ഐശ്വര്യമുള്ള ഏഴു കള്ളന്‍മാര്‍
കൃഷ്ണനുണ്ണി (പൃഥ്വിരാജ്), ഷബാബ് (ആസിഫ് അലി), നോബിളേട്ടന്‍ (നെടുമുടി), നാരായണന്‍കുട്ടി (നീരജ് മാധവ്), ലീഫ് വാസു (സുധീര്‍ കരമന), മാര്‍ട്ടിന്‍ (ചെമ്പന്‍ വിനോദ്), സലാം (സലാം ബുഖാരി) ഇവരാണ് മലയാളിയെ ഇപ്പോള്‍ ചിരിപ്പിക്കുന്ന ഐശ്വര്യമുള്ള ഏഴു കള്ളന്‍മാര്‍. വിയ്യൂര്‍ ജയിലില്‍ പല കാരണങ്ങളാല്‍ എത്തിച്ചേരുന്ന ഏഴു കള്ളന്‍മാര്‍. ജയിലില്‍ പരസ്പരം പരിചയപ്പെട്ടപ്പോള്‍ അവര്‍ ഒരു തീരുമാനത്തിലെത്തി.
കൃഷ്ണനുണ്ണിയുടെയും നോബിളേട്ടന്റെയും ജീവിതം തകര്‍ത്ത പയസ് മാത്യു (ജോയ് മാത്യു)വിന്റെ കള്ളപ്പണം അടിച്ചുമാറ്റുക. ധര്‍മാശുപത്രിയുടെ മൂന്നാംനിലയിലെ ലോക്കറില്‍ ഒളിപ്പിച്ചുവച്ചിരിക്കുന്ന ഈ പണം എങ്ങനെ അടിച്ചുമാറ്റുമെന്നതിനെക്കുറിച്ച് പുറത്തിറങ്ങുമ്പോള്‍ അവര്‍ക്കൊരു ധാരണയും ഇല്ലായിരുന്നു. എന്നാല്‍ ഏഴുപേരുടെയും ബുദ്ധി ഒരേപോലെ പ്രവര്‍ത്തിച്ചപ്പോള്‍ അവര്‍ക്കു കാര്യം സാധിക്കാന്‍ കഴിഞ്ഞു.അതിന് അവര്‍ക്കു സഹായമായത് നോബിളേട്ടന്റെ മകളും ഇതേ ആശുപത്രിയിലെ നഴ്‌സുമായ അന്നമ്മ (സനുഷ)യാണ്.

ബാങ്ക് ഉദ്യോഗസ്ഥനായ കൃഷ്ണന്‍കുട്ടി ജയിലിലെത്തുന്നത് പയസ് മാത്യു എന്ന തൃശൂരിലെ കൗണ്‍സിലറെ തല്ലിയതിനാണ്. അയാളുടെ ഭാര്യ സാറാ (റിനു മാത്യൂസ്)യെ കൊലപ്പെടുത്തിയത് പയസിന്റെ ആളുകളായിരുന്നു. അനാഥാലയത്തിന്റെ പേരില്‍ അയാള്‍ നടത്തുന്ന വെട്ടിപ്പ് സാറ പുറത്തുകൊണ്ടുവരുമെന്നായപ്പോളാണ് അയാള്‍ പ്രതികാരം ചെയ്യുന്നത്.
വലിയ ചിട്ടി മുതലാളിയായിരുന്ന നോബിളേട്ടനെ തകര്‍ത്തതും പയസും സഹോദരങ്ങളുമാണ് (ഇര്‍ഷാദ്, മുകുന്ദന്‍). ചെമ്പന്‍ വിനോദ് ജയിലിലെത്തുന്നത് ഭണ്ഡാരം മോഷ്ടിക്കുമ്പോഴാണ്. സോപ്പുപെട്ടിയില്‍ ഒളികാമറ വച്ചുകൊടുത്തതിനാണ് കൃഷ്ണനുണ്ണി ജയിലിലെത്തുന്നത്. വിസ നല്‍കി വഞ്ചിച്ചയാളെ വീട്ടില്‍ കയറി മര്‍ദിച്ചതിനാണ് ഷബാബ് ഇവരുടെ കൂട്ടത്തിലെത്തുന്നത്.
ജയിലിനു പുറത്തിറങ്ങിയ ഇവര്‍ കള്ളത്താക്കോല്‍ സംഘടിപ്പിച്ച് രാത്രി ആശുപത്രിയില്‍ മോഷ്ടിക്കാനിറങ്ങുന്നു. അവരെ സഹായിക്കാന്‍ സര്‍ക്കസ് കലാകാരിയും സലാമിന്റെ കാമുകിയുമായ ബര്‍മക്കാരിയുമുണ്ട്. പള്ളിപ്പെരുന്നാളിന്റെ അന്നാണ് മോഷണം നടക്കുന്നത്. വളരെ സമര്‍ഥമായി പണവുമായി പുറത്തിറങ്ങുന്നു സംഘം. എന്നാല്‍ പണം കയ്യില്‍ സൂക്ഷിച്ചിരുന്ന കൃഷ്ണനുണ്ണിയെ മാത്രം കാണുന്നില്ല. അവിടെയാണ് കഥ പുതിയ ട്വിസ്റ്റിലേക്കു നീങ്ങുന്നത്. (അതുംകൂടി പറഞ്ഞാല്‍ പിന്നെ തിയറ്ററില്‍ പോകാന്‍ പറ്റില്ലല്ലോ).
അനില്‍ രാധാകൃഷ്ണ മേനോന്റെ സപ്തമശ്രീ തസ്‌കര മലയാളത്തിലെ ഓണച്ചിത്രങ്ങളില്‍ ഏറ്റവും കയ്യടി നേടി അങ്ങനെ മുന്നേറുകയാണ്.
അടുത്ത പേജ്


Click it and Unblock the Notifications











