For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സഹ്യാദ്രിയിലെ ചുവന്നപൂക്കൾ; കാലംതെറ്റിയയെത്തിയ മലങ്കൾട്ട് — ശൈലന്റെ റിവ്യൂ

  |

  ശൈലൻ

  എഴുത്തുകാരന്‍
  കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല.. സാഹിത്യകാരനെന്നോ വിമർശകനെന്നോ ഉള്ള ലേബലുകൾ കൂടാതെ പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്. പ്രിന്റ് മീഡിയയിലും സജീവം. എട്ട് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

  Rating:
  1.0/5

  കോഴിക്കോട്ടെ സർക്കാർ തിയേറ്ററുകൾ ആയ കെ എസ് എഫ് ഡി സി കൈരളി ശ്രീ റിനൊവേഷൻ കഴിഞ്ഞു പ്രദർശനം പുനരാരംഭിച്ചു എന്നതാണ് ഇന്നത്തെ ഒരു വിശേഷം. 2കെ, 4കെ സ്ക്രീനുകൾ വ്യാപകമായിട്ടും സിനിമ നടക്കുന്നത് സ്‌ക്രീനിൽ ടോർച്ച് അടിച്ച് നോക്കേണ്ട അവസ്ഥ ആയിരുന്നു കോഴിക്കോട് ടൗണിലെ തിയേറ്ററുകൾക്ക് അല്പകാലം മുൻപ് വരെ. അതിനാൽ തന്നെ കൈരളീശ്രീ പുതുക്കുന്നത് വളരെയധികം ആവേശത്തോടെ ആണ് കോഴിക്കോട്ടെ സിനിമാസ്വാദകർ കാത്തിരുന്നത്. ദൃശ്യം2 കണ്ടതിന്റെ ഹാംഗോവർ തീരും മുൻപേ പുതുക്കിയ സ്‌ക്രീൻ കാണാൻ കൗതുകത്തോടെ ചെന്നപ്പോൾ ഇന്നത്തെ റിലീസ് ആയ ബ്ലാക്ക് കോഫി വൈകിട്ട് 6മണിക്കാണ് ഷോ. അതുകൊണ്ട് മാത്രമാണ് ആശീർവാദിൽ ഉള്ള സഹ്യാദ്രിയിലെ ചുവന്ന പൂക്കൾക്ക് പോവേണ്ടി വന്നത്.

  സഹ്യാദ്രിയിലെ ചുവന്നപൂക്കൾ.. പേര് കേട്ടാൽ ഒറ്റ കേൾവിയിൽ തന്നെ മനസിലാവും മലങ്കൾട്ട് ഉരുപ്പടിയാണെന്നും ഔട്ട് ഡേറ്റഡ് ആണെന്നും. എന്നിട്ടും ഓഡി 5 ൽ കേറുമ്പോൾ അത്യാവശ്യം ആളുകൾ.. അതും കോളേജ് സ്റ്റുഡന്റ്‌സ് ഒക്കെ. ഗേൾസ്.. കുട്ടികൾ ആണെങ്കിൽ നല്ല ഓളത്തിൽ.. എനിക്ക് പ്രാന്തായത് ആണോ അതോ അവർക്ക് പ്രാന്തായതാണോ എന്നറിയാതെ കുറച്ച് നേരം കിളി പാറി ഇരുന്നു..

  സ്‌ക്രീനിൽ കാണുന്ന ദൃശ്യങ്ങൾക്ക് ആണെങ്കിൽ പരസ്പരം ഒരു കണക്ഷനും ഇല്ല. ക്വാളിറ്റിയും സെറ്റപ്പും സന്ദർഭങ്ങളും ആണെങ്കിൽ 80കളിൽ ഇറങ്ങിയിരുന്ന കെ എസ് ഗോപാലകൃഷ്ണൻ സൃഷ്ടികളോട് ഉൽപ്രേക്ഷപ്പെടുന്നത്. പി.ചന്ദ്രകുമാറിന്റെ നിലവാരത്തിലേക്ക് എത്തിയിട്ടില്ല താനും. കോമഡി ഒക്കെയാണ് പലയിടത്തും ഉദ്ദേശിക്കുന്നത്. പക്ഷെ അതാണെങ്കിൽ 60കളിലെ സിനിമകൾ റെഫർ ചെയ്ത് അതേ മീറ്ററിൽ.

  sahyadriyilechuvannapookkal

  പിന്നെന്ത് കണ്ടാ ഈ പിള്ളേരൊക്കെ ഈ ഐറ്റത്തിന് കേറിയത് എന്നും എന്ത് കണ്ടാ ഇവർ ഓളം വെക്കുന്നത് എന്നുമൊക്കെ വാപൊളിഞ്ഞ സ്മൈലി ഇട്ടു നിൽക്കുന്നതിനിടെ അവർ അടപടലം എഴുന്നേറ്റ് പോണതാണ് കണ്ടത്. ബാക്കിലെ സീറ്റിൽ നിന്ന് ഒരു ഉപചാരവാചകം "കുറച്ചു കൂടി ഇരുന്നിട്ട് പോ പിള്ളേരെ.." അതിന്റെ രഹസ്യം പിന്നീടാണ് മനസിലായത്.

  സിനിമ നിർമ്മിച്ചിരിക്കുന്നത് ഏതോ എഡ്യൂക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ട് നെറ്റ്_വർക്ക് ഉള്ള മൊയ്ലാളി ആണ്. അവരുടെ സ്ഥാപനത്തിലെ സ്റ്റുഡന്റസിനെ ആണ് ടിക്കറ്റ് കൊടുത്ത് ഇരുത്തിയിരിക്കുന്നത്. ടിക്കറ്റ് ഫ്രീയാണെങ്കിലും പിള്ളേരുടെ ക്ഷമയ്ക്കൊക്കെ ഒരു പരിധി ഇല്ലേ..

  പിള്ളേരൊക്കെ പോയി പടം ഒരു മുക്കാൽ മണിക്കൂർ പിന്നിടുമ്പോൾ ആണ് സംവിധായകൻ അതുവരെ ഉള്ള ഊള കോമഡിയും അവിയൽ അവിഹിതങ്ങളും ഒക്കെയൊന്ന് നിർത്തി കഥയിലേക്ക് കടക്കുന്നത്. കഥയാണെങ്കിൽ കിടുവേ..യ്..

  ഇഷ്ടിക കമ്പനിയിൽ ജോലി ചെയ്യുന്ന റാം എന്ന ബംഗാളി പയ്യൻ പഞ്ചായത്ത് പ്രസിഡന്റു മുതലാളിയുടെ അവിഹിതം കാണുന്നു. ഓടുന്നതിനിടയിൽ വീണു പോവുന്ന അങ്ങേരുടെ മൊബൈലിലെ മെമ്മറിക്കാർഡ് ഊരിയെടുത്ത് അതിലെ അവിഹിത സീനുകൾ വച്ച് ബ്ലാക്ക് മെയിൽ ചെയ്യുന്നു. മുതലാളിയുടെ ഗുണ്ടകളുമായി ഏറ്റുമുട്ടുന്നു. മലയാള സിനിമയിൽ ഒരു ബംഗാളി ക്യാരക്റ്റർ ഹീറോയിസം കാണിക്കുന്നത് കാണുമ്പോൾ സത്യം പറഞ്ഞാൽ ഒരു യിത് ഒക്കെ തോന്നും.

  sahyadriyilechuvannapookkal

  പക്ഷെ, എന്തുകാര്യം. അധികം മൂക്കും മുൻപ് മുതലാളി ബംഗാളിയെപിടിച്ച് തല്ലിക്കൊന്ന് ചൂളയിൽ ഇടും. ഇന്റർവെൽ പഞ്ച്. റാമിനെ തേടി ഭാര്യ നന്ദ കൈക്കുഞ്ഞുമായി കേരളത്തിൽ കാല്കുത്തി കറകറക്റ്റ് ആയി അതേ കട്ടകമ്പനിയിൽ തന്നെ എത്തിച്ചേരുന്നതാണ് സെക്കന്റ് ഹാഫ്. (ദോഷം പറയരുതല്ലോ മരിച്ച റാം ആയാലും അവനെ തിരഞ്ഞു വന്ന ഭാര്യ ആയാലും ഏറക്കുറെ മലയാളികളെ പോലെ തന്നെ മലയാളം പറയുന്നുണ്ട്. ) മുതലാളി ഒരു ചെറിയ ജോലിയൊക്കെ നൽകി നന്ദയെയും കുഞ്ഞിനെയും അവിടെ പുനരധിവസിപ്പിക്കും.

  മുമ്പേ തന്നെ അവിടെ താമസമുള്ള ടോർച്ച് എന്ന ക്യാരക്റ്റർ നന്ദയ്ക്കും കുഞ്ഞിനും രക്ഷിതാവ് ആയി മാറും. നന്ദ എന്ന പേരിന് മാച്ച് ചെയ്യാനാണ് എന്ന് തോന്നുന്നു നന്ദുവിനെ ആണ് ആ റോളിലേക്ക് കാസ്റ്റ് ചെയ്തിരിക്കുന്നത്. അച്ഛൻ-അമ്മാവൻ റോളിലേക്ക് കൂടുമാറിയ നന്ദുവിനെ പിടിച്ചു കൊണ്ടുവന്ന് വീണ്ടും യുവാവ് ആക്കിയതിന്റെ ഒരു ചളിപ്പ് പുള്ളിയുടെ മുഖത്ത് കാണുമ്പോൾ നമ്മക്ക് പോലും അയ്യത്തഡാ..ന്ന് ആയിപ്പോവും. ബാക്കി മുകളിൽ പറഞ്ഞ റോളുകളിൽ വരുന്നവരുടെ ഒന്നും പേര് അറിയാത്തത് കൊണ്ട് അവരുടെ പരിഭ്രമം അത്രകണ്ട് നമ്മളിൽ റിഫ്ളക്റ്റ് ചെയ്യൂല്ലാ.

  റാമിന് എന്തു സംഭവിച്ചു എന്ന് നന്ദുവിൽ നിന്ന് അറിയുന്ന നന്ദ പിന്നീട്‌ എന്ത്‌ചെയ്യും എന്ന് എന്നെ കൊന്നാലും ഞാൻ എഴുതൂല്ല. കാരണം അത് സ്പോയിലർ ആണ്. ഏതായാലും അതിനിടയിൽ ഒരു ക്ഷേത്രത്തിൽ പടയണി നടത്തുന്നുണ്ട് സംവിധായകൻ. എന്തിനാണ് എന്ന് മനസിലായിക്കാണുമല്ലോ. യെസ്, അവിടെ താലികെട്ട് , ഇവിടെ പാലുകാച്ചൽ സെറ്റപ്പിൽ തുടർന്നുള്ള കാര്യങ്ങൾ കട്ട് ചെയ്യാൻ തന്നെ.

  അജീഷ് പൂവറ്റൂർ ആണ് സഹ്യാദ്രിയിലെ ചുവന്ന പൂക്കൾ സംവിധാനം ചെയ്തിരിക്കുന്നത്. സംവിധാനമികവിനെ കുറിച്ച് കൂടുതൽ എഴുതാതെ മനസിലായി കാണുമല്ലോ. പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചവരുടെ പേരു വിവരങ്ങൾ അറിയില്ലെങ്കിലും നന്ദുവിനെ കൂടാതെ കണ്ടാലറിയുന്നവരായി ആറോളം പേർ ഉണ്ട്. പേരറിയാത്ത ഒരു ഉപനായകന് ഡബ്ബ് ചെയ്തിരിക്കുന്നത് , നമ്മുടെ ക്ളിഞ്ഞോ പ്ലിഞ്ഞോ സൗണ്ട്സ് ഫെയിം സുധീർ പറവൂർ ആണെന്ന് ഐഡന്റിഫൈ ചെയ്യാനായത് വൻ രോമാഞ്ചം ഉണ്ടാക്കി.

  ഗിരീഷ് നാരായണൻ എന്നൊരു സംഗീതജ്ഞൻ ആണ് സംഗീത വിഭാഗത്തിന്റെ തലവൻ. പുള്ളി ഒരു പുതിയ പുല്ലാംകുഴൽ വാങ്ങിയിട്ടുണ്ട്. തക്കം കിട്ടുമ്പോഴെല്ലാം , ബിജിഎമ്മിന്റെ അക്കൗണ്ടിൽ അത് വായിച്ച് തകർക്കുകയാണ്. പാട്ടുകളും തച്ചിന് കിടപ്പാണ് ഉടനീളം. കുട്ടിക്കാലത്ത് ആകാശവാണിയിലെ യുവാവാണിയിൽ ലളിതഗാനങ്ങൾ കേട്ടതിന്റെ നോസ്റ്റാൾജിക് സ്മരണകൾ അലയടിച്ചു വന്നു പലപ്പോഴും..

  Bigg Boss Malayalam Season 3 : ഇനി എലിമിനേഷൻ നാളുകളാണോ? | FilmiBeat Malayalam

  കൂടുതൽ എന്തെഴുതാൻ

  Read more about: review റിവ്യൂ
  English summary
  Sahyadriyile Chuvanna Pookkal Movie Review: Ajeesh Poovattoor Directed Is A Below Average Movie
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X