കലയ്ക്കും കലാകാരനും മരണമില്ല, വിജയ് സേതുപതി അവിസ്മരണീയമാക്കിയ സീതക്കാതി!
ജിന്‍സ് കെ ബെന്നി
വിജയ് സേതുപതിയുടെ ഇരുപത്തിയഞ്ചാം ചിത്രമെന്ന പ്രത്യേകതയോടെയാണ് സീതക്കാതി തിയറ്ററുകളിലേക്ക് എത്തിയത്. തെന്നിന്ത്യയില്‍ തരംഗമായി മാറിയ 96 എന്ന ചിത്രത്തിന് പിന്നാലെ എത്തുന്ന സിനിമയെന്ന നിലയില്‍ സീതക്കാതി ആരാധകരില്‍ ഏറെ പ്രതീക്ഷയുണര്‍ത്തുന്ന ചിത്രമായിരുന്നു. ചിത്രത്തിലെ വിജയ് സേതുപതിയുടെ വ്യത്യസ്ത ഗെറ്റപ്പുകളും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒപ്പമുള്ളവര്‍ അയ്യ എന്ന് സ്‌നേഹ ബഹുമാനങ്ങളോടെ വിളിക്കുന്ന ആദിമൂലം എന്ന നാടക നടന്റെ വേഷത്തിലാണ് വിജയ് സേതുപതി സീതക്കാതിയില്‍ എത്തുന്നത്.

അയ്യയുടെ ബാല്യവും കൗമാരവും യൗവ്വനവും വാര്‍ദ്ധിക്യവും നാടകവേദികളിലൂടെ സംവിധായകന്‍ വരച്ച് കാണിക്കുന്നു. നിറഞ്ഞ കാണികള്‍ക്ക് മുന്നില്‍ ആദിമൂലം ആടിത്തിമിര്‍ക്കുന്ന എഴുപതികളുടെ മധ്യത്തില്‍ അദ്ദേഹത്തെ തേടി സിനിമയിലേക്കുള്ള ക്ഷണമെത്തി. എന്നാല്‍ കാണികള്‍ക്ക് മുന്നില്‍ നിന്ന് അഭിനയിക്കുന്നതാണ് തനിക്ക് താല്പര്യമെന്ന് പറഞ്ഞ് സ്‌നേഹത്തോടെ ആ ക്ഷണം അദ്ദേഹം നിരസിച്ചു. പോകപ്പോകെ, വാര്‍ദ്ധിക്യത്തിലേക്ക് എത്തുമ്പോഴേക്കും നാടകങ്ങള്‍ക്ക് കാഴ്ച്ചക്കാരുടെ എണ്ണം ശുഷ്‌കമായിക്കൊണ്ടിരുന്നു. നാടകത്തെ അത്രമേല്‍ പ്രണയിച്ച ആദിമൂലം എന്ന അയ്യ വേദിയില്‍ അഭിനയിച്ചുകൊണ്ടിരിക്കെ മരണപ്പെടുകയാണ്.

അയ്യയുടെ മരണത്തോടെ സിനിമയുടെ ഗതിയും താളവും പാടെ മാറുകയാണ്. നാടക രംഗങ്ങളിലൂടെ അയ്യയെ അവതരിപ്പിക്കുന്ന രംഗങ്ങള്‍ അല്പം മന്ദഗതിയിലാണ് മുന്നോട്ട് നീങ്ങുന്നത്. പിന്നീട് ചിത്രത്തിന്റെ താളം മുറുകുകയും ഗതിവേഗം മാറുകയും ചെയ്യുന്നു. ജീവിച്ചിരുന്നപ്പോള്‍ സിനിമിയില്‍ നിന്നും അകലം പാലിച്ച അയ്യ മരണ ശേഷം സിനിമയിലെ താരമായി മാറുകയാണ്. അതിനേത്തുടര്‍ന്നുണ്ടാകുന്ന മറ്റ് പ്രശ്‌നങ്ങളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്.

വിജയ് സേതുപതി എന്ന നടന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളില്‍ ഒന്നായി അയ്യ എന്ന ആദിമൂലം അടയാളപ്പെടുത്താം. കഥയുടെ ആദ്യപാദത്തില്‍ സ്‌ക്രീന്‍ വിടുന്ന അയ്യ എന്ന കഥാപാത്രത്തിന്റെ സാന്നിദ്ധ്യം തന്റെ സ്‌ക്രീന്‍ പ്രസന്‍സുകൊണ്ട് അവസാനത്തോളം നിലനിര്‍ത്താന്‍ വിജയ് സേതുപതി എന്ന നടന് സാധിച്ചിരിക്കുന്നു. മറ്റ് അഭിനേതാക്കളും ഒന്നിനൊന്ന് മികച്ച് നില്‍ക്കുന്നു. തെരി എന്ന ചിത്രത്തില്‍ വിജയ്‌യുടെ വില്ലനായി എത്തിയ സംവിധായകന്‍ ജെ മഹേന്ദ്രന്‍ അതിഥി വേഷത്തിലെത്തുന്നു.

കലയ്ക്കും കലാകാരന്മാര്‍ക്കും മരണമില്ലെന്നാണ് ഈ ചിത്രത്തിലൂടെ സംവിധായകന്‍ ബാലാജി തരണീധരന്‍ പറഞ്ഞുവയ്ക്കുന്നത്. നടുവിലെ കൊഞ്ചം പക്കത്തെ കാണം എന്ന ചിത്രത്തിന് ശേഷം ബാലാജിയും വിജയ് സേതുപതിയും ഒന്നിക്കുന്ന ചിത്രമാണ് സീതക്കാതി. പതിഞ്ഞ താളത്തില്‍ മുന്നോട്ട് പോകുന്ന ചിത്രത്തിന് രണ്ടേമുക്കാല്‍ മണിക്കൂറിലധികം ദൈര്‍ഘ്യമുണ്ട്. 96ന്റെ ആവേശത്തില്‍ തിയറ്ററിലേക്ക് എത്തുന്ന പ്രേക്ഷകരുടെ ആവേശത്തെ കെടുത്തിക്കളയുന്നതാണ് ചിത്രത്തിന്റെ താളവും ദൈര്‍ഘ്യവും. അതേസമയം പ്രേമയം ആവശ്യപ്പെടുന്ന ട്രീറ്റ്‌മെന്റാണ് ബാലാജി സ്വീകരിച്ചിരിക്കുന്നതും. വിജയ് സേതുപതി എന്ന നടനും സീതക്കാതിയുടെ അണിയറ പ്രവര്‍ത്തകരും പുരസ്‌കാര വേദികളില്‍ ആദരിക്കപ്പെടുമെന്ന കാര്യത്തില്‍ സംശയമില്ല.

ചിത്രത്തില്‍ പലയിടങ്ങളിലും ഛായാഗ്രഹണം മികവുപുലര്‍ത്തുന്നുണ്ട്. ഒപ്പം എടുത്ത് പറയേണ്ടത് ചിത്രത്തിലെ മേക്കപ്പിനേക്കുറിച്ചാണ്. എഴുപത്തേഴു വയസുള്ള ആദിമൂലം എന്ന കഥാപാത്രത്തെ അത്രത്തോളം മനോഹരമായിട്ടാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്. ത്വക്കിലെ ചുളിവുകളും കവിളിലെ പ്രായത്തിന്റെ അടയാളങ്ങളും നെറ്റിയ ചെറിയ മുഴയും ഒറ്റ നോട്ടത്തിലെന്നല്ല വിജയ് സേതുപതിയെ എല്ലാ അര്‍ത്ഥത്തിലും 77കാരനാക്കി മാറ്റിയ മേക്കപ്പ്മാന്‍ പ്രശംസ അര്‍ഹിക്കുന്നു.
എന്റര്‍ടെയിനര്‍ എന്ന നിലയില്ലാതെ തീയറ്ററിലേക്ക് എത്തുന്ന പ്രേക്ഷകര്‍ക്ക് ആസ്വദിക്കാന്‍ സാധിക്കുന്ന ചിത്രമാണ് സീതക്കാതി.
ചുരുക്കം: എന്റര്‍ടെയിനര്‍ എന്ന നിലയില്ലാതെ തീയറ്ററിലേക്ക് എത്തുന്ന പ്രേക്ഷകര്‍ക്ക് ആസ്വദിക്കാന്‍ സാധിക്കുന്ന ചിത്രമാണ് സീതക്കാതി.


Click it and Unblock the Notifications











