twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സമീർ: പൃഥ്വിയും ബ്ലെസ്സിയും കണ്ടിട്ടുണ്ടാകുമോ ആനന്ദ് റോഷന്റെ ആടുജീവിതം — ശൈലന്റെ റിവ്യൂ

    |

    ശൈലൻ

    എഴുത്തുകാരന്‍
    കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല.. സാഹിത്യകാരനെന്നോ വിമർശകനെന്നോ ഉള്ള ലേബലുകൾ കൂടാതെ പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്. പ്രിന്റ് മീഡിയയിലും സജീവം. എട്ട് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

    Rating:
    3.0/5
    Star Cast: Arti Joshi, Ashraf Kiraloor, K.K. Moideen Koya
    Director: Rasheed Parakkal

    കഴിഞ്ഞ വർഷം തിയേറ്ററിൽ ഇറങ്ങിയ സമയത്ത് പലരും കാണാനായി നിർദേശിച്ച സിനിമ ആയിരുന്നു "സമീർ". വളരെ കുറച്ച് തിയേറ്ററിൽ മാത്രമേ റിലീസ് ഉണ്ടായിരുന്നുള്ളൂ. അതിൽ ഒന്നു രണ്ട് തിയേറ്ററുകളിൽ കാണാനായി ചെന്നെങ്കിലും ആളില്ലാത്തതിനാൽ ഷോ റദ്ദാക്കി എന്ന അറിയിപ്പ് കേട്ട് തിരിച്ച് പോരാനായിരുന്നു യോഗം. പിന്നീട് ഈയിടെ ദേശീയ അവാർഡ് പ്രഖ്യാപന വേളയിൽ സമീറിന്റെ പേര് വീണ്ടും കേട്ടു. സൗത്ത് ഇന്ത്യൻ ജൂറി സമർപ്പിച്ച അന്തിമപ്പട്ടികയിൽ പെട്ട കുറച്ച് സിനിമകളുടെ ലിസ്റ്റിൽ സമീറിന്റെ പേരും ഉണ്ടായിരുന്നു എന്നതാണ് അത്.

    സമീർ

    ഏതായാലും ഗ്രെയ്റ്റ് ഇൻഡ്യൻ കിച്ചൻ, തിമിരം പോലുള്ള സിനിമകൾ പ്രദര്ശനത്തിനെത്തിച്ച് ശ്രദ്ധേയമായ നീസ്‌ട്രീം ഓടിടി പ്ലാറ്റ്ഫോം ഈയാഴ്ച വേൾഡ് വൈഡ് ആയി സമീർ റിലീസ് ചെയ്തു. തിയേറ്ററിൽ ഈ സിനിമ കാണാൻ സാധിച്ച വളരെ കുറച്ച് ആളുകൾക്ക് പുറമെ ഉള്ളവർക്ക് ഇതിലൂടെ സമീർ കാണാനുള്ള അവസരം ലഭിച്ചിരിക്കുകയാണ്. "പാവങ്ങളുടെ ആടുജീവിതം" എന്ന് വിശേഷിപ്പിക്കാവുന്ന സമീർ കണ്ടിരിക്കുമ്പോൾ മനസിനെ വല്ലാതെ സ്പർശിക്കുന്ന ഒരു സിനിമനുഭവമാണ്..

    സമീർ

    റഷീദ് പാറക്കൽ ആണ് സമീറിന്റെ കഥ തിരക്കഥ സംഭാഷണവും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. 1996 മുതലുള്ള രണ്ട് വർഷങ്ങളിൽ അദ്ദേഹം ഗൾഫിൽ അനുഭവിച്ച മരുഭൂമിജീവിതത്തിന്റെ തീക്കാറ്റ് വീശുന്ന അനുഭവങ്ങൾ ആദ്യം "ഒരു തക്കാളികൃഷിക്കാരന്റെ സ്വപ്നങ്ങൾ" എന്ന പേരിൽ നോവൽ ആക്കുകയും പിന്നീട് സ്വയം തിരക്കഥ എഴുതി സമീർ എന്ന പേരിൽ സംവിധാനം ചെയ്യുകയും ചെയ്തതിന്റെ എൻഡ് റിസൾട്ട് ആണ് ഈ സിനിമ. അനുഭവങ്ങളുടെ അത്യുഷ്ണം സിനിമയ്ക്ക് അനുഭവിപ്പിക്കാനാവുന്നുണ്ട്..

    സമീർ

    യുണൈറ്റഡ് അറബ് എമിറേറ്റസിൽ പെട്ട അൽ ഐനിലെ സ്വെയ്ഹാനിലുള്ള വിശാലമായ മരുഭൂമിയിൽ ഏകനായി നടന്നു പോകുന്ന സമീറിന്റെ ഏരിയൽ വ്യൂ വിലൂടെ ആണ് സിനിമ തുടങ്ങുന്നത്. ചുട്ടുപഴുത്ത മരുഭൂമിയുടെ അനന്തമായ തുറസ് സമീറിനൊപ്പം തന്നെ സിനിമയിലെ ത്രൂ ഔട്ട് ക്യാരക്റ്റർ ആണ്. എഫ് എം റേഡിയോ ജോക്കിയോടെന്ന വണ്ണം സംസാരിച്ച് കുറെയേറെ നടന്നു നീങ്ങുന്ന സമീർ മരുഭൂമിയിൽ ഇരിക്കുന്ന സുലൈമാൻ എന്ന ക്യാരക്റ്ററിനോട് വിശേഷങ്ങൾ പറഞ്ഞ് തുടങ്ങുകയാണ്..

    സമീർ

    ആദ്യം കാണുമ്പോൾ അതൊരു സാധാരണ കാഴ്ച ആണ് . 1996 ആണ് കാലഘട്ടമെന്ന് പിന്നെയാണ് പറയുന്നത്. മൊബൈൽ ഫോൺ ഒന്നും ഇല്ലാത്ത ആ സമയത്ത് സമീർ ജോക്കിയോട് സംസാരിക്കുന്നതും പിന്നീട് സുലൈമാൻ എന്ന ക്യാരക്റ്റർ തന്നെയും ഒരു വല്ലാത്ത ഷോക്ക് തരുന്നുണ്ട്.. മരുഭൂമിയിലെ തോട്ടത്തിൽ രണ്ട് ബംഗ്ലാദേശികളോടൊപ്പമുള്ള സമീറിന്റെ അടിമജീവിതത്തിലേക്കാണ് സിനിമ പിന്നീട് തുറക്കുന്നത്.

    സമീർ

    ലോവർ മിഡിൽ ക്‌ളാസ് കാരനായ സമീർ നാട്ടിലെ ചെറിയ ഓർമ്മകളുമായിട്ടാണ് മരുഭൂമിയിലെ ചുട്ടുപൊള്ളലിനെ പച്ചപ്പും കുളിർമ്മയുമുള്ളതാക്കി മാറ്റുന്നത്.. വീട് ഉപ്പ ഉമ്മ അനിയത്തി പ്രണയിനിയായ നാസി കൂട്ടുകാരൻ നാട് എല്ലാം ഓർക്കാൻ സന്തോഷമുള്ളതാണ്. കുടുംബത്തിന്റെ പ്രാരാബ്ധമൊഴികെ. മരുഭൂമിയിൽ കഷ്ടപ്പാടിന്റെ ഏതറ്റം വരെ പോവുമ്പോഴും അയാൾക്ക് പരിഭവങ്ങളൊന്നുമില്ല. കണ്ണീരിനെ ഒരു അരക്കിറുക്കനെ പോലെ ചിരിയോടെയാണ് സമീർ നേരിടുന്നത്. എന്നിട്ടും മണൽജീവിതം അയാളെ വന്ന് കഴുത്തിൽ ഞെരിച്ച് ശ്വാസം മുട്ടിച്ച് കളയുകയാണ്.

    സമീർ

    ആനന്ദ് റോഷൻ എന്ന പുതുമുഖനടന്റെ അസാധ്യമായ ഡെഡിക്കേഷനും പ്രകടനമികവും ആണ് സമീറിന്റെ നട്ടെല്ല്. എല്ലാ അർത്ഥത്തിലും സമീറിനെ ഉടലിൽ ആവാഹിച്ചാണ് ആനന്ദ് ഓരോ നിമിഷവും സിനിമയിൽ പ്രത്യക്ഷനാവുന്നത്. നാട്ടിലുള്ള സമീറിനെയും ഗൾഫിലെത്തിയ സമീറിനെയും തോട്ടത്തിൽ ഓരോ ദിനങ്ങൾ പിന്നിടുന്ന സമീറിനെയും ഒരു ഗ്രാഫിക്കൽ റെപ്രസന്റേഷനിൽ എന്നവണ്ണം തന്റെ ശരീരത്തിലും ശരീരഭാഷയിലും വരുത്തുന്ന വ്യതിയാനങ്ങളിലൂടെ ആനന്ദ് ഉടലിൽ പകർത്തിയിടുന്നു.

    സമീർ

    ഇർഷാദ്, മാമുക്കോയ, നീനാകുറുപ്പ് തുടങ്ങിയവരൊക്കെ ചെറിയ റോളുകളിൽ ഉണ്ട്. ബാക്കി പ്രധാന റോളുകളിലെല്ലാം പുതുമുഖങ്ങളോ പുതുമുഖതുല്യരോ ആയ അഭിനേതാക്കളോ.ആണ്. ചെറിയ പതർച്ചകളൊക്കെ ഉണ്ടെങ്കിലും പൊതുവെ എല്ലാവരും നന്നായിട്ടുണ്ട്. നായിക അനഘസജീവ് , ചിഞ്ചു സണ്ണി ഒക്കെ ഒന്നും കൂടി നന്നാവാൻ ഉണ്ട്..

    സമീർ

    പടത്തിന്റെ മൊത്തം സ്വഭാവം എടുത്താലും അങ്ങനെ തന്നെ.. അമേച്വറീഷ്നെസ് പലയിടത്തും അനുഭവപ്പെടും.. എന്നാൽ പോലും നേരത്തെ പറഞ്ഞ അനുഭവങ്ങളുടെ തീക്ഷ്ണതയും ഉദ്ദേശശുദ്ധിയും സമീറിന് രക്ഷയാവും. അതിനാൽ സിനിമഭാഷയിൽ വരുന്ന ബാക്കിയുള്ള വ്യാകരണതെറ്റുകളും അക്ഷരപ്പിഴവുകളുമെല്ലാം കണ്ടില്ലെന്ന് നടിക്കാം.. സജീവ് പാലനാട് സംഗീതം കൊടുത്ത പാട്ടുകൾ എമ്പാടുമുണ്ട് സമീറിൽ. ചിലതൊക്കെ വൻ പ്രഹസനങ്ങളാണ്. പ്രൊഫഷണലിസമില്ലായ്മ പശ്ചാത്തലസംഗീതത്തിന് ഉടനീളം പാരയാവുന്നു. മരുഭൂമിക്കാഴ്ചകളെ അതിന്റെ വിശാലതയിൽ പകർത്തുന്ന ക്യാമറാവർക്ക് അടിപൊളി..

    Recommended Video

    Mammookka Funny Reply, ഇക്കയുടെ ചുട്ട മറുപടി | FilmiBeat Malayalam
    സമീർ

    നൂറുകോടി ബഡ്ജറ്റിൽ പലവർഷങ്ങൾ ചെലവിട്ട് പല രാജ്യങ്ങളിലെ മരുഭൂമികളിലായി ആടുജീവിതം ചിത്രീകരിച്ചു കൊണ്ടിരിക്കുന്ന ബ്ലെസ്സിയും തന്റെ ശരീരത്തിൽ വൻ പരീക്ഷണങ്ങൾ നടത്തിക്കൊണ്ട് നായകൻ നജീബ് ആകുന്ന പൃഥ്വിയും ഈ ചെറിയ സിനിമ ശ്രദ്ധിച്ചിട്ടുണ്ടോ ആവോ.. ആനന്ദ് റോഷൻ എന്ന നടന്റെ പെർഫോമൻസ് ശ്രദ്ധിക്കാനായിട്ടെങ്കിലും അവർക്ക് സമീർ കണ്ടുനോക്കാവുന്നത് ആണ്. സ്വന്തം അനുഭവങ്ങൾ എത്രത്തോളം റഷീദ് പാറക്കൽ എന്ന സംവിധായകന് തുണയാകുന്നു എന്നും വേണമെങ്കിൽ മനസിലാക്കാം.. അല്ലാത്തൊരു താരതമ്യത്തിലും രണ്ടു സിനിമയും വരാൻ സാധ്യതയില്ല.

    Read more about: review റിവ്യൂ
    English summary
    Sameer Telugu Movie review: Rasheed Parakkal Directed is an above Average Movie
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X