»   » എസ്ര നിരൂപണം; ഭയത്തിനും മീതെ ഹൃദയത്തില്‍ ചേര്‍ക്കാം ഈ പൃഥ്വിരാജ് സിനിമ

എസ്ര നിരൂപണം; ഭയത്തിനും മീതെ ഹൃദയത്തില്‍ ചേര്‍ക്കാം ഈ പൃഥ്വിരാജ് സിനിമ

By: Naveen Kumar
Subscribe to Filmibeat Malayalam

നവാഗതനായ ജയ് കെ സംവിധാനം ചെയ്യുന്ന സിനിമയാണ് എസ്ര എന്ന ഹൊറര്‍ ചിത്രം. രാജീവ് രവി ഉള്‍പ്പടെ പ്രശസ്തരായ സംവിധായകരുടെ അസോസിയേറ്റ് ആയി പ്രവര്‍ത്തിച്ചതിന്റെ മികവ് കാട്ടാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. എന്തുകൊണ്ടും നവാഗത സംവിധായകന്‍ എന്ന നിലയില്‍ ജയ് കെയുടെ പൂര്‍ണ്ണവിജയം തന്നെയാണ് എസ്ര. വിനയന്‍ സംവിധാനം ചെയ്ത് വെള്ളിനക്ഷത്രമെന്ന ഹൊറര്‍ സിനിമയ്ക്ക് ശേഷം പൃഥ്വിരാജ് നായകനാകുന്ന ഹൊറര്‍ ചിത്രമാണ് എസ്ര. ആരെയും അധികം പേടിപ്പിക്കാതെ എന്നാല്‍ ഹൊറര്‍ ചിത്രത്തിന്റെ എല്ലാ ചേരുവകളും ചേര്‍ത്തു തന്നെയാണ് ജയ് കെ ചിത്രം അണിയിച്ചൊരുക്കിയത്.

കേരളത്തിന്റെ അവസാന ജൂതനും മരിക്കുന്നിടത്താണ് സിനിമ തുടങ്ങുന്നത്. ജൂതന്മാരിലെ ഗതികിട്ടാത്ത ആത്മാക്കള്‍ കുടികൊള്ളുന്ന ഡിബുക്ക് എന്ന പെട്ടിയും അത് ഉണ്ടാക്കുന്ന നെഗറ്റീവ് എനര്‍ജിയുമാണ് കഥയെ മുന്നോട്ട് നയിക്കുന്നത്. മുംബയില്‍ നിന്നും പ്രോജക്ട് ഹെഡായി കൊച്ചിയിലെത്തുന്ന രഞ്ജന്‍ എബ്രഹാം(പൃഥ്വിരാജ്), ഭാര്യ പ്രിയ (പ്രിയ ആനന്ദ്) എന്നിവരുടെ വീട്ടില്‍ 'ഡിബുക്ക്' എത്തിപ്പെടുകയും പിന്നീട് നാടിനെ തന്നെ നശിപ്പിക്കാന്‍ തക്ക ശക്തിയായി അത് മാറുകയും ചെയ്യുന്നു.

Ezra

ബോറടിപ്പിക്കാതെ ഹോളിവുഡ് സിനിമ സ്‌റ്റൈലില്‍ പ്രേക്ഷകനെ പിടിച്ചിരുത്താന്‍ സിനിമയ്ക്ക് കഴിയുന്നുണ്ട്. ഓരോ ഫ്രെയിമിലും ആകാംക്ഷ ജനിപ്പിക്കുന്ന പശ്ചാത്തല സംഗീതം ഒരുക്കുന്നതില്‍ സുശീല്‍ ശ്യാം വിജയിച്ചു. മലയാളത്തിലെ മറ്റ് ഹൊറര്‍ സിനിമകളെ പോലെ കഥപറച്ചിലിലെ വിരസത ഒഴിവാക്കാന്‍ കൂട്ടുപിടിക്കുന്ന കോമഡി രംഗങ്ങളൊന്നും സിനിമയിലില്ലെന്നതാണ് മറ്റൊരു പ്രത്യേകത.

സിനിമയുടെ ആദ്യ പകുതി കഥ പറയാനുള്ള മുന്നൊരുക്കങ്ങള്‍ നടത്തുന്നതിനാല്‍ ചെറിയ ഇഴച്ചില്‍ അനുഭവപ്പെടുന്നുണ്ടെങ്കിലും രണ്ടാം പകുതിയിലേക്ക് എത്തുമ്പോള്‍ സിനിമയ്ക്ക് ചടുലത കൈവരുന്നു. പഴയകാല ജൂതന്മാരുടെ ആചാര രീതികളും എസ്രയില്‍ പറഞ്ഞു പോകുന്നുണ്ട്. നല്ലൊരു സസ്‌പെന്‍സും സിനിമ നല്‍കുന്നുണ്ട്. രഞ്ജന്‍ എബ്രഹാമും ഭാര്യ പ്രിയയും തമ്മിലുള്ള പ്രണയവും തുടര്‍ന്ന് വിവാഹം നടക്കുന്നതുമല്ലാം ഒരു പാട്ടിലൂടെ പ്രേക്ഷകരിലെത്തിക്കാന്‍ സംവിധായകന് കഴിഞ്ഞു. ലൈലാകമേ എന്ന പാട്ടിന്റെ ഈണഭംഗി എടുത്തു പറയേണ്ടത് തന്നെയാണ്.

രജ്ഞന്‍ എബ്രഹാമിനെ അവതരിപ്പിച്ച പൃഥ്വിരാജ് തന്റെ കഥാപാത്രം മികവുറ്റതാക്കി. തമിഴ്, തെലുങ്ക് സിനിമകളില്‍ തിളങ്ങുന്ന പ്രിയ ആനന്ദിന്റെ ആദ്യ മലയാള സിനിമ എന്ന പ്രത്യേകതയും എസ്രയ്ക്കുണ്ട്. എസിപി ഷഫീര്‍ അഹമ്മദ് എന്ന കഥാപാത്രം അവതരിപ്പിച്ച ടോവിനോ തോമസും തന്റെ കഥാപാത്രത്തെ ഭദ്രമാക്കി. വിജയ രാഘവന്‍, പ്രതാപ് പോത്തന്‍, ബാബു ആന്റണി, അലന്‍സിയര്‍ ലെ ലോപസ്, സുദേവ് നായര്‍, സുജിത്ത് ശങ്കര്‍, ആന്‍ ശീതള്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ളത്.

എസ്രയിലെ ഓരോ ഫ്രെയിമുകളും മികവുറ്റതാക്കാന്‍ സുജിത് വാസുദേവന്റെ ക്യാമയ്ക്ക് സാധിച്ചു. പേടിപ്പിക്കുന്ന പടം കാണാന്‍ ആരും തിയേറ്ററില്‍ പോകരുത്. സാധാരണ പ്രേക്ഷകനെ പോലും പേടിപ്പിക്കില്ല. എന്നാല്‍ നല്ലൊരു ത്രില്ലര്‍ ആണ് എസ്ര. ആദ്യം മുതല്‍ അവസാനം വരെ പ്രേക്ഷകരില്‍ ആകാംക്ഷ ജനിപ്പിക്കുന്നുണ്ട് സിനിമ.

English summary
Ezra review
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam