»   » സച്ചിൻ ആരാധകരെയും സിനിമാപ്രേമികളെയും ഒരുപോലെ നിരാശപ്പെടുത്തുന്ന ബില്ല്യൻ ഡ്രീംസ്.. ശൈലന്റെ റിവ്യൂ!!

സച്ചിൻ ആരാധകരെയും സിനിമാപ്രേമികളെയും ഒരുപോലെ നിരാശപ്പെടുത്തുന്ന ബില്ല്യൻ ഡ്രീംസ്.. ശൈലന്റെ റിവ്യൂ!!

By: Desk
Subscribe to Filmibeat Malayalam

ശൈലൻ

കവി
കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല. പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്.

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുൽക്കറുടെ ജീവിതത്തെ ആസ്പദമാക്കിയെടുത്ത ഡോക്യുമെന്ററി ചിത്രമാണ് സച്ചിൻ - ദി ബില്യൺ ഡ്രീംസ്. ഡോക്യുമെന്ററി തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെങ്കിലും സച്ചിൻ ദി ബില്യൺ ഡ്രീംസ് ബോക്സ്ഓഫീസിലും വൻ വിജയമാകും എന്നാണ് പ്രതീക്ഷ. ഒരു കാലഘട്ടം മുഴുവൻ ഇന്ത്യൻ ക്രിക്കറ്റിന്റെ പ്രതീക്ഷകളെ തോളിലേറ്റിയ സച്ചിന്റെ ജീവിതകഥ പറയുന്ന ചിത്രത്തിന് ശൈലൻ എഴുതിയ റിവ്യൂ വായിക്കാം...

രണ്ടേകാൽ മണിക്കൂർ ബോറടി

ഡോക്യുമെന്ററി ആണെന്നറിഞ്ഞ് തന്നെയാണ്‌ സച്ചിൻ- എ ബില്ല്യൺ ഡ്രീംസിന് കേറിയത്.. നല്ല ഡോക്യുമെന്ററികൾ ഒരുപാട് കണ്ടിട്ടുള്ളതുകൊണ്ട്, ടിക്കറ്റ് എടുക്കുമ്പോൾ പ്രതീക്ഷയ്ക്ക് കുറവൊന്നുമില്ലായിരുന്നു.. പക്ഷെ ഇതൊരുമാതിരി സിനിമാസ്വാദകരെയും ക്രിക്കറ്റ് പ്രേമികളെയും എല്ലാറ്റിലുമുപരി സച്ചിൻ ആരാധകരെയും വെറും ഡാഷാക്കിക്കളയുന്ന പരിപാടി ആയി എന്ന് രണ്ടേകാൽ മണിക്കൂർ നേരം തിയേറ്ററിൽ ബോറടിയുടെ വക്കത്തിരുന്ന് ബില്ല്യൻ ഡ്രീംസ് കണ്ടുതീർത്ത് പുറത്തിറങ്ങുമ്പോൾ പറയാതെ വയ്യ.

സച്ചിൻ എന്ന ഡോക്യൂ-ബയോഗ്രഫി

ജെയിംസ് എർസ്കിൻ എന്ന ലണ്ടൻ കാരൻ സച്ചിനെക്കുറിച്ചുള്ള സിനിമയുമായിവരുന്നു എന്ന് കേട്ടപ്പോൾ ഇന്ത്യക്കാരുടെ പ്രതീക്ഷയും ആവേശവും ആകാശത്തിനുമപ്പുറത്തായതിൽ പുതുമയില്ല.. കാരണം ഇന്ത്യയിൽ ഇത്രയധികം സ്നേഹിക്കപ്പെട്ട ആരാധിക്കപ്പെട്ട ഒരു കായികതാരം വേറെയില്ല.. ദൈവം എന്നുവരെ വിശേഷിക്കപ്പെടുന്ന തലത്തിലേക്കുയരുന്ന ആ വികാരത്തെ വിറ്റുമുതലെടുക്കുകയെന്നതിലുപരിയായി ഒരു ദൃശ്യാനുഭവമെന്ന രീതിയിൽ ബില്ല്യൺ ഡ്രീംസ് നെ അവിസ്മരണീയമാക്കുന്ന ഒന്നും തന്നെ സച്ചിൻ എന്ന ഡോക്യൂ-ബയോഗ്രഫിക്ക് കഴിയുന്നില്ല.

സംവിധായകന്റെ ഉഡായിപ്പ് വിദ്യ

യൂടൂബിൽ തപ്പിയെടുത്ത് നല്ല റെസല്യൂഷനോടെ മൊബൈലിലോ ലാപ്പിലോ കാണാവുന്ന ക്ലിപ്പുകളേയും ഫൂട്ടേജുകളെയും വെട്ടിയൊട്ടിച്ച് ബിഗ് സ്ക്രീനിൽ അത്ര വ്യക്തതയൊന്നുമില്ലാതെ കാണിച്ച് ഹാർഡ്കോർ സച്ചിൻ ഫാൻസിന്റെ കണ്ണിൽ പൊടിയിടുന്നതരം ഉഡായിപ്പ് വിദ്യയ്ക്കാണ് സംവിധായകൻ ഭൂരിഭാഗം നേരവും മുതിരുന്നത്.. ഇത്രയധികം സാധ്യതകളുള്ള ഒരു ലിവിംഗ് ലെജന്റിന്റെ ജീവിതം അപ്പടെ മുന്നിൽ തുറന്ന് കിട്ടിയിട്ടും സിനിമയിൽ എവിടെങ്കിലും തന്റെ കയ്യൊപ്പ് പതിയുന്ന ഒരു നിമിഷം പ്രേക്ഷകർക്കോ ആരാധകർക്കോ സമ്മാനിക്കാൻ ജെയിംസ് എർസ്കിന് കഴിഞ്ഞില്ല എന്നത് ദൗർഭാഗ്യകരമാണ്..

പ്രതിഭാസ്പർശമുള്ള ഒന്നുമില്ലാത്ത സച്ചിൻ

തലേന്ന് മൊത്തം ടിവിയിൽ എല്ലാ ചാനലുകളിലും കണ്ട ഒരു വാർത്ത പിറ്റേന്ന് രാവിലെ പത്രത്തിൽ വായിക്കുന്ന ഒരു മൂഡാണ് പടത്തിന് മൊത്തം.. സച്ചിന്റെ ജീവിതത്തിൽ എന്താണ് ഇന്ത്യക്കാർക്ക് അപരിചിതമായിട്ടുള്ളത് എന്നൊരു ചോദ്യം വേണമെങ്കിൽ തിരികെ ചോദിക്കാം.. പക്ഷെ, അവിടെയാണല്ലോ പ്രതിഭയുള്ള ഒരു ചലച്ചിത്രകാരന്റെ മിടുക്ക് തെളിഞ്ഞ് കാണേണ്ടത്.

സച്ചിന്റെ വർത്തമാന സാന്നിധ്യം

സച്ചിൻ തന്നെയാണ് സിനിമയെ അവതരിപ്പിക്കുന്നതെന്നതും സച്ചിന്റെ ശബ്ദത്തിലൂടെയാണ് സിനിമ മുഴുവനായും നമ്മൾക്ക് മുന്നിൽ എത്തുന്നത് എന്നതുമാണ് ബില്ല്യൺ ഡ്രീംസിന്റെ എടുത്ത് പറയേണ്ട ഒരു പോസിറ്റീവ് ഘടകം.. പ്രേക്ഷകനെ കൊഴിഞ്ഞുപോക്കിൽ നിന്നും തടയിട്ട് നിർത്തുന്നതും ഒരുപരിധിവരെ സച്ചിന്റെ ഈ വർത്തമാന സാന്നിധ്യം തന്നെ..

സച്ചിന്റെ അവതരണമാണ് മെച്ചം

15 വയസ്സ് വരെയുള്ള കുട്ടിക്കാലം ഫിക്ഷനായി ഷൂട്ട് ചെയ്തെടുത്തതാണെങ്കിലും സച്ചിന്റെ അവതരണം അവിടെയും സിനിമയെ തനി-ഡോക്യുമെന്ററി സ്വഭാവത്തിൽ നിലനിർത്താൻ ശ്രദ്ധിക്കുന്നുണ്ട്.. സഹോദരനായ അജിത് ടെണ്ടുൽക്കറുമായുള്ള സച്ചിന്റെ ബന്ധം വളരെ ടച്ചിംഗ് ആയിട്ടുണ്ട്.. എ ആർ റഹ്മാന്റെ ബാക്ക്ഗ്രൗണ്ട് സ്കോറിംഗിന് വളരെ മിഴിവുള്ള ഭാഗം കൂടിയാണ് ഫസ്റ്റ് പോർഷൻ.

കുടുംബവും സഹതാരങ്ങളും

ഭാര്യയായ അഞ്ജലി, മക്കളായ സാറ, അർജുൻ സഹതാരങ്ങളായ സെവാഗ്, യുവി, ധോണി, ഗാംഗുലി, വിരാട് തുടങ്ങി ഒട്ടനവധിപേർ ബില്ല്യൻ ഡ്രീംസിൽ നിറസാന്നിധ്യമാണ്. വെറ്റേറൻ താരങ്ങളുടെയും കമന്റേറ്റർമാരുടെയും കോച്ചുകളുടെയും ജേണലിസ്റ്റുകളുടെയുമെല്ലാം ബൈറ്റുകളും പുട്ടിന് തേങ്ങ പോലുണ്ട്.. 2007 ലോകകപ്പിൽ പൊളിഞ്ഞ് പാളീസായ സമയത്ത് ഇൻഡ്യക്കാർ മുഴുവൻ ടീമംഗങ്ങളെ ക്രിമിനലുകളായിക്കണ്ട ആ ഡിപ്രഷൻ കാലത്തെ ക്കുറിച്ച് സച്ചിൻ സംസാരിക്കുന്ന ഭാഗം വികാരഭരിതമാണ്..

മാസ് ആയി വിവിയൻ റിച്ചാർഡ്സ്

വീടിനുപുറത്ത് നാല്പത് കമാൻഡോകളുടെയും വീടിനകത്ത് രണ്ടുമൂന്നുകമാൻഡോകളുടെയും പ്രൊട്ടക്ഷനിൽ വീടിനുള്ളിൽ സ്വന്തം നാട്ടുകാരെ ഭയന്ന് മുറിയടച്ചിരുന്ന കാലത്തെ ക്കുറിച്ച് പറയുന്നതിനിടയിൽ വരുന്ന വിവിയൻ റിച്ചാർസിന്റെ ക്ലിപ്പാണ് സിനിമയിൽ കൊലമാസ് എന്നുപറയാവുന്നത്.. 2011 ലെ ലോകകപ്പിലേക്ക് തന്നെ എത്തിച്ചത് അതാണെന്ന് സച്ചിൻ നന്ദിയോടെ ഓർക്കുന്നു.

"സച്ചിൻ...സച്ചിൻ..."

വാംഖഡേ സ്റ്റേഡിയത്തിലുള്ള സച്ചിന്റെ വിടവാങ്ങൽ പ്രസംഗമാണ് ഉള്ളിൽ തട്ടുന്ന ഒരു ക്ലൈമാക്സായി സംവിധായകൻ നൽകിയിരിക്കുന്നത്. (അത് അന്നേ എല്ലാരുടെയും ഉള്ളിൽ തട്ടിയതാണല്ലോ).. ആദ്യഭാഗം കഴിഞ്ഞ് വിശ്രമിക്കാൻ പോയ എ ആർ റഹ്മാൻ ഒടുവിലെത്തുമ്പോൾ വാംഖഡേ സ്റ്റേഡിയത്തിന്റെ ആരവങ്ങൾക്ക് മീതെ പൊളിച്ചടുക്കുന്നുണ്ട്.. പക്ഷെ റഹ്മാന്റെ എല്ലാ കഴിവുകൾക്കും മേലെ ഉയർന്ന് പൊങ്ങുന്നത് കാണികൾ ലൈവായി അന്നൊരുക്കിയ "സച്ചിൻ...സച്ചിൻ..." എന്ന ആ മഹാസിംഫണി തന്നെയാണ്.. തിയേറ്റർ വിട്ടാലും അത് കൂടെ പോരും.

യൂടൂബ് ദൃശ്യങ്ങൾ മാത്രം

തീർച്ചയായും എടുത്തുപറയാവുന്ന ഒരുപാട് മുഹൂർത്തങ്ങൾ ബില്ല്യൻ ഡ്രീംസിൽ ഉണ്ട്.. പക്ഷെ അതെല്ലാം സച്ചിന്റെ ജീവിതത്തിൽ സംഭവിച്ച യൂടൂബ് ദൃശ്യങ്ങൾ ആണ്. സംവിധായകന് അതിൽ ഒരുപങ്കുമില്ല.. സെലിബ്രിറ്റികളുടെ മരണപ്പിറ്റേന്ന് ഏത് ചാനലിലെ ന്യൂസ് ഡെസ്കും ഇതൊക്കെ ഇതിലും മനോഹരമായി വെട്ടി ഒട്ടിക്കാറുണ്ട്..

നഷ്ടബോധം മാത്രം ബാക്കി

പടത്തിന്റെ മികവുകൾ എല്ലാം സച്ചിന് അവകാശപ്പെട്ടതാണ്..; ശൂന്യതയെല്ലാം സംവിധായകനും..!!! ഒരു കല്യാണക്കാസറ്റ് ചെയ്യുന്നവന്റെ ക്രിയേറ്റിവിറ്റിയെങ്കിലും ജെയിംസ് എർസ്കിൻ കാണിച്ചിരുന്നെങ്കിൽ ഇൻഡ്യക്കാർക്ക് എന്നെന്നും ഓർത്തുവെക്കാനും സൂക്ഷിച്ചുവെക്കാനുമുള്ള ഒരു സമ്മാനമായി മാറുമായിരുന്നുവല്ലോ ഈ സിനിമ എന്ന നഷ്ടബോധം മാത്രം ബാക്കി..

English summary
Sachin movie review by Schzylan Sailendrakumar.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam