For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ലോജിക്കിന് വിട, ഈദിന് മസാല നിറച്ച സല്ലു ചിത്രം! കുതിച്ചും കിതച്ചും റേസ് 3 - ഹിന്ദി മൂവി റിവ്യൂ

  |

  മുൻനിര താരങ്ങൾ ഒന്നിച്ചെത്തിയ ബിഗ്ബജറ്റ് ആക്ഷൻ ത്രില്ലർ ചിത്രം റേസ് 3 ഈദിനോടനുബന്ധിച്ച് ജൂൺ 15 വെള്ളിയാഴ്ച്ച തീയറ്ററുകൾ കീഴടക്കാൻ എത്തിയിരിക്കുന്നു. സൽമാൻ ഖാനൊപ്പം അനിൽ കപൂർ, ജാക്വലിൻ ഫെർണാണ്ടസ്, ബോബി ഡിയോൾ, ഡെയ്സി ഷാ, സാക്കിബ് സലിം, ഫ്രെഡ്ഡി ധാരൂവാല എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയിരിക്കുന്നത്.

  അബ്ബാസ് മുസ്താൻ സംവിധാന കൂട്ടുകെട്ടിൽ പിറന്ന ചിത്രമാണ് 2008 ലെ റേസ്, അതിൽ അനിൽ കപൂർ, സെയ്ഫ് അലി ഖാൻ ,അക്ഷയ് ഖന്ന, ബിപാഷാ ബസു, കത്രീന കൈഫ് തുടങ്ങിയവരായിരുന്നു അഭിനയിച്ചത്. തുടർന്ന് അതേ സംവിധായക കൂട്ടുകെട്ടിൽ 2013 -ൽ എത്തിയ റേസ് 2 ൽ അനിൽ കപൂറും സെയ്ഫ് അലി ഖാനും തങ്ങളുടെ പഴയ കഥാപാത്രങ്ങളായിതന്നെ തിരിച്ചെത്തി. അവർക്കൊപ്പം പുതിയതായി ജോൺ എബ്രഹാം, ദീപിക പദുകോൺ, ജാക്വലിൻ ഫെർണാണ്ടസ് തുടങ്ങിയവരും മുഖ്യ വേഷങ്ങളിലെത്തിയിരുന്നു.

  ഇപ്പോൾ റിലീസായ റേസിന്റെ മുന്നാം ഭാഗം സംവിധാനം ചെയ്തിരിക്കുന്നത് റെമോ ഡിസൂസയാണ്. ടിപ്പ്സ് ഫിലിംസും, സൽമാൻ ഖാൻ ഫിലിംസും സംയുക്തമായാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

  ബോളിവുഡിന്റെ സ്ഥിരം നമ്പരുകളുമായി തുടക്കം:

  ബോളിവുഡിന്റെ സ്ഥിരം നമ്പരുകളുമായി തുടക്കം:

  പുതുമയൊന്നും ഇല്ലാത്ത കഥയിൽ ആക്ഷൻ നിറച്ചും, കഥാപാത്രങ്ങളെ സ്റ്റൈലിഷായി അവതരിപ്പിച്ചുമൊക്കെയാണ് ചിത്രത്തിന്റെ ആദ്യ പകുതി കടന്നു പോകുന്നത്. സിംഗ് കുടുംബത്തിലെ ഓരോ അംഗങ്ങളേയും വ്യക്തമായി പരിചയപ്പെടുത്തിക്കൊണ്ടാണ് ചിത്രം ആരംഭിക്കുന്നത്. സിംഗ് കുടുംബത്തിലെ പ്രധാനിയായ ഷംഷേർസിംഗിനെ അവതരിപ്പിക്കുന്ന അനിൽ കപൂറിന്റെ ഇന്ററോയിലുള്ള ആക്ഷൻ രംഗങ്ങൾ ചിത്രത്തിലുള്ള പ്രതീക്ഷകൾ ഒരുപാടുയർത്തിയപ്പോൾ, അതിനു ശേഷമെത്തിയ സൽമാൻ ഖാന്റെ ഇന്ററോയിലെ ആക്ഷനുകളിലധികവും സിനിമയുടെ നിലവാരത്തെ തകർക്കുന്നതായിരുന്നു.

  കഥയ്ക്ക് ആവശ്യമുള്ളിടത്ത് ആക്ഷൻ രംഗങ്ങൾ ചേർക്കുമ്പോൾ അനുഭവപ്പെടുന്ന രസം കൃത്രിമമായി കെട്ടിച്ചമച്ച രംഗങ്ങളിൽ കിട്ടില്ലല്ലോ!.

  ഒരു ട്വിസ്റ്റിലൂടെയാണ് റെമോ ഡിസൂസ തന്റെ ചിത്രത്തിന്റെ ആദ്യ പകുതി അവസാനിപ്പിച്ചതെങ്കിലും അത് പ്രേക്ഷകരെ അദ്ഭുതപ്പെടുത്തുന്നതോ അമ്പരപ്പിക്കുന്നതോ അല്ല.

  ഈ റേസിന്റെ കഥ:

  ഈ റേസിന്റെ കഥ:


  ആയുധ നിർമ്മാണവും കച്ചവടവും നടത്തുന്ന വളരെ സ്വാധീനമുള്ളയാളാണ് ഷംഷേർസിംഗ് (അനിൽ കപൂർ). ഇന്ത്യയിൽ നിന്നും ഒളിച്ചോടി മറ്റൊരിടത്ത് തന്റെ സാമ്രാജ്യം സൃഷ്ടിച്ച ഷംഷേറിന് രണ്ട് മക്കളാണ് ,ഇരട്ടകളായ സഞ്ചനയും (ഡെയ്സി ഷാ), സൂരജും ( സാഖിബ് സലീം). ഷംഷേർ സിംഗിനു ശേഷം ആ കുടുംബത്തിലെ ഏറ്റവും പവർഫുള്ളായ ആളാണ് വളർത്തു മകൻ സിക്കന്ദർ സിംഗ് (സൽമാൻ).

  ഷംഷേറിന്റെ ബിസിനസ്സൊക്കെ ഭംഗിയായി മുന്നോട്ട് പോകുന്നത് സിക്കന്ദറിന്റെ മിടുക്കുകൊണ്ടാണ്.

  സഹോദരതുല്ല്യനായി സിക്കന്ദറിനൊപ്പമുള്ള അംഗരക്ഷകനായി യഷും(ബോബി ഡിയോൾ) ഉണ്ട്.

  മരിക്കുന്നതിന് മുൻപ് സൂരജിന്റെയും, സഞ്ചനയുടേയും അമ്മയെഴുതിച്ച വിൽപത്രപ്രകാരം സ്വത്തിന്റെ അൻപത് ശതമാനം സിക്കന്ദറിനും ബാക്കി അൻപത് സൂരജിനും, സഞ്ചനയ്ക്കും കൂടിയാണ്.

  ഷംഷേറിന്റെ സിക്കന്ദറിനോടുള്ള അമിത സ്നേഹത്തിനൊപ്പം സ്വത്തിലും തങ്ങളേക്കാൾ കൂടുതൽ സിക്കുവിന് ലഭിക്കുന്നു എന്നറിയുന്നതോട് കൂടി സൂരജും സഞ്ചനയും സിക്കന്ദറിനെ ശത്രുവായി കാണുന്നു. ആ സമയത്ത് ഷംഷേർ ഒരു സത്യം വെളിപ്പെടുത്തുന്നു, സിക്കന്ദർ അയാളുടെ ജ്യേഷ്ഠന്റെ മകനാണെന്ന്. വർഷങ്ങൾക്ക് മുൻപ് ഇന്ത്യയിൽ വച്ച് ശത്രുക്കൾ സിക്കന്ദറിന്റെ അച്ഛനെ കൊലപ്പെടുത്തുകയും സിംഗ് കുടുംബം രാജ്യദ്രോഹികളാണെന്ന് വരുത്തി തീർക്കുകയും ചെയ്തു. തുടർന്ന് സിക്കന്ദറിനേയും അമ്മ സുമിത്രയേയും കൂട്ടി ഷംഷേർ നാടു വിടുകയായിരുന്നു. സുരക്ഷയ്ക്കായി സിക്കന്ദറിനെ ബെയ്ജിംഗിലേക്ക് ഒറ്റയ്ക്കയച്ച ഷംഷേർ പിന്നീട് സിക്കന്ദറിന്റെ അമ്മ സുമിത്രയെ വിവാഹം കഴിച്ചു. അവർക്ക് ജനിച്ച മക്കളാണ് സൂരജും സഞ്ചനയും.

  സിക്കന്ദർ തങ്ങളുടെ അർദ്ധ സഹോദരനാണെന്നറിഞ്ഞിട്ടും സൂരജിനും സഹോദരിക്കും അയാളോട് അലിവോ സ്നേഹമോ തോന്നുന്നില്ല.

  സിംഗ് ഫാമിലിയുടെ പ്രധാന ശത്രുവായി കാണിക്കുന്നത് റാണ ( ഫ്രെഡ്ഡി ധാരൂവാല) എന്ന മറ്റൊരു ആയുധ ഇടപാട് നടത്തുന്ന മഫിയാ ലീഡറെയാണ്. പക്ഷെ സിക്കന്ദറിന്റെ ജീവിതത്തിലേക്ക് കടന്നു വരുന്ന ജെസ്സിക്ക( ജാക്വലിൻ) എന്ന പെൺകുട്ടി സിക്കന്ദറിന് മറ്റാരോ ശത്രുക്കൾ ഉണ്ടെന്ന് ബോധ്യപ്പെടുന്നു.

  തുടർന്നങ്ങോട്ട് നിരവധി ട്വിസ്റ്റുകളും സസ്പെൻസുകളുമാണ് ചിത്രത്തിൽ തുടരെ തുടരെ എത്തുന്നത്. ഇന്ത്യയിലെ ചില രാഷ്ട്രീയക്കാരുടെ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിൽ വച്ചുള്ള അശ്ലീല ദൃശ്യങ്ങളുടെ ഹാർഡ് ഡിസ്ക്ക്‌ കൈക്കലാക്കി അവരെ ബ്ലാക്ക്മെയിൽ ചെയ്ത് തിരികെ ഇന്ത്യയിലെത്താനുള്ള അവസരമുണ്ടാക്കുക എന്ന സിംഗ് ഫാമിലിയുടെ നീക്കത്തെ ചുറ്റിപ്പറ്റിയാണ് ചിത്രം പ്രധാനമായും സഞ്ചരിക്കുന്നത്.

  സിക്കറിന്റെ നാശം കാണാൻ ആഗ്രഹിക്കുന്നവർ ആരാണെന്നും അതിന്റെ കാരണമെന്തെന്നതുമാണ് റേസ് 3 യിലെ സസ്പെൻസ്.

  ശത്രുക്കളിൽ നിന്നും തന്റെ കുടുംബത്തെ രക്ഷിച്ച് ഐക്യത്തോട് കുടുംബത്തിനൊപ്പം കഴിയാൻ സിക്കന്ദറിന് സാധിക്കുമോയെന്നറിയാൻ സിനിമ കാണണം.

  യുക്തിയെ ചോദ്യം ചെയ്യുന്ന തിരക്കഥ:

  യുക്തിയെ ചോദ്യം ചെയ്യുന്ന തിരക്കഥ:

  വളരെ ദുർബ്ബലമായ തിരക്കഥയാണ് റേസ് 3 യുടേത്. ആരാധകരെ കൺഫ്യൂസ് ആക്കുംവിധമാണ് റേസ് 3 ഒരുക്കിയിരിക്കുന്നത്. നിരവധി ട്വിസ്റ്റുകളാണ് ചിത്രത്തിലുള്ളത്. ഒന്നിന് പിറകെ ഒന്നായി എത്തുന്ന ഇത്തരം ട്വിസ്റ്റുകളിൽ ഭൂരിഭാഗവും പ്രേക്ഷകരുടെ യുക്തിയെ ചോദ്യം ചെയ്യുന്നതാണ്.

  കഥയിൽ ഒട്ടും പുതുമയില്ലെന്ന് മാത്രമല്ല ആക്ഷനുകൾക്കും, ആഡംബര കാറുകളുടെ ഷോയിക്കിടയിലുമായി പേരിന് ഒരു കഥ പറയാൻ ശ്രമിക്കുന്നതായേ തോന്നുകയുള്ളു.

  രണ്ടേ മുക്കാൽ മണിക്കൂർ ദൈർഘ്യം പക്ഷെ ഫീൽ ചെയ്യില്ല. അതിന്റെ കാരണം തിരക്കഥയുടെ മികവുമല്ല.

  യുക്തിക്ക് ചേരാത്തതും കാമ്പില്ലാത്തതുമായ കഥയാണെങ്കിലും ഒരു എന്റർടെയ്ൻമെന്റ് എന്ന നിലയിൽ ചിത്രത്തിന് വേണ്ട ബാക്കി ഘടകങ്ങളൊക്കെ ശരിക്കും കുട്ടിക്കുറുക്കിയെടുത്താണ് റെമോ ഡിസൂസ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

  ചിത്രത്തിന്റെ പോരായ്മ്മകൾ:

  ചിത്രത്തിന്റെ പോരായ്മ്മകൾ:

  സൽമാൻ എന്നൊരു വൻ സ്രാവിനെപ്പിടിച്ച് സിനിമയിലിട്ടതുകൊണ്ട് ആദ്യ ആഴ്ച്ചകളിൽ നല്ല തിരക്ക് തീയറ്ററുകളിൽ ലഭിക്കും എന്നതിലുപരി എന്താണ് ഫലം?! കഥയ്ക്കോ അഭിനയത്തിനോ ഒട്ടും പ്രാധാന്യം നൽകാതെയാണ് റെമോ തന്റെ സിനിമയെ പ്രേക്ഷകർക്കായി വിട്ടു നൽകിയിരിക്കുന്നത്.

  എക്സലൻറ് എന്ന് പറയാൻ കഴിഞ്ഞില്ലെങ്കിലും ഗുഡ് മൂവി എന്നെങ്കിലും പറയാൻ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നു പക്ഷെ അതിനുമാകില്ല.ചിത്രത്തിലെ കഥ പോലെ സംഭാഷണവും, ഗാനങ്ങളും ശരാശരിക്കും വളരെ താഴെയുള്ളതാണ്.

  ഐ ഫൗണ്ട് ലൗവ് - എന്ന സൽമാൻ ഖാൻ സ്വയം പാടി അഭിനയിച്ച ഗാനം വളരെ ബോറിങ്ങായിരുന്നു. മനോഹരമായ ദൃശ്യങ്ങൾ ഒന്നുകൊണ്ട് മാത്രമാണ് അത് കണ്ടിരിക്കാൻ കഴിഞ്ഞത്.

  ചിത്രം കാണാനുള്ള കാരണങ്ങൾ:

  ചിത്രം കാണാനുള്ള കാരണങ്ങൾ:

  റേസ് സീരീസിൽ നിന്നും പ്രതീക്ഷിച്ച പോലെ തന്നെ ത്രില്ലടിപ്പിക്കുന്ന ആക്ഷനുകളും ബൈക്ക്, കാർ ചേയ്സ് സീനുകളും ചിത്രത്തിലുണ്ട്. അതു കൊണ്ട് തന്നെ ഒരിക്കലും ആർക്കും ബോറഡിക്കുകയില്ല. ജാക്വലിൻ, ഡെയ്സി ഷാ തുടങ്ങിയ നടിമാരുടെ ഗ്ലാമറും ചിത്രത്തിൽ പരമാവധി ഉപയോഗിച്ചിട്ടുണ്ട്‌.

  ആക്ഷനു ശേഷം സിനിമയുടെ മുഖ്യ ആകർഷണം എന്ന് പറയാൻ കഴിയുന്നത് രണ്ട് കാര്യങ്ങളാണ്.

  ഒന്ന് - ചിത്രം ത്രിഡിയിലാണ് എത്തിയിരിക്കുന്നത്. സാങ്കേതിക മികവോടെ എടുത്തിരിക്കുന്ന ചിത്രം തീയറ്ററുകളിൽ മികച്ച ദൃശ്യാനുഭവമാണ് പകർന്നു തരുന്നത്. ഒരു പക്ഷെ ത്രീഡിയിലല്ലാതെ ചിത്രം കാണുകയാണെങ്കിൽ അത് വലിയ നഷ്ടമായിരിക്കും.

  രണ്ടാമത്തെ കാര്യം - അത് ചിത്രത്തിന്റെ ഛായാഗ്രാഹകൻ അയ്യങ്ക ബോസിന്റെ മികവാണ്‌.

  നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ തന്റെ കൈയ്യൊപ്പ് ചാർത്തിയ ബോസ് റേസ് 3 യേയും മനോഹരമാക്കിയിട്ടുണ്ട്.

  ദബങ്, ദബങ് 2, ജയ് ഹോ തുടങ്ങിയ ചിത്രങ്ങളുടെ മാതൃകയിൽ ഒരു ഫൈറ്റും ക്ലൈമാക്‌സിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. തീയറ്ററിൽ ആരവമുയരാൻ ആ ഒരു രംഗം തന്നെ ധാരാളം.

  റേറ്റിംഗ്: 6/10

  റേറ്റിംഗ്: 6/10

  ആദ്യം പറഞ്ഞതു പോലെ ലോജിക്ക് മാറ്റി നിർത്തി ചിന്തിച്ചാൽ പെരുന്നാൾ ആഘോഷമാക്കാൻ പറ്റിയ സിനിമയാണ് റേസ് 3. അധികം ആഴത്തിൽ ചിന്തിക്കാതെ രസിച്ചിരുന്ന് കാണാൻ കഴിയുന്ന ചിത്രം.

  തിരക്കഥ, യുക്തി തുടങ്ങിയ ചില ഘടകങ്ങൾ ശരാശരിക്കും താഴേക്ക് ചിത്രത്തെ കൊണ്ടു പോകുമ്പോൾ സല്ലുഭായിയുടെ സാന്നിദ്ധ്യവും, ആക്ഷൻ സ്വീക്കൻസും, മികച്ച ദൃശ്യഭംഗിയും ചിത്രത്തെ പിടിച്ചു നിർത്തുന്നുണ്ട്.

  റേസ് 4?

  റേസ് 4?

  റേസ് ഇനിയും തുടരും എന്ന് പറഞ്ഞു കൊണ്ടാണ് ചിത്രം അവസാനിക്കുന്നത്. പക്ഷെ അതിൽ നായകനാരായിരിക്കുമെന്ന് മാത്രം ഉറപ്പ് നൽകുന്നില്ല.

  English summary
  Salman khan's new movie race 3 review
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X