ലാ ചലച്ചിത്ര രംഗത്തുമുണ്ട്. മലയാളവും അതിനപവാദമല്ല. അതു കൊണ്ടുതന്നെയാണ് റാപ്പിഡ് ആക്ഷന്‍ ഫോഴ്സ് പോലുള്ള ഒരു ചിത്രം മലയാളത്തിലിറങ്ങിയതും. അതും ഓണത്തിന്...!

    സ്റണ്ട് മാസ്ററും നടനുമൊക്കെയായി സിനിമാരംഗത്തുള്ള സലിംബാവ സംവിധായകന്റെ മേലങ്കി അണിയുകയും തിരക്കഥ കാര്യമായി കൈകാര്യം ചെയ്യുകയും ചെയ്ത ചിത്രമാണ് റാപ്പിഡ് ആക്ഷന്‍ ഫോഴ്സ്. കാര്‍ഗില്‍ ഗൗഡ് (ബാബുരാജ്) എന്ന തീവ്രവാദിയെ അമര്‍ച്ച ചെയ്യാന്‍ നിയോഗിക്കപ്പെടുന്ന ആദിത്യവര്‍മ്മ ഐ.പി.എസ്സിന്റെ (വാണി വിശ്വനാഥ്) നേതൃത്വത്തിലുള്ള ദ്രുതകര്‍മ്മസേനയെപ്പറ്റിയാണ് കഥ.

    നഗരത്തില്‍ സ്ഫോടനങ്ങളുണ്ടാക്കുകയും പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകുകയും ചെയ്യുന്ന ഗൗഡിന്റെ വീരകൃത്യങ്ങള്‍ തുടര്‍ന്നപ്പോള്‍ സഹികെട്ട മുഖ്യമന്ത്രി (സ്ഫടികം ജോര്‍ജ്ജ്) നേരിട്ടിടപെട്ടാണ് ആദിത്യവര്‍മ്മയെ കാര്‍ഗില്‍ ഗൗഡിനെ പിടിച്ചുകെട്ടാനായി നിയോഗിച്ചത്. സഹായികളായി ഷൂട്ടര്‍ അര്‍ജുനും (കലാഭവന്‍ മണി) ടൈസണ്‍ ജോണും (ഭീമന്‍ രഘു) ഉണ്ട്.

    ഏതൊരു കുറ്റവാളിക്കുമെന്ന പോലെ കാര്‍ഗില്‍ ഗൗഡിനും ഉണ്ട് ഫ്ലാഷ് ബാക്ക്. തന്നെ കുറ്റവാളിയാക്കിയത് കോശി നൈനാന്‍ മുതലാളി (രാജന്‍ പി. ദേവ്) ആണെന്ന് പറയുന്ന ഗൗഡ് അതിനു പ്രതികാരമായി അയാളുടെ മകളെ നശിപ്പിക്കുകയും ചെയ്യുന്നു. സ്ത്രീപീഡനത്തിനെതിരെ ശബ്ദിച്ച വസന്തകുമാരിയെയും (വിനീത) ഗൗഡ് നശിപ്പിക്കുന്നുണ്ട്. ഈ കുറ്റകൃത്യങ്ങളുടെ പിന്നാലെ ചെന്ന ആദിത്യവര്‍മ്മയും കൂട്ടരും ഗൗഡിനെ കീഴടക്കുകയും നിയമത്തിനേല്പിക്കുകയും ചെയ്യുന്നു.

    സിനിമ കഴിഞ്ഞുവെന്ന് വിചാരിച്ച് പ്രേക്ഷകര്‍ എഴുന്നേല്ക്കാന്‍ തുടങ്ങുമ്പോഴാണ് ആദിത്യ വീട്ടമ്മയായി പ്രത്യക്ഷപ്പെടുന്നത്. ജോലി രാജിവെച്ച് എസ്.പി. പ്രദീപ് മേനോന്റെ ഭാര്യയായി. ജയിലില്‍ നിന്നു പുറത്തുവരുന്ന ഗൗഡ് ആദിത്യയോട് പ്രതികാരം ചെയ്യാനൊരുങ്ങുന്നു. ഗൗഡിന്റെ തോക്കിനിരയായി മരിക്കുന്നതിനു മുമ്പ് താന്‍ വളര്‍ത്തുന്ന മകന്‍ ഗൗഡിന് വസന്തകുമാരിയില്‍ പിറന്നവനാണെന്ന് ആദിത്യവര്‍മ്മ വെളിപ്പെടുത്തുന്നു.

    പെട്ടെന്ന് പിതൃസ്നേഹം ഉണര്‍ന്ന ഗൗഡ് മകനെ ഇരുകൈയും നീട്ടി ആശ്ലേഷിക്കാന്‍ ചെന്നെങ്കിലും കമ്പിപ്പാരകൊണ്ട് അച്ഛനെ കൊല്ലുകയാണ് ആ വീരപുത്രന്‍. പകുതിക്കു വെച്ച് അവസാനിച്ച കഥ പിന്നെയും പൊക്കിയെടുത്ത സംവിധായകന് ഇതെങ്ങനെ അവസാനിപ്പിക്കും എന്നറിയാതെ പോയിരിക്കാം.

    പശ്ചാത്തലസംഗീതത്തിന്റെ പെരുമ്പറയ്ക്കിടയില്‍ വേണം കാണികള്‍ ഇത്രയും രംഗങ്ങള്‍ കണ്ടു തീര്‍ക്കാന്‍. സുരേഷ് ഗോപിയെപ്പോലെ വാക്കുകള്‍ കൊണ്ട് അമ്മാനമാടാന്‍ യത്നിച്ച് ദയനീയമായി പരാജയപ്പെട്ട വാണിവിശ്വനാഥിനെയും റാപ്പിഡ് ആക്ഷന്‍ ഫോഴ്സില്‍ കാണാം. ശബ്ദത്തിന് കുറച്ചു ഗാംഭീര്യവും പുരുഷത്വവും വേണമെന്നുറച്ചാവാം വാണിയുടെ ശബ്ദത്തിനു തന്നെ മാറ്റം വരുത്തിയത് (വാണി സ്വന്തം ശബ്ദം കൊടുത്തതാണെന്ന് പരസ്യം). സ്ഫടികം ജോര്‍ജ്ജിന്റെ ശബ്ദത്തില്‍ വരുത്തിയ മാറ്റവും മുഴച്ചു നിന്നു.

    ജാക്കിച്ചാന്‍, ജെറ്റ് ലീ ചിത്രങ്ങളിലേതു പോലുള്ള കുങ്ഫൂ പ്രകടനമാണ് ചിത്രത്തിലെ ആകെ രസിപ്പിക്കുന്ന രംഗം. പാട്ടുകളുടെ ദൃശ്യാവിഷ്കരണം എല്ലാ തരത്തിലും ദാരിദ്യ്രത്തിന്റെ അവതരണമായിരുന്നു.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X