For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഒരു സിനിമയിൽ ഇതിൽ കൂടുതലായി എന്ത് വേണം?! സഞ്ജു: മനസ്സറിഞ്ഞ് കൈയ്യടിക്കാം - റിവ്യൂ

  |

  ബോളിവുഡ് സൂപ്പർതാരം സഞ്ജയ് ദത്തിന്റെ ജീവിത കഥ എന്നതിനൊപ്പം തന്നെ മുന്നാഭായി എം.ബി.ബി.എസ്, ലഗേ രഹോ മുന്നാഭായി, ത്രീ ഇഡിയറ്റ്സ്, പികെ തുടങ്ങിയ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളുടെ സംവിധായകനായ രാജ്കുമാർ ഹിരാനിയുടെ പുതിയ ചിത്രമെന്നതിനാലും വളരെയേറെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ ചിത്രമാണ് ജൂൺ 29 വെള്ളിയാഴ്ച്ച തീയറ്ററുകളിലേക്കെത്തിയ സഞ്ജു.

  സഞ്ജയ് ദത്തിന്റെ വിവിധ പ്രായങ്ങളിലെ രൂപം അതേപടി പകർത്തിക്കൊണ്ട് രൺബീർ സഞ്ജു ബാബയായി പകർന്നാട്ടം നടത്തുന്ന ചിത്രം ട്രെയിലറിലൂടെ വിസ്മയിപ്പിച്ചതുപോലെ തീയറ്ററിലും മായാജാലം കാട്ടി അദ്ഭുതപ്പെടുത്തുകയാണ്.

  സിനിമയിലെ കഥയുടെ ഒഴുക്ക് :

  സിനിമയിലെ കഥയുടെ ഒഴുക്ക് :


  ബോംബെ സ്ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് ഏകെ 56 കൈവശം വച്ചു എന്ന 1993-ലെ കേസിൽ 2013-ൽ സഞ്ജയ് ദത്തിനെ കോടതി 5 വർഷത്തെ ജയിൽ ശിക്ഷക്ക് വിധിക്കുന്നിടത്തു നിന്നുമാണ് സിനിമ ആരംഭിക്കുന്നത്. തന്നെക്കുറിച്ചുള്ള സത്യങ്ങൾ ലോകത്തെ അറിയിക്കാൻ തന്റെ ആത്മകത ഒരാളെകൊണ്ട് എഴുതിച്ച സഞ്ജു (രൺബീർ കപൂർ ) ആ പുസ്തകത്തിൽ തന്നെ ഗാന്ധിജിയുമായി താരതമ്യം ചെയ്തുള്ള തുടക്കത്തിൽ തന്നെ അസംതൃപ്തനാകുന്നു.

  ജയിലിലേക്ക് പോകാൻ കോടതി അനുവദിച്ച ഒരുമാസത്തെ കാലയളവിൽ തന്റെ കഥ സത്യസന്തമായി എഴുതാൻ പറ്റിയ മറ്റൊരാളെ അന്വോക്ഷിക്കുന്ന സഞ്ജു പ്രശസ്ത എഴുത്തുകാരിയായ വിന്നിയെ (അനുഷ്ക ശർമ്മ ) അതിനായി സമീപിക്കുന്നു.

  ഏതൊരാളേയും പോലെ സഞ്ജയ് ദത്തിന്റെ ജീവിതം ഡ്രഗ്സ്, കേസ് എന്നിവയ്ക്കപ്പുറം ജീവചരിത്രമെഴുതാൻ മാത്രം എന്താണെന്നായിരുന്നു വിന്നിയും അഭിപ്രായപ്പെട്ടത്. ശേഷം സഞ്ജുവിന്റെ നിർബന്ധപ്രകാരം ഒരു മണിക്കൂർ വിന്നി സഞ്ജുവിന്റെ കഥ കേൾക്കാനായി മാറ്റിവയ്ക്കുന്നു.

  പിന്നീട് ചിത്രത്തിൽ കാണുന്നത് സഞ്ജയ് ദത്ത് നായകനായി അരങ്ങേറിയ ചിത്രമായ "റോക്കി"യുടെ ചിത്രീകരണം തൊട്ടുള്ള താരത്തിന്റെ ജീവിതമാണ്. പാൻക്രിയാസ് ക്യാൻസർ ബാധിച്ച് സഞ്ജുവിന്റെ അമ്മ നർഗ്ഗീസ് (മനീഷ കൊയ്രാള) റോക്കി റിലീസ് ആകുന്നതിന് മൂന്ന് ദിവസം മുൻപാണ് മരിക്കുന്നത്.

  സഞ്ജയ് ദത്തിനെ അമ്മ വിളിക്കുന്ന പേരാണ് ചിത്രത്തിന് നൽകിയിരിക്കുന്ന സഞ്ജു.

  അമ്മയുടെ അസുഖവും, പ്രണയിനി റൂബിയുടെ (സോനം കപൂർ) വിവാഹം മറ്റൊരാളുമായി ഉറപ്പിക്കുന്നതുമൊക്കെ ലഹരിയുടെ പിടിയിലേക്ക് സഞ്ചുവിനെ എത്തിച്ചു.

  ഇതേ കാലയളവിലാണ് സഞ്ജയ് ദത്തിന് കമലേഷ് (വിക്കി കൗശൽ)എന്ന കൂട്ടുകാരനെയും ലഭിക്കുന്നത്‌.

  അദ്ധ്യായം ഒന്ന് (ആദ്യ പകുതി ):

  അദ്ധ്യായം ഒന്ന് (ആദ്യ പകുതി ):

  സിനിമയുടെ ആദ്യ പകുതിയിൽ കാണുന്നത് ലഹരിക്ക് അടിമയായി മാറിയ സഞ്ജു ബാബയേയും പിന്നീട് അച്ഛന്റെയും, കൂട്ടുകാരൻ കമലേഷിന്റെയും സപ്പോർട്ടിൽ അതിനെ മറികടന്ന് ജീവിതത്തിലേക്കുള്ള താരത്തിന്റെ മടക്കവുമാണ്‌.

  ഏതു തരത്തിലാണ് സംവിധായകൻ സഞ്ജയ് ദത്തിന്റെ ജീവിതത്തെ സമീപിച്ചിരിക്കുന്നതെന്ന് പൂർണ്ണമായും ഈ ആദ്യ പകുതിയിലൂടെ തന്നെ മനസ്സിലാക്കാൻ സാധിക്കും.

  സിനിമയിലൂടെ മാത്രം നമുക്ക് പരിചിതനായ സഞ്ജയ് ദത്തിന്റെ ജീവിതത്തെകുറിച്ച് ടിവി -പത്രമാധ്യമങ്ങളിലൂടെ മനസ്സിലാക്കിയ കാര്യങ്ങൾക്കും അപ്പുറത്തുള്ള സത്യങ്ങൾ ചിത്രത്തിലൂടെ അറിയാൻ സാധിക്കുന്നുണ്ട്.

  അച്ഛനും,അമ്മയുമായുള്ള സഞ്ജു ബാബയുടെ വൈകാരിക ബന്ധം ആഴത്തിൽ അപഗ്രഥിച്ചാണ് സംവിധായകൻ ചിത്രമൊരുക്കിയിരിക്കുന്നത്. കമലി എന്ന് സഞ്ജു വിളിക്കുന്ന കമലേഷുമായുള്ള സുഹൃത്ബന്ധവും പ്രേക്ഷകർക്ക് വ്യക്തമായി സ്ക്രീനിൽ കാണാൻ കഴിയുന്നുണ്ട്.

  സഞ്ജയ് ദത്തിനോടുള്ള സൗഹൃദം കമലേഷ് ഉപേക്ഷിച്ചുവെന്നും അതിനുള്ള കാരണം സഞ്ജയ് ദത്തിന്റെ വീട്ടിൽ ആർ.ഡി.എക്സ് നിറച്ച വാഹനം പാർക്ക് ചെയ്തിരുന്നു എന്ന് വ്യക്തമായതാണെന്നും കമലേഷിന്റെ വാക്കുകളിലൂടെ അറിയിച്ച് സംശയങ്ങളുടെ ചെറു ബോംബിന് തിരികൊളുത്തിക്കൊണ്ടാണ് രാജ്കുമാർ ഹിരാനി ചിത്രത്തിന്റെ ആദ്യ പകുതി അവസാനിപ്പിക്കുന്നത്.

  അദ്ധ്യായം രണ്ടും,മൂന്നും (രണ്ടാം പകുതി )

  അദ്ധ്യായം രണ്ടും,മൂന്നും (രണ്ടാം പകുതി )

  ആദ്യ പകുതിയേക്കാൾ ചടുലമായ തുടക്കമാണ് രണ്ടാം പകുതിയിലുള്ളത്. ലഹരിയിൽ നിന്നും മുക്തി നേടിയ സഞ്ജു തന്റെ വിജയ ചിത്രങ്ങളിലൂടെ ബോളിവുഡിൽ സ്ഥാനമുറപ്പിച്ച ഘട്ടത്തിലാണ് താരത്തിന്റെ ജീവിതത്തിലെ അടുത്ത പ്രധാന പരീക്ഷണം നേരിടേണ്ടി വരുന്നത്.

  മുംബൈ സ്ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് നിറയെ അറസ്റ്റുകൾ നടന്നിരുന്നു, അതിൽ ചിലർ സഞ്ജയ് ദത്ത് തങ്ങളിൽ നിന്നും ഏ.കെ. 56 റൈഫിൾ മേടിച്ചിരുന്നു എന്ന മൊഴി കൊടുത്തതിനെ തുടർന്നാണ് സഞ്ജയ് ദത്തിനെ 1993 ൽ അറസ്റ്റ് ചെയ്യുന്നത്. ബെയിൽ ലഭിക്കാതെ ഏകദേശം നാനൂറ് ദിവസത്തിലധികമാണ് ദത്ത് ജയിലിൽ കഴിഞ്ഞത്. അതിന് ശേഷംജാമ്യം ലഭിച്ചുവെങ്കിലും പിന്നീടും പല തവണ താരത്തിന് ജയിലിലേക്ക് തിരികെ പോകേണ്ടിയും വന്നു.

  രണ്ടാം പകുതിയിൽ സഞ്ജു ബാബയുടെ ജീവിതത്തിലെ ഒരേ സംഭവം രണ്ട് പേരുടെ വീക്ഷണ കോണിലൂടെയാണ് കാണിക്കുന്നത്. കമലേഷ് എഴുത്തുകാരി വിന്നിയോടു പറയുന്ന സഞ്ജുവിന്റെ കഥയാണ് ഒന്ന്. രണ്ടാമത്തേത് സഞ്ജയ് ദത്ത് യേർവാഡ ജയിലിലെ എഫ്.എം. സ്റ്റേഷനിലൂടെ പറയുന്ന കാര്യങ്ങളാണ്.

  അവയെപ്പറ്റി കൂടുതൽ വ്യക്തമാക്കി ചിത്രം കാണാൻ താൽപര്യമുള്ളവരുടെ ആകാംഷ നശിപ്പിക്കുന്നില്ല.

  രൺബീർ ചിത്രത്തിലില്ല!

  രൺബീർ ചിത്രത്തിലില്ല!

  അതിശയപ്പെടുത്തുന്ന വസ്തുതയാണത്. രൺബീർ കപൂർ നായകനായ ചിത്രമായി സഞ്ജു കാണുമ്പോൾ അനുഭവപ്പെടുന്നില്ല, കാരണം എവിടെയും രൺബീറിന്റെ സാനിധ്യം അനുഭവപ്പെട്ടില്ല.

  ഈ കഥാപാത്രമായി മറ്റാരേയും സങ്കൽപ്പിക്കാൻ സാധിക്കാത്ത വിധം അതിമനോഹരമായി നടൻ സഞ്ജയ് ദത്തായി ജീവിക്കുകയായിരുന്നു രൺബീർ ചിത്രത്തിൽ. തീർച്ചായും രൺബീറിന്റെ അഭിനയ ജീവിതത്തിൽ മുൻപന്തിയിൽ എക്കാലവും നിലനിൽക്കുന്ന കഥാപാത്രമാണിത്. ഇതുവരെയുള്ള രൺബീറിന്റെ പ്രകടനങ്ങളിൽ ഏറ്റവും മികച്ചതെന്നും സഞ്ജുവായുള്ള ഈ പരകായപ്രവേശത്തെ വിശേഷിപ്പിക്കാം.

  ചിത്രത്തെ ജീവസ്സുറ്റതാക്കി മാറ്റിയ അഭിനയങ്ങൾ:

  ചിത്രത്തെ ജീവസ്സുറ്റതാക്കി മാറ്റിയ അഭിനയങ്ങൾ:

  രൺബീറിന്റെ പ്രകടനം മാത്രമല്ല ചിത്രത്തിൽ എടുത്ത് പറയാനുള്ളത്. ചിത്രത്തിലുടനീളം സാനിധ്യമറിയിച്ച പരേഷ് റാവലും, വിക്കി കൗശലും നൂറ് ശതമാനവും കഥാപാത്രങ്ങളോട് നീതി പുലർത്തിയിട്ടുണ്ട്‌. പരേഷ് റാവലിന്റെയും രൺബീറിന്റെയും അച്ഛനും- മകനുമായുള്ള കോമ്പിനേഷൻ രംഗങ്ങൾ കണ്ണ് നിറയ്ക്കുന്നതാണ്.

  സഞ്ജയ് ദത്തിന്റെ ഭാര്യ മാന്യതയായി എത്തിയ ഡിയ മിർസയും, വിന്നി ഡിയാസ് എന്ന എഴുത്തുകാരിയെ അവതരിപ്പിച്ച അനുഷ്ക ശർമ്മയും, നെഗറ്റീവ് ഷേഡിലുള്ള സുബിൻ മിസ്ത്രി എന്ന കഥാപാത്രമായെത്തിയ ജിം സർഭും അവരവരുടെ കഥാപാത്രങ്ങളെ ഭംഗിയാക്കിയിട്ടുണ്ട്.

  ചിത്രത്തിൽ കാണാൻ സാധിക്കാത്തവ:

  ചിത്രത്തിൽ കാണാൻ സാധിക്കാത്തവ:

  സഞ്ജയ് ദത്ത് മൂന്ന് വിവാഹം കഴിച്ചിട്ടുണ്ടെങ്കിലും ആദ്യ രണ്ട് ഭാര്യമാരെപ്പറ്റിയും ചിത്രത്തിൽ പരാമർശിക്കുന്നില്ല. 350-ൽ അധികം സ്ത്രീകളുമായി ബന്ധം പുലർത്തിയിരുന്നു എന്ന് പറയുന്ന സഞ്ജയ് ദത്തിന്റെ അത്തരം ബന്ധങ്ങളുടെ ഒര് ഉദാഹരണം മാത്രമാണ് ചിത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

  വളരെ സംഭവബഹുലമായ സഞ്ജയ് ദത്തിന്റെ ജീവിതത്തിലെ പ്രധാന രണ്ട് സംഭവങ്ങളാണ് ചിത്രത്തിൽ ആവിഷ്ക്കരിച്ചിരിക്കുന്നത്.

  ബോളിവുഡിലെ സഞ്ജയ് ദത്തിന്റെ സഹതാരങ്ങളായും ആരേയും മരുന്നിന് പോലും ചിത്രത്തിൽ കാണാൻ കിട്ടുന്നില്ല.

  തൊണ്ണൂറുകളിൽ ബോളിവുഡിൽ പരസ്യമായിരുന്ന സഞ്ജയ് ദത്തും, മാധുരി ദീക്ഷിതും തമ്മിലുണ്ടായിരുന്ന ബന്ധത്തെപ്പറ്റിയും സിനിമ ഒരക്ഷരം മിണ്ടുന്നില്ല. തന്നെക്കുറിച്ചുള്ള രംഗങ്ങൾ സിനിമയിൽ നിന്നും ഒഴിവാക്കണമെന്ന് മാധുരി സംവിധായകനാട് ആവശ്യപ്പെട്ടിരുന്നു എന്നും വാർത്തകൾ പുറത്തുവന്നിരുന്നു, ഒരു പക്ഷെ അതായിരിക്കാം കാരണം.

  ഗാനങ്ങൾ:

  ഗാനങ്ങൾ:

  റോഹൻ - റോഹൻ സംഗീതമേകിയ "മേ ബഡിയാ തൂ ഭി ബഡിയാ" എന്ന ഗാനവും, വിക്രം മംട്രോസിന്റെ ഈണത്തിലുളള ‘കർ ഹർ മൈദാൻ ഫത്തേ' എന്ന ഗാനവും ചിത്രത്തിൽ മികച്ചു നിൽക്കുന്നു.

  എ. ആർ. റഹ്മാൻ സംഗീതം നൽകിയ "റൂബി റൂബി" എന്ന ഗാനവും ചിത്രത്തിലെ സന്ദർഭത്തിന് ഉചിതമായത് തന്നെയാണ്.

  സുഖ് വിന്ദർ സിംഗ്- ശ്രേയാ ഘോഷാൽ എന്നിവർ ആലപിച്ച "കർ ഹർ മൈദാൻ ഫത്തേ"എന്ന ഗാനം സിരകളിൽ ആവേശം നിറയ്ക്കുന്നതാണ്.

  സംവിധായകന്റെ മാജിക്ക്:

  സംവിധായകന്റെ മാജിക്ക്:

  ആക്ഷേപഹാസ്യം നന്നായി കൈകാര്യം ചെയ്ത ‘പികെ' എന്ന ബ്ലോക്ബസ്റ്ററിന് ശേഷം തോന്നുംവിധം എഴുതി ഹെഡ് ലൈൻ കൊഴുപ്പിക്കുന്ന മൂന്നാംകിട മാധ്യമ പ്രവർത്തകരെ ആക്ഷേപിച്ചുകൊണ്ടാണ് സഞ്ജു എന്ന ചിത്രം സംവിധായകൻ പൂർത്തിയാക്കുന്നത്.

  മുൻ ചിത്രങ്ങളെപ്പോലെ സംവിധായകന്റെ ഈ ചിത്രവും പ്രേക്ഷകർ ഏറ്റെടുക്കും എന്നതിൽ സംശയമില്ല.

  സഞ്ജയ് ദത്തിന്റെ ജീവിതത്തിൽ നിന്നും നിറയെ സംഭവങ്ങൾ എടുത്ത് കൂട്ടിക്കുഴച്ച് പ്രേക്ഷകരെ ബുദ്ധിമുട്ടിക്കാതെ സിംപിളായി എന്താണോ ആവശ്യം അത് മാത്രം തിരഞ്ഞെടുത്ത് അവതരിപ്പിച്ച സംവിധായകന്റെ നീക്കത്തിൽ തെറ്റുപറയാനാകില്ല.സഞ്ജയ് ദത്തിനെ ഒരു സൂപ്പർ ഹീറോയാക്കി അവതരിപ്പിക്കാനും അദ്ദേഹം മെനക്കെട്ടിട്ടില്ല. ഒരു സാധാരണ മനുഷ്യന്റെ ചിന്തകളും, ഭയങ്ങളും, പരിമിതികളും ഒക്കെയുള്ളയാളാണ് സഞ്ജയ് ദത്തും എന്ന സത്യത്തെ നിലനിർത്തിക്കൊണ്ടാണ് സംവിധായകൻ ചിത്രത്തെ കൈകാര്യം ചെയ്തിരിക്കുന്നത്.

  കഥ ആവശ്യപ്പെടുന്ന ചെറിയ ലാഗിംഗ് ചിത്രത്തിലുണ്ട് പക്ഷെ പ്രേക്ഷകർക്ക് മുഷിച്ചിലുണ്ടാകില്ല. രണ്ടേമുക്കാൽ മണിക്കൂർ ദൈർഘ്യമുള്ള ചിത്രത്തിൽ ഇമോഷണൽ രംഗങ്ങളാണധികമെങ്കിലും ഇടയ്ക്ക് കാണികളെ ചിരിപ്പിക്കുന്ന സ്വാഭാവിക രംഗങ്ങളും ഉണ്ട്.

  ‘പി.കെ' സിനിമയിലുള്ളതിന് സമാനമായ ബാക്ക്ഗ്രൗണ്ട് സ്കോർ വേണ്ടിയിരുന്നില്ല എന്ന് തോന്നുന്നു.

  ചിത്രത്തിന് യോജിച്ച മികച്ച പശ്ചാത്തല സംഗീതത്തിന്റെ അഭാവം ചിത്രത്തിൽ വളരെയധികം നിഴലിക്കുന്നുണ്ട് എന്നത് ഒരു പോരായ്മ്മ തന്നെയാണ്.

  റേറ്റിംഗ്: 8.85/10

  റേറ്റിംഗ്: 8.85/10

  ബയോപിക് എന്ന നിലയിൽ വളരെ വ്യത്യസ്തമായും, മികവോടെയും ഒരുക്കിയിരിക്കുന്ന ചിത്രമാണ് സഞ്ജു.

  കുടുംബമായി തന്നെ കാണാൻ കഴിയുന്ന സിനിമ.

  സെലിബ്രിറ്റികളെപ്പറ്റിയുള്ള ഗോസിപ്പുകൾക്കും മറ്റ് വാർത്തകൾക്കുമായി ആവേശത്തോടെ കാത്തിരിക്കുന്നവരും, തങ്ങളുടെ ലാഭത്തിനായി ഹെഡ് ലൈനുകളിൽ ചോദ്യചിഹ്നങ്ങൾ ചേർത്ത് അടിസ്ഥാനമില്ലാതെ ആരോപണങ്ങൾ ഉന്നയിച്ച് ശ്രദ്ധയാകർഷിക്കുന്ന മാധ്യമ പ്രവർത്തകരും മനസ്സിലാക്കേണ്ട കാര്യങ്ങളാണ് സഞ്ജയ് ദത്തിന്റെ ജീവിതകഥ പങ്കുവയ്ക്കുന്നത്.

  ഒരാളെ കുറ്റവാളിയായി മുദ്രകുത്തി ആവേശം കാട്ടുന്നവർ അയാൾ കുറ്റമൊന്നും ചെയ്തിട്ടില്ല എന്ന് തെളിഞ്ഞാലും ആ വാർത്ത പ്രചരിപ്പിക്കാൻ ഉത്സാഹിക്കാറില്ല.

  അല്ലെങ്കിലും മറ്റൊരാളെപ്പറ്റി നല്ലത് പറയാനും കേൾക്കാനും ആഗ്രഹിക്കുന്നവരുടെ എണ്ണം നമ്മളുടെ പൊതുസമൂഹത്തിൽ വളരെ കുറവാണല്ലോ.!

  പ്രതീക്ഷകൾ തെറ്റിക്കാതെ സിനിമ കണ്ടിറങ്ങുമ്പോൾ പ്രേക്ഷകർക്ക് സംതൃപ്തി നൽക്കുന്നതിനാൽ തന്നെ സഞ്ജു തീർച്ചയായും കണ്ടിരിക്കേണ്ട ചിത്രമെന്ന ഗണത്തിൽപ്പെടുന്നത് തന്നെയാണ്.

  English summary
  Sanju movie review
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X