twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ശക്തമായ സ്ത്രീപക്ഷ രാഷ്ട്രീയം; ഗ്രെയ്റ്റ് ഇൻഡ്യൻ കിച്ചൺ... ശൈലന്റെ റിവ്യൂ

    |

    Rating:
    4.0/5
    Star Cast: Nimisha Sajayan, Suraj Venjaramoodu
    Director: Jeo Baby

    കാണുന്നവരിൽ ചെറുതല്ലാത്ത തോതിൽ അസ്വസ്ഥതയുളവാക്കും വിധമുള്ള ഇന്ത്യൻ സ്ത്രീ ജീവിതത്തിന്റെ നേർക്കാഴ്ച ആണ് ഇന്ന് പ്രദർശനത്തിനെത്തിയിരിക്കുന്ന ദി ഗ്രെയ്റ്റ് ഇൻഡ്യൻ കിച്ചൺ എന്ന മലയാള ചലച്ചിത്രം. പുരുഷാധിപത്യത്തിന് ശീലപ്പെട്ട ഒരു സമൂഹം എങ്ങനെയാണ് ഇന്ത്യൻ സ്ത്രീയെ കുടുംബം എന്ന സ്ഥാപനത്തിൽ രണ്ടാംതരം പൗരത്വക്കാർ ആയി പരിചരിക്കുന്നത് എന്നതിന്റെ സൂക്ഷ്മവും വിശദവുമായ ചിത്രീകരണമാണ് സിനിമ.

    ഗ്രെയ്റ്റ് ഇൻഡ്യൻ കിച്ചൺ

    ഇന്ത്യൻ സ്ത്രീ എന്നുപറയുമ്പോൾ കേരളീയ സ്ത്രീ തന്നെ. കേരളീയ സ്ത്രീ എന്നുപറയുമ്പോൾ നമ്മുടെ ചുറ്റുവട്ടത്തുള്ള സ്ത്രീ തന്നെ.. നമ്മുടെ ചുറ്റുവട്ടത്തുള്ള സ്ത്രീ എന്നുപറയുമ്പോൾ നമ്മുടെ വീട്ടിലെ, നമ്മുടെ കിച്ചനിലെ അതേ സ്ത്രീ തന്നെ..! യെസ്.. നമ്മുടെ തന്നെ അടുക്കളയുടെ ലൈവ് ടെലികാസ്റ്റ് ആണ് ഈ സിനിമ. കണ്ടിരിക്കുമ്പോൾ അത് എങ്ങനെ ഫീൽ ചെയ്യുന്നു എന്നതിനെ അടിസ്ഥാനമാക്കി ഒരു പുരുഷന് തന്റെ മാനസികാരോഗ്യത്തെ അളന്നെടുക്കാവുന്നതാണ്.

    ഗ്രെയ്റ്റ് ഇൻഡ്യൻ കിച്ചൺ

    കുഞ്ഞുദൈവം, രണ്ടുപെണ്കുട്ടികൾ എന്നീ നല്ല സിനിമകളിലൂടെ അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളിൽ സാന്നിധ്യമായി മാറുകയും കിലോമീറ്റേഴ്‌സ് ആൻഡ് കിലോമീറ്റേഴ്‌സ് എന്ന ടോവിനോ ചിത്രത്തിലൂടെ വാണിജ്യ സിനിമയിൽ വരവറിയിക്കുകയും ചെയ്ത ജിയോ ബേബിയുടെ നാലാം സംവിധാന സംരംഭം ആണ് ദി ഗ്രെയ്റ്റ് ഇൻഡ്യൻ കിച്ചൺ. പടത്തിന്റെ രചന നിർവഹിച്ചിരിക്കുന്നതും ജിയോ ബേബി തന്നെ. നിമിഷ സജയൻ, സുരാജ് വെഞ്ഞാറമൂട് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി മാറിയിരിക്കുന്നത്.

    ഗ്രെയ്റ്റ് ഇൻഡ്യൻ കിച്ചൺ

    താങ്ക്സ് റ്റു ഗോഡ് എന്ന് ടൈറ്റിൽ എഴുതി തുടങ്ങുന്ന സാധാരണ സിനിമാ വഴക്കങ്ങളിൽ നിന്നും വിഭിന്നമായി 'താങ്ക്സ് റ്റു സയൻസ്' എഴുതിക്കൊണ്ടാണ് ജിയോ തന്റെ സിനിമയ്ക്ക് തുടക്കമിടുന്നത്. ആദ്യ ഷോട്ടിൽ ഒരു യുവതി (നിമിഷ സജയൻ) ഡാൻസ് ക്ലാസിൽ സ്റ്റെപ്പുകൾ പരിശീലിക്കുന്ന ഷോട്ടുകൾ ആണ്. പിന്നീട് അവളുടെ വീട്ടിൽ പെണ്ണുകാണൽ ചടങ്ങിന് ഒരു ചെറുക്കൻ (സുരാജ് വെഞ്ഞാറമൂട്)വരുന്നതും അതുമായി ബന്ധപ്പെട്ട വർത്തമാനങ്ങളും നടക്കുന്നു. അടുത്തതായി വിവാഹം കഴിഞ്ഞ് അവൾ ഭർത്താവിന്റെ വീട്ടിൽ എത്തുന്നു. തുടർന്നങ്ങോട്ട് അവളുടെ ഗാർഹിക ജീവിതത്തിന്റെ നേർകാഴ്ചകളിലേക്ക് മാത്രമാണ് ക്യാമറ തുറന്നു വച്ചിരിക്കുന്നത്.

    ഗ്രെയ്റ്റ് ഇൻഡ്യൻ കിച്ചൺ

    അവിടെ അവൾക്ക് സ്വന്തമായി ഇഷ്ടങ്ങളും താൽപര്യങ്ങളും തീരുമാനങ്ങളും ഒന്നുമില്ല. സ്വന്തമായി ചെലവഴിക്കാനായി സമയവും ഇല്ല. എല്ലാം തന്നെ ഭർത്താവിനും മറ്റുള്ളവർക്കുമായി വീതം വച്ച് കൊടുക്കപ്പെടുകയാണ്. വിവിധയിനം ചായകൾ വേണ്ടവർ...വിവിധ പലഹാരങ്ങൾ വേണ്ടവർ.. അവയ്ക്ക് വ്യത്യസ്തമായ കറികൾ.. വിറകടുപ്പിൽ വച്ചത് മാത്രം ഇഷ്ടമുള്ളവർ.. മിക്‌സിയിൽ അരച്ച് വച്ച കറി ഇഷ്ടമില്ലാത്തവർ.. വാഷിംഗ് മെഷിനിൽ അലക്കിയ വസ്ത്രം ഉപയോഗിക്കാത്തവർ അങ്ങനെ തുടങ്ങി ഓപ്‌ഷനുകളുടെ കടൽചുഴലിയിൽ പെട്ട് അവൾ നട്ടം തിരിയുകയാണ്..

    ഗ്രെയ്റ്റ് ഇൻഡ്യൻ കിച്ചൺ

    അതിനിടയിലേക്ക് ആണ് മതവും ആചാര സംരക്ഷണവും ആർത്തവവും ശബരിമലയും ഒക്കെ കൂടി കയറിവരുന്നത്. പിന്നീട്‌ പ്രഷർ കുക്കറിന് സമാനമായി തീരുന്ന സാഹചര്യങ്ങൾ ഏത് കുലപുരുഷനെയും ഒന്ന് മറിച്ച് ചിന്തിപ്പിക്കും വിധമാണ് ജിയോ പകർത്തിയിട്ടിരിക്കുന്നത്. ജിയോ ബേബിയുടെ ഇതുവരെ ഉള്ളതിൽ വച്ച് ഏറ്റവും ഗംഭീരമായ സിനിമ എന്ന് ദി ഗ്രെയ്റ്റ് ഇൻഡ്യൻ കിച്ചണെ നിസ്സംശയം രേഖപ്പെടുത്താം. മലയാളത്തിൽ ഇതുവരെ ഇറങ്ങിയതിൽ വച്ച് ഏറ്റവും ശക്തമായ സ്ത്രീപക്ഷ സിനിമകളുടെ കൂട്ടത്തിൽ മുൻനിരയിൽ ഇതുണ്ടാവും.

    ഗ്രെയ്റ്റ് ഇൻഡ്യൻ കിച്ചൺ

    നിമിഷ സജയന്റെ അതിഗംഭീരമായ പെർഫോമൻസ് സിനിമയ്ക്ക് മുതൽക്കൂട്ടാണ്. നിമിഷയെ പോലെ ഡൗണ്‍ റ്റു എർത്ത് ആയിട്ടൊരു അഭിനേതാവ് അല്ലായിരുന്നെങ്കിൽ ഒരുപക്ഷെ പടത്തിന് ഇത്രയും ഇമ്പാക്റ്റ് കിട്ടുമായിരുന്നുവോ എന്നതും സംശയമാണ്. പടം ഡിസംബറിൽ സെൻസർ ചെയ്തത് ആയതിനാൽ അവാർഡ് നിർണയ വേളകളിൽ നിമിഷയുടെ കഥാപാത്രം നിർണായക സാന്നിധ്യമായി ഉണ്ടാവും എന്നതുറപ്പ്.

    ഗ്രെയ്റ്റ് ഇൻഡ്യൻ കിച്ചൺ

    ഭർത്താവ് റോളിൽ വരുന്ന സുരാജിന്റേത് യഥാതഥമെങ്കിലും ഒരർത്ഥത്തിൽ ഗ്രേ ഷെയ്ഡും വില്ലൻ സ്ഥാനത്ത് പ്ലെയ്‌സ് ചെയ്യാവുന്നതുമായ ഒന്നാണ്. എന്നിട്ടും ഇത്തരമൊരു ക്യാരക്ടർ മടികൂടാതെ ചെയ്യാൻ മനസ് കാണിച്ച സുരാജ് വെഞ്ഞാറമൂടും അഭിനന്ദനമർഹിക്കുന്നു. പടത്തിന്റെ റീച്ച് കൂട്ടാൻ സുരാജിന്റെ സാന്നിധ്യം എന്തുകൊണ്ടും ഗുണം ചെയ്യും. സാമൂഹ്യ സേവനം എന്നുതന്നെ പറയാം..

    ഗ്രെയ്റ്റ് ഇൻഡ്യൻ കിച്ചൺ

    ഓരോ മലയാളികളും നിർബന്ധമായി കണ്ടിരിക്കേണ്ട ഒരു സിനിമയാണ് ദി ഗ്രെയ്റ്റ് ഇൻഡ്യൻ കിച്ചൻ. സമൂഹത്തിന്റെ മനോഭാവത്തിലും പൊതുബോധത്തിലും എന്തെങ്കിലും വിധത്തിലുള്ള തിരുത്തലുകൾ നടത്താൻ തീർച്ചയായും ഈ സിനിമയുടെ കാഴ്ച്ച ഉപകരിക്കും.. സിനിമയിലേക്ക് കൂടുതൽ ആളുകളെ ആകർഷിക്കാൻ സുരാജിന് സാധിക്കുമെന്നത് കൊണ്ടാണ് അതിനെ ഒരു സാമൂഹ്യ സേവനം ആയി വിശേഷിപ്പിച്ചത്. സാലു ആണ് ക്യാമറ. വീടകത്തിന്റെയും അടുക്കളയുടെയും ലൈറ്റുകളും ഷെയ്ഡുകളും നായികയുടെ മനോവ്യാപാരങ്ങളുമായി റിലേറ്റ് ചെയ്ത് കിടക്കുന്നു.

    ഗ്രെയ്റ്റ് ഇൻഡ്യൻ കിച്ചൺ

    തിയേറ്ററിൽ റിലീസ് ചെയ്യേണ്ടിയിരുന്ന ഒരു സിനിമ ആണ് ദി ഗ്രെയ്റ്റ് ഇന്ത്യൻ കിച്ചൻ. തിയേറ്ററിൽ വന്നിരുന്നെങ്കിൽ മലയാളി സമൂഹം അതിനെ സ്വീകരിക്കുമായിരുന്നു എന്നൊന്നും അറിയില്ല. ഒടിടി പ്ലാറ്റ്ഫോമിൽ ആയതുകൊണ്ട് ഒറ്റയടിക്ക് എല്ലാവരിലുമെത്തും എന്നത് ഉറപ്പ്. അതും നല്ല കാര്യം.

    Recommended Video

    മാസ്റ്ററിനു ശേഷം റിലീസ് ചെയ്യുന്ന മലയാള സിനിമകൾ | FilmiBeat Malayalam

    മസ്റ്റ് വാച്ച് എന്ന് തീർച്ചയായും ഞാൻ ഈ സിനിമയെ വിശേഷിപ്പിക്കും.

    Read more about: review റിവ്യൂ
    English summary
    Review: Suraj Venjaramoodu Starring The Great Indian Kitchen Is A Must Watch
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X