For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സർദാർ കാ ഗ്രാൻഡ്സൺ: കളറാണ്, ഹൃദയത്തിൽ തട്ടുന്നുമുണ്ട് — ശൈലന്റെ റിവ്യൂ

  |

  ശൈലൻ

  എഴുത്തുകാരന്‍
  കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല.. സാഹിത്യകാരനെന്നോ വിമർശകനെന്നോ ഉള്ള ലേബലുകൾ കൂടാതെ പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്. പ്രിന്റ് മീഡിയയിലും സജീവം. എട്ട് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

  Rating:
  2.5/5
  Star Cast: Neena Gupta, Arjun Kapoor, Rakul Preet Singh
  Director: Kaashvie Nair

  നീനാ ഗുപ്തയെ കുറിച്ച് ഓർക്കുകയാണ്..80കളിൽ അവരുടെ ജ്വലിക്കുന്ന യൗവനകാലത്തെ കുറിച്ചും.. അക്കാലത്ത് കറുത്ത കുതിരകളായി ഉയർന്നുവന്ന വെസ്റ്റിൻഡീസ് ക്രിക്കറ്റ് ടീമിന്റെ താരപ്പൊലിമയുള്ള ക്യാപ്റ്റൻ റിച്ചാർഡ്‌സുമായി പ്രണയബന്ധം സ്ഥാപിച്ചാണ് അവർ വാർത്തകളിൽ നിറഞ്ഞത്. ആ ബന്ധത്തിൽ അവർ മകളെ പ്രസവിക്കുകയും പ്രണയത്തിന്റെ വരദാനം എന്ന് വിശേഷിപ്പിച്ച് അവളെ വളർത്തുകയും ചെയ്തു. ഇന്ന് കണ്ട "സർദാർ കാ ഗ്രാൻഡ്സൺ" എന്ന പുത്തം പുതിയ സിനിമയിൽ നീനാ ഗുപ്ത ഒരു 90കാരിയായിട്ടാണ് അഭിനയിക്കുന്നത്. കാലത്തിന്റെ ഓരോരോ കലാപരിപാടികൾ..

  90 കാരി എന്നുപറയുമ്പോൾ അത് വെറുമൊരു വൃദ്ധ കഥാപാത്രമോ അപ്രധാന മുത്തശ്ശിയോ ഒന്നുമല്ല. സിനിമയുടെ നെടുംതൂണ് തന്നെ അവരാണ്. അതായത് ടൈറ്റിലിൽ കാണുന്ന സർദാർ. ലാഹോറിൽ ജനിച്ച് വിഭജനകാലത്ത് ഭർത്താവിനെ നഷ്ടപ്പെട്ട്, അവിടെ നിന്നും വീട് ഉപേക്ഷിച്ച് അമൃത്സറിലേക്ക് പോരേണ്ടി വന്ന സർദാർ കൗർ.. 90വയസിലും കില്ലാടിയായ പേരക്കുട്ടിക്കൊപ്പമിരുന്നു വിസ്ക്കി കഴിക്കുന്ന , പ്രായഭേദമെന്യേ എല്ലാവരും സർദാർ എന്ന് വിളിക്കുന്ന രസികൻ കഥാപാത്രം.

  ലോസ് ആഞ്ചലസിലും അമൃത്സറിലും ലാഹോറിലുമായിട്ടാണ് സർദാർ കാ ഗ്രാൻഡ്സൺ പുരോഗമിക്കുന്നത്. സർദാറിന്റെ ഗ്രാൻഡ്‌സൺ ആയ അംരീക്ക് സിംഗ് ലോസ് ആഞ്ചലസിൽ ജെന്റ്ലി ജെന്റ്ലി എന്ന പേരിൽ ഒരു പാക്കിംഗ് ആൻഡ് ഷിഫ്റ്റിങ് സ്ഥാപനം നടത്തുകയാണ്. സ്ഥാപനത്തിൽ പാർട്ണർ ആയ രാധാലക്ഷ്മിയുമായി അംരീക്ക് റിലേഷനിലും ആണ്. തൊട്ടതെല്ലാം അബദ്ധമാക്കുന്ന ആംരിക്കിനെ സഹിക്കാൻ കഴിയാതെ രാധലക്ഷ്മി റിലേഷൻ ബ്രെയ്ക്ക് ചെയ്ത സമയത്ത് തന്നെയാണ് മുത്തശ്ശിയായ സർദാറിന് സുഖമില്ലെന്ന് വിവരം കിട്ടി അയാൾക്ക് നാട്ടിലേക്ക് പോവേണ്ടി വരുന്നതും.

  അർജുൻ കപൂർ ആണ് അംരീക്ക്. രാധലക്ഷ്മി ആയി രാകുൽ പ്രീത് സിംഗും. പ്രണയവും ബ്രെയ്ക്ക് ആപ്പും റീ ജോയിനിംഗും ഒക്കെ സിനിമയിൽ സബ് പ്ലോട്ടാണ്. മെയിൻ ഐറ്റങ്ങൾ കിടക്കുന്നത് സർദാരുമായി ബന്ധപ്പെട്ടാണ്. ട്യൂമറിന് ഇനിയിപ്പോ ചികിൽസിച്ചിട്ട് വല്യ കാര്യമൊന്നുമില്ല ചീട്ട് കീറാനായിട്ടുണ്ടെന്നും പറഞ്ഞ് ഹോസ്പിറ്റലുകാർ റിട്ടേണടിച്ചതാണ് ആയമ്മയെ. 20 വയസിൽ ഉപേക്ഷിച്ചുപോന്ന ഭർത്താവിന്റെ ഓർമ്മകൾ നിറഞ്ഞ് നിൽക്കുന്ന ലാഹോറിലെ വീട്ടിൽ പോവണം എന്നതാണ് അവരുടെ അന്ത്യാഭിലാഷം. അതിനായി അംരീക്ക് നടത്തുന്ന ശ്രമങ്ങൾ ആണ് പിന്നീട് മുഴുവനും.

  മാർച്ച് മാസത്തിൽ അമൃത്സറിലും പഞ്ചാബിലെ പല പാക്കിസ്ഥാൻ ബോർഡർ ഗ്രാമങ്ങളിലും ഒക്കെ പോയിരുന്നു ഞാൻ. അവിടുത്തെ ഏതൊരു മനുഷ്യനോട് സംസാരിച്ചാലും എഴുപത് കൊല്ലം കഴിഞ്ഞിട്ടും വിഭജനത്തിന്റെ ഏതെങ്കിലുമൊക്കെ ഉണങ്ങാത്ത മുറിവുകൾ ഉള്ളിൽ കൊണ്ടു നടക്കുന്നവർ ആണ് അവർ. ആ ഒരു വൈകാരികത ഉൾക്കൊണ്ട് കാണേണ്ട സിനിമയാണ് സർദാർ കാ ഗ്രാൻഡ്സൺ. ജീവിച്ചിരിക്കുന്ന ഗ്രാമത്തിൽ ഒരു അർധരാത്രി ഒരു വേലി വരികയും അതിനപ്പുറമുള്ളതെല്ലാം മറ്റൊരു ആവുകയും ചെയ്യുന്ന അവസ്ഥയും ദുർവിധിയും നമ്മൾ മലയാളികൾക്കൊക്കെ ഭാവനയിൽ കാണുന്നതിന് പോലും പരിധിയുണ്ട്..

  സിനിമയുടെ നല്ലൊരുഭാഗം നടക്കുന്നത് ലാഹോറിൽ ആണ്. പാസ്‌പോർട്ടിൽ ബ്ലാക്ക്ലിസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നതിനാൽ മുത്തശ്ശിക്ക് പാക്കിസ്ഥാൻ പ്രവേശനാനുമതി നിഷേധിക്കുന്നു. അതിനുള്ള കാരണം അവരുടെ കയ്യിലിരുപ്പ് തന്നെയാണ്. ഗ്രീൻകാർഡ് ഉള്ള ഗ്രാന്‍ഡ്‌സണ്‍ ലാഹോറിൽ എത്തി സർദാറിന്റെ പുരാതന ഭവനം, സാങ്കേതികത ഉപയോഗിച്ച് അടിയോട് പിഴുത് അമൃത്സറിൽ എത്തിക്കാനുള്ള ശ്രമങ്ങളാണ് പിന്നീട്. മണ്ടൻ ആശയം എന്നുപറഞ്ഞ് എല്ലാരും പരിഹസിക്കുമ്പോഴും അയാൾ പിന്നോട്ട് പോകുന്നില്ല.

  സർദാറിന്റെയും ഭർത്താവ് ഗുൽഷേർ സിംഗിന്റെയും 1946-47 കാലഘട്ടത്തിലെ യുവത്വം അവതരിപ്പിച്ചിരിക്കുന്നത് അദിതിറാവു ഹൈദരിയും ജോൺ എബ്രഹാമും ആണ് എന്നത് സർദാർ കാ ഗ്രാൻഡ്സൺ ന്റെ ഒരു വിശേഷമാണ്. അർജുൻ കപൂറിന്റെ മുത്തശ്ശൻ ആയി ജോൺ എബ്രഹാം വരുന്നു എന്ന കൗതുകം. ജോണും അദിതിയും ക്യൂട്ട് ആയിട്ടുണ്ട് ആ പോർഷനിൽ. സിനിമയുടെ നിർമ്മാണത്തിൽ കൂടി പങ്കാളി ആണ് ജോൺ.

  അങ്കാര്‍, ഗ്രഹന്‍, വണ്‍ ടു കാ ഫോര്‍ പോലുള്ള പഴയ ഹിന്ദി സിനിമകൾ ചെയ്തിട്ടുള്ള ശശിലാൽ നായരുടെ മകൾ കാഷ്വി നായർ ആണ് സർദാർ കാ ഗ്രാൻഡ്സൺ ഡയറക്റ്റ് ചെയ്തിരിക്കുന്നത്. അവർക്ക് എന്ന പോലെ സിനിമയുടെ ഛായാഗ്രഹണം, എഡിറ്റിങ് കൈകാര്യം ചെയ്തവർക്കൊന്നും വിക്കി പേജ് പോലും കാണുന്നില്ല. പുതിയ ടീം ആയിരിക്കും.. അതിന്റെയൊരു ചപലതകളോ/ ഫ്രഷ്‌നസ്സോ സിനിമക്കില്ല എന്നത് വേറെ കാര്യം.

  പക്ഷെ, ഓവർഡോസ് മെലോഡ്രാമ എന്ന് പറഞ്ഞ് തള്ളിക്കളയാൻ പറ്റാത്ത ഒരു ഹൃദയാലുത്വം സിനിമയ്ക്കുണ്ട്. അതുകൊണ്ട് തന്നെ പലപ്പോഴും ഉള്ളിൽ തട്ടുന്നുണ്ട് ആ വൈകാരികത. ദേശീയതയെ മറി കടക്കുന്ന മാനുഷികത ഫിക്ഷണൽ ആയിട്ടെങ്കിലും കാണാൻ സാധിക്കുമ്പോൾ ഉള്ളു നിറഞ്ഞ് പോവുന്നു. ലാഹോറിലെയും അവിടത്തെ ആളുകളെയും ശത്രുതയോടെ അല്ല സ്ക്രിപ്റ്റും ക്യാമറയും സമീപിക്കുന്നത്. ടോട്ടലി ഫീൽഗുഡ് സമീപനം ആണ്. അതിന്റെ ഒരു സുഖം സിനിമ കാണുമ്പോഴും ഉണ്ട്..

  Mohanlal provided 1.5cr worth equipments to hospitals | FilmiBeat Malayalam

  ഫീല്‍ഗുഡ് സിനിമകളോട് ഇഷ്ടമുളളവര്‍ക്ക് കണ്ടിരിക്കാവുന്ന ചിത്രമാണ് സര്‍ദാര്‍ കാ ഗ്രാന്‍ഡ്‌സണ്‍.

  Read more about: review റിവ്യൂ
  English summary
  Sardar Ka Grandson Hindi Movie review: Arjun Kapoor Starrer is Is One Time Watch
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X